
കോവിഡ് കാലമാണ് അമ്മയിലെ വായനക്കാരിയെ ഞങ്ങള്‍ക്ക് കാണിച്ചു തന്നത്. പണ്ട് അമ്മ കഥകള്‍ എഴുതിയിട്ടുണ്ടെന്നും അവ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുമൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും ഞങ്ങള്‍ അത്ര കാര്യമായി എടുത്തിരുന്നില്ല. എന്റെയും ചേട്ടന്റെയും ഓര്‍മയില്‍ അമ്മ ഒന്നും എഴുതിക്കണ്ടിട്ടില്ല. അങ്ങനെയിരിക്കേയാണ് കോവിഡ് ലോക്ഡൗണ്‍ വരുന്നത്. രണ്ടരമാസത്തോളം ഞാനും ചേട്ടനും പുള്ളിലെ വീട്ടില്‍ അമ്മയ്ക്കൊപ്പമായിരുന്നു. ആ ദിവസങ്ങളിലാണ് അമ്മയുടെ എഴുത്ത് ഞങ്ങള്‍ നേരിട്ട് കാണുന്നത്.
ഓരോ രാത്രിയും അമ്മ ഓര്‍മക്കുറിപ്പുകള്‍ എഴുതും, പിറ്റേന്നുരാവിലെ കാണിച്ചുതരും. വായിച്ചപ്പോള്‍ അതിനൊരു പ്രത്യേക സൗന്ദര്യമുണ്ടെന്ന് തോന്നി. അങ്ങനെയാണ് ഫെയ്‌സ്ബുക്കിലും മറ്റും ആ കുറിപ്പുകള്‍ പങ്കുവയ്ക്കാന്‍ പ്രോത്സാഹിപ്പിച്ചത്. ഒരുകാലത്ത് അമ്മ കഥകള്‍ എഴുതിയിരുന്നെന്ന് അതോടെ ഞാനുറപ്പിച്ചു. മാതൃഭൂമിയിലെ സുഹൃത്തുക്കള്‍ വഴി പണ്ട് ആഴ്ചപ്പതിപ്പില്‍ വന്ന അമ്മയുടെ കഥകളുടെ പി.ഡി.എഫ്. സംഘടിപ്പിച്ചു. അവയെല്ലാം വായിച്ചു.
'നിലാവെട്ടം' എന്ന പംക്തി തുടങ്ങാന്‍ കാരണക്കാരനായത് സത്യനങ്കിളാണ് (സത്യന്‍ അന്തിക്കാട്). ഞങ്ങളുടെ ഏറ്റവും അടുത്ത കുടുംബസുഹൃത്തും വഴികാട്ടിയുമൊക്കെയാണ് അദ്ദേഹം. അമ്മ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഓര്‍മക്കുറിപ്പുകള്‍ ഒരു സുഹൃത്ത് അദ്ദേഹത്തിന് വാട്‌സാപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നു. അത് വായിച്ച സന്തോഷം പങ്കുവയ്ക്കാന്‍ അദ്ദേഹമെന്നെ വിളിച്ചു. അമ്മയുടെ എഴുത്തിന്റെ സൗന്ദര്യത്തെയും ലാളിത്യത്തെയും കുറിച്ച് കുറേ സംസാരിച്ചു. അപ്പോള്‍ അമ്മ പണ്ട് മാതൃഭൂമിയില്‍ കഥ എഴുതിയ കാര്യം ഞാന്‍ സത്യനങ്കിളിനോട് പറഞ്ഞു. എന്റെ കൈയിലുണ്ടായിരുന്ന കഥകളുടെ പി.ഡി.എഫ്. അയച്ചുകൊടുക്കുകയും ചെയ്തു.
കുറച്ച് ദിവസങ്ങള്‍ക്കുശേഷം ഗൃഹലക്ഷ്മിയില്‍ അമ്മ 'നിലാവെട്ടം' എന്ന പംക്തി തുടങ്ങുന്നു എന്ന സന്തോഷവാര്‍ത്തയാണ് എന്നെത്തേടിയെത്തിയത്. ആ സന്തോഷം എന്റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴി ലോകത്തോട് പങ്കുവെച്ചു. 44 വര്‍ഷങ്ങള്‍ക്കുമുന്‍പ് പാതിവഴിയില്‍ നിന്നുപോയ എഴുത്ത് അമ്മ പുനരാരംഭിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് ഏറെ അഭിമാനകരമായിരുന്നു. ഗൃഹലക്ഷ്മിയില്‍ 'നിലാവെട്ടം' ആദ്യലക്കംമുതല്‍ ഏറെ ആവേശത്തോടെയാണ് വായിച്ചത്.
അമ്മയുടെ ഭാഷയ്ക്ക് ഗൃഹാതുരത്വത്തിന്റെ ഒരു പ്രത്യേക കുളിരുണ്ടെന്ന് എനിക്ക് തോന്നി. കോളം ചര്‍ച്ചയായതോടെ അമ്മയെത്തേടി ഒരുപാട് വായനക്കാരുടെ കത്തുകള്‍ പുള്ളിലെ വീട്ടിലേക്ക് വന്നു. വളരെ കൗതുകത്തോടെ അതില്‍ ചില കത്തുകള്‍ ഞാനും വായിച്ചു. അമ്മയോട് സംസാരിക്കണമെന്ന ആവശ്യവുമായി ഒരുപാട് സ്ത്രീകള്‍ കേരളത്തിന്റെ പലഭാഗത്തുനിന്നും വിളിച്ചു. ഗിരിജ വാര്യരുടെ എഴുത്തുകള്‍ക്ക് സാഹിത്യലോകത്ത് മെല്ലെ ആരാധകവൃന്ദം രൂപപ്പെട്ടു.
എഴുതിത്തുടങ്ങിയപ്പോള്‍ 'ബാഷ' സിനിമയിലെ രജനീകാന്തിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ പോലെ ഒരു ട്രാന്‍സ്ഫര്‍മേഷന്‍ അമ്മയുടെ ജീവിതത്തിനും സംഭവിച്ചെന്ന് ചേട്ടന്‍ തമാശ പറയും. 'നിലാവെട്ടം' പുസ്തകരൂപത്തിലേക്ക് മാറിയപ്പോള്‍ പ്രകാശനച്ചടങ്ങില്‍ കാണികളിലൊരാളായാണ് ഞാന്‍ വന്നത്. സദസ്സിലിരുന്ന് അമ്മയുടെ സന്തോഷം ആസ്വദിക്കുക എന്നതായിരുന്നു ആഗ്രഹം.
അമ്മയ്ക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരാണ് അമ്മയുടെ ശക്തി. വെറുതേയിരിക്കാതെ ഇഷ്ടമുള്ള പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുകയാണ് അമ്മ കഴിഞ്ഞ കുറച്ച് കാലമായി. യോഗ, മോഹിനിയാട്ടം, കഥകളി, എഴുത്ത് എന്നിങ്ങനെ ഓരോ മേഖലയിലും അമ്മ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കാന്‍ കഴിയുന്നു എന്നതാണ് മകളെന്ന നിലയില്‍ ഏറ്റവും വലിയ അനുഗ്രഹം. എന്റെ സുഹൃത്തുക്കളില്‍ പലരും ഇന്ന് അമ്മയുടെ എഴുത്തിന്റെ ആരാധകരാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രായം ഒരു തടസ്സമല്ല എന്ന് അമ്മ ലോകത്തിന് കാണിച്ചുതരികയാണ്. ആ ജീവിതം തന്നെയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം.
(ഗിരിജാ വാര്യര്‍ എഴുതിയ നിലാവെട്ടം എന്ന പുസ്‌കത്തിന്റെ പ്രകാശനചടങ്ങില്‍ മഞ്ജു വാര്യര്‍ സംസാരിച്ചത്)
Content Highlights: manju warrier talks about her mother girija warrier
Published: 14 May 2023, 09:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented