
നുണക്കുഴി നിറഞ്ഞ കുഞ്ഞുകവിള്, ക്യൂട്ട്നെസില്‍ ചാലിച്ച പാല്പുഞ്ചിരി, നടി ആല്‍ഫിയുടെ കൈകളില്‍ തൂങ്ങി കല്ലു എന്ന ദേവനന്ദ മുന്നില്‍ വന്ന് നിന്നപ്പോള്‍ ആദ്യം മനസ്സിലെത്തിയത് 'അയ്യപ്പാ...എന്ന കല്ലുവിന്റെ ആ വിളിതന്നെ. ശബരിമല അയ്യപ്പനെ കാണാന്‍ കുഞ്ഞുമാളികപ്പുറം നടത്തിയ സാഹസികയാത്ര മലയാളി പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയപ്പോഴാണ് മാളികപ്പുറം സൂപ്പര്‍ഹിറ്റായത്. ചിത്രത്തില്‍ കല്ലുവെന്ന കല്യാണിയായി തിളങ്ങിയ ദേവനന്ദയും കല്ലുവിന്റെ അമ്മയായ സൗമ്യയായി അഭിനയിച്ച ആല്‍ഫി പഞ്ഞിക്കാരനും, സംസാരിച്ച് തുടങ്ങിയപ്പോള്‍ വല്യേച്ചിയും കുഞ്ഞനിയത്തിയും തമ്മിലുള്ള കുസൃതി ചാറ്റായി അത് മാറി. റീല്‍സെടുത്തും പാട്ടു പാടിയുമെല്ലാം ഇരുവരും ചോദ്യങ്ങള്‍ക്കിടയിലും രസമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു.
നിങ്ങള്‍ തമ്മില്‍ മാളികപ്പുറത്തിന് മുന്നേ പരിചയമുണ്ടോ...?
ദേവനന്ദ: ഇല്ലല്ലോ, ആല്‍ഫി ചേച്ചിയെ ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ആദ്യമായിട്ട് പരിചയപ്പെടുന്നത്. ആദ്യം മിണ്ടാനൊക്കെ മടിയായിരുന്നു. കാരണം ചേച്ചിയുടെ സ്വഭാവം എങ്ങനെയാണെന്ന് അറിയില്ലല്ലോ. ആദ്യദിവസം കുറച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. പക്ഷേ ഷൂട്ട് തുടങ്ങിയ അന്ന് തൊട്ട് ഞങ്ങള്‍ നല്ല സൗഹൃദത്തിലായി. ആനക്കൂട്ടിലും കൊട്ട വഞ്ചിയിലുമൊക്കെ കറങ്ങാന്‍ പോയി. കുറെ റീല്‍സൊക്കെ ഒന്നിച്ചു ചെയ്തു. നല്ല രസമാണ് ചേച്ചിക്കൊപ്പം സമയം ചെലവിടാന്‍.
ആല്‍ഫി: കൃത്യസമയത്താണ് ഇവളെ പരിചയപ്പെട്ടതെന്ന് എനിക്കും തോന്നും. ഇത്രയും സമയം ഒന്നിച്ചഭിനയിച്ചത് കൊണ്ട് നല്ലൊരു ബോണ്ടിങ് ഉണ്ടാക്കാനായി. ലൊക്കേഷനില്‍ ഇവളുള്ളത് കൊണ്ട് ഒരിക്കലും ബോറടിക്കേണ്ടി വന്നിട്ടില്ല. ഞങ്ങള്‍ ഷൂട്ടില്ലാത്ത സമയത്ത് വെള്ളച്ചാട്ടം കാണാനും, കുട്ട വഞ്ചി തുഴയാനുമൊക്കെ പോകും. പ്രമോഷന്റെ ഭാഗമായുള്ള യാത്രകളിലും ദേവു തന്നെയായിരുന്നു എനിക്ക് കൂട്ട്. ഓരോ സ്ഥലത്ത് പോകുമ്പോഴും അവിടെ ചെന്ന് ആ റീല്‍സെടുക്കാം, ഇന്നത് ചെയ്യാം എന്നൊക്കെ ഞങ്ങള്‍ പ്ലാന്‍ ചെയ്യും.
രണ്ടുപേരും ഒരുപിടി സിനിമകള്‍ ഇതിനകം അഭിനയിച്ചു കഴിഞ്ഞു, എപ്പോഴാണ് അഭിനയം മോഹം തുടങ്ങിയത്....?
ആല്‍ഫി: ദേവൂ ആ കാര്യത്തില്‍ ഭാഗ്യവതിയാണെന്ന് എനിക്ക് തോന്നും. കാരണം, ഇത്ര ചെറുപ്പത്തില്‍ തന്നെ 12 സിനിമകള്‍ ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ അവള് മലയാളികളുടെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. കുഞ്ഞുനാള് തൊട്ടേ സിനിമയോട് എനിക്ക് വല്ലാത്തൊരു കമ്പമുണ്ടായിരുന്നു. അങ്കമാലിയിലാണ് വീട്. അന്ന് ദൂരദര്ശന് മാത്രമായിരുന്നു വീട്ടിലെ ടി.വിയില്‍ കിട്ടുക. പരീക്ഷ ആയാലും വൈകുന്നേരത്തെ സിനിമ കാണാതിരിക്കാന്‍ എനിക്കാവില്ല. പക്ഷേ എങ്ങനെ സിനിമ മേഖലയിലേക്ക് എത്താം എന്നൊന്നും എനിക്കറിയില്ലായിരുന്നു. കാരണം സിനിമ ബന്ധങ്ങളൊന്നുമില്ലാത്ത ഇടത്തരം കുടുംബമായിരുന്നു എന്റേത്. ഇന്നത്തെപ്പോലെ ഒഡീഷനുകളെ കുറിച്ച് അറിയാനുള്ള വഴികളൊന്നും അന്നില്ല. പിന്നെ പഠനകാലത്ത് മോഡലിങ് ചെയ്യാന്‍ ആരംഭിച്ചപ്പോഴാണ് സിനിമക്കാരെ പരിചയപ്പെട്ടു തുടങ്ങിയത്. സണ്‍ഡേ ഹോളിഡേയിലൂടെ സിനിമയിലേക്ക് കാല്‍വയ്പ്പ് നടത്തി. ഇവിടെ വരെയെത്താന്‍ കുറേ കഷ്ടപ്പെട്ടു, കുറേ സമയമെടുത്തു.
ദേവനന്ദ: മൂന്നര വയസ്സിലാണ് ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. തൊട്ടപ്പന് എന്ന സിനിമയിലായിരുന്നു അത്. ഇതുവരെ 12 സിനിമകളില്‍ അഭിനയിച്ചു. ഒഡീഷന് വഴിയാണ് മാളികപ്പുറത്തിലേക്ക് എത്തിയത്. ഇത്ര വലിയ കഥാപാത്രം ചെയ്തത് ആദ്യമായാണ്. 75 ദിവസത്തോളം ഈ സിനിമയ്ക്ക് വേണ്ടി വ്രതമെടുത്തു. മോഹന്‍ലാല്‍ അങ്കിളിന്റെ കൂടെ ടൊവിനോ അങ്കിളിന്റെ കൂടെ വിനായകന് അങ്കിളിന്റെ കൂടെയെല്ലാം അഭിനയിച്ചു. എല്ലാവരും നല്ല ആള്‍ക്കാരാണ്. ഉണ്ണി അങ്കിളാണ് കൂട്ടത്തില്‍ ഞാനുമായി നല്ല കമ്പനി. കുറേ ദിവസം ഒന്നിച്ച് അഭിനയിച്ചത് കൊണ്ടാകാം അത്. ഇനിയും അഭിനയിച്ച മൂന്ന് സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. ഇപ്പോള്‍ എന്നെ എല്ലാവരും കല്ലൂ എന്നാണ് വിളിക്കുന്നത്. ദേവനന്ദ എന്ന പേര് പലര്‍ക്കും അറിയില്ല. നമ്മള് അഭിനയിച്ച സിനിമ ഇത്ര വലിയ വിജയമായതില്‍ സന്തോഷമുണ്ട്. അമ്പതിലധികം ദിവസം കാട്ടിലടക്കം ഷൂട്ട് ചെയ്തിട്ടാണ് ഞാന്‍ അമ്പത് ദിവസത്തിന്റെ ഷീല്‍ഡ് വീട്ടില്‍ വച്ചിരിക്കുന്നത്.
കാട്ടില്‍ ചെന്ന് അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നില്ലേ...?
ആല്‍ഫി: അതിന് ഇവരെന്തിനാ പേടിക്കേണ്ടേ, ഇവര്‍ ചെന്നപ്പോള്‍ മൃഗങ്ങള്‍ക്ക് പേടിയുണ്ടായിരുന്നില്ലേ എന്ന് ചോദിക്കണം. ദേവുവും പിയൂഷും കാട്ടില്‍ ചെന്നിട്ട് ഇവരുടെ തള്ള് കേട്ട് അവിടത്തെ മൃഗങ്ങള്‍ നാട്ടിലേക്ക് പോരാത്തത് ഭാഗ്യം. ( ചിരിക്കുന്നു)
ദേവനന്ദ: ചേച്ചീ......! എനിക്ക് പേടിയൊക്കെ ഉണ്ടായിരുന്നു. ഞാന്‍ ചെറിയ കുട്ടിയല്ലേ, പക്ഷേ എന്നാലും എല്ലാവരും ഒന്നിച്ചുള്ളത് കൊണ്ട് പ്രശ്നമൊന്നുമില്ലായിരുന്നു. ഞാനും ശ്രീപഥും (പീയുഷ്) ഷൂട്ടില്ലാത്ത സമയം കളിച്ചൊക്കെ നടന്നത് കൊണ്ട് നല്ല രസമായിരുന്നു. ശ്രീപഥ് കിടിലന്‍ ആണ്, പക്ഷേ ഇടയ്ക്കൊക്കെ നല്ലോണം തള്ളും. അതുകൊണ്ടാണ് അവനെ സിനിമയില്‍ തള്ളുണ്ണി എന്ന് വിളിക്കുന്നത്. പക്ഷേ ഞാനവനെ വേറെ പേരാണ് വിളിക്കുന്നത്. അവനെ ഞാന്‍ കുക്കര്‍ എന്നാണ് വിളിക്കുന്നത്. ആ പേരിന് പിന്നിലൊരു കഥയുണ്ട്. പക്ഷേ പറയാനാവില്ല. അവന് എന്നെ അട്ടക്കല്ലു എന്നാണ് വിളിക്കുന്നത്. അതിനുള്ള കാരണം കാട്ടില്‍ ഷൂട്ടിങ് നടക്കുന്ന സമയം എനിക്ക് അട്ടയെ പേടിയില്ലെന്ന് ഞാന്‍ അവനോട് വീമ്പിളക്കി. എന്നാല്‍ അട്ട എന്റെ കാലില്‍ കയറിയതും ഞാന്‍ കരഞ്ഞു. അതില്‍ പിന്നെ അവനെന്നെ അട്ടക്കല്ലു എന്ന് വിളിച്ച് തുടങ്ങി.

മാളികപ്പുറം രണ്ടുപേരുടെയും കരിയറിലെ ടേണിങ് പോയന്റാണ്, കഥാപാത്രം നല്കിയ വെല്ലുവിളി...?
ആല്‍ഫി: യഥാര്‍ഥ ജീവിതത്തില്‍ ഞാനുമായി തീരെ സാമ്യമില്ലാത്ത കഥാപാത്രമായിരുന്നു മാളികപ്പുറത്തിലേത്. ഞാന്‍ അവിവാഹിതയാണ്. അതിനാല്‍ അമ്മ റോള്‍ ചെയ്യുക എന്നത് അല്പം വെല്ലുവിളി തന്നെയായിരുന്നു. ഞാന്‍ ഇതുവരെ അമ്മ കഥാപാത്രം അഭിനയിച്ചിട്ടില്ല. നാട്ടിന്‍പുറത്തുകാരിയായ തയ്യല്‍ക്കാരിയായ സാധാരണ വീട്ടമ്മയാണ്. പല ഇമോഷന്‍സിലൂടെ ആ കഥാപാത്രം കടന്നുപോകുന്നുണ്ട്. അതെല്ലാം കൃത്യമായി പ്രതിഫലിപ്പിക്കുക എന്നത് അല്പം പ്രയാസം തന്നെയായിരുന്നു. കഥാപാത്രം മികച്ചതാക്കാന്‍ എല്ലാവരും എന്നെ സഹായിച്ചിട്ടുണ്ട്.
ദേവനന്ദ: സിനിമയിലേത് പോലെ ഒരമ്മൂമ്മ എനിക്ക് വീട്ടിലുമുണ്ട്. എന്റെ അമ്മയുടെ അമ്മ. അമ്മമ്മ എനിക്ക് അയ്യപ്പന്റെയും ഗുരുവായൂരപ്പന്റെയുമൊക്കെ കഥകള്‍ പറഞ്ഞുതരും. അതുകൊണ്ട് കല്ലുവിലേക്ക് എത്താന്‍ എനിക്ക് അധികം വിഷമമുണ്ടായില്ല. കരയുന്ന സീനുകളൊക്കെ അല്പം വിഷമമായിരുന്നു. കാരണം വെയിലായിരുന്നു, അതുപോലെ ഗ്ലിസറിനൊക്കെ ഇട്ടാണ് കരയേണ്ടത്. അതുപോലെ ഒന്നാം പടി മേലെ ഷൂട്ട് ചെയ്യുമ്പോഴും രാവിലെ ആറിന് തുടങ്ങി പിറ്റേന്ന് രാവിലെ ആറുവരെയായിരുന്നു അത് ഷൂട്ട് ചെയ്തത്. ഉറക്കമൊക്കെ പ്രശ്നമായിരുന്നു. രണ്ടുപ്രാവശ്യം ശബരിമല കയറാന്‍ പറ്റി എന്നതാണ് ഏറ്റവും വലിയ സന്തോഷം.ഞാന്‍ ആറ് വയസ്സ് ആയത് തൊട്ട് അച്ഛന്റെ അടുത്ത് ശബരിമലയില്‍ കൊണ്ടുപോകണമെന്ന് പറയുമായിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക്ഡൗണൊക്കെ വന്നതോടെ രണ്ടുവര്‍ഷം ഒന്നും നടന്നില്ല. എനിക്ക് ഒന്‍പത് വയസ്സായി, അപ്പോഴാണ് ഈ സിനിമ വരുന്നത്. 75 ദിവസത്തോളം സിനിമയ്ക്ക് വേണ്ടി വ്രതം എടുത്തിരുന്നു. നെയ്യഭിഷേകത്തിനിടയിലാണ് ഞാന്‍ ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്തിയത്. ആ ആഗ്രഹം സാധിച്ചു.
സിനിമയ്ക്ക് ശേഷമുള്ള ജീവിതം എങ്ങനെയുണ്ട്...?
ദേവനന്ദ: അടിപൊളി, ദേവഗിരി പബ്ലിക് സ്കൂള്‍ കളമശ്ശേരിയിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഞാന്‍. സ്കൂളിന്ന് എല്ലാവരും സിനിമ കണ്ടിട്ട് വിളിച്ചു. സ്കൂളിലെ ആന്വല്‍ ഡേയ്ക്ക് എന്നെ അനുമോദിക്കുകയും ചെയ്തു. അതുപോലെ മമ്മൂക്ക, ആന്റണി അങ്കിള്‍, ലാലങ്കിള്‍ തുടങ്ങി കുറേപ്പേര് പടം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. സുചിത്ര ആന്റി ഒരുദിവസം രാവിലെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചു. മോള് നന്നായി ചെയ്തിട്ടുണ്ട് പറഞ്ഞു. അഭിനയത്തിന് പുറമേ വെസ്റ്റേണ്‍ ഡാന്‍സ്, മ്യൂസിക്, ഭരതനാട്യം, നീന്തല്‍ എന്നിവയൊക്കെ ഞാന്‍ പഠിക്കുന്നുണ്ട്. വലുതാവുമ്പോ ഐ.എ.എസ് നേടണമെന്നാണ് ആഗ്രഹം.
ആല്‍ഫി: അപ്പോ സിനിമ നടിയാകേണ്ടേ....?
ദേവനന്ദ: അതുംവേണം, മികച്ച നടിയാകണം. ഒപ്പം ഐ.എ.എസും നേടണം. ചേച്ചി ഇപ്പോ സോഫ്റ്റ്വെയര് എഞ്ചിനീയറല്ലേ, സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അതുപോലെ ഞാനും രണ്ടും ചെയ്യും.
ആല്‍ഫി: ബെസ്റ്റ്..! ദേവു പറഞ്ഞപ്പോലെ ഞാന്‍ പ്പോള്‍ ഒരു എം.എന്‍.സി കമ്പനിയില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. അഭിനയിച്ച് തുടങ്ങിയപ്പോള്‍ ആദ്യഘട്ടത്തില്‍ സിനിമയില്‍ കുറച്ച് അവസരങ്ങള്‍ കിട്ടിയപ്പോള്‍ ഞാന്‍ ജോലിരാജിവച്ചിരുന്നു. അപ്പോഴാണ് കൊവിഡ് വന്നത്. അതോടെ സിനിമയും ജോലിയും രണ്ടും ഇല്ലാത്ത അവസ്ഥവന്നു. ഒരുപാട് കഷ്ടപ്പെട്ടു. കുറച്ച് കാലത്തിന് ശേഷം ഒരുജോലി ശരിയായി, അപ്പോള്‍ സിനിമയിലേക്ക് വീണ്ടും വിളിയും വന്നു. എന്റെ മമ്മി പറയും ജോലി ഉണ്ടെങ്കിലേ, നിനക്ക് സിനിമ കിട്ടുകയുള്ളൂ, ജോലി രാജിവച്ചാല്‍ നിനക്ക് സിനിമയും പോകും എന്ന്. അതുകൊണ്ട് രണ്ടും ഒന്നിച്ചുകൊണ്ടുപോകുകയാണ് ഇപ്പോള്‍. സാമ്പത്തിക ഭദ്രതയോടെ ജീവിക്കണം എന്നതാണ് ആഗ്രഹം. വീട്ടുകാരില്‍ നിന്ന് ഇനിയും സാമ്പത്തിക സഹായം മേടിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. സിനിമ കരിയര്‍ ആക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ എന്റെ ജീവിതം സുരക്ഷിതയാക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ് എം.ടെക് എടുത്തതും ആ മേഖലയില്‍ ജോലി ചെയ്യുന്നത്. മാതാപിതാക്കളെ സംബന്ധിച്ചും അതൊരു ആശ്വാസമാണ്. നാളെ സിനിമ ഇല്ലെങ്കിലും അവള്‍ക്ക് മുന്നോട്ട് പോകാന്‍ ഒരുജോലി ഉണ്ടെന്ന് അവര്‍ക്ക് ആശ്വസിക്കാം. അതുപോലെ യാത്ര ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇടയ്ക്ക് കുറച്ച് ദിവസം എല്ലാത്തില്‍ നിന്നും വിട്ട് യാത്ര പോവുന്ന പതിവുണ്ട്. ഡല്‍ഹി, പഞ്ചാബ്, കുളു,മണാലി ആണ് അടുത്തിടെ നടത്തിയ യാത്ര. മാളികപ്പുറം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായ്, മസ്ക്കറ്റ് എന്നിവിടങ്ങളിലെല്ലാം യാത്ര ചെയ്യാന്‍ സാധിച്ചു. അതെല്ലാം ഞാന്‍ ഏറെ ആസ്വദിക്കുകയും ചെയ്തു.
സിനിമ രണ്ടുപേരെയും എങ്ങനെമാറ്റി...?
ആല്‍ഫി: സിനിമയിലെത്തുന്നവരെ സംസാരിക്കാന്‍ ഏറെ മടിയുള്ള ഒരാളായിരുന്നു ഞാന്‍. അപരിചിതരെ കണ്ടാല്‍ ഉള്‍വലിയുന്ന സ്വഭാവമായിരുന്നു എനിക്ക്. എന്നാല്‍ ഇപ്പോള്‍ വ്യക്തി എന്ന നിലയില്‍ സിനിമ എന്നെ ഏറെ മാറ്റി. ആരോടും കാര്യങ്ങള്‍ സംസാരിക്കാന്‍ ഇപ്പോള്‍ എനിക്ക് മടിയില്ല. സിനിമയിലെത്തിയപ്പോള്‍ ഞാനാകെ മാറിയെന്ന് വീട്ടിലുള്ളവര്‍ പറയും. തൊഴില്‍ മേഖല എന്ന നിലയില്‍ വളരെ സുരക്ഷിതമായ ഇടമായാണ് സിനിമയെ എനിക്ക് തോന്നിയത്. ലൊക്കേഷനില്‍ ചെന്നാലും തിരിച്ച് വീട്ടില്‍ എത്തുന്നത് വരെ നമുക്ക് കൃത്യമായ സംരക്ഷണവും സപ്പോര്‍ട്ടും കൂടെയുള്ളവര്‍ തരാറുണ്ട്. ഒരുമോശം അനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല.
ദേവനന്ദ: അങ്ങനെയൊക്കെ ചോദിച്ചാ മാറ്റമൊന്നും ഇല്ല. പിന്നെ വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ പഠിച്ചു. മതി അങ്കിളേ, ഇനി ബാക്കി അടുത്ത സിനിമ വരുമ്പോ പറയാ, 2018, സോമന്റെ ക്രിദ്ധാവ്, നെയ്മര്‍ അങ്ങനെ ഇനിയും സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്.
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: malikappuram fame devananda and alphy panjikaran interview
Published: 14 May 2023, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented