സീതത്തോട്: ഗവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി പണിമുടക്ക് താത്കാലികമായി നിര്‍ത്തി. ചൊവ്വാഴ്ച മുതല്‍ ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാകും. തിങ്കളാഴ്ച കെഎഫ്ഡിസി അധികൃതരെയും വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തി മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് ഒഴിവാക്കാന്‍ ധാരണയായത്.

To advertise here,

ചൊവ്വാഴ്ചമുതല്‍ ഗവിയില്‍ സഞ്ചാരികളെ സ്വീകരിച്ചുതുടങ്ങും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുമെന്ന് ചര്‍ച്ചയ്ക്കുശേഷം വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. തൊഴിലാളികളുന്നയിച്ച പ്രശ്നങ്ങള്‍ താമസിയാതെ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കാമെന്ന ധാരണയിലാണ് പണിമുടക്ക് താത്കാലികമായി നിര്‍ത്തിയത്.

വനം വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും തൊഴിലാളികളുമായുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ശനിയാഴ്ച മുതലാണ് തൊഴിലാളി പണിമുടക്ക് ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചത് വനംവകുപ്പിന് പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. ഏതാനും ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ് പണിമുടക്കിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഗവിയിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന തൊഴിലാളികളുടെ ആവശ്യത്തെ വനം വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുകയും ആവശ്യമുന്നയിച്ചതിന്റെ പേരില്‍ തൊഴിലാളികളോട് ജോലിസ്ഥലത്ത് പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെയുണ്ടായ തര്‍ക്കമാണ് പണിമുടക്കിനും കേന്ദ്രം അടച്ചിടാനും കാരണമായത്. വനമധ്യത്തിലുള്ള ഗവിയില്‍ മറ്റ് ജോലിയോ, വരുമാനമോ ലഭ്യമല്ലാത്തതിനാല്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും നല്ല സൗകര്യമൊരുക്കുന്നതിനാണ് തൊഴിലാളികള്‍ ശ്രമിച്ചിരുന്നത്.

കാലവര്‍ഷം തുടങ്ങിയതോടെ ഗവിയില്‍ കനത്ത കാറ്റും മഴയുമാണ്. വനത്തിനുള്ളില്‍നിന്ന് ട്രെക്കിങ് പാതയില്‍ വീണുകിടക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കി സഞ്ചാരികളുടെ യാത്ര സുരക്ഷിതമാക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. വന്യമൃഗ സാന്നിധ്യം ഏറെയുള്ള പ്രദേശങ്ങളിലൂടെയാണ് സഞ്ചാരികളെ ട്രെക്കിങ്ങിന് കൊണ്ടുപോകുന്നത്. ഇവിടെ യാത്ര സുഗമമാക്കണം എന്നതായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം. ഒപ്പം മഴക്കാലത്ത് അവര്‍ക്ക് ധരിക്കേണ്ട റെയിന്‍കോട്ടുള്‍പ്പടെയുള്ള സൗകര്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികള്‍ ആവശ്യം ശക്തമാക്കിയതോടെ 25 വര്‍ഷമായി ടൂറിസം മേഖലയില്‍ ജോലിചെയ്തിരുന്ന തൊഴിലാളികളെ മാനേജ്മെന്റ്, തോട്ടത്തില്‍ കളപറിക്കുന്നതിനുള്‍പ്പടെയുള്ള ജോലികള്‍ക്കായി മാറ്റി നിയോഗിക്കുകയും ചെയ്തിരുന്നു.