
ആദ്യം കാണുന്നത് 1979-ലാവണം. എറണാകുളം ബി.ടി. എച്ചിന്റെ ലോബിയില്‍ ഒരു ടവല്‍ ദേഹത്ത് ചുറ്റി ബീഡി വലിച്ച് അച്ഛനുമായി സംസാരിച്ചു നില്‍ക്കുന്ന ആളിന്റെ കഴുത്തില്‍ ഒരു മാലയുണ്ടായിരുന്നു. (രുദ്രാക്ഷത്തില്‍ സ്വര്‍ണ്ണം കെട്ടിയ?) ആറര വയസ്സിന്റെ കൗതുകപെട്ടകത്തില്‍ ആ മാലയുടെ തിളക്കമാണ് മിന്നുന്നത്. 'ബന്ധന 'ത്തിന്റെ ഷൂട്ടിംഗ് സമയം. ഞങ്ങള്‍ അച്ഛനുമൊത്ത് ചിറ്റൂര്‍ പോകുന്ന വഴി ഒരു രാത്രിക്ക് വേണ്ടി കൊച്ചിയില്‍ ഇറങ്ങിയതാണ്. പുതിയ കാര്‍ വാങ്ങിയ കാലം. അദ്ദേഹത്തിന് അച്ഛന്‍ അമ്മയെ പരിചയപ്പെടുത്തുന്നതും ഒരു ദൈവത്തെയെന്ന പോലെ അമ്മ തൊഴുന്നതും ഓര്‍മ്മയുണ്ട്. 'എം..ടിക്ക് ക്രിട്ടിക്കല്‍ 'എന്ന് ആകാശവാണിയില്‍ നിന്നും വാര്‍ത്ത വായിച്ചു കഴിഞ്ഞു വന്ന അച്ഛന്‍ വിഷമത്തോടെ പറയുന്നത് കേട്ട് അമ്മ കരഞ്ഞത്, പ്രാര്‍ത്ഥിച്ചത്, അതിന് കുറച്ച് കാലം മുമ്പാണ്.
പിന്നീട് 'രണ്ടാമൂഴം' കലാകൗമുദിയില്‍ വായിക്കുമ്പോള്‍ ഒമ്പത് വയസ്സാണ്. അമ്മ എടുക്കുംമുമ്പെ വാരിക റാഞ്ചാന്‍ കാത്തിരുന്നു. അതുവരെ വായിച്ച ഭാരത കഥകളുടെ ശീര്‍ഷാസന ചിത്രം കണ്ട് തരിച്ചിരുന്നിട്ടുണ്ട്. തിരക്കഥ എഴുതിയ സിനിമകളുടെ കടുത്ത ആരാധനാ വര്‍ഷങ്ങള്‍. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ കാലത്താണ് നാലുകെട്ട് വായന. റിസല്‍ട്ടു വന്നപ്പോള്‍ ഏറ്റവും വലിയ പുളകം എനിക്കും അപ്പുണ്ണിക്കും ഒരേ മാര്‍ക്ക് എന്നതായിരുന്നു. 70 ശതമാനം! പിന്നെ ജ്വരം പോലെ ആ കഥാപ്രപഞ്ചം ഗ്രസിച്ചു. ആ വരികള്‍ ഉരുവിട്ട് നടന്നു. ഇപ്പോഴും ഓര്‍മ്മയില്‍ മായാതെ ഉണ്ട് പലതും
'പതുക്കെ. സന്താനപ്പു നുള്ളാന്‍ വരുന്ന സുരസുന്ദരിമാരുടെ കരാംഗുലികളെക്കാള്‍ കനിവോടെ, പതുക്കെ, പതുക്കെ '(രണ്ടാമൂഴം)
'ഒരാണിന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം ഏതാണെന്ന് അറിയാമോ? പഠിച്ചുവെച്ചോളു , ഇരുപത്തിമൂന്ന് ' (മഞ്ഞ് )
'എനിക്കെന്നും ആലിന്‍ചുവട് ഇഷ്ടമായിരുന്നു. ഗന്ധര്‍വ്വന്മാരുടെ കഥകള്‍ ഇഷ്ടമായിരുന്നു' കരവീരകക്കാടിന്റെ വശത്തെ ഇത്തിരി മണലില്‍ തെറ്റിത്തെറിച്ചു വീണ നനുത്ത ഇലയടത്തുണ്ട്‌പോലുള്ള നിലാവിന്‍ കഷ്ണങ്ങള്‍ ഇഷ്ടമായിരുന്നു. ('വിലാപയാത്ര ')
'എന്നെ മറക്വോ. ആയിരം അഭിസാരികകള്‍ കണ്ടുമുട്ടിപിരിയുന്ന അര മണിക്കൂറിന്റെ അവസാനം കാലാകാലമായി ചോദിക്കുന്ന ചോദ്യം. ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഒന്നും തോന്നാറില്ല. ആദ്യം കേട്ടപ്പോഴൊ?
അലിഞ്ഞലിഞ്ഞില്ലാതായി എന്നോ മറ്റോ ആണൊ പറയേണ്ടത്.?' (വിലാപയാത്ര). ഈ വരികള്‍ ഒക്കെയും ഓര്‍മ്മയില്‍ നിന്നും...
17 വയസ്സിനുള്ളില്‍ അദ്ദേഹം എഴുതിയത് മുഴുവനും തീര്‍ത്തു. അച്ഛന്‍ കളിയാക്കി വിളിച്ചു, 'എം.ടി. മാനിയാക്ക് '.
'വടക്കന്‍ വീരഗാഥ ' നൂറാം ദിവസം ആഘോഷത്തിന് തിരുവനന്തപുരത്ത് അദ്ദേഹം വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു, 'എം.ടി. കാണണമെന്നു പറഞ്ഞു. നീ വരുന്നോ?'
'അറബിപ്പൊന്ന് 'സിനിമയാക്കാന്‍ പദ്ധതി. ഹരിഹരന്‍ സംവിധായകന്‍. എം.ടി.ക്ക് സമയക്കുറവുണ്ട്. അച്ഛന്‍ തിരക്കഥ എഴുതുമെങ്കില്‍ സമ്മതം. ഇറങ്ങാന്‍ നേരത്ത് എന്നോട് അച്ഛന്‍, 'എങ്ങനുണ്ടടാ മുമ്പ് വായിച്ചതാ. മറന്നു. ''എന്ന് പറഞ്ഞു. 'നല്ല പണി എടുക്കേണ്ടിവരും. കോഴിക്കോട് അധോലോക ജീവിതവും, കോയമാരുടെ ലൈഫ്‌സ്‌റ്റൈലും...'
അച്ഛന്‍ അന്ന് പല തിരക്കുകളിലാണ്.
ഹോട്ടല്‍ മുറിയില്‍ ഒരു ഈശ്വരനെയെന്ന പോലെ അദ്ദേഹത്തെ നോക്കിയിരുന്നു.
വിഷയം സംസാരിക്കുന്നതിനിടയല്‍ അച്ഛനോട് വാസു അങ്കിള്‍ ചോദിക്കുന്നു 'നിന്റെ ഓര്‍മ്മക്ക് നോക്കിക്കൂടെ?'. അതിനെയും പിന്തുണച്ച് ഹരിഹരന്‍ സര്‍. 'അസ്സല് കഥയാ 'എന്ന് പറഞ്ഞ് അച്ഛന്‍ തിരക്കുകള്‍ വിശദീകരിച്ചു. അപ്പോള്‍ ആണ് അദ്ദേഹം പറഞ്ഞത്, ' പപ്പന്‍. ഇടയ്ക്ക് കഥകള്‍ എഴുതണം. നമ്മുടെ ബേസ് അതാണ്. ഒരു നോവല്‍ മാതൃഭൂമിക്ക് തരൂ. '
' തരാം' എന്ന് ഒരു മടിയുമില്ലാതെ അച്ഛന്‍. ആ വാക്കാണ് 'പ്രതിമയും രാജകുമാരിയും' എന്ന നോവലിന് കാരണമായത്. എന്റെ ഭ്രാന്തിനെ പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം 'നിനക്കൊരു പുസ്തകം അയച്ചു തരാം' എന്ന് പറഞ്ഞു.
പോയി അടുത്ത ആഴ്ച്ച 'എം.ടി.യുടെ കഥകള്‍ ' എന്ന വലിയ പുസ്തകം തപാലില്‍. പ്രിയപ്പെട്ട അനന്തപത്മനാഭന് എന്ന കൈയ്യൊപ്പോടെ! ഞാന്‍ ഏഴാം മുകിലിലേറി പറന്നു.
രാത്രി ഊണ് കഴിക്കാനിരുന്നപ്പോള്‍ ഈ പ്രായത്തില്‍ ആരില്‍ നിന്നുമാവും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവുക എന്ന് അച്ഛനോട് തിരക്കി, തകഴി, ഉറൂബ്, ബഷീര്‍? ഞാന്‍ മറുപടിക്ക് കാത്തു. അപ്പോള്‍ അനായാസമായി ഉത്തരം വന്നു:'പുള്ളീടെ കയ്യീന്ന് തന്നെ.''
അദ്ദേഹത്തിനുളള മറുപടി കത്തില്‍ ഞാനത് പരാമര്‍ശിച്ചു. പിന്നീട് തിരുവനന്തപുരത്ത് വന്നപ്പോള്‍ അദ്ദേഹം അച്ഛനെ വിളിച്ച് എന്നെ കൂടി കൊണ്ടുവരാന്‍ പറഞ്ഞു. അന്ന് ഒത്തിരി നേരം അദ്ദേഹവുമായി സംസാരിച്ചിരുന്നു. അച്ഛന്റെ 45 ആം പിറന്നാള്‍ ആയിരുന്നു അന്ന് - മടങ്ങിവന്ന അച്ഛന്‍ ആ സന്തോഷം ഡയറിയില്‍ കുറിച്ചിട്ടു. അച്ചന്റെ അവസാന ദിനസരിക്കുറിപ്പ്.
അച്ഛന്റെ മരണശേഷം അദ്ദേഹം എനിക്ക് ഒരു കത്തെഴുതി, 'ഇത് ഞങ്ങളുടെ എല്ലാം നഷ്ടം' എന്ന് തുടങ്ങി ആശ്വാസ വാക്കുകളില്‍ ചുരുക്കിയ കത്ത്.
ആയിടെ ഒരു കഥ എഴുതി വെറുതെ, 'സിതാര, കൊട്ടാരം റോഡ്, ഈസ്റ്റ് നടക്കാവ്, കോഴിക്കോട് 'എന്ന വിലാസത്തില്‍ അയച്ചു. വെറുതെ വായിച്ചു നോക്കാന്‍. കുറച്ച് കാലശേഷം മാതൃഭൂമിയില്‍ നിന്നും ഒരു കാര്‍ഡ് വന്നു. 'നിങ്ങളുടെ കഥ ബാലപംക്തിയില്‍ കൊടുക്കാന്‍ നീക്കി വെച്ചിരിക്കുന്നു!' സാമാന്യം വലിയ ആ കഥ ആ ലക്കം ബാലപംക്തിയുടെ മൂന്ന് പേജ് നിറഞ്ഞുവന്നു. മറ്റു വിഭവങ്ങളൊന്നുമില്ലാതെ. ഒരു വരി പോലും വെട്ടാതെ...
പിന്നീട് കാണുമ്പോള്‍ എനിക്ക് നന്ദി പറയണമെന്നൊക്കെയുണ്ട്. അദ്ദേഹത്തിനങ്ങനെയൊന്ന് സംഭവിച്ച ഭാവമേതുമില്ല!
വെറുതെ ഉപചാരത്തിന് പറയാന്‍ ഞാനും പോയില്ല.
പിന്നീട് അനുജത്തിയുടെ വിവാഹം ക്ഷണിച്ച് കൊണ്ടുള്ള കത്തില്‍ ആയിടെ മാതൃഭൂമിയില്‍ വന്ന 'അവരോധനം' എന്ന എന്റെ കഥയെ എം.കൃഷ്നണൻ നായര്‍ സാര്‍ വധിച്ച കാര്യമൊക്കെ തമാശയായി സൂചിപ്പിച്ചു സാമാന്യം വലിപ്പമുളള മറുപടിയില്‍. 'കഥ ഞാന്‍ കണ്ടിരുന്നു. എനിക്ക് അത് നന്നായിട്ടുണ്ട് എന്നാണ് തോന്നിയത്'. ഇതില്‍പ്പരം എന്ത് ആശ്വാസം!
എന്റെ വിവാഹത്തിന് പാലക്കാട് വന്ന കെ.പി.രാമനുണ്ണി ഫോണ്‍ വിളിച്ച് തന്ന് എനിക്ക് കൈമാറി. അന്ന് വാസു അങ്കിളിന്റെ മൂത്ത ജ്യേഷ്ഠന്റെ വിയോഗ കാലം. 'കല്യാണത്തിന് കൂടാനായില്ല. നാട്ടില്‍ മരണവുമായി ബന്ധപ്പെട്ട കുറെ ചടങ്ങുകളുണ്ട്.' ഹൃദ്യമായ ചില ആശംസാ വാക്കുകള്‍.അതിന് കുറേ മുമ്പ്, എം എ പഠനകാലത്ത് ഒരിക്കല്‍ അമ്മയുടെ വീട്ടില്‍ ചിറ്റൂര് പോയ ഞാന്‍ അവിടെ നിന്നും ഒരു കാറെടുത്ത് കൂടല്ലൂര്‍ക്ക് പോയി. എന്റെ ഒരു അമ്മായിക്ക് പുന്നയൂര്‍ക്കുളവുമായി ബന്ധമുണ്ട്. ചെറുപ്പത്തില്‍ പലപ്പോഴും മാടത്ത് തെക്കേപ്പാട്ട് പോയി പാര്‍ത്തിട്ടുണ്ട്. ആ ബന്ധുബലത്തില്‍ സന്ദര്‍ശനം. അന്ന് എല്ലാ ജ്യേഷ്ഠന്മാരെയും കണ്ടു. ജ്യേഷ്ഠന്റെ മകന്‍ സതീശന്റെ വിവാഹം കഴിഞ്ഞ സമയം. സതീശേട്ടന്‍ താന്നിക്കുന്നും 'രണ്ടാമൂഴം' എഴുതിയ വീടുമൊക്കെ കാട്ടിത്തന്നു.
2003-ല്‍ ഇന്ത്യവിഷനില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയി ചേര്‍ന്നപ്പോള്‍, ചാനല്‍ ചെയര്‍മാനായിരുന്ന വാസു അങ്കിളിനെക്കണ്ട് പറഞ്ഞു 'പ്രിന്റ് മീഡിയ ആയിരുന്നു ഇത് വരെ - വിഷ്വലില്‍ ആദ്യമാണ്. '
എഴുത്തുകാരുടെ 'എന്റെ ദേശം', ഞാന്‍ ആഗ്രഹിച്ച് ചോദിച്ച് വാങ്ങിയ പരിപാടിയാണ്. (വേറെ ആര്‍ക്കും അത് ഏറ്റെടുക്കാനും വയ്യ! ) .
കാവാലം നാരായണ പണിക്കരുടെ ദേശം ചിത്രീകരിക്കാന്‍ തയ്യാറാകുന്ന എനിക്ക് ഒരു ഫോണ്‍, 'ഞാന്‍ കണ്ണനാണ്. (പിന്നീട് തീര്‍ത്ഥാടനം സംവിധാനം ചെയ്ത കണ്ണന്‍) ദൂരദര്‍ശനിലെ. പപ്പനെ ഒന്ന് ഹെല്‍പ്പ് ചെയ്ത് കൊടുക്കാന്‍ വാസുവേട്ടന്‍ പറഞ്ഞു ''തലേന്ന് തന്നെ കണ്ണന്‍ ചേട്ടന്‍ വന്നു. പിറ്റേന്ന് ഉച്ച വരെ ഒപ്പം നിന്നു. ഞാന്‍ തനിയെ പാളത്തിലോടി തുടങ്ങുന്നു എന്ന് കണ്ടപ്പോള്‍ കണ്ണന്‍ ചേട്ടന്‍, 'ഇനി എനിക്ക് പോകാമല്ലൊ? ഒന്ന് വാസുവേട്ടനോട് പറയണെ' എന്ന് പറഞ്ഞ് ഫോണ്‍ അദ്ദേഹത്തിന് കണക്ട് ചെയ്തു.
സ്വതന്ത്രനാകാന്‍ ധൈര്യമായി എന്ന് അദ്ദേഹത്തിനുറപ്പ് കൊടുത്തശേഷമാണ് കണ്ണന്‍ ചേട്ടന്‍ കാവാലത്ത് നിന്നും പോയത്.
പലപ്പോഴും ചിന്തിക്കാറുണ്ട്, വാസു അങ്കിളിന്റെയും, അച്ഛന്റെയും കര്‍മ്മ പാതകളുടെ സാമ്യത്തെ പറ്റി. ഇരുവരും നാല് ആണ്‍മക്കളില്‍ ഏറ്റവും ഇളയവര്‍. രണ്ട് പേര്‍ക്കും സ്‌ക്കൂള്‍ പഠനകാലത്ത് ഡബിള്‍ പ്രമോഷൻ. ഇരുവരും കോളേജില്‍ സയന്‍സ് എടുക്കാന്‍ നിര്ബന്ധിതരാകുന്നു.അതും ഒരേ വിഷയം; കെമിസ്ട്രി! ഇരുവരുടെയും ഇഷ്ടവിഷയം ഇംഗ്ലീഷ് സാഹിത്യമായിട്ടും. പത്തൊമ്പതാം വയസ്സില്‍ തൊഴില്‍ പ്രവേശം (മാതൃഭൂമി, ആകാശവാണി ), രണ്ട് പേരുടെയും ആദ്യനോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. (നാലുകെട്ട്, നക്ഷത്രങ്ങളേ കാവല്‍)അച്ഛന്‍ 25 വയസ്സ് ഏതാണ്ട് അതേ പ്രായത്തില്‍ വാസുഅങ്കിളും.
ഇരുവരുടെയും ആദ്യ ചിത്രത്തിന് മുപ്പതുകളുടെ തുടക്കത്തില്‍ ദേശീയ അവാര്‍ഡ് - (നിര്‍മാല്യം, പെരുവഴിയമ്പലം). അന്വേഷിച്ചാല്‍ ഇനിയും സാമ്യങ്ങള്‍ കണ്ടുപിടിക്കാം.
ഒന്നുറപ്പാണ് അച്ഛന് എഴുത്തില്‍ ഒരു റോള്‍ മോഡല്‍ ഉണ്ടെങ്കില്‍ അത് എം.ടി.വാസുദേവന്‍ നായര്‍ മാത്രമാണ്. രണ്ട് രചനാവഴികളും തീര്‍ത്തും വിഭിന്നമെങ്കിലും.
ഒരു അനുസ്മരണ പ്രഭാഷണത്തില്‍, അദ്ദേഹം അച്ഛനെ 'എന്റെ കനിഷ്ഠസഹോദരന്‍' എന്ന് വിശേഷിപ്പിച്ചു. അച്ഛനും ഒരു വല്യേട്ടനെപ്പോലെ ആയിരുന്നു. അറിവില്‍ മറ്റാര്‍ക്കും അദ്ദേഹം 'അറബിപ്പൊന്ന്' എഴുതാനുള്ള തുറന്ന ക്ഷണം കൊടുത്തിട്ടില്ല. ആ വിശ്വാസവും സ്‌നേഹവും അപൂര്‍വ്വമാണ്. അദ്ദേഹം എഴുതിയ എന്തും പ്രിയപ്പെട്ടതെങ്കിലും മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളുടെ തുഞ്ചത്ത് ഞാന്‍ 'അസുരവിത്ത്'വെക്കും. എത്ര കാലപ്പകര്‍ച്ചയിലും, പ്രസക്തി മങ്ങാത്ത അതിശക്ത പ്രമേയം, കഥാപാത്രം...ഓരോ വായനയും ഒരു ശുദ്ധികലശം, ഒരു ജ്ഞാനസ്‌നാനം.
രണ്ടാഴ്ച്ച മുമ്പും കോഴിക്കോട് കണ്ടപ്പോള്‍ ആ കൈപിടിച്ച് കുറച്ച് നേരം സംസാരിച്ചിരുന്നു. ഉപചാരം പറയാനെനിക്കറിയില്ല. കാരണം അദ്ദേഹമെനിക്ക് എല്ലാ അര്‍ത്ഥത്തിലും വല്യച്ഛനാണ്. വാത്സല്യത്തിന്റെ കല്‍പ്പവൃക്ഷ പുഷ്പങ്ങള്‍ ഏതോ സ്വര്‍ഗത്തില്‍ നിന്നെന്ന പോലെ എന്നില്‍ ചൊരിഞ്ഞ വല്യച്ഛന്‍. മലയാളം നന്ദി പറയുന്നു, ഈ കരുതലിന്, ഈ പിറന്നാളിന് കടപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളുടെ നിതാന്ത കരുതലിന് ഭാഷ നന്ദി പറയുന്നു.
Content Highlights: ഒഒ
Published: 12 Jul 2023, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented