തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം എഡിഷന് മലയാളത്തിന്റെ ഇതിഹാസസാഹിത്യകാരന്‍ എം.ടി വാസുദേവന്‍നായരുടെ മുഖ്യപ്രഭാഷണത്തോടെ തുടക്കമായി. ഭാഷ തുറന്നുതരുന്ന സംസ്‌കാരത്തിന്റെ മാഹാത്മ്യത്തില്‍ മതം കലരുന്നതിലെ ആകുലതകളും നാസി ജര്‍മനിയുടെ അവസ്ഥയും നമ്മുടെ നാട്ടില്‍ സംജാതമാവാതിരിക്കാന്‍ എഴുത്തുകാരും ബുദ്ധിജീവികളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് എം.ടി. പറഞ്ഞു.
ഭരണത്തിന്റെ ശക്തിയോടെ, പിന്തുണയോടെ എതിര്‍പ്പിന്റെ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് നാസി കാലഘട്ടത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്നും എം.ടി പറഞ്ഞു. അക്കാലത്ത് പലരും ജര്‍മനി വിട്ട് അയല്‍ രാജ്യങ്ങളിലേക്കുപോയി. ആ സ്ഥിതി ഇന്ത്യയില്‍ വരാന്‍ പാടില്ല. വരും എന്ന് ഞാന്‍ കരുതുന്നില്ല. ഇതിനെ പ്രതിരോധിക്കാന്‍ ശക്തിയുള്ളവര്‍ ഇവിടെയുണ്ട്. ഇതിന്റെ ഗൗരവം അറിയുന്നവര്‍ രംഗത്തുവരും. അതിനാല്‍ നാസി ജര്‍മനിയില്‍ സംഭവിച്ചതുപോലെ അവിടെ സംഭവിക്കും എന്നെനിക്കു തോന്നുന്നില്ല. എന്നാലും അതിന്റെ ചില സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതിനെ ഗൗരവത്തോടെ കാണണം. ചെറിയ സൂചനകള്‍ വലിയ വിപത്തിലേക്ക് എത്തിക്കും എന്ന് നാം കാണണം. കരുതിയിരിക്കണം.
മതം എന്നാല്‍ അഭിപ്രായം എന്നാണര്‍ത്ഥം. ഒരു മതവും കൊല്ലാന്‍ പറഞ്ഞിട്ടില്ല. എല്ലാവരും സ്‌നേഹവും സൗഹാര്‍ദവുമാണ് പ്രചരിപ്പിക്കുന്നത്. സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവച്ച് ചാവേര്‍പ്പടയാളികളായി കുറേ സാധുക്കളെ കൊലയ്ക്ക് കൊടുക്കുന്നവരെ കൊണ്ട് ആരാണ് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്? ഇതൊക്കെയാണ് തടയേണ്ടത്. യഥാര്‍ത്ഥ മതവിശ്വാസികള്‍ ഇതിനെതിരെ പൊരുതണം. ഇതൊക്കെ മനസ്സിലാക്കണം. അക്രമത്തിന്റെ ഭാഷ എല്ലാവരും കൈവെടിയണം. എല്ലാ മതങ്ങള്‍ക്കും ഒരു താത്ത്വികമായ ഭാവമുണ്ട്. ഒരു ഫിലോസഫിയുണ്ട്. അതാണ് സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടത്.
പെരുമാള്‍ മുരുകനെപ്പോലുള്ള ഒരെഴുത്തുകാരന് സാമൂഹ്യസമ്മര്‍ദ്ദങ്ങളുടെ പേരില്‍ എഴുത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. എതിരഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ എഴുത്തുകാരും ബുദ്ധിജീവികളും കൊല ചെയ്യപ്പെടുന്നു. പൊതുവേ സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ന്നു കൊണ്ടിരിക്കുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം അപകടത്തിലാണ്. കാര്യങ്ങള്‍ വളരെ അപകടത്തിലേക്കാണ് പോകുന്നത്. പെരുമാള്‍ മുരുകനോട് ആ സമൂഹം ചെയ്തത് വലിയ തെറ്റ്. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം എടുത്ത നിലപാടിനോടും എനിക്ക് യോജിപ്പില്ല. ഇത്തരം വെല്ലുവിളികളെ എഴുത്തുകാരന്‍ നേരിടണം എന്നാണ് എന്റെ അഭിപ്രായം. അതയാളുടെ ബാധ്യതയാണ്. അയാള്‍ നിശ്ശബ്ദനാകരുത്. ഞാനിനി എഴുതില്ല എന്ന നിലപാട് സ്വീകരിക്കരുത്.
196 ഇന്ത്യന്‍ ഭാഷകളില്‍ മിക്കവാറും പ്രവര്‍ത്തനരഹിതമായെന്നും യുനെസ്‌കോ കണ്ടെത്തിയ കാര്യം എം.ടി. ചൂണ്ടിക്കാട്ടി. തുളു, കൊടുവ, കൂര്‍ഗി തുടങ്ങിയ ഭാഷകള്‍ ഏതാണ്ട് ഇല്ലാതായി എന്ന അവസ്ഥയിലെത്തി. മലയാളം പെട്ടെന്ന് അപ്രത്യക്ഷമാവുകയില്ല. പതുക്കെ പതുക്കെ അതിന് ജീവചൈതന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിന് വേണ്ടി മാത്രം ഇവിടെയൊരു സര്‍വകലാശാല പ്രവര്‍ത്തിക്കുന്നു. പക്ഷെ നാം പലപ്പോഴും ചിന്തിക്കേണ്ടത് നമ്മുടെ പാഠ്യപദ്ധതിയില്‍ നിന്ന് മലയാളത്തെ മാറ്റി നിര്‍ത്തുന്നത് സംബന്ധിച്ചാണ്.
രാജ്യസഭയിലേക്ക് എഴുത്തുകാരെ പരിഗണിക്കുന്ന ഒരു പതിവുണ്ടായിരുന്നു. ജി. ശങ്കരക്കുറുപ്പ്, അതിനുശേഷം ആര്‍.കെ. നാരായൺ എന്നിവരൊക്കെ രാജ്യസഭയിലെത്തി. ഒരേയൊരു തവണയാണ് ആര്‍.കെ. നാരായൺ രാജ്യസഭയില്‍ പ്രസംഗിച്ചത്. പുസ്തകക്കെട്ടുകള്‍ ചുമന്ന് ചുമന്ന് നമ്മുടെ കുട്ടികളുടെ നട്ടെല്ല് വളയുന്നു. ഇത് പരിഹരിക്കാന്‍ നിങ്ങള്‍ വിദഗ്ദ്ധര്‍ ഇടപെടണമെന്നായിരുന്നു അദ്ദേഹം അന്ന് ആവശ്യപ്പെട്ടത്. ഈ വിഷയം ഏറെ പ്രധാനപ്പെട്ടതുമാണ്. എന്റെ വീട്ടിലെ ഏഴാം ക്ലാസ്സുകാരിയുടെ പുസ്തകകെട്ടുകളെടുത്ത് നോക്കിയപ്പോള്‍ ഇക്കാര്യം എനിക്കും ബോദ്ധ്യപ്പെട്ടു. സാഹിത്യമൊക്കെ പാഠപുസ്തകത്തിലുണ്ട്. പക്ഷേ കവിതകള്‍ ആരും മനഃപ്പാഠം പഠിക്കേണ്ട. പണ്ട് കവിതകള്‍ മന:പ്പാഠം പഠിച്ച് പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ടായിരുന്നു. പോയ് പോയ് പരീക്ഷ തന്നെ ആവശ്യമില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. എല്ലാവരെയും ജയിപ്പിക്കണം എന്ന ചിന്തയാണ് ഇവിടെ ഇപ്പോള്‍ വാഴുന്നത്. ആരോഗ്യകരമായ ഒരു മത്സരം ഈ ജീവിതത്തിലില്ലെങ്കില്‍, ജീവിതം കൊണ്ട് എന്തര്‍ത്ഥമാണുള്ളത്?
ടാഗോറിന്റെ നാലു വരി അറിയാത്ത കുട്ടി ബംഗാളിലുണ്ടാവുമോ? എന്നാല്‍ ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയുമെല്ലാം കവിതകള്‍ നമ്മുടെ കുട്ടികള്‍ക്കറിയില്ല. നമുക്ക് നമ്മുടെ അടിത്തറ പോലും അറിയാത്ത ദയനീയമായ കാലമാണിത്. പാഠപുസ്തകത്തിലെല്ലാം കവിതയുണ്ട്. പക്ഷേ അവരത് മന:പാഠമാക്കി മാറ്റുന്നില്ല. നമ്മുടെ കുട്ടികള്‍ അവരുടെ പാഠങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു--എം.ടി പറഞ്ഞു
Content Highlights: mt vasudevan nair in Mathrubhumi International Festival of Letters
Published: 02 Feb 2023, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented