ന്നെങ്കിലും ആരെങ്കിലും എന്നെയും പ്രണയിക്കുമെന്ന് ഞാന്‍ കൗമാരത്തിലും ശേഷവും തീവ്രമായി ആഗ്രഹിച്ചിരുന്നു. എന്നെ പ്രണയിക്കുന്നവള്‍ക്ക് കൊടുക്കുവാനായി ഞാന്‍ അന്നൊക്കെ നിത്യവും പ്രണയ ലേഖനങ്ങള്‍ എഴുതിയൊളിപ്പിച്ചു. ഒരിക്കലും ഞാന്‍ ആരെയും പ്രണയിച്ചില്ല, ആരും എന്നെയും...

To advertise here,

മണ്ണില്‍ നിന്നും സ്വര്‍ണ്ണം അരിച്ചെടുക്കുന്നതിനേക്കാളും ദുഷ്‌ക്കരമായിരുന്നു അന്നൊക്കെ ഇച്ചിരി സ്‌നേഹം ലഭിക്കുവാന്‍. എം.ടി.യുടെ വായിച്ച പുസ്തകങ്ങളിലെ വരികള്‍ എഴുതി നിറച്ച ആ പ്രണയ ലേഖനങ്ങള്‍ ഒടുക്കം ഞാന്‍ ഒരു മഴക്കാലത്തില്‍ വീടിന്റെ മുറ്റത്തൂടെ ഒഴുകുന്ന തോട്ടില്‍ കീറിയെറിഞ്ഞു. അവ മുഴുവന്‍ ഒഴുകി നീങ്ങുന്നതുവരെയും ഞാന്‍ തോട്ടിന്‍കരയില്‍ നിന്നു. മഴ പെയ്യുന്നു, തോട്ടില്‍ ഒഴുക്ക് കൂടി വരുന്നു.

എന്തുകൊണ്ടോ എന്നും ഉള്ളില്‍ നിറഞ്ഞ ആ കരച്ചില്‍ തോട്ടില്‍ വെള്ളം കയറുന്നത് പോലെ അന്ന് എന്റെയുള്ളില്‍ നിന്നും കണ്ണിലൂടെ പുറത്തേക്കൊഴുകി. മഴ കൂടിവരുന്നു, കരച്ചിലും... ഞാനാണ് എം.ടി. യുടെ ഇതുവരെയും വായിച്ച എല്ലാ കഥകളിലെയും നായകന്‍ എന്ന് എനിക്കുറപ്പായി. ആരൊക്കെയോ ഉണ്ടായിട്ടും ആരും ഇല്ലാത്തവന്‍, ആരെയും സ്‌നേഹിക്കാന്‍ അറിയാത്തവനും!

ആരാണ് എം.ടി. എന്ന് ചോദിച്ചാല്‍, എം.ടി. മലയാളത്തിന്റെ 'സുകൃതം'എന്ന് ഏത് മലയാളിയും ഏത് പാതിരായ്ക്കും പറയും. പക്ഷേ, ഞാന്‍ പറയുക ഉള്ളില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കും, ഏതൊക്കെയോ നഷ്ടസ്മൃതികളില്‍ ആരും കാണാതെ കരയുന്നവര്‍ക്കും എഴുത്തുകൊണ്ട് നിത്യവും ആശ്വാസത്തിന്റെ സ്‌നേഹതൈലം പുരട്ടുന്ന ഒരാള്‍ എന്നാണ്.

കേരളം എന്ന് നാം കരുതപ്പെടുന്ന ഒരു പ്രദേശത്തിന്റെ ഒരു കൂട്ടം മനുഷ്യരുടെ ജീവിതസാഹചര്യങ്ങള്‍, സാമൂഹ്യ ചുറ്റുപാടുകള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, പ്രകൃതി, കാലാവസ്ഥ, ഏകാന്തത, കാറ്റ്, മഴ, കൃഷി, വീട് എന്നിങ്ങനെ നമ്മള്‍ സങ്കല്പിച്ചു പോകുന്ന കേരളത്തിന്റെ ഒരു ചിത്രമാണ് അദ്ദേഹത്തിന്റെ കഥകളിലും എഴുത്തുകളിലുമുള്ളത്.1990-കള്‍ വരെയുള്ള ഒരു കേരളത്തെയാണ് നാം സത്യത്തില്‍ കേരളം എന്ന് പറയുമ്പോള്‍ ഓര്‍ക്കുക. ആ അര്‍ത്ഥത്തില്‍ വികസിച്ചു കൈമോശം വന്നുപോയതോ, അല്ലെങ്കില്‍ വികസിച്ചു കൂടുതല്‍ നന്നായതോ ആയ ഇന്നത്തെ കേരളമോ അവിടുത്തെ മനുഷ്യരോ അല്ലാത്ത ഒരു പഴയ നാട്ടിലെ കഥ.

ഈ കഥ എങ്ങനെയാണ് പുതിയ നാട്ടിലെ മനുഷ്യരെയും വിടാതെ പിടികൂടുന്നത് എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം, ലോകത്തിലെ എല്ലാ മനുഷ്യരെയും എല്ലാ കാലത്തും നിലനിര്‍ത്തിയതും അവര്‍ എല്ലാ കാലത്തും തേടിയതും മൂന്ന് കാര്യങ്ങളെ ആയിരുന്നു. ഞാന്‍ എന്ന അടിസ്ഥാനം, സ്‌നേഹം എന്ന തേടല്‍, പരിഗണന എന്ന തോന്നല്‍. ഈ മൂന്നു കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള പരക്കം പായലും, പ്രയത്‌നവുമാണ് ആകെ മൊത്തം നോക്കിയാല്‍ മനുഷ്യജീവിതം എന്ന് പറയുന്നത്.

എം.ടി.യുടെ കഥകളും കഥാപാത്രങ്ങളും സ്‌നേഹത്തിനും, അസ്ഥിത്വത്തിനും പരിഗണനയ്ക്കും വേണ്ടിയുള്ള നിരന്തര യാത്രകളില്‍ ഏര്‍പ്പെട്ടവരായിരുന്നു. ഒരു പുസ്തകശാലയിലെ ജീവനക്കാരനെന്നുള്ള നിലയില്‍ ആരാണ് ഞാന്‍ ഇതുവരെയും കാണാത്ത എം.ടി. എന്ന് ചോദിച്ചാല്‍, ഒട്ടും മലയാളിത്തം ഇല്ലാത്ത 90-കള്‍ക്ക് ശേഷമുള്ള, വല്ലപ്പോഴും മാത്രം കേരളത്തില്‍ വരുന്ന, ഏറ്റവും പുതിയ ആഗോള മലയാളിയും അവരുടെ ഹൃദയത്തില്‍ ഏറ്റവും ആരാധനയോടെ സ്‌നേഹത്തോടെ ചേര്‍ത്ത് വെക്കുന്ന എഴുത്തുകാരനെന്നാണ് ഉത്തരം.

അപ്പോള്‍ അതിനുമുന്നേ ശരിക്കുമുണ്ടായിരുന്ന കേരളത്തില്‍ ജനിച്ച മനുഷ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ! 'രണ്ടാമൂഴ'വും 'മഞ്ഞും' 'നാലുകെട്ടും' 'കാല'വും ഇല്ലാതെ മലയാളികള്‍ക്ക്, അല്ലെങ്കില്‍ മലയാളികളുടെ പിന്‍ തലമുറയ്ക്ക്, അവരുടെയും പിന്‍ തലമുറയ്ക്ക് മുന്നോട്ട് ഒരു തരി പോലും നീങ്ങാന്‍ പറ്റാത്ത വിധം അവ നമ്മുടെ ഭാഷയിലേക്ക് ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

ഈയിടെ അദ്ദേഹത്തിന്റെ 'കഡുഗണ്ണാവ: ഒരു യാത്ര കുറിപ്പ്', 'ഷെര്‍ലക്' എന്നീ കഥകള്‍ വീണ്ടും വായിച്ചു. ഇന്നോ ഇന്നലെയോ മാത്രം എഴുതിയ കഥകള്‍ വായിക്കുന്നത് പോലെ ഞാന്‍ പുതിയൊരു ലോകത്തെത്തി. അച്ഛന്റെ മറ്റൊരു സ്ത്രീയിലുള്ള മകളെ, സ്വന്തം അനുജത്തിയെ കഥാനായകന്‍ തേടുന്ന യാത്രയാണ് കഥയെങ്കിലും ഞാന്‍ ഇപ്പോള്‍ കണ്ടത് പരസ്പരമുള്ള സംശയങ്ങളും ആക്രമണങ്ങളും ഒരു നാടിനെ, ആ നാട്ടിലെ മനുഷ്യരെ എങ്ങനെയൊക്കെ ഇല്ലാതാക്കുന്നു എന്ന രീതിയിലാണ്. ലോകം മുഴുവന്‍ പരസ്പരം ശത്രുതയില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഇന്ന്, ഈ കഥ വായിക്കുമ്പോള്‍ അനുജത്തി നഷ്ടപ്പെട്ട ഒരു മനുഷ്യനെ മാത്രമല്ല പകരം സകലതും നഷ്ടപ്പെട്ട ലക്ഷകണക്കിന് മനുഷ്യരെ ആ കഥ മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുന്നുണ്ട്.

'ഷെര്‍ലക്' ആകട്ടെ അമേരിക്കയില്‍ തൊണ്ണൂറുകള്‍ക്ക് ശേഷം താമസിക്കുന്ന മലയാളി സ്ത്രീയുടെയും. ആ സ്ത്രീ രണ്ടായിരത്തിയിരുപതില്‍ പോയതുമാകാം. ഇനി ഒരുപക്ഷേ, ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്ക് ശേഷം പോകുന്നവരും ആകാം.

എപ്പോഴായാലും ആര്‍ക്കാണ് സ്‌നേഹം വേണ്ടാത്തത്? ആരാണ് പരിഗണന ആഗ്രഹിക്കാത്തത്? എം.ടി. യുടെ കൃതികള്‍ വായിക്കുമ്പോള്‍ ഉറപ്പായും നമ്മള്‍ കൂടുതല്‍ നല്ല മനുഷ്യരാകും, സ്‌നേഹം  കൊടുക്കാനും, വാങ്ങാനും അത് നമ്മെ കൂടുതല്‍ പ്രാപ്തരാക്കും. 

ഒരു പുസ്തകശാലയിലെ ജീവനക്കാരന്‍ എന്ന നിലയില്‍ എം.ടി.യുടെ ഓരോ പുസ്തകം വില്‍ക്കുമ്പോഴും അങ്ങനെയുള്ള നല്ല മനുഷ്യര്‍ ഭൂമിയില്‍ കൂടിക്കൂടി വരുന്നുണ്ടെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞ് സന്തോഷിക്കും. ആ പുസ്തകം വായിച്ചവരോട് ഇനി വരുമ്പോള്‍ നമുക്ക് സംസാരിക്കാം, ചിരിക്കാം, എന്തെങ്കിലും വിശേഷങ്ങള്‍ ചോദിക്കാം...

ഇനി എന്താണ് ആഗ്രഹം എന്നെന്നോട് ആരെങ്കിലും ചോദിച്ചാല്‍ ഒരുപാട് ആഗ്രഹങ്ങളുള്ളതില്‍ പ്രധാനമായ ഒന്ന് എപ്പോഴെങ്കിലും എം.ടി എന്ന ആ വലിയ എഴുത്തുകാരനെ കാണണം. ദൂരെ നിന്നൊന്ന് കൈകൂപ്പണം, ഞാന്‍ സ്വയം കരഞ്ഞുപോകുന്നിതിനും മുന്നേ തിരിഞ്ഞു നടക്കണം.