കോഴിക്കോട്: 2030-ല്‍ വിദ്യാഭ്യാസ, തൊഴില്‍മേഖലകളില്‍ നാം എങ്ങനെ മാറുമെന്ന വിഷയത്തില്‍ ഐ.ഐ.എം. ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി നടത്തിയ പ്രഭാഷണപരിപാടിയില്‍ ചോദ്യങ്ങളുമായി ആവേശത്തോടെ പങ്കുചേര്‍ന്ന് സദസ്സ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഉള്‍പ്പെടെ കോഴിക്കോട്ടെ പതിനഞ്ചോളം കോളേജുകളില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ സംശയങ്ങളും ആശങ്കകളും അദ്ദേഹത്തോട് തുറന്നുചോദിച്ചു.

To advertise here,

2030-ഓടെ നൈപുണിയെ അടിസ്ഥാനമാക്കിയുള്ള സര്‍ട്ടിഫിക്കേഷനുകളുടെ ബലത്തില്‍ നിലവിലുള്ള ബിരുദങ്ങളുടെ പ്രാധാന്യം കുറയുമോയെന്ന ചോദ്യത്തോടെ ഫറോക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍നിന്നുള്ള ആകാശ് ഇന്ററാക്ഷന്‍ സെഷന് തുടക്കമിട്ടു

ബിരുദങ്ങളുടെ പ്രാധാന്യം ഒരിക്കലും കുറയില്ല. ഹാര്‍വാഡിന്റെയുംമറ്റും ബിരുദങ്ങള്‍ക്ക് അതിന്റെ വിലതന്നെയുണ്ടാവും. ഐ.ഐ.എം., ഐ.ഐ.ടി. ബിരുദങ്ങളും അങ്ങനെതന്നെ. എന്നാല്‍, ഇവയൊക്കെ ബിരുദം നല്‍കുന്ന രീതികള്‍ മാറും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ചെയ്യുന്ന നാല് കാര്യങ്ങളുണ്ട്. അറിവുണ്ടാക്കുക, അറിവ് പകരുക, അറിവ് സാക്ഷ്യപ്പെടുത്തുക, അറിവുനല്‍കി ധനം സമ്പാദിക്കുക. ഈ പറഞ്ഞതില്‍ അറിവുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ വളരെക്കുറവാണ്. ഐ.ഐ.ടി.കളും ഐ.ഐ.എമ്മുകളുംമറ്റും അറിവുണ്ടാക്കുന്ന സ്ഥലങ്ങളാണ്. അതിനാല്‍ത്തന്നെ ഗവേഷണങ്ങള്‍ ഈ സ്ഥാപനങ്ങളിലെ പ്രധാനഘടകമാണ്. ഇത്തരം ഗവേഷണങ്ങളാണ് പുതിയ അറിവുകള്‍ സൃഷ്ടിക്കുന്നത്. ഇത് ചിലമേഖലകളില്‍ വളരെ പ്രാധാന്യമേറിയതുമാണ്.

2047-നകം ഐ.ഐ.എമ്മില്‍ വരാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നായിരുന്നു കോഴിക്കോട് ലോ കോളേജില്‍നിന്നുള്ള പ്രണവിന്റെ ചോദ്യം

എന്തുചെയ്യണം എന്നൊരു പ്ലാന്‍ ഉണ്ടാക്കിയിട്ടില്ല. എന്തുചെയ്യരുത് എന്നൊരു ഏകദേശധാരണമാത്രമേ ഉള്ളൂ. 2047-ല്‍ ഐ.ഐ.എം. കോഴിക്കോടിന് 50 വര്‍ഷവും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 100 വര്‍ഷവും തികയും. അതിനാല്‍ത്തന്നെ 50 വര്‍ഷം പിന്നിടുമ്പോഴും ഐ.ഐ.എമ്മിന്റെ പ്രാധാന്യം ഒട്ടുംകുറയരുത് എന്നതാണ് ലക്ഷ്യം.

സുസ്ഥിരതയും പരിസ്ഥിതിസംരക്ഷണവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ എങ്ങനെയാണ് ഉദ്യോഗാര്‍ഥികള്‍ അവരുടെ കരിയര്‍മോഹങ്ങള്‍ ഇതിനോട് ചേര്‍ന്ന് സാക്ഷാത്കരിക്കുകയെന്നാണ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബേസില്‍ ചോദിച്ചത്.

തുടര്‍ച്ചയായി പഠിച്ചുകൊണ്ടിരിക്കുക എന്നതാണ് ഇതിനുള്ള വഴി. ഇന്ന് നമുക്കുള്ള ബിരുദംകൊണ്ട് ഇനിയുള്ള 50 വര്‍ഷവും മുന്നോട്ടുപോകാമെന്ന് ധരിക്കരുത്. ഈ ബിരുദംകൊണ്ട് കൂടിയാല്‍ എട്ടോ പത്തോ വര്‍ഷംമാത്രമേ നമുക്ക് നിലവില്‍ മുന്നോട്ടുപോകാന്‍ സാധിക്കൂ. അതിനാല്‍ത്തന്നെ നമ്മുടെ വളര്‍ച്ചയ്ക്കും നമ്മുടെ കരിയര്‍ വളരാനും നാം പഠിച്ചുകൊണ്ടിരിക്കണം.

താങ്കളുടെ പുസ്തകമായ 'ഇന്‍വിന്‍സിബിള്‍ അര്‍ജുന' മഹാഭാരതത്തില്‍നിന്ന് ആശയം ഉള്‍ക്കൊണ്ട് നേതൃത്വപാടവത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുന്നുണ്ട്. കരിയറിലും വിദ്യാഭ്യാസത്തിലും അനിശ്ചിതത്വം നേരിടുന്ന ഈ കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ ഈ പുസ്തകത്തിലെ ആശയങ്ങള്‍ എങ്ങനെയാണ്പ്രയോഗിക്കേണ്ടതെന്നായിരുന്നു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നുള്ള ഗഗന്‍ എസ്. നായരുടെ സംശയം

അര്‍ജുനന്‍ എന്ന വ്യക്തിയെയല്ല, അദ്ദേഹത്തിന്റെ ഗുണങ്ങളാണ് ആളുകള്‍ തിരിച്ചറിയേണ്ടത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ശ്രദ്ധയാണ്. എല്ലാ 10 സെക്കന്‍ഡ് കൂടുമ്പോഴും സ്മാര്‍ട്ട്‌ഫോണ്‍കൊണ്ട് നമ്മുടെ ശ്രദ്ധ വിട്ടുപോകാറുണ്ട്. ഇതോടെ നാമെല്ലാം ദുര്യോധനന്മാരാവുകയാണ്. ദുര്യോധനന്റെ മനസ്സ് കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍, അര്‍ജുനന്റെ മനസ്സ് കൃത്യമായും ശ്രദ്ധയോടെയും പ്രവര്‍ത്തിച്ചിരുന്നു. എന്നുമാത്രമല്ല എപ്പോഴെല്ലാം മനസ്സ് കൈവിട്ടുവെന്ന് തോന്നിയോ അപ്പോഴെല്ലാം കൃഷ്ണന്‍ കൃത്യമായി ഇടപെട്ട് അര്‍ജുനനെ തിരിച്ചുകൊണ്ടുവന്നിരുന്നു..

ഇന്നത്തെ പഠനരീതിയില്‍ തിയറി പഠനം കൂടുതലും പ്രായോഗികപഠനം കുറവുമാണ്. ഇത് നേരേ തിരിച്ചല്ലേ വരേണ്ടതെന്ന് വിദ്യാര്‍ഥിനിയായ റിയയുടെ ചോദ്യം

തീര്‍ച്ചയായും. പക്ഷേ, ഒരു കാര്യമുണ്ട്. പ്രയോഗിച്ച് ഫലംകാണാത്ത ഒന്നും സിദ്ധാന്തമായി മാറുന്നില്ല. കൃത്യമായ സിദ്ധാന്തം അറിയാതെ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രായോഗികവശങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കില്ല. നമുക്ക് പ്രായോഗികമാക്കാവുന്ന കാര്യങ്ങളെ അല്ലെങ്കില്‍ പരീക്ഷിച്ചറിഞ്ഞ കാര്യങ്ങളെ സിദ്ധാന്തമാക്കുന്നത് ഒരു കഴിവാണ്. ഇതില്‍ നാം നേരിടുന്ന പ്രശ്‌നം എന്തെന്നാല്‍ നമുക്ക് ധാരാളം അറിവുണ്ട്. എന്നാല്‍, ഇവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. ഇത് പ്രാവര്‍ത്തികമാക്കണമെങ്കില്‍ നമുക്കുള്ള അറിവിനെക്കുറിച്ച് ഒരു ബോധമുണ്ടാവണം. അറിവിനെ ഗ്രഹിച്ച് പ്രാവര്‍ത്തികമാക്കുന്നതിലാണ് കാര്യം.

താങ്കള്‍ വരുംകാലത്ത് സാങ്കേതികവിദ്യയുപയോഗിച്ച് വിവിധഭാഷയില്‍ പലരീതിയില്‍ ഒരു പ്രഭാഷണം പ്രക്ഷേപണം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഭാഷയും സാഹിത്യവും വികസിക്കുക? എങ്ങനെയാണ് ഭാഷയും മനുഷ്യത്വവുമെല്ലാം അവയുടെ പ്രാധാന്യം നിലനിര്‍ത്തി മുന്നോട്ടുപോവുക -പ്രോവിഡന്‍സ് വുമണ്‍സ് കോളേജില്‍നിന്നുള്ള ശാന്തി വിജയന്റെ ചോദ്യം.

മനുഷ്യത്വം തിരിച്ചുവരുന്നുണ്ട്. ഇതുപോലെതന്നെയാണ് സാഹിത്യവും തത്ത്വശാസ്ത്രവുമെല്ലാം തിരിച്ചുവരുന്നുണ്ട്. ഐ.ഐ.എമ്മില്‍ ലിബറല്‍ സ്റ്റഡീസ് എന്ന ഒരു പഠനശാഖയുണ്ട്. പലപ്പോഴും ധനകാര്യവിഭാഗത്തില്‍നിന്ന് ബാങ്കുകള്‍ കുട്ടികളെ ജോലിക്കായി എടുക്കുന്നതിന് പകരം ലിബറല്‍ സ്റ്റഡീസില്‍നിന്നാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാറുള്ളത്. ഇതിന് കാരണം ബാങ്കിങ്ങിന്റെ പ്രവര്‍ത്തനരീതി ആര്‍ക്കും പഠിച്ചെടുക്കാം. എന്നാല്‍, ലിബറല്‍ സ്റ്റഡീസില്‍ പഠിക്കുന്നവരുടെ ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതല്ല എന്നതാണ്. മെഷീനുകള്‍ക്ക് അല്‍ഗോരിതം മാത്രമേയുള്ളൂ. തത്ത്വശാസ്ത്രമോ പദ്യമോ ഗദ്യമോ ഒന്നും ബാധകമല്ല. അല്‍ഗോരിതംകൊണ്ടുമാത്രം ലോകത്തെ മുന്നോട്ടുനയിക്കാനാവില്ല. അതിനാല്‍ത്തന്നെ സാങ്കേതികവിദ്യ മുന്നോട്ടുപോകുംതോറും മനുഷ്യത്വവും സാഹിത്യവും ഭാഷയുമെല്ലാം പൂര്‍വാധികം പ്രാധാന്യത്തോടെ ഇവിടെയുണ്ടാകും.

വെര്‍ച്വല്‍ റിയാലിറ്റിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും നമ്മുടെ വിദ്യാഭ്യാസസംവിധാനത്തെ 2030-നകം എങ്ങനെ രൂപപ്പെടുത്തുമെന്നാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത് -ദില്‍ന, ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്.

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, സാങ്കേതികവിദ്യ ഒരിക്കലും അറിവ് സൃഷ്ടിക്കുന്നില്ല. ഉള്ളത് പുനരുത്പാദിപ്പിക്കുകമാത്രമാണ് ചെയ്യുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനപരമായി കാര്യങ്ങളെ എളുപ്പമാക്കുകയും വികസിപ്പിക്കുകയും രസിപ്പിക്കുകയും മാത്രമാണ് ചെയ്യുന്നത്. നമുക്കറിയുന്നതിനെ മെച്ചപ്പെടുത്താനും വികസിപ്പിക്കാനും മാത്രമാണ് ഇത്തരം സാങ്കേതികവിദ്യകൊണ്ട് സാധിക്കുക. മനുഷ്യന്റെ സര്‍ഗാത്മകതയും ജിജ്ഞാസയും ഇണങ്ങാനുള്ള കഴിവും ഉള്ളിടത്തോളം സാങ്കേതികവിദ്യകള്‍ ഒരുപടി താഴെത്തന്നെയാണുള്ളത്.

പ്രോവിഡന്‍സ് കോളേജില്‍നിന്നുള്ള അഞ്ജല്‍ സൂരജ്, ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജില്‍നിന്നുള്ള അമൃത മോഹന്‍, ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഹെഡ് ഓഫ് നാഷണല്‍ ഡേറ്റാ പ്ലാറ്റ്ഫോം സുരേഷ് കുമാര്‍ എന്നിവരും ദേബാശിഷ് ചാറ്റര്‍ജിയുമായി സംശയങ്ങള്‍ പങ്കുവെച്ചു.