ട്രാന്‍സ്ജെൻഡര്‍ പോളിസി ആദ്യമായി കൊണ്ടുവന്ന സംസ്ഥാനമെന്ന നിലയ്ക്കും കോവിഡ് കാലത്ത് ക്ഷേമപ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചതില്‍ നിന്നും കേരളത്തെ ആദരവോടെയാണ് കാണുന്നതെന്ന് എഴുത്തുകാരനും എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റുമായ പര്‍മേഷ് ഷഹാനി. പര്‍മേഷിന്റെ ക്വീറിസ്താന്‍ എന്ന പുസ്തകം വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.

To advertise here,

കേരളത്തിന് ഇന്ത്യയുടെ എല്‍ജിബിടിക്യു തലസ്ഥാനമാകാന്‍ കഴിയും. കാരണം. അതിന് ചേരുന്ന എല്ലാ സാമൂഹിക സാഹചര്യങ്ങളും ഇവിടുണ്ട്. ഞാന്‍ കേരളത്തിന്റെ ഫാനാണെന്നും പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

എല്‍ജിബിടിക്യുവിനെ ഉള്‍ക്കൊള്ളാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങളടങ്ങിയതാണ് താങ്കളുടെ ക്വീറിസ്താന്‍ എന്ന പുസ്തകം. ആ പുസ്തകം വായിച്ചതിനെത്തുടര്‍ന്ന് ജീവിതത്തില്‍ വന്നുചേര്‍ന്ന വലിയ മാറ്റങ്ങളെ കുറിച്ച് ആരെങ്കിലും പങ്കുവെച്ചിരുന്നോ...?

നൂറുകണക്കിന് പ്രതികരണങ്ങളാണ് ലഭിച്ചത്. ഇന്‍സ്റ്റയിലും ലിങ്ക്ഡ്ഇന്നിലും പലപ്പോഴും മെസേജുകള്‍ വന്ന് കുമിഞ്ഞിട്ടുണ്ട്. എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ നിന്ന് മാത്രമല്ല സ്ട്രെയ്റ്റായ മനുഷ്യരില്‍ നിന്നും നല്ല രീതിയിലുള്ള പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരെ സംബന്ധിച്ച് അവരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ പുസ്തകം വളരെയേറെ സഹായിച്ചു. സ്ട്രെയിറ്റ് ആയവരെ സംബന്ധിച്ച് അവരുടെ കണ്ണുതുറപ്പിക്കുന്ന പുസ്തകമായിരുന്നു അത്. അതിനാല്‍ തന്നെ നൂറുകണക്കിന് കമ്പനികളിലാണ് ഇന്ന് അവരുടെ നയപരമായ തീരുമാനമെടുക്കാനുള്ള മാന്വലായി ഈ പുസ്തകം ഉപയോഗിക്കുന്നുണ്ട്. കോളേജുകളിലും സര്‍വകലാശാലകളിലും ഈ പുസ്തകം പഠിപ്പിക്കുന്നു. സ്‌കൂളുകാരും കോളേജുകാരും സംസാരിക്കാനായി വിളിക്കുന്നു. പുസ്തകം മാറ്റം കൊണ്ടുവരുമെന്നറിയാമായിരുന്നു. പക്ഷെ ഇത്രയേറെ പ്രതീക്ഷിച്ചില്ല. കൂടുതല്‍ വേദികള്‍ ലഭിക്കുന്നതോടെ ഇന്‍ക്ലൂഷനെ കുറിച്ചുള്ള സന്ദേശം കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും എനിക്ക് സാധിക്കുന്നു.

നാല് വര്‍ഷം മുമ്പ് കോഴിക്കോട് ഐഐഎമ്മില്‍ പോയപ്പോള്‍ ഒരു പെണ്‍കുട്ടി എന്റടുത്ത് വന്ന് പറഞ്ഞത് നിങ്ങള്‍ ഇത്ര ധീരമായി സംസാരിച്ചത് എനിക്ക് എന്റെ ലെസ്ബിയന്‍ സ്വത്വം തുറന്നുപറയാനുള്ള ധൈര്യം നല്‍കി എന്നാണ്. താങ്കളുടെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എല്‍ജിബിടിക്യു അസോസിയേഷന്‍ താന്‍ കോഴിക്കോട് തുടങ്ങിയെന്നും അവര്‍ പറഞ്ഞു. എന്റെ ഗോദ്റേജ് കമ്പനിയുടെ എംഡി തന്നെ നേരിട്ട് വന്ന് പറഞ്ഞത് ഹോമോഫോബിക്കായിരുന്ന തന്നെ പുസ്തകം മാറ്റിയെന്നാണ്. ഇന്ന് എല്‍ജിബിടിക്യുകാര്‍ക്ക് തൊഴിലും നല്‍കുന്നുണ്ട് തന്റെ കമ്പനിയില്‍ അദ്ദേഹം.

താങ്കളും കല്‍ക്കിയുമെല്ലാം ഇംഗ്ലീഷിലാണ് ഇത്തരം പുസ്തകങ്ങളെല്ലാം എഴുതിയത്. ഇംഗ്ലീഷ് അറിയുന്നവര്‍ക്കാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്. എല്‍ജിബിടിക്യൂ സമുദായത്തിനിടയില്‍ ഒരു എലൈറ്റ് നോണ്‍ എലൈറ്റ് വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെന്ന് തോന്നുന്നില്ലേ....?

അതെ, അങ്ങനെയൊരു വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ട്. എന്റെ പബ്ലിഷര്‍ ഈ ബുക്ക് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം... ഒരുപാടാളുകള്‍ ഇത്തരം വിഷയങ്ങള്‍ ഇന്നെഴുതുന്നുണ്ട്. വേര്‍തിരിവും വിടവും നിലനില്‍ക്കുന്നുണ്ട്.

ക്വീര്‍ ബന്ധങ്ങളെ ക്രിമിനല്‍വത്കരിക്കുന്ന നിയമം സുപ്രീം കോടതി എടുത്തു കളഞ്ഞതോടെ എല്‍ജിബിടുക്യൂ കമ്മ്യൂണിറ്റിയുടെ ജീവിതത്തില്‍ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി കൊണ്ടുവന്നതും വലിയ സഹായകരമായി. പക്ഷേ, ഇനിയും അഭിസംബോധന ചെയ്യേണ്ട ഒരുപാട് പ്രശ്നങ്ങള്‍ അവരനുഭവിക്കുന്നുണ്ട്. എന്തെല്ലാമാണത്...?

സംവരണം ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. കേരളം ഇക്കാര്യത്തില്‍ ശരിയായ പാതയിലാണെന്നാണ് എന്റെ അഭിപ്രായം. ട്രാന്‍സ്മനുഷ്യര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പുവരുത്തി ഒരുവിധം പ്രശ്നപരിഹാരമുണ്ടാക്കാം. കേരളത്തിനെപ്പോലെ മറ്റ് സംസ്ഥാനങ്ങളും ഞങ്ങളെ മനസ്സിലാക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങളെ കുറിച്ച് പൊതുസമൂഹത്തിന് ബോധവത്കരണം നല്‍കലോ സംസാരമോ അല്ല ഇനി ഞങ്ങള്‍ക്കാവശ്യം. ഇനി ആക്ഷന്‍ പ്ലാനുകളാണ് വേണ്ടത്. അത്രയക്കധികം കഴിവുകളുള്ളവരാണ് ഞങ്ങള്‍ക്കിടയിലുള്ളത്. അവര്‍ക്കെല്ലാം തൊഴില്‍ ഉറപ്പുവരുത്താന്‍ സമൂഹത്തിന് കഴിയണം.

ഒന്നുകില്‍ മേക്കപ്പ്, അതല്ലെങ്കില്‍ ഡാന്‍സ് പോലുള്ള പെര്‍ഫോര്‍മന്‍സ് മേഖലയിലാണ് കൂടുതലും ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെയും ക്വീര്‍ കമ്മ്യൂണിറ്റിയെയും കണ്ടുവരുന്നത് എന്ന പൊതുബോധമുണ്ട്. അതില്‍ സത്യമുണ്ടോ?

തരിമ്പും വാസ്തവമില്ലാത്ത ഒരു സങ്കല്‍പം മാത്രമാണത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെയും പെര്‍ഫോര്‍മര്‍സിനെയും മാത്രമാണ് നിങ്ങള്‍ വിസിബിളായി കാണുന്നത്. എല്‍ജിബിടിക്യൂ സമൂഹത്തില്‍ നിന്നുള്ള ന്യൂക്ലിയര്‍ എന്‍ജിനിയര്‍മാരെ, മറൈന്‍ ബയോളജിസ്റ്റുകളെ വരെ എനിക്കറിയാം. കേരളത്തില്‍് പോലീസുകാര്‍ വരെ അവരിലുണ്ട്. ഇവിടെ അവര്‍ ഒരു പ്രത്യേക മേഖല തിരഞ്ഞെടുക്കുന്നതു കൊണ്ടല്ല അവരെ ആ മേഖലയില്‍ കാണുന്നത്. പകരം അവര്‍ക്ക് അവരുടെ സ്വത്വം വെളിപ്പെടുത്തി ജീവിക്കാന്‍ കഴിയുന്ന ചുരുക്കം ചില തൊഴിലുകളേ ഉള്ളൂ എന്നതു കൊണ്ടാണങ്ങനെ സംഭവിക്കുന്നത്. ഹെയര്‍ ഡ്രസ്സിങ് പോലുള്ള ജോലി ചെയ്യുന്നതിലെ അന്തരീക്ഷം അവരെ അവരായി സ്വാഗതം ചെയ്യുന്നതാണ്. മറ്റ് പല തൊഴിലുകളിലും അങ്ങനെയല്ല. എന്നാല്‍ പോലീസ് സമൂഹം അവരെ അവരുടെ സ്വത്വപ്രകാശനത്തോടെ സ്വാഗതം ചെയ്യുന്നില്ല. അതുകൊണ്ടാണ് പോലീസുകാരില്‍ അവരെ നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്തത്. അതവര്‍ സ്വത്വം വെളിപ്പെടുത്താത്തത് കൊണ്ടാണ്. അല്ലാതെ ഇല്ലാത്തത് കൊണ്ടല്ല.

അമേരിക്കന്‍ മിലിട്ടറിയില്‍ ഇത്രകാലവും ക്വീര്‍ സ്വത്വം പരസ്യമായി വെളിപ്പെടുത്തുന്നത് അനുവദിച്ചിരുന്നില്ല. സ്വവര്‍ഗാനുരാഗിയായി തന്നെ ഇന്നവര്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. ആറ് മുതല്‍ എട്ട് ശതമാനം വരെ ഞങ്ങള്‍ ജനസംഖ്യയിലുണ്ട്. സ്വത്വം വെളിപ്പെടുത്താനനുവദിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

ഹെറ്ററോസെക്ഷ്വല്‍ ബന്ധങ്ങളില്‍ നിലനില്‍ക്കുന്ന പാട്രിയാര്‍ക്കി ഹോമോസെക്ഷ്വല്‍ ട്രാന്‍സ് ബന്ധങ്ങളിലും കണ്ടുവരുന്നുണ്ട്. ട്രാന്‍സ്മെന്നും ട്രാന്‍സ് വുമണും വിവാഹിതരാവുന്ന ഘട്ടത്തില്‍ വീട്ടിലെ പണികളെല്ലാം ട്രാന്‍സ് വുമണ്‍ ചെയ്യുന്ന രീതി ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്നുണ്ട്. അതിനെ എങ്ങനെയാണ് മറികടക്കാനാലോചിക്കുന്നത്.?

അവര്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടേന്നേ. അവരുടെ ജീവിതത്തിലേക്ക് നോക്കി നമ്മള്‍ അത് ജഡ്ജ് ചെയ്യേണ്ട കാര്യമില്ല. ഓരോ കുടുംബവും വ്യത്യസ്തമാണ്. നമുക്ക് ചുറ്റിലും കാണുന്നതിനനുസരിച്ചാണ് നമ്മുടെ ജീവിതരീതിയും പെരുമാറ്റവുമെല്ലാം രൂപപ്പെടുന്നത്. അവര്‍ ഏറ്റവും അധികം കാണുന്നത് പാട്രിയാര്‍ക്കല്‍ കുടുംബങ്ങളാണ്. അപ്പോള്‍ സ്വയം കുടുംബം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതവരുടെ ജീവിത്തതിലും പ്രതിഫലിച്ചേക്കാം.

സ്ട്രെയിറ്റായ സ്ത്രീകള്‍ തന്നെ ഫെമിനിന്‍ വസ്ത്രധാരണ രീതി പലപ്പോഴും ഉപേക്ഷിച്ച് സൗകര്യപ്രദമായ വസ്ത്രധാരണത്തിലേക്ക്് മാറുന്നുണ്ട്. പാട്രിയാര്‍ക്കിയുടെ സ്വാധീനത്തെ കുടഞ്ഞെറിയാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ട്രാന്‍സ്‌വുമണുകള്‍, സ്ത്രീകള്‍ കുടഞ്ഞെറിയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ എടുത്തണിയുന്നത് അവരുടെ ചോയ്സ് തന്നെയാണോ?

ക്വീര്‍ മനുഷ്യര്‍ക്ക് എന്താണോ വേണ്ടത് അതവര്‍ ചെയ്യട്ടെ. അവര്‍ക്ക് ഫെമിനിന്‍ റോളുകള്‍ ചെയ്യാനിഷ്്ടമുണ്ടെങ്കില്‍ അതും ചെയ്യട്ടെ. അതവരുടെ ചോയ്സ് ആണെന്നല്ല. അങ്ങനെയാണ് അവര്‍ അവരെ ഭാവനയില്‍ കാണാനിഷ്ടപ്പെടുന്നത്. അതവര്‍ സ്വയം പ്രകാശിപ്പിക്കട്ടെ. പങ്കാളിയോടൊത്ത് ജീവിക്കുമ്പോള്‍ അവനെ ഇടയ്ക്ക് ഭര്‍ത്താവായി അവരോധിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടാറുണ്ട്. ആരതി ചെയ്യാറുണ്ട്. ഞാനത് ചിലപ്പോള്‍ ആസ്വദിക്കാറുണ്ട്. പാട്രിയാര്‍ക്കി ആണെന്ന് നിങ്ങള്‍ പറഞ്ഞാല്‍ എനിക്കത് ഉപേക്ഷിക്കാന്‍ എപ്പോഴും കഴിയില്ല. ചിലത് നമ്മുടെ ഇഷ്ടങ്ങളാണ്.  ജീവിതത്തെ കുറിച്ചുള്ള ഭാവനകളാണ്. ഭക്ഷണം പാകം ചെയ്യാനും മറ്റും നിങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ അത് ശരിയല്ല. അതവര്‍ സ്വയം ബോധ്യപ്പെട്ട്് മാറ്റിയെടുക്കേണ്ടതാണ്.

കേരളത്തെ കുറിച്ചുള്ള നിങ്ങളുടെ ധാരണ എന്താണ് പ്രത്യേകിച്ച് എല്‍ജിബിടിക്യു സമൂഹത്തോടുള്ള കേരളത്തിന്റെ മനോഭാവത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്. ?

നിരന്തരം കേരളം സന്ദര്‍ശിക്കുന്നയൊരാളാണ് ഞാന്‍. കേരളവുമായി ഞാനത്രമാത്രം ഇഷ്ടത്തിലാണ്. എല്ലാ തികഞ്ഞതെന്നല്ല പക്ഷെ ട്രാന്‍സ്്ജെന്‍ഡര്‍ പോളിസി ആദ്യമായി കൊണ്ടുവന്ന സംസ്ഥാനം എന്ന നിലയ്ക്കും കോവിഡ് കാലത്തടക്കം കേരളം ട്രാന്‍സ് സമൂഹത്തിനടക്കം ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ച ആളെന്ന നിലയ്ക്കും ആദരവോടെയാണ് കേരളത്തെ കാണുന്നത്. ഏത് സര്‍ക്കാര്‍ വന്നാലും അവര്‍ ജനങ്ങളെ സംരക്ഷിക്കുന്നവരാണ്. അതിനാല്‍ തന്നെ കേരളത്തിന്റെ ഫാന്‍ ആണ് ഞാന്‍. കേരളത്തിന് ഇനിയും ചെയ്യാന്‍ കഴിയും. കേരളത്തിന് ഇന്ത്യയുടെ എല്‍ജിബിടിക്യു തലസ്ഥാനമാകാന്‍ കഴിയും. അതിന് ചേരുന്ന എല്ലാ സാമൂഹിക സാഹചര്യങ്ങളും ഇവിടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലുള്ള ഞങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരുകളോട് നിര്‍ദേശം വെക്കാറ് കേരള മോഡല്‍ കോപ്പിയടിക്കൂ എന്നാണ്.

സ്വവര്‍ഗാനുരാഗിയാവുക എന്നത് ഹിന്ദുത്വയ്ക്കെതിരാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ഒരിക്കല്‍ പറഞ്ഞത്. കേരളത്തില്‍ തന്നെ ചില മുസ്ലിം സംഘടനകളില്‍ നിന്നും ക്രിസ്ത്യന്‍ പുരോഹിതന്‍മാരില്‍ നിന്നും സ്വവര്‍ഗാനുരാഗം മതത്തെനിതിരാണെന്ന് തരത്തിലുള്ള പ്രസ്താവനകള്‍ വന്നിരുന്നു...?

ഹിന്ദുമതം എല്ലാമനുഷ്യരെയും ഉള്‍ക്കൊള്ളുന്നതാണെന്നാണ് പുസ്തകങ്ങളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. മഹാഭാരതത്തിലും രാമായണത്തിലും ക്ഷേത്രങ്ങളിലും എല്ലാം ആ ഇന്‍ക്ലൂസീവ്നെസ് നമുക്ക് കാണാന്‍ സാധിക്കും. ബ്രിട്ടീഷുകാരാണ് 377 ലൂടെ ഹോമോഫോബിയ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇസ്ലാമായലും ക്രസ്ത്യന്‍ മതമായാലും അവയെല്ലാം അടിസ്ഥാനപരമായി ഇന്‍ക്ലൂസീവ് ആണ്. വ്യാഖ്യാനങ്ങളാണ് ആ ധാരണ തകര്‍ക്കുന്നത്.

നിയമ നിര്‍മ്മാതാക്കളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും എല്‍ജിബിടിക്യൂ സമൂഹം പ്രതീക്ഷിക്കുന്നതെന്താണ്. ?

വിവാഹത്തില്‍ തുല്യത, വിവേചനത്തിനെതിരായ നിയമം, തൊഴില്‍ മേഖലയില്‍ ട്രാന്‍സ് സമൂഹത്തിന് സംവരണം, കരിക്കുലത്തിലെ ഇന്‍ക്ലൂസീവ്നെസ് എന്നിവയെല്ലാം ഞങ്ങളുടെ ഏറ്റവും മുഖ്യമായ ആവശ്യങ്ങളാണ്.