
തിരുവനന്തപുരം: സ്പാനിഷ് എഴുത്തുകാരനായ ഗില്ലെര്‍മോ റോഡ്രിഗസിന്റെ പ്രിയപ്പെട്ട കവിയാണ് എ.കെ. രാമാനുജന്‍. പ്രകൃതിയുടെ സന്ദേശങ്ങളെ ഏതു സാധാരണക്കാരനും മനസിലാവുന്ന ഭാഷയില്‍ കവിതകളാക്കുന്ന 'രാമാനുജന്‍ മാജിക്കി'നെ കുറിച്ച് അദ്ദേഹം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ വാചാലനായി. രാമാനുജന്റെ അപ്രകാശിത കവിതകളുടെ സമാഹാരമായ 'സോമ' എന്ന പുസ്തകത്തെ അധാരമാക്കി നടന്ന സംഭാഷണ പരിപാടിയില്‍ റോഡ്രിഗസിനൊപ്പം രാമാനുജന്റെ പുത്രനും ശാസ്ത്ര എഴുത്തുകാരനുമായ കൃഷ്ണന്‍ രാമാനുജനാണ് ഉണ്ടായിരുന്നത്.
രാമാനുജന്‍ കവിതകളുടെ വിവിധ തലങ്ങളെ കുറിച്ചുള്ള വിശദമായ ചര്‍ച്ചയും ചോദ്യോത്തരങ്ങളുമെല്ലാമായി സജീവമായിരുന്നു പരിപാടി. പരിപാടി അവസാനിക്കാറായപ്പോള്‍ നടന്ന ഒരു സംഭവം എല്ലാവരിലും ഒരേസമയം ചിരിയുണര്‍ത്തുകയും കൗതുകം ജനിപ്പിക്കുകയും ചെയ്തു. കനകക്കുന്നിലെ വലിയ വൃക്ഷച്ചുവട്ടിലെ ട്രീ ഓഫ് ലൈഫ് എന്ന വേദിയിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്.
സദസില്‍ നിന്നുള്ള ചോദ്യത്തിന് കൃഷ്ണന്‍ രാമാനുജന്‍ മറുപടി പറയുകയായിരുന്നു. വേദിക്ക് തണലായ മരത്തിലെ ഒരു ചെറിയ കൊമ്പ് ഈ സമയത്ത് പൊട്ടി വീണു. മരച്ചുവട്ടിലെ വേദിയില്‍ കൃഷ്ണന്‍ രാമാനുജനൊപ്പം ഇരിക്കുകയായിരുന്ന റോഡ്രിഗസിന്റെ ദേഹത്തേക്കാണ് ആ ചുള്ളിക്കമ്പ് വീണത്.
കൃഷ്ണന്‍ രാമാനുജനില്‍ നിന്ന് മൈക്ക് വാങ്ങിയ റോഡ്രിഗസ് നിലത്തുനിന്ന് ആ കൊമ്പ് കയ്യിലെടുത്ത് ഉയര്‍ത്തി സദസ്സിനെ കാണിച്ചു. തുടര്‍ന്ന് രാമാനുജന്റെ കവിതയിലെ വരിയെന്ന പോലെ പറഞ്ഞു, 'മരം നമുക്കുമേല്‍ ശിഖരങ്ങള്‍ വര്‍ഷിക്കുകയാണ്.' സംഭാഷണം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ അദ്ദേഹം ഇതുകൂടി പറഞ്ഞു, 'ഈ മരം നമ്മളോട് സംസാരിച്ചു, അതിനാല്‍ നമ്മള്‍ സംസാരം നിര്‍ത്തുകയാണ്.'
അതുവരെ ഗൗരവമേറിയ കവിതാ ചര്‍ച്ചയില്‍ മുഴുകിയിരുന്ന ഏവരേയും റോഡ്രിഗസിന്റെ തമാശ ചിരിപ്പിച്ചു. പ്രകൃതിയോട് ഇത്രയും അടുത്ത കവിയുടെ പരിപാടിയില്‍ ഉണ്ടായ ഈ സംഭവം യാദൃശ്ചികമായിരുന്നെങ്കിലും അത്ഭുതകരമാണെന്നാണ് സദസ്സിലെ പലരും പറഞ്ഞത്. ആ സാഹചര്യത്തെ രസകരമായി കൈകാര്യം ചെയ്ത റോഡ്രിഗസിന്റെ നര്‍മ്മം കലര്‍ന്ന സര്‍ഗാത്മകത ഏവരേയും ആകര്‍ഷിച്ചു.
കേരളവുമായി അടുത്ത ബന്ധമുള്ള എഴുത്തുകാരനാണ് ഗില്ലെര്‍മോ റോഡ്രിഗസ്. ഇന്ത്യന്‍ കവിതകളോട് വലിയ താത്പര്യമുള്ള റോഡ്രിഗസ് കേരള സര്‍വകലാശാലയിലാണ് പി.എച്ച്.ഡി. ഗവേഷണം നടത്തിയത്. ഇംഗ്ലീഷിലെ സമകാലിക ഇന്ത്യന്‍ കവിതകള്‍ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. എ.കെ. രാമാനുജനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധം. സ്‌പെയിനിലെ വല്ലദോലിദിലെ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രമായ കാസ ദെ ല ഇന്ത്യയുടെ ഡയറക്ടറാണ് 2003 മുതല്‍ അദ്ദേഹം.
Content Highlights: Tree branch fell on Guillermo Rodriguez at MBIFL venue.
Published: 08 Feb 2024, 08:56 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented