1983-ലെ ലോകകപ്പ് വിജയമാണ് ഇന്ത്യയുടെ പിന്നീടുള്ള ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് അടിത്തറയായതെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും 1983 -ലെ വിജയ സംഘത്തിലെ അംഗവുമായ സയ്യിദ് കിര്‍മാണി. മാത്യഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവെ 83-ലെ കിരീടനേട്ടത്തിന് പിന്നിലെ ഡ്രസിങ് റൂം രഹസ്യങ്ങളും അദ്ദേഹം വെളിപ്പെടുത്തി.

To advertise here,

എതിരാളികളുടെ ശക്തി, ദൗര്‍ബല്യം എന്നിവയെക്കുറിച്ചെല്ലാം ക്യാപ്റ്റന്‍ കപില്‍ദേവ് ഓരോ മത്സരത്തിന് മുമ്പും വിശദമാക്കും. വീഡിയോ സൗകര്യം ഇല്ലാത്ത കാലമാണ്. എങ്കിലും അദ്ദേഹത്തിന്റെ വിവരണം എല്ലാ പരിമിതികളെയും മറികടക്കാന്‍ പ്രാപ്തമായിരുന്നു. മൂന്നാം ലോകകപ്പിന് ശ്രമിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് തന്നെയായിരുന്നു ഫേവറിറ്റ്. പക്ഷേ നമുക്ക് ജയിക്കാന്‍ പറ്റുന്ന ഘടകങ്ങള്‍ ക്യാപ്റ്റന്‍ വിശദമാക്കി. മുന്നോട്ട് മുന്നോട്ട് എന്ന് മാത്രം ചിന്തിക്കുക. പിന്നിലേക്ക് നോക്കേണ്ടതില്ലന്ന് അദ്ദേഹം പറയും. കൂടെ ഉള്ളവരെ ഇത്രയേറെ ആത്മവിശ്വാസമുള്ളവരാക്കുന്ന മറ്റൊരു ക്യാപ്റ്റനില്ല.

സിംബാംവേയ്ക്ക് എതിരായ മത്സരത്തില്‍ അദ്ദേഹം ഒരു നായകന്റെ പോരാട്ടവീര്യം കാണിച്ചു തന്നു. 17-ന് അഞ്ച് വിക്കറ്റ് നഷ്ടമായി നില്‍ക്കുമ്പോഴാണ് ആ പോരാട്ടം തുടങ്ങിയത്. എല്ലാ പന്തും അടിക്കും -അദ്ദേഹം ക്രീസില്‍ വെച്ച് പറഞ്ഞു. സ്‌ട്രൈക്ക് മാറിയാല്‍ ഉടന്‍ തന്നെ തിരിച്ച് എത്തിക്കണമെന്ന് എന്നോട് നിര്‍ദ്ദേശിച്ചു.

ഇന്ത്യ അവിശ്വസനീയ ജയത്തിലേക്ക് കുതിച്ചു. കപില്‍ 175 നോട്ടൗട്ട് .താന്‍ 26 നോട്ടൗട്ട്.ഫൈനല്‍ മത്സരത്തിലും ആരും വിജയം പ്രതീക്ഷിച്ചതല്ല. അനായാസം ഇന്ത്യന്‍ സ്‌കോറായ 183 - നെ വെസ്റ്റ് ഇന്‍ഡീസ് മറികടക്കും എന്ന് വിചാരിച്ചു. പക്ഷേ ഇതേ വരെ തുടര്‍ന്ന അതേ മാനസീകാവസ്ഥയില്‍ കളിക്കാനാണ് കപില്‍ പറഞ്ഞത്. നമ്മള്‍ നേടുകയും ചെയ്തു.ഈ മാനസീകാവസ്ഥയാണ് തുടര്‍ന്നും ഇന്ത്യന്‍ ടീം പുലര്‍ത്തി വന്നത്. വിജയത്താനുള്ള ദാഹം ഇന്ത്യക്ക് സ്വന്തമായി.

തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കവെ താന്‍ തികഞ്ഞ സംതൃപ്തിയോടെയാണ് രംഗം വിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

മാന്യമായ ഒരു വിടവാങ്ങല്‍ ലഭിക്കാതെ വന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെ കരിയറില്‍ ഇതൊക്കെ സ്വാഭാവികമാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവ തന്നെ ബാധിച്ചിട്ടില്ല. തികഞ്ഞ സന്തോഷത്തിലാണ് താന്‍ ജീവിക്കുന്നത്. 

75 വയസ് തനിക്ക് പൂര്‍ത്തിയായെന്ന് പറഞ്ഞ അദ്ദേഹം മനോഹരമായ ഹിന്ദി ഗാനത്തിന്റെ രണ്ട് വരിയും ആലപിച്ചു. ശ്രീദത്ത് എസ്. പിള്ള മോഡറേറ്ററായി.