
'ഷെര്‍ലക്കി'ന്റെ നഖം പുറത്തേക്കു നീളുന്ന എം.ടി. കഥയിലെ സന്ദര്‍ഭം 'ബ്ലാക്ക് ലൈവ് മാറ്റേഴ്‌സ്' പ്രക്ഷോഭകാലത്ത് ഒരിക്കല്‍ കൂടി വായിച്ചു. ആ നഖങ്ങള്‍ അപ്പോള്‍ വംശവെറിയുടെ കൊടിയടയാളമായിത്തന്നെ തോന്നി. വെട്ടിക്കളഞ്ഞുവെന്ന് ബാലുവിന്റെ ചേച്ചി പറഞ്ഞ പൂച്ചയുടെ നഖങ്ങള്‍ കഥയുടെ ഒടുവില്‍ പുറത്തേക്കു നീളുകയാണല്ലോ. അമേരിക്കന്‍ അധിനിവേശത്തിന്റെ ചിഹ്നം എന്ന നിലയില്‍ ആ നഖങ്ങളെ ചില നിരൂപകര്‍ അടയാളപ്പെടുത്തി. ഷെര്‍ലക്ക് എന്ന അമേരിക്കന്‍ പൂച്ചയുടെ കഥ ഇന്ന് ലോകമെങ്ങും പരന്നു കിടക്കുന്ന മലയാളി പുറംവാസി (പ്രവാസി) സമൂഹങ്ങള്‍ നേരിടുന്ന പലതരം അപമാനങ്ങളുടേയും ഹിംസയുടേയും പശ്ചാത്തലത്തില്‍ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് തോന്നുന്നു.
നഖങ്ങളും നഖക്ഷതങ്ങളും എം.ടി ആഖ്യാനങ്ങളില്‍ അത്ര അപരിചതമായ ഒന്നല്ല. എന്നാല്‍ ഷെര്‍ലക്കിലെ പൂച്ചയുടെ നഖങ്ങള്‍ പുറംവാസ ജീവിതത്തിനു ശ്രമിക്കുന്ന ബാലുവിനു നേരെയാണ് നീളുന്നത്. അമേരിക്കന്‍ പൂച്ച എന്ന പൗരത്വം തന്നെ ജീവിക്കാനും അതിജീവിക്കാനും ഷെര്‍ലക്കിനെ സഹായിക്കുന്നു. പുറംവാസിയും സ്വദേശിയും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന്റെ പല തരം അടരുകള്‍ മലയാളിയുടെ പരദേശ (മൈഗ്രന്റ്) ജീവിതത്തിലുണ്ട്. 1998-ല്‍ ഈ കഥ പുറത്തു വരുമ്പോള്‍ കേരളത്തിലെ ഗള്‍ഫ് ബൂം അല്‍പ്പമെങ്കിലും പിന്നോട്ടു പോയിരുന്നു. ഇന്ന് വൃദ്ധര്‍ മാത്രമുള്ള ഒരു സ്ഥലമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. പരദേശ കേരളത്തിലിരുന്ന് 'ഷെര്‍ലക്ക്' വായിക്കുമ്പോള്‍ അത് തീര്‍ത്തും വ്യത്യസ്തമായ കൃതിയായി മാറുന്നു. ബാലുവിനെപ്പൊലെ പല തരം നഖങ്ങളെ അഭിമുഖീകരിക്കുക എന്ന യാഥാര്‍ഥ്യത്തില്‍നിന്നും (അതിന്റെ രൂപവും ഭാവവും തീക്ഷ്ണതയും മാറുന്നു. രക്തത്തിനും വിയര്‍പ്പിനും സഹനങ്ങള്‍ക്കും മാറ്റമില്ല. മലയാളിയുടെ തൊഴില്‍ പ്രവാസത്തിന്റെ കഥയുടെ റൂട്ട്മാപ്പ് വരക്കുന്നത് ഷെര്‍ലക്കിന്റെ നഖങ്ങള്‍ കൊണ്ടു കൂടിയാണ്) മലയാളിക്ക് ഒരു നിലക്കും രക്ഷയില്ല.
'ഷെര്‍ലക്ക്' അമേരിക്കന്‍ വംശീയതയുടെ അടയാളമായും തൊഴില്‍ പ്രവാസിക്കു നേരെ എപ്പോള്‍ വേണമെങ്കിലും ഉറയൂരി പുറത്തു വരാവുന്ന ആയുധമായും ഇന്ന് ഒരു വായനക്കാരന് അനുഭവിക്കാന്‍ സാധിക്കും. ചെന്നു ചേര്‍ന്ന നാട്ടിലെ പൗരനോ റെസിഡന്റോ ആകുന്നതോടെ വംശീയതയുടെ ഫണങ്ങള്‍ വിടര്‍ത്തി ആ നഖങ്ങള്‍ പുതുപ്രവാസിയെത്തേടി പുറത്തു വരുന്നു. ഗള്‍ഫില്‍ അറബികള്‍ അനറബികളോട് അങ്ങേയറ്റം മോശമായി പെരുമാറുന്ന അനുഭവങ്ങള്‍ എത്രയോ തൊഴില്‍ പ്രവാസികള്‍ പറയുന്നത് കേട്ടിരിക്കുന്നു, 13 വര്‍ഷത്തെ സൗദി ജീവിത കാലത്ത് അത്തരം സന്ദര്‍ഭങ്ങള്‍ നേരിട്ടുമുണ്ടായിട്ടുണ്ട്. ഇതെല്ലാം കേള്‍ക്കുകുയം അനുഭവിക്കുകയും ചെയ്യുമ്പോള്‍ ഷെര്‍ലക്കിന്റെ വെട്ടിക്കളഞ്ഞുവെന്ന് ബാലുവിന്റെ ചേച്ചി പറയുന്ന നഖങ്ങള്‍ ഉറയൂരി പുറത്തു ചാടുന്നതിനെക്കുറിച്ച് തന്നെയായിരുന്നു ഓര്‍ത്തിരുന്നത്. മലയാളി തന്റെ തൊഴില്‍ പ്രവാസത്തിനിടെ അഭിമുഖീകരിക്കേണ്ടി വരുന്ന പല തരം നൃശംസതകളെ ആ നഖങ്ങള്‍ ഇന്ന് നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നു.
കഥയില്‍ പുറംവാസത്തിന് സഹോദരനെ ചേച്ചി തയ്യാറാക്കിയെടുക്കുന്നത് ഇങ്ങിനെയാണ്: വെള്ളിയാഴ്ച്ച വൈകുന്നേരം ഫിലാഡല്‍ഫിയയില്‍ വന്നിറങ്ങത്തക്കവണ്ണമാണ് ചേച്ചി ബാലുവിന്റെ ടിക്കറ്റ് ഏര്‍പ്പാട് ചെയ്തിരുന്നത്. ശനിയും ഞായറും ചേച്ചി വീട്ടിലുള്ളപ്പോള്‍ വീടുമായി, വീട്ടിലെ യന്ത്രങ്ങളുമായി പരിചയപ്പെടാമല്ലോ. അമേരിക്കന്‍ സമയവുമായി ഇന്ത്യന്‍ ശരീരം പൊരുത്തപ്പെടാനുള്ള സമയവും കിട്ടുന്നു. ഭക്ഷണ സാധനങ്ങള്‍ ഏതിലെല്ലാം, വിറ്റാമിന്‍ ഗുളികകള്‍ ഏതൊക്കെയുണ്ട്- എല്ലാം കൃത്യമായി അറിഞ്ഞു കഴിഞ്ഞു. മൈക്രോ വേവ് ഒവന്റെ ബട്ടണുകള്‍ കൃത്യമായി അമര്‍ത്താന്‍ പഠിച്ചു കഴിഞ്ഞു. ചേച്ചിക്ക് ചെറുപ്പത്തില്‍ തന്നെ കയ്യും കണക്കും കണിശമാണ്:
പ്രവാസത്തിന്റെ ആദ്യ പാഠം കയ്യും കണക്കിനേയും കുറിച്ചാണ്. സാധാരണ തൊഴില്‍ പ്രവാസിക്ക് ലഭിക്കാത്ത സുരക്ഷിതത്വം (ചേച്ചിയുടെ വീട് എന്ന അഭയം) ബാലുവിന് കിട്ടുന്നുണ്ടെങ്കിലും ചേച്ചി പോവുന്നതോടെ ഷെര്‍ലക്ക് വേട്ടക്കാരനും ബാലു ഇരയും ആകുന്നു. അത്തരമൊരു പ്രവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ് ആ നഖങ്ങള്‍ പുറത്തേക്കു വരുന്നത്. കഥയില്‍ ഇങ്ങിനെ വായിക്കാം: ' ഷെര്‍ലക്ക്... ഞാനല്ലെടാ മോനേ... അയാള്‍ വീണ്ടും അടുത്തപ്പോള്‍ മുന്‍ കാലുകള്‍ ഉയര്‍ത്തി ചീറിക്കൊണ്ട് ഷെര്‍ലക്ക് ഒരു പോരിനു തയ്യാറായ പോലെ നിന്നു. അപ്പോഴാണ് ഒരു നടുക്കത്തോടെ, കാണുന്നത് ഷെര്‍ലക്കിന്റെ കാലുകള്‍ നാലിലും നീണ്ടു കൂര്‍ത്ത നഖങ്ങള്‍!
അമ്പരന്നു നില്‍ക്കുന്ന ബാലു പിന്നെ തളര്‍ന്നു, അവജ്ഞയോടെ ഒന്നു നോക്കി. നഖങ്ങള്‍ പിന്‍വലിച്ച് പതുക്കെ പതുക്കെ പൂച്ച മുകളിലേക്ക് കയറിപ്പോയി.: ഇടക്കിടെ നീണ്ടു കൂര്‍ത്ത നഖങ്ങള്‍ കാണിച്ച് ഭയപ്പെടുത്തുകയും പിന്നീട് നഖങ്ങള്‍ പിന്‍വലിച്ച് ശാന്തത ഭാവിക്കുകയും ചെയ്യുന്ന ' മൈന്‍ഡ് സെറ്റ്' മലയാളിയുടെ തൊഴില്‍ പ്രവാസ ചരിത്രത്തിലുടനീളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാന്തതക്ക് പകരം അതി മാരകമായ ഹിംസയുടെ നിരവധി ആഖ്യാനങ്ങളും പല കാലങ്ങളിലായി നാം കേള്‍ക്കുകയുമുണ്ടായി. നാട്ടിലേക്കു വരുന്ന പണത്തെ നോക്കി അത്തരം സംഭവങ്ങളെയെല്ലാം ഒറ്റപ്പെട്ടവ എന്നു പറഞ്ഞ് മലയാളി സമാധാനിച്ചു. എന്നാല്‍ ആ സമാധാനത്തിന് പുറത്ത് ഷെര്‍ലക്കിന്റെ നഖങ്ങള്‍ എപ്പോഴും ചീറിക്കീറാന്‍ പാകത്തില്‍ നില്‍ക്കുന്നു.
ഇന്ത്യയിലെ ജാതിയെപ്പോലെ പുറംനാടുകളിലെ വംശീയത തൊഴില്‍ പ്രവാസിയെ എല്ലാ കാലത്തും കുടുക്കിക്കളഞ്ഞിട്ടുണ്ട്. ഈ സഹനമാണ് യഥാര്‍ഥത്തില്‍ നമ്മുടെ തൊഴില്‍ പ്രവാസത്തിന്റെ രേഖപ്പെടുത്താത്ത ചരിത്രത്തിലെ ഏറ്റവും വലിയ അധ്യായം. ഇതിനെക്കുറിച്ച്്് വിക്ടര്‍ ഇ ഫ്രാങ്ക്‌ലിന്‍ ഇങ്ങിനെ നിരീക്ഷിച്ചു: It is here we encounter the central theme of Existentialsim: To live is to suffer, to survive is to find meaning in the suffering: പീഡയുടെ അര്‍ഥം കണ്ടെത്തുന്ന പ്രവര്‍ത്തനമാണ് ബാലു ചെയ്യുന്നത്. പക്ഷെ, ബാലു കഥയുടെ അവസാനത്തില്‍ താനകപ്പെട്ട കെണിയുടേയും പീഡയുടേയും അര്‍ഥം കണ്ടെത്തുന്നു: അയാള്‍ പിന്നെ സ്വന്തം മുറിയിലെത്തി കിടന്നപ്പോള്‍ പൂച്ച വീണ്ടും കടന്നു വന്നു. ഒരു പരസ്പര ധാരണയിലെത്തിയതു പോലെ മന്ദഹസിച്ചു.
മെത്തയിലേക്ക് കയറിയ ഷെര്‍ലക്ക് അടുത്തു കിടന്നപ്പോള്‍ ബാലു ചിരിച്ചു. നഖമൊളിപ്പിച്ചുവെച്ച അവന്റെ കാലുകള്‍ തടവി. കഴുത്തു തടവി. അപ്പോള്‍ മുറിയില്‍ ഒരു ചിരി മുഴങ്ങി.
ആരാണ് ചിരിച്ചത്? ഷെര്‍ലക്ക്, നീയോ ഞാനോ?
അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
പൂച്ച തടഞ്ഞു കൊണ്ട്, നെഞ്ചിലേക്ക് ഒരു കാല്‍ കയറ്റി വെച്ച്, മെത്തയിലേക്ക് അമര്‍ത്തി, പിറുപിറുത്തു.
'ഉറങ്ങ്, സുഖമായി ഉറങ്ങ്'.
നെഞ്ചില്‍ തടവി ആശ്വസിപ്പിക്കുകയാണ് ഷെര്‍ലക്ക്. പരമ രഹസ്യം പോലെ ചെവിയില്‍ പിറുപിറുക്കുന്നു: 'ഞാനിവിടെയുണ്ട്. പേടിക്കാതെ ഉറങ്ങ്'.
അപ്പോള്‍ അയാള്‍ക്ക് ഉറക്കെ കരയണമെന്നു തോന്നി. അതിനു കഴിയാതെ വന്നപ്പോള്‍ വിതുമ്പിക്കൊണ്ട് കണ്ണടച്ചു:
നാലു കാലിലും കൂര്‍ത്ത നഖങ്ങളുള്ള ഷെര്‍ലക്കിന്റെ സാന്ത്വനത്തിലും സംരക്ഷണത്തിലും ഉറങ്ങേണ്ടി വരുന്ന ബാലു എന്ന ആ മലയാളി തന്നെയാണ് നമ്മുടെ തൊഴില്‍ പ്രവാസത്തിന്റെ ഏറ്റവും വലിയ രൂപകം. കരയണമെന്നു തോന്നുമ്പോള്‍ വിതുമ്പിക്കൊണ്ട് കണ്ണടക്കുന്ന ആ മനുഷ്യനെ വേണമെങ്കില്‍ നമുക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും.
തൊഴില്‍ പ്രവാസിയുടെ ഡയറി എഴുത്തിന്റെ (കീറിക്കളയാനുള്ള) ഒരു മാതൃകയും കഥയില്‍ എം.ടി. അവതരിപ്പിക്കുന്നു:
'14.7.92 ശനിയാഴ്ച്ച രാത്രി ഒരു സ്വപ്‌നം കണ്ടു. ഹീത്രോ എയര്‍പോര്‍ട്ടില്‍ ഉറക്കം ഞെട്ടിയുണര്‍ന്നപ്പോള്‍ ഫിലഡല്‍ഫിയ വിമാനത്തില്‍ ആളുകള്‍ കയറിത്തുടങ്ങിയതായി സൈന്‍ ബോര്‍ഡില്‍ കണ്ടു. ഇരുപത്തിയേഴാമത്തെ ഗേറ്റ് എവിടെ? അവസാനിക്കാത്ത വഴിയിലൂടെ ഓടിയോടി ഇരുപത്തിയാറാം ഗേറ്റിലേത്തിയപ്പോള്‍ പിന്നെ ഗേറ്റുകളില്ല. മറുവശത്തേക്ക് വെപ്രാളത്തോടെ ഓടി. അവിടെ ഇരുപത്തിയെട്ടു മുതല്‍ക്കാരംഭിക്കുന്നു. ഇരുപത്തിയേഴ് എവിടെ? ഞാന്‍ ഓടിക്കൊണ്ടേയിരുന്നു. എവിടെ എനിക്ക് പുറത്തു കടക്കേണ്ട ഇരുപത്തിയേഴ്. ഇരുപത്തിയേഴ് എന്റെ വയസ്സ് കൂടിയാണ്' തുറന്നു കിട്ടേണ്ട 27-ാം ഗേറ്റ് മാത്രം കാണുന്നില്ല. ഡയസ്‌പോറ പഠിതാക്കള്‍ ആവര്‍ത്തിച്ച് പറയുന്ന അസാന്നിധ്യം എന്ന പ്രതിഭാസത്തെ ഇങ്ങിനെ ഷെര്‍ലക്കില്‍ എം.ടി അവതരിപ്പിക്കുന്നു. അസാന്നിധ്യങ്ങളുടെ ഗോപുരമായി മാറുന്ന തൊഴില്‍ പ്രവാസിയെ ഇല്ലാത്ത ഒരു ഗേറ്റ് സ്വപ്‌നം കാണുന്ന ഒരാളായാണ് എം.ടി ചിത്രീകരിക്കുന്നത്. ഇങ്ങിനെ പ്രവാസ സാഹിത്യം പ്രവാസി എഴുതുന്നതാണോ പ്രവാസിയെക്കുറിച്ച് എഴുതുന്നതാണോ എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയായി മാറുന്നുണ്ട് ഷെര്‍ലക്ക്.
മലയാള സാഹിത്യത്തില്‍ ആദ്യമായി എ.ടി.എം. കടന്നു വരുന്നത് ഈ കഥയിലാണ്. അതിങ്ങനെ: ബാങ്കിന് പുറത്ത് കാര്‍ നിര്‍ത്തി കാര്‍ഡിട്ട് കാശെടുക്കുന്ന അല്‍ഭുതം കണ്ടു: അങ്ങിനെ എടുത്ത പണം ഒരു മലയാളി സ്ത്രീ പ്രവാസിയുടേതാണെന്ന (ബാലുവിന്റെ ചേച്ചിയുടെ) യാഥാര്‍ഥ്യത്തെ എടുത്തു കാണിക്കാന്‍ വേണ്ടി കൂടിയുള്ള രചനാതന്ത്രമായും മലയാള സാഹിത്യത്തില്‍ ആദ്യമായി പ്രവേശിച്ച എ.ടി.എം ഇന്ന് പ്രവര്‍ത്തിക്കുന്നു.
1981-ല്‍ എം.ടിയുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയില്‍ ഗള്‍ഫ് തൊഴില്‍ പ്രവാസ സഹനങ്ങളുടേയും ഹിംസകളുടേയും പല അടരുകള്‍ നാം കാണുന്നു. വളരെക്കാലം മുമ്പെ എം.ടി എഴുതിയ ' നിന്റെ ഓര്‍മ്മക്ക്' എന്ന കഥ മലയാളിയുടെ ശ്രീലങ്കന്‍ പ്രവാസത്തില്‍ നിന്നുള്ള ഒരധ്യായമാണ്. ആ കഥ ആരംഭിക്കുന്നത് 20.9.1954-മായാണ്. ഒരു പന്തീരാണ്ടിനു ശേഷം ഞാനിന്ന് ലീലയെ ഓര്‍ത്തു പോയി
എന്നാണ് പിന്നീടുള്ള വാചകം. ആദ്യത്തെ ഡേറ്റും പിന്നീടുള്ള പന്തീരാണ്ട് എന്ന പ്രയോഗവും ആ കഥയുടെ കാലത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകാന്‍ സഹായിക്കുന്നുണ്ട്. ആ കാലം നമ്മുടെ കൊളമ്പ് പ്രവാസത്തിന്റെ ഉച്ച കാലം കൂടിയാണ്. മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമാണ് 1918-ല്‍ നാരായണ ഗുരുവിനെ ലങ്കയിലെത്തിക്കുന്നത്. അദ്ദേഹം പിന്നീട് ഒരിക്കല്‍ കൂടി അവിടം സന്ദര്‍ശിച്ചു. ലങ്കയിലെ മലയാളികള്‍ സിംഹളരുടെ ഭാര്യമാരുമായി ഒളിച്ചോടുന്നു എന്നു പ്രചരിപ്പിക്കുന്ന നാടകം സിംഹളര്‍ കളിക്കുകയും അത് വലിയ സംഘര്‍ഷമാവുകയും ചെയ്യുമ്പോള്‍ പ്രശ്‌ന പരിഹാരത്തിന് എ.കെ.ജി അവിടെയെത്തുന്നുണ്ട്. ഇതെല്ലാം ശ്രീലങ്കയും മലയാളികളും തമ്മിലുള്ള ശക്തമായ ബന്ധത്തെ കാണിക്കുന്നതാണ്.
'നിന്റെ ഓര്‍മക്ക്' കഥയിലെ ആഖ്യാതാവ് 'ഞാനാ'ണ്. ഇയാളുടെ അച്ഛന്‍ സിലോണില്‍ (ശ്രീലങ്ക) ജോലി ചെയ്യുന്നു. ഒരിക്കല്‍ സിലോണില്‍ നിന്നും അവധിക്കു വന്നപ്പോള്‍ അച്ഛന്റെ കൂടെ ഒരു പെണ്‍കുട്ടി കൂടിയുണ്ടായിരുന്നു. ലീല എന്നാണ് പേര്. സിലോണില്‍ യുദ്ധമുണ്ടാവുകയും ബോംബിംഗില്‍ സകലതും തകരുകയും തന്റെ സിംഹാളി സുഹൃത്തും ഭാര്യയും മരിക്കുകയും അവരുടെ മകള്‍, ലീല രക്ഷപ്പെടുകയും ചെയ്തു. ലീലക്ക് ആരുമില്ല. അതിനാല്‍ താന്‍ കൂടെ കൂട്ടിയതാണ്. ഇങ്ങിനെയാണ് അച്ഛന്‍ പറയുന്നത്. എന്നാല്‍ ഈ ആഖ്യാനം കുടുംബത്തിന് സ്വീകാര്യമായില്ല. അച്ഛന് സിലോണില്‍ മറ്റൊരു ബദ്ധത്തിലുള്ള കുട്ടിയാണ് ലീല എന്ന അടക്കം പറയല്‍ തറവാട്ടില്‍ പിറുപിറുക്കലുകളായി വളര്‍ന്നു. അന്തരീക്ഷം എപ്പോഴും മൂടിക്കെട്ടി നിന്നു. ഒടുവില്‍ അവധി കഴിഞ്ഞ് പോകുമ്പോള്‍ ലീലയുമായി അച്ഛന്‍ സിലോണിലേക്ക് മടങ്ങുന്നു. അവളുടെ റബ്ബര്‍ മൂങ്ങ തറവാട്ടില്‍ അവശേഷിക്കുന്നു. വളരെക്കാലങ്ങള്‍ക്കു ശേഷം ട്രങ്കുപെട്ടിയില്‍ റബ്ബര്‍ മൂങ്ങയെ കാണുമ്പോഴാണ് പഴയ കഥകള്‍ കഥയിലെ ആഖ്യാതാവായ 'ഞാന്‍' ഓര്‍ത്തെടുക്കുന്നത്.
കഥയിലെ അമ്മയും അച്ഛനും തമ്മിലുള്ള സംഘര്‍ഷം ഇങ്ങിനെ എം.ടി ആവിഷ്‌ക്കരിക്കുന്നു-
അന്ന് കുടുംബത്തിനകത്ത് ഒരു ചുഴലിക്കാറ്റ് വീശി. കഴിഞ്ഞ ആറു ദിവസങ്ങളായി അത് രൂപമെടുത്ത് വരികയാണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അച്ഛനും അമ്മയും തമ്മില്‍ വഴക്കാരംഭിച്ചു. വീട്ടുകാരാരും അതില്‍ ഇടപെട്ടില്ല. വാക്കുകളുടെ മൂര്‍ച്ചയും ക്ഷോഭവും പെരുകി വന്നു. അച്ഛന്‍ കഴിയുന്നിടത്തോളം ശാന്തനാവാന്‍ ശ്രമിച്ചു.
'നീ വെറുതെ തെറ്റിദ്ധരിക്കുകയാണ്'
'എനിക്കു കേള്‍ക്കണ്ട. എനിക്കെല്ലാം മനസ്സിലായി.'
' എന്ത് മനസ്സിലാവ്ണ്'?
'എന്നെക്കൊണ്ട് പറയിപ്പിക്കരുത്. മാധവന്‍ എനിക്കെല്ലാമെഴുതിയിട്ടുണ്ട്.'
മാധവന്‍ ആരാണെന്ന് എനിക്കറിയാം. അച്ഛന്റെ ജോലിസ്ഥലത്തിനടുത്താണ് മാധവമ്മാമന്‍ നില്‍ക്കുന്നത്. അമ്മയുടെ ആങ്ങളയാണ്.
പിന്നെ അച്ഛന്‍ വാദിച്ചില്ല. അമ്മ പാഞ്ഞു കയറി. തീ പിടിച്ച വാക്കുകള്‍...
ഞാന്‍ മുഖമമര്‍ത്തിക്കിടന്നു. ഹൃദയം വിങ്ങുകയായിരുന്നു. ഞാന്‍ ഉള്ളഴിഞ്ഞു പ്രാര്‍ഥിച്ചു.
' ഭഗോതീ ഒന്നൂണ്ടാവല്ലേ..'
മലയാളിയുടെ പുറംവാസ ജീവിതം നാട്ടിലേക്ക് കൊണ്ടു വന്ന ഇത്തരം കുടുംബ സംഘര്‍ഷങ്ങള്‍ താരതമ്യേന കുറവാണെങ്കിലും നമ്മുടെ തൊഴില്‍ പ്രവാസ ചരിത്രത്തിന്റെ മറ്റൊരു രേഖയായിത്തന്നെയാണ് ലീല പ്രവര്‍ത്തിക്കുന്നത്. ഷെര്‍ലക്കിന്റെ നഖങ്ങള്‍ സഹനത്തിന്റെ പ്രവാസ രേഖയെങ്കില്‍ ലീല അപമാനിക്കപ്പെട്ട നിഷ്‌കളങ്കതയുടെ അടയാളമായി നില നില്‍ക്കുന്നു. രേഖയില്ലാത്ത ചരിത്രം എന്ന ശീര്‍ഷകത്തില്‍ ഒരു എം.ടി കഥയുണ്ട്. ചരിത്ര രേഖകളില്ലാത്തവരുടെ ചരിത്രം കൂടിയായിത്തീരുകയാണ് എം.ടിയുടെ തൊഴില്‍ പ്രവാസ കഥകള്‍.
'കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥ 'നിന്റെ ഓര്‍മക്ക്'-ന്റെ രണ്ടാം ഭാഗമാണ്. ആദ്യകഥയിലെ ഞാന്‍ ഇപ്പോള്‍ വലിയ പത്രക്കാരനായി. ഒരു കോണ്‍ഫറന്‍സിന്റെ ഭാഗമായി ശ്രീലങ്കയിലെത്തുന്നു. അച്ഛന്‍ ജോലി ചെയ്തിരുന്ന കഡുഗണ്ണാവയില്‍ അയാള്‍ ലീലയെ അന്വേഷിക്കുകയാണ്. വഴിയമ്പലമെന്നാണ് കഡുഗണ്ണാവയുടെ വാക്കര്‍ഥം. അച്ഛന്‍ ജോലി ചെയ്ത, പ്രതാപിയായ വാണ 'നഗരം' ഒരു ചെറു അങ്ങാടി മാത്രമാണെന്ന് മകന്‍ ആ യാത്രയില്‍ മനസ്സിലാക്കുന്നു. കഡുഗണ്ണാവയില്‍ മലയാളികള്‍ അറിയപ്പെട്ടത് കൊച്ചിയാന്‍മാര്‍ എന്ന പേരിലാണ്. അവിടെ വന്നു ചേര്‍ന്ന മലയാളിയുടെ പ്രധാന ജോലി മന്ത്രവാദമായിരുന്നുവെന്ന വിവരവും ലീലയെ അന്വേഷിച്ചു നടക്കുന്ന വേണുവിന് (നിന്റെ ഓര്‍മ്മക്ക് എന്ന കഥയിലെ ഞാന്‍) കിട്ടുന്നുണ്ട്. മറ്റു ചില ലേഖനങ്ങളിലും കൊളമ്പിലെ മലയാളി മന്ത്രവാദികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാനിട വന്നിട്ടുണ്ട്. പായല്‍ പെറുക്കിക്കൂട്ടി ഭക്ഷണമാക്കുന്ന ഒരാള്‍ എല്ലാ കൊച്ചിയാന്‍മാരും കള്ളന്‍മാരാണെന്ന പ്രസ്താവനയും നടത്തുന്നു. പായല്‍ ഭക്ഷിക്കുന്ന അതിദരിദ്രനായ ആ മനുഷ്യന്റെ വീട്ടില്‍ ലീല ജീവിച്ചിരിക്കാമെന്ന സൂചന കഥയിലുണ്ട്. പക്ഷെ ലീലക്ക് വാസ്തവത്തിലെന്തു പറ്റി എന്നു കണ്ടെത്താതെ, കൂടെയുള്ളയാളോട് കഡുഗണ്ണാവ എന്നത് സ്ഥലപ്പേര് താന്‍ തെറ്റായി ഓര്‍ത്തതായിരിക്കാമെന്ന വേണുവിന്റെ ജാമ്യത്തില്‍ കഥ അവസാനിക്കുകയാണ്.
നമ്മുടെ പുറംവാസ ജീവിതത്തിന്റെ അര്‍ഥവും ആഴവും അന്വേഷിച്ചു നടത്തുന്ന എല്ലാ യാത്രകളും ഇത്തരത്തില്‍ ഒരു ശൂന്യസ്ഥലത്ത് അവസാനിക്കുന്ന പതിവുണ്ട്. പല തുമ്പുകളുമായി പോയി ഒടുവില്‍ അവയെല്ലാം റദ്ദു ചെയ്യപ്പെടുന്ന അനുഭവം മലയാളിയുടെ വളരെ പ്രധാനപ്പെട്ട പല പ്രവാസ ചരിത്രത്തിലും കാണാം. പ്രവാസത്തെ പുറം ലോക അനുഭവമായി മാത്രം കാണുകയാണ് അകം കേരളത്തില്‍ ജീവിച്ചര്‍ ചെയ്തത്. കുറേ കഥകളുണ്ടാകും. അതില്‍ പിടിച്ച് മുന്നോട്ടു പോയി ഒന്നും കിട്ടാതെ തിരിച്ചു വരേണ്ട അവസ്ഥ. ഒരു പ്രധാനപ്പെട്ട ഉദാഹരണമായി തോന്നാറുള്ളത് കുമാരനാശാന്റെ കേരളത്തിനു പുറത്തുള്ള ജീവിതത്തെക്കുറിച്ചുള്ളതാണ്. ആ ജീവിതം വളരെ ശുഷ്‌ക്കമായി മാത്രമേ ഇന്നും നമുക്ക് അറിയാവൂ. ഈ ഒരു പ്രശ്‌നത്തിലേക്ക് കൂടി നമ്മെ കൊണ്ടു പോകുന്ന കഥയാണ് കഡുഗണ്ണാവ. ജോര്‍ജ് ഒാര്‍വെലിന്റെ ഇന്ത്യ-ബര്‍മീസ് ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എടുത്തു നോക്കിയാല്‍ ഈ പറഞ്ഞ വിത്യാസം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും. അത്രയും സമ്പന്നമായാണ് ഓര്‍വെല്‍ തന്നെ അത് രേഖപ്പെടുത്തിയിട്ടുള്ളത്്. നമുക്ക് പുറം നാടുജീവിതത്തെക്കുറിച്ചുള്ള രേഖകള്‍ സൂക്ഷിക്കുക, എഴുതിയ കുറിപ്പുകള്‍ സംരക്ഷിക്കുക, ഡയറി-കത്ത് ആര്‍ക്കൈവുണ്ടാക്കുക- ഇത് തീര്‍ത്തും കുറവാണ്, അല്ലെങ്കില്‍ ഇല്ല എന്നു തന്നെ പറയാം. ഈ കുറവിലേക്ക്് കൂടി വിരല്‍ ചൂണ്ടുന്നുണ്ട് കഡുഗണ്ണാവ.
എം.ടിയുടെ ബാലസാഹിത്യ കൃതിയായ 'ദയ എന്ന പെണ്‍കുട്ടി' യിലും കേരളീയ കഥകളിലെന്ന പോലെ തകര്‍ന്ന ഒരു തറവാടിന്റേയും വീടുവിട്ടുള്ള പരദേശ ജീവിതത്തിന്റേയും ചിത്രമുണ്ട്. ഇത് പക്ഷെ ബഗ്ദാദിലെ ഒരു മുസ്‌ലിം തറവാടാണ്. എം.ടി.യുടെ മറ്റു കഥകളിലെപ്പോലെ നായര്‍ തറവാടല്ല. സമ്പന്ന കുടുംബത്തില്‍ അംഗമായ മന്‍സൂര്‍ പിതാവിന്റെ മരണ ശേഷം സ്വത്തെല്ലാം ധൂര്‍ത്തടിക്കുന്നു. ഒടുവില്‍ മന്‍സൂറിന്റെ വേലക്കാരിയായ സുമുറുദ് (ദയ) അടിമച്ചന്തയില്‍ സ്വയം വിറ്റ് പണം മന്‍സൂറിന് നല്‍കി അയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. കഥ പിന്നീട് മറ്റൊരു വഴിയിലൂടെ പുരോഗമിക്കുന്നുവെങ്കിലും തകര്‍ന്ന തറവാട് വിട്ട് അതിജീവനത്തിന്റെ വഴി തേടുന്ന മന്‍സൂറിനേയും ദയയേയും ഈ ബാലസാഹിത്യകൃതിയിലും വായനക്കാരന്‍ കണ്ടുമുട്ടുന്നു. അതായത് എം.ടി തന്റെ മുഖ്യപ്രമേയത്തെ മറ്റൊരു വിതാനത്തില്‍ ഈ കൃതിയിലും ആവിഷ്‌ക്കരിച്ചിക്കുന്നു എന്നര്‍ഥം. ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ എല്ലാ കഥകളും തകര്‍ന്നതോ ക്ഷയിച്ചതോ ആയ നായര്‍ തറവാടുകളില്‍ നിന്നുള്ളവരെയാണ് പ്രതിനിധീകരിക്കുന്നത്്.
അരവിന്ദന്റെ കാര്‍ട്ടൂണും നായര്‍ മേധാവിത്വത്തിന്റെ പതനവും വടുതലയുടെ കഥകളും
1990-കളുടെ തുടക്കത്തില്‍ ജി. അരവിന്ദന്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. തകര്‍ന്ന് തരിപ്പണമായ ജന്‍മിയുടെ വീട്ടിലേക്ക് പഴയ കുടിയാന്റെ പ്രവാസിയായ മകന്‍ വരുന്നു. അയാളുടെ കയ്യില്‍ മുന്‍ ജന്‍മിക്ക് കൊടുക്കാനുള്ള ഒരു സമ്മാനവുമുണ്ട്. അത് ഒരു പേഴ്‌സണല്‍ കംപ്യൂട്ടറാണ്. അക്കാലത്ത് കേരളത്തില്‍ കംപ്യൂട്ടര്‍ വിരുദ്ധ സമരം അവസാനിച്ചിരുന്നില്ല. ആ സാഹചര്യത്തിലാണ് അരവിന്ദന്റെ കാര്‍ട്ടൂണ്‍ വരുന്നത്. ഇരിക്കാന്‍ കസേര പോലുമില്ലാത്ത നായര്‍ തറവാട്ടിലേക്ക് പി.സിയുമായുള്ള വരവ് അക്ഷരാര്‍ഥത്തില്‍ പഴയ സാമൂഹിക സംവിധാനത്തിനു നേരെയുള്ള രൂക്ഷ വിമര്‍ശനമായിരുന്നു. കാര്‍ട്ടൂണിന്റെ ഉള്ളടക്കത്തെക്കുറിച്ചാലോചിച്ചാല്‍ ഇപ്പറഞ്ഞത് എളുപ്പം മനസ്സിലാക്കാം. എം.ടിയുടെ കഥകളിലും നോവലുകളിലും തകര്‍ന്ന നായര്‍ തറവാട്ടിലെ ഇരുട്ടില്‍ തന്നെ കഴിയുന്നവരുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍. എന്നാല്‍ 'എനിക്ക് വളര്‍ന്ന് വലുതാകണം' എന്ന പ്രഖ്യാപനത്തോടെ തറവാട് വിട്ടു പോകുന്നവരുമുണ്ട്. അങ്ങിനെ വിട്ടു പോയവര്‍ പല തരം ഹതാശതകള്‍ പിന്നിട്ട് ഇടക്കിടെ ചിരിക്കുന്നവരായി മാറുന്നുമുണ്ട്. തൊഴില്‍ പ്രവാസം എന്ന യാഥാര്‍ഥ്യമാണ് നായര്‍ മേധാവിത്തം തകര്‍ന്നപ്പോള്‍ അത്തരം തറവാടുകളിലെ അംഗങ്ങളെ അതിജീവിക്കാന്‍ സഹായിച്ചത്. ലോകമെങ്ങുമുള്ള മലയാളി ഡയസ്‌പോറയെക്കുറിച്ച് പഠിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയും.
തറവാട് തകര്‍ച്ച എന്ന എം.ടി പ്രമേയത്തെ ഡോ. വി.സി. ഹാരിസ് ഇങ്ങിനെ നിരീക്ഷിക്കുന്നു:
'ഇന്ദുലേഖ'യില്‍ നിന്നു 'നാലുകെട്ടി'ല്‍ എത്തുമ്പോള്‍ മലയാളിയുടെ കുടുംബത്തെപ്പറ്റിയും തറവാടിനെപ്പറ്റിയും ഒരു പാടു സങ്കല്‍പങ്ങള്‍ തകിടം മറിയുന്നതായിട്ടു നമുക്കു കാണാം. 'നാലുകെട്ട്' ചരിത്രത്തെ കുറിക്കുന്ന നോവലാണ്. അതു കൊണ്ടു തന്നെ അറുപതുകളില്‍ ഒരു പ്രത്യേക രീതിയിലാരംഭിച്ച നമ്മുടെ സാഹിത്യ സംവേദനക്ഷമതയില്‍ ഉണ്ടായിട്ടുള്ള മാറ്റത്തെക്കുറിക്കാനും ഈ നോവല്‍ ഉപകാരപ്രദമാണ്. ഒരു ദേശത്തിന്റേയും ഒരു സമൂഹത്തിന്റേയും ചരിത്രം വളരെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെ രേഖപ്പെടുത്തുകയാണ് എം.ടി ചെയ്തത്.
തറവാടുകളുടേയും മരുമക്കത്തായത്തിന്റേയും തകര്‍ച്ചയെക്കുറിച്ച് ആലോചിക്കുമ്പോള്‍ റോബിന്‍ ജെഫ്രിയുടെ 'നായര്‍ മേധാവിത്വത്തിന്റെ പതന'ത്തിന് അദ്ദേഹം എഴുതിയ മുഖവുര കൂടി എടുത്ത് ഉദ്ധരിക്കേണ്ടതുണ്ട്: വാസ്തവത്തില്‍ പുസ്തകം 'പതന'ത്തെക്കുറിച്ചാണ്. നാശത്തെക്കുറിച്ചല്ല. അതു പോലെ വിഷയം 'മേധാവിത്വ'മാണ്, ഭരണമല്ല: ആ ആമുഖം ഇങ്ങിനെ അവസാനിക്കുന്നു: എന്തു തന്നെയായാലും 1847-ല്‍ ഈ കൃതി ആരംഭിക്കുന്ന സമയത്ത് തിരുവിതാംകൂറില്‍ ശരിയായ അര്‍ഥത്തിലുള്ള 'പൊതുജീവിതം' തന്നെയില്ലായിരുന്നു. 1847-1908 കാലത്തെ തിരുവിതാംകൂറിലെ (മലബാറിലെയല്ല. ഇക്കാര്യത്തില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ ചില കാര്യങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നതായി ചരിത്രകാരന്‍മാരും ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്) നായര്‍ മേധാവിത്തത്തേയും അതിന്റെ പതനത്തേയുമാണ് റോബിന്‍ ജെഫ്രി പഠനവിധേയമാക്കുന്നത്. നമ്പൂതിരി ജന്മിമാരുടെ ഇടനിലക്കാരും നോട്ടക്കാരുമായി നിന്ന് നേടിയെടുത്ത ഭൂമി നായന്‍മാരേയും പതുക്കെ പതുക്കെ ജന്‍മികളാക്കിയതിന്റെ കൂടി ചരിത്രമാണിത്. അധ്വാനിക്കാതെ, ദളിതരെക്കൊണ്ട് അടിമവേല ചെയ്യിച്ചുണ്ടാക്കിയ പണവും സ്വത്തും നായര്‍ തറവാടുകളുടെ തകര്‍ച്ചയോടെ അപ്രത്യക്ഷമാകുന്നു. ആ അ്പ്രത്യക്ഷമാകലിന്റെ വിവിധ തലങ്ങള്‍, പാളികളാണ് എം.ടി. സാഹിത്യത്തില്‍ പ്രധാനമായും കടന്നു വരുന്നത്. അപ്പുണ്ണി മുതല്‍ ഷെര്‍ലക്കിലെ നായകന്‍ വരെ ഇത്തരത്തില്‍ തകര്‍ന്നു കഴിഞ്ഞ തറവാടുകളിലെ അംഗങ്ങളാണ്. ദയ എന്ന പെണ്‍കുട്ടിയിലെ മന്‍സൂറും ഇതേ ഗണത്തില്‍ തന്നെയാണ് പെടുക.
ആ തകര്‍ച്ചയുടെ ചരിത്രപരമായ കാരണങ്ങള്‍ റോബിന്‍ ജെഫ്രി ഇങ്ങിനെ സംക്ഷിപ്തമാക്കുന്നു:
മിക്ക നായര്‍ തറവാടുകള്‍ക്കും സ്വത്തുണ്ടായിരുന്നു. നാം ഇനി കാണാന്‍ പോകുന്നതു പോലെ 1875-ലെ കാനേഷുമാരി അനുസരിച്ച് മറ്റേതൊരു സാമൂഹ്യ വിഭാഗത്തിലുമുപരി നായന്‍മാര്‍ കൃഷിക്കാരായിരുന്നു. തറവാട്ടില്‍ സാമുദായികത്വം (Commuunality) പുലര്‍ന്നിരുന്ന കാലത്തോളം സ്വന്തം സ്വത്തുക്കള്‍ പരിരക്ഷിക്കുവാനും അലസരായ ഗൃഹസ്ഥന്‍മാര്‍ എന്ന സ്ഥാനം നില നിര്‍ത്തുവാനും ഉള്ള ഒരു ഗൃഹ വ്യവസ്ഥ നായന്‍മാര്‍ക്കുണ്ടായിരുന്നു. അടിമകള്‍ നിലം ഉഴുതു. കരം ഏറിയ കൂറും വസ്തുവകകളായി കൊടുത്തു. വസ്തു അന്യാധീനപ്പെടുക എളുപ്പമല്ലായിരുന്നു. അപ്രഗത്ഭന്മാരായ കാരണവന്‍മാര്‍ക്കു പോലും തറവാടു സ്വത്തുക്കള്‍ ധൂര്‍ത്തടിക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ അടിമത്തം അവസാനിച്ചപ്പോള്‍, പണവും ശമ്പളവും വ്യാപകമായി ഉപയോഗത്തില്‍ വന്നപ്പോള്‍, സ്ഥലം നിസ്സാരമായി കൈമാറ്റം ചെയ്യാം എന്ന നില വന്നപ്പോള്‍, പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസം കൂടുതല്‍ ആവശ്യമായി വന്നപ്പോള്‍, സമുദായത്തിലെ നായര്‍ പദവി നില നിര്‍ത്തുവാനുള്ള ഉപകരണമായിത്തീരുവാന്‍ നായന്‍മാരുടെ ആചാരങ്ങള്‍ക്ക് കഴിവില്ലാതായി:
ഈ തറവാട് തകര്‍ച്ചയെക്കുറിച്ചും അതില്‍ കുടുങ്ങിയ നായര്‍ സമുദായത്തെക്കുറിച്ചും എം.ടി. ചിത്രീകരിക്കുമ്പോള്‍ അദ്ദേഹം കാണാതെ പോയ ജനസാമാന്യമാണ് ഇതേ തറവാടുകളില്‍ അടിമപ്പണി ചെയ്തിരുന്ന ദളിതര്‍. പൊതുജീവിതം എന്ന റോബിന്‍ ജെഫ്രിയുടെ പ്രയോഗത്തില്‍ ഒരിക്കലും ഇടം കിട്ടാത്തവരായിരുന്നു ദലിതര്‍. കഥാകൃത്ത് സി. അയ്യപ്പന്‍ തന്റെ അമ്മ പി.കെ.വിയുടെ തറവാട്ടിലെ അടിമ വേലക്കാരിയായിരുന്നുവെന്ന് പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം.
ടി.എച്ച്.പി. ചെന്താരശ്ശേരി അയ്യങ്കാളി എന്ന പുസ്തകത്തില്‍ 1979-ല്‍ കേരളത്തിലെ ദളിതരുടെ, പ്രത്യേകിച്ചും പുലയരുടെ ജീവിതാവസ്ഥയെക്കുറിച്ച് ഇങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ട്: വെറും കൃഷി ഉപകരണം മാത്രമായിട്ടായിരുന്നു ഇവര്‍ കണക്കാക്കപ്പെട്ടിരുന്നത്. പട്ടിണിയില്‍നിന്നും ഒരിക്കലും ഇവര്‍ക്ക് മോചനമുണ്ടായിരുന്നില്ല. യജമാനന്‍ തങ്ങളെ തീറ്റിപ്പോറ്റുന്നു എന്ന ധാരണയായിരുന്നു അധ:സ്ഥിതര്‍ക്കുണ്ടായിരുന്നത്. ഒറ്റമുറി കുടിലില്‍ മണ്‍പാത്രങ്ങള്‍ മാത്രം ഉപകരണങ്ങളായി അവര്‍ ജീവിച്ചു. മിക്കവാറും കുടില്‍ വയലിനരികിലോ കുന്നിന്‍ ചെരിവിലോ ആയിരുന്നു:
ഈ മനുഷ്യരെക്കുറിച്ച് അക്കാലത്ത് കഥകളെഴുതിയത് ടി.കെ.സി വടുതലയായിരുന്നു. എം.ടിയുടെ വിഖ്യാതമായ ചില കഥകള്‍ വരുന്ന കാലത്തു തന്നെയാണ് ടി.കെ.സിയുടെ കഥകളും വന്നത്. എം.ടി ആവിഷ്‌ക്കരിക്കാത്ത നാലുകെട്ടിലെ പുറംതൊടിയിലും തളങ്ങളിലും അടിമവേലയെടുത്തു ജീവിച്ച ദളിതരുടെ ശബ്ദമാണ് ടി.കെ.സിയുടെ കഥകളില്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്്. അതൊരു പൂരണശ്രമമല്ല, ചരിത്രമില്ലാത്തവരുടെ ശബ്ദം തന്നെയായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ എടുത്തു പറയേണ്ട ടി.കെ.സി. കഥയാണ് 'നിനക്കതു മതി'. ഈ കഥയിലെ നായകന്‍ ശങ്കരന്‍ എന്ന ക്ഷുരകനാണ്. ശങ്കരനും കുടുംബവും ജന്മിയായ ഗോവിന്ദന്‍ നായരുടെ പറമ്പില്‍ കുടില്‍ കെട്ടി കഴിഞ്ഞ ആശ്രിതരായിരുന്നു. അമ്പട്ടന്‍ വിളി മടുത്ത് ശങ്കരന്‍ പട്ടാളത്തില്‍ ചേര്‍ന്നു. കുറച്ചു കാലം പട്ടാളത്തില്‍ ജോലി ചെയത് ശങ്കരന്‍ വിരമിച്ചു. നാട്ടില്‍ സ്വന്തമായി ഒരു പിടി മണ്ണ്. ശങ്കരന്റെ സ്വപ്‌നം അതാണ്. അയാള്‍ അതിനു വേണ്ടി ഗോവിന്ദന്‍ നായരെ സമീപിച്ചു. വിലയും കൊടുത്തു. സ്ഥലത്തിന്റെ ആധാരം കൊടുക്കുന്നത് നീട്ടിനീട്ടിക്കൊണ്ടു പോയി. ഒടുവില്‍ ഒരു ദിവസം ഇതാ നിന്റെ ആധാരം എന്നു പറഞ്ഞ് ജന്മി കൊടുത്ത കടലാസ് കെട്ട് തുറന്നു നോക്കിയപ്പോള്‍ ശങ്കരന്‍ കാണുന്നത് കത്തിയും കല്ലും ചീര്‍പ്പുമാണ്. നിനക്കു വേണ്ടത് എന്താണെന്ന് എനിക്കറിയാം. അതാണ് പൊതിയിലുള്ളത്-ഗോവിന്ദന്‍ നായര്‍ പറയുന്നു. ഇതു കേട്ട് സഹിക്ക വയ്യാതെ കത്തിയുമായി ജന്മിയെ ശാരീരികമായി നേരിടുകയാണ് ശങ്കരന്‍. റോബിന്‍
ജഫ്രി പറഞ്ഞ നായര്‍ മേധാവിത്വത്തിന്റെ പതനത്തിനു ശേഷമാണ് ഈ കഥയും അതിലെ സംഭവങ്ങളും ഉണ്ടാകുന്നതെന്ന കാര്യം കൂടി ഇവിടെ ഓര്‍ക്കണം. അതായത് എം.ടി. അവതരിപ്പിച്ചത് നായര്‍ തറവാടുകളുടെ തകര്‍ച്ചയോടെ പുറമ്പോക്കിലെത്തിയവരെക്കുറിച്ചാണെങ്കില്‍ ടി.കെ.സി. തറവാടുകളുടെ പുറം പോക്കില്‍ നിന്നും കൂടുതല്‍ പുറമ്പോക്കിലേക്കെത്തിയ മനുഷ്യരെക്കുറിച്ചാണ് എഴുതിയത്. ഇന്ന് എം.ടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ടി.കെ.സിയുടെ കഥകള്‍ അതേ മണ്ഡലത്തിലേക്ക് കടന്നു വരുന്നത് ആ ശബ്ദങ്ങളെക്കൂടി ഉള്‍ക്കൊള്ളാതെ ഇന്നൊരു സാഹിത്യ വിദ്യാര്‍ഥിക്ക് തകര്‍ന്ന തറവാട് എന്ന ആശയം മനസ്സിലാകില്ല, ഉള്‍ക്കൊള്ളാനാകില്ല എന്നതു കൊണ്ടു കൂടിയാണ്. തറവാടുകള്‍ തകരുന്നതിനു മുമ്പ് അവയെ നില നിര്‍ത്തിയത്് ഈ അടിമ മനുഷ്യരുടെ അധ്വാനവും വിയര്‍പ്പും കൂടിയായിരുന്നു. ഈ മനുഷ്യര്‍ കൂടി ചേരുമ്പോള്‍ മാത്രമാണ്, അല്ലെങ്കില്‍ ആ ഒച്ചകള്‍ കൂടി കേള്‍ക്കുമ്പോള്‍ മാത്രമാണ് നാലുകെട്ടിന്റെ കഥ യഥാര്‍ഥത്തില്‍ പൂര്‍ണ്ണമാകുന്നത്. ഒരു സാഹിത്യ/ചരിത്ര വിദ്യാര്‍ഥി ഇനിയുള്ള കാലം അത്തരം വായനകള്‍ക്കു കൂടി ശ്രമിക്കുമെന്നതില്‍ സംശയമില്ല.
Content Highlights: mt at 90 v. musafar ahammed writes
Published: 12 Jul 2023, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented