മീന കന്ദസാമി ഏറ്റവും ഒടുവിലായി വാര്‍ത്തകളില്‍ ഇടംപിടിച്ചത് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയില്‍ പങ്കുചേര്‍ന്നാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ വിമര്‍ശിച്ചയാളാണ് മീനാ കന്ദസാമി.

To advertise here,

ഭാരത്ജോഡോയുടെ ആദ്യത്തെ രണ്ട് ദിവസം ഞാന്‍ രാഹുല്‍ഗാന്ധിയോടൊപ്പം ചേര്‍ന്നിരുന്നു. കന്യാകുമാരിയില്‍ നിന്നും അവര്‍ തുടങ്ങിയപ്പോഴും നാഗര്‍കോവിലില്‍ എത്തിയപ്പോഴും ഞാനും കൂടെയുണ്ടായിരുന്നു. ജോഡോയുടെ സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെ ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയത്തെയല്ല നമ്മള്‍ നോക്കേണ്ടത്. കോണ്‍ഗ്രസിലെ രാഷ്ട്രീയ താല്‍പര്യങ്ങളും തീരുമാനങ്ങളും മനോഭാവവും കാരണം തമിഴ്നാട് അവരോട് വളരെയധികം അകല്‍ച്ച കാണിച്ചിരുന്നു. രാജീവ് ഗാന്ധിയും ശ്രീലങ്ക വിഷയവുമെല്ലാം തമിഴ് ജനതയ്ക്ക് ഗാന്ധികുടുംബത്തോടുള്ള അസ്വാരസ്യം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. തമിഴ്നാട്ടുകാരി എന്ന നിലയില്‍ എന്റെ രക്തം ആ മണ്ണില്‍ അലിഞ്ഞുചേര്‍ന്നതാണ്. അതുകൊണ്ടുതന്നെ  ഞാന്‍ എന്റെ ജനതയോടൊപ്പമാണ് നില്‍ക്കേണ്ടത്. കോണ്‍ഗ്രസ്സിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ഒരാളായിട്ടുകൂടി കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനായി രാഹുല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. മാറ്റങ്ങളെക്കുറിച്ച് കേള്‍ക്കാന്‍ തയ്യാറാണ് അദ്ദേഹം. രാഷ്ട്രീയത്തില്‍ ഒരിക്കലും സംഭവിക്കാത്ത ഒന്നാണിത്. നിങ്ങള്‍ എവിടെ നിന്നാണോ തുടങ്ങിയത് അവിടെത്തന്നെ നില്‍ക്കുന്ന അവസ്ഥയാണ് പലപ്പോഴും രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് അവര്‍ ഒരിക്കലും അന്വേഷിക്കാനോ തിരുത്താനോ ശ്രമിക്കാറില്ല. രാഹുല്‍ മാറ്റങ്ങള്‍ അന്വേഷിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ബഹുമാനിക്കണമെന്ന് എനിക്ക് തോന്നാന്‍ കാരണം. അദ്ദേഹത്തെക്കുറിച്ചുള്ള എന്ന താത്വികാവലോകനം പൂര്‍ണമായും മാറി. ഇത്തരത്തിലുള്ള രാഷ്ട്രീയക്കാരനെയാണ് ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യമായിരിക്കുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ളയാളായതുകൊണ്ടല്ല, അദ്ദേഹം പ്രധാനമന്ത്രി ആവുകയോ ആവാതിരിക്കുകയോ ചെയ്യുന്നതുകൊണ്ടല്ല, ഇത്തരമൊരു ഇന്ത്യന്‍ സാഹചര്യത്തില്‍ അദ്ദേഹത്തെ നമുക്ക് ആവശ്യമുണ്ട് എന്ന തിരിച്ചറിവിലാണ് ഞാന്‍ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചത്.

രാഷ്ട്രീയമായി നമ്മള്‍ ജനങ്ങളെ ഇനിയും പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചില്ലെങ്കില്‍ ട്രംപ് ഭരിച്ചതുപോലെയുള്ള അവസ്ഥ ഇവിടെയും സംജാതമാകും. അടുത്ത അഞ്ചുവര്‍ഷം കൂടി മോദി ഭരണം സംഭവിക്കുകയാണെങ്കില്‍ ആര്‍എസ്എസ,് സംഘി, ഫാസിസ്റ്റ് ശക്തികളുടെ കൈപ്പിടിയിലാവും നമ്മള്‍. ജനാധിപത്യപരമായി മോദിയെ താഴെയിറക്കിക്കൊണ്ടുള്ള മാറ്റമാണ് ആവശ്യമായിരിക്കുന്നത്.

ഭാരത് ജോഡോയിലൂടെ രാഹുലും കോണ്‍ഗ്രസും രക്ഷപ്പെടും എന്ന് കരുതുന്നുണ്ടോ?

ഭാരത് ജോഡോ ഏകലക്ഷ്യത്തിലധിഷ്ഠിതമായ പരിപാടിയാണെന്ന് ഞാന്‍ കരുതുന്നില്ല. എല്ലായിടത്തും ചെറിയ തീപ്പൊരികള്‍ വിതറുക എന്നു മാത്രമേ അതില്‍ പങ്കെടുക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. തമിഴ്നാട്ടില്‍ ശക്തമായ ബി.ജെ.പി വിരുദ്ധ മനോഭാവമാണ് ഉള്ളത്. ഹിന്ദുത്വവാദം അസമത്വത്തിന്റെ മതമാണ്. മതം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാവണം. എല്ലാവരെയും തുല്യരായി കാണുന്നതായിരിക്കണം. ഞങ്ങള്‍ മതേതരത്വമുള്ളവരാണ് നിങ്ങള്‍ മതേതരത്വമില്ലാത്തവരാണ് എന്നതാണ് പൊതുവേ രാഷ്ട്രീയത്തിന്റെ ഭാഷ. മേല്‍ക്കോയ്മയെ പാടേ ഇല്ലാതാക്കിക്കൊണ്ട് സാമൂഹികമായി എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഹിന്ദുത്വവാദത്തെ പുനര്‍നിര്‍വചിക്കുകയാണ് വേണ്ടത്. രാഹുല്‍ ഗാന്ധിയുടെ ഭാരത്ജോഡോ യാത്രയിലൂടെ അത്തരത്തില്‍ ഒരു സാമൂഹികമായ ഉള്‍ച്ചേര്‍ക്കല്‍ നമ്മളില്‍ത്തന്നെ നടത്തുന്നുണ്ട്. മൃദുഹിന്ദുത്വവാദികളുടെ വോട്ടുകള്‍ ബിജെപി അക്കൗണ്ടിലേക്ക് പോവില്ല, അത് കൃത്യമായി കോണ്‍ഗ്രസ്സിലോ മറ്റു പാര്‍ട്ടിയിലോ വന്നുചേരും എന്നതാണ് ഫലം.

എഴുവര്‍ഷത്തെ മോദിഭരണം കൊണ്ട് നമ്മള്‍ക്ക് കാര്യമായ ക്ഷീണം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ക്ഷീണിച്ചപ്പോള്‍ നമ്മള്‍ പറയുന്നു ഇത് മാറാന്‍ പോകുന്നില്ല എന്ന്. പ്രതീക്ഷയുടെ രാഷ്ട്രീയമാണ് നമുക്കിപ്പോള്‍ ആവശ്യമായിരിക്കുന്നത്. യാഥാര്‍ഥ്യം എപ്പോള്‍ സംഭവിക്കും എന്ന് നമുക്ക് പറയാന്‍ പറ്റില്ല. സഹിക്കാന്‍ പറ്റാതാവുമ്പോള്‍ സാധാരണക്കാര്‍ മാറ്റത്തെക്കുറിച്ച് ചോദിച്ചുതുടങ്ങും. പക്ഷേ ലോകത്തിന്റെ തത്വശാസ്ത്രമനുസരിച്ച് മാറ്റം അത്ര പെട്ടെന്നൊന്നും സംഭവിക്കില്ല.
 
ശക്തമായ ഭാഷാവാദമാണ് തമിഴ്നാടിന്റെ രാഷ്ട്രീയം പോലും നിര്‍ണയിക്കുന്നത്.

ഹിന്ദി ഭാഷാപ്രശ്നം സ്വാതന്ത്ര്യസമരത്തിനുമുമ്പേ തന്നെ ഉയര്‍ന്നുവന്നതാണ്. 1930-ല്‍ പെരിയാര്‍ തന്റെ ഭാഷാവാദം ഉയര്‍ത്തിപ്പിടിക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തതാണ്. എഴുപതോളം സ്ത്രീകളും അദ്ദേഹത്തോടൊപ്പം ജയില്‍വാസമനുഭവിച്ചു. അവരില്‍ പലരും കുഞ്ഞുങ്ങളെയും കൊണ്ടായിരുന്നു ജയിലില്‍ പോയത്. തമിഴ് സ്ത്രീകള്‍ തങ്ങളുടെ കുഞ്ഞുങ്ങളുമായി ജയിലില്‍പോകുന്ന അവസ്ഥ തുടരുകയാണെങ്കില്‍ സ്വതന്ത്രമായ ഒരു രാജ്യത്തിനുവേണ്ടിയാവും ഇനി ശബ്ദമുയര്‍ത്തുക എന്ന് പെരിയാര്‍ ആ നിമിഷത്തില്‍ പ്രഖ്യാപിച്ചു. അതാണ് തമിഴ്നാട്ടിലെ ഭാഷയുടെ രാഷ്ട്രീയം. ഭാഷയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തമിഴ്നാട്ടുകാര്‍ വൈകാരികമായി പ്രതികരിക്കും. തമിഴ്നാട്ടില്‍ ഭാഷയെ തൊട്ടുകളിക്കുക എന്നത് തീകൊണ്ട് കളിക്കുന്നതുപോലെയാണ്.

ഉത്തരേന്ത്യയില്‍ ശരണ്‍കുമാര്‍ ലിംബാളെയും അര്‍ജുന്‍ ഡാംഗിളും പോലെയുള്ളവര്‍ പടുത്തുയര്‍ത്തിയ ദളിത് സാഹിത്യപ്രസ്ഥാനം പക്ഷേ ഉറച്ച വേരുകള്‍ കേരളത്തേക്കാള്‍ തമിഴ്നാട്ടില്‍ ഉണ്ടായിരുന്നിട്ടുകൂടി ഏകീകൃതസ്വഭാവം കാണിക്കുന്നില്ലല്ലോ

തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയവും സാഹിത്യവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടും ഒന്നുതന്നെയാണ്. ഇന്ന് ഒരു ജേണലിസ്റ്റിന് ജോലി കഴിഞ്ഞ് വീട്ടില്‍ പോയാല്‍ നോവലെഴുതാം. ജേണലിസ്റ്റെന്ന നിലയിലുള്ള ജീവിതവും നോവലിസ്റ്റെന്ന നിലയിലുള്ള ജീവിതവും തമ്മില്‍ വലിയ വ്യത്യാസമില്ല. അതേപോലെത്തന്നെയാണ് എഴുത്തും രാഷ്ട്രീയവും. കരുണാനിധി എഴുത്തുകാരനും അതേസമയം രാഷ്ട്രീയക്കാരനുമായിരുന്നു. അണ്ണാദുരൈ എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായിരുന്നു. ദളിത് എഴുത്തുകാരുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ദളിത് എഴുത്തുകാരില്‍ രാഷ്ട്രീയക്കാരും എം.പിമാരുമുണ്ട്. അക്കാദമിക്കുകളും ജേണലിസ്റ്റുകളുമുണ്ട്. ദളിത് സമൂഹത്തിന്റെ സഹനത്തെക്കുറിച്ച് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നു, അക്കാദമിക്കുകള്‍ തീസിസുകള്‍ സമര്‍പ്പിക്കുന്നു, ജേണലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പേപ്പറുകളില്‍ അച്ചടിച്ചുവരുന്നതല്ല സാഹിത്യം. ജനങ്ങിലേക്കിറങ്ങിച്ചെന്ന് അവരെ ബോധവാന്മാരാക്കുന്നതും സാഹിത്യത്തിന്റെ ചുമതലയാണ്. ഒരു വ്യക്തിയെ, ചിന്തയെ, പ്രസ്ഥാനത്തെ വൈകാരികമായി മാറ്റിയെടുക്കുക എന്നതാണ് സാഹിത്യത്തിന്റെ ഉത്തരവാദിത്തം. അത് ദളിത് സാഹിത്യത്തിനും ബാധകമാണ്. പൊതുവിടത്തിലാണ് ഇതെല്ലാം സാധ്യമാകുന്നത്. പ്രസംഗവും സാഹിത്യവും പൊതുവിടത്തില്‍ എത്രകണ്ട് സ്വീകാര്യമാവുന്നുണ്ടോ അത്രയും മാറ്റങ്ങള്‍ സംഭവിക്കുന്നുമുണ്ട്.

മിസ് മിലിറ്റന്റ് എന്ന കവിതയില്‍ ചിലപ്പതികാരത്തിലെ നായിക കണ്ണകിയെ ആണ് മീന അവതരിപ്പിക്കുന്നത്. കണ്ണകിക്ക് കാവ്യാത്മകമായ പുനര്‍വായനകൂടിയാണോ മിസ് മിലിറ്റന്റ്

കണ്ണകിയുടെ കഥ നടക്കുന്നത് തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തിലാണ്. കണ്ണകിയാണോ അതോ മാധവിയാണോ കൂടുതല്‍ പരിശുദ്ധ എന്ന ചര്‍ച്ചയാണ് സംഭവിക്കുന്നത്. അതിശക്തരായ രണ്ട് സ്ത്രീകളുടെ പരിശുദ്ധതയോ സൗന്ദര്യമോ ഒന്നുമല്ല ചിലപ്പതികാരം പറയുന്നത്. കണ്ണകി എന്തുകൊണ്ടാണ് തമിഴ്സ്ത്രീകളുടെ പ്രതിബിംബമായി മാറുന്നത് എന്നതിനെക്കുറിച്ചാണ്. തന്റെ ഭര്‍ത്താവിനോട് അനീതി കാണിച്ച രാജാവിനോട് അവര്‍ യുദ്ധം ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെടുന്നുണ്ട്. അനീതിയ്ക്കെതിരെ പോരാടുന്ന സ്തീത്വത്തെയാണ് കണ്ണകി തമിഴ് സ്ത്രീകളിലൂടെ പ്രതിനിധാനം ചെയ്യുന്നത്.

തന്റെ കുഞ്ഞിനോട് അനീതി കാണിക്കുന്ന പട്ടാളത്തിനെതിരെ ശബ്ദിക്കുന്ന കശ്മീരിയായ അമ്മ കണ്ണകിയാണ്. നീതിയ്ക്ക് വേണ്ടി പോരാടുന്ന ഛത്തീസ്ഗഡ് വനിതയും കണ്ണകിയാണ്. അടിച്ചമര്‍ത്തലുകളോട് പൊരുതിനില്‍ക്കുന്ന എല്ലാ സ്ത്രീകളും കണ്ണകിയാണ്. അങ്ങനെയുള്ള കണ്ണകിയെയാണ് മിസ് മിലിറ്റന്റിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്.

*'മോഹന്‍ദാസ് കരംചന്ദ്' എന്ന കവിതയില്‍ മഹാത്മാഗാന്ധിയെ 'Sadist fool, you killed your body many times before this too' എന്നെഴുതിയിതന്റെ പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നയാളാണ് മീന.

ആ കവിത ഞാനെഴുതുന്നത് എന്റെ പതിനേഴാമത്തെ വയസ്സിലാണ്. എഴുതിയ കാലത്തുനിന്നും മഹാത്മാഗാന്ധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്. അന്ന് നമ്മള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ത്യയിലായിരുന്നു. ഭരണകക്ഷിയെ വിമര്‍ശനാത്മകമായി വീക്ഷിക്കുക എന്ന സംഗതിയും ആ കവിതയില്‍ സംഭവിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പെരിയാര്‍, അംബേദ്കര്‍ തുടങ്ങിയവരെ വിശദമായി വായിക്കുകയും അവരുടെ ആശയങ്ങള്‍ മനസ്സിലാക്കുകയും ചെയ്തതുപോലെ മഹാത്മാഗാന്ധിയുടെ കാര്യത്തിലും സംഭവിച്ചു. അതുകൊണ്ട് ഞാനെന്റെ കവിതയെ തള്ളിപ്പറയുന്നു എന്നല്ല അര്‍ഥം, 'മോഹന്‍ദാസ് കരംചന്ദ്' എനിക്കേറെ ഇഷ്ടപ്പെട്ട കവിതയാണ്. അതേസമയം തന്നെ ഗാന്ധി പുനര്‍വിഭാവനം ചെയ്ത നമ്മുടെ രാഷ്ട്രത്തെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നു.

 കവിതയില്‍ ഞാന്‍ ഉപയോഗിച്ച പദങ്ങള്‍ക്ക് വിവര്‍ത്തനം സംഭവിച്ചപ്പോള്‍ വന്നുചേര്‍ന്ന തെറ്റിദ്ധാരണകൂടിയായിരുന്നു വിവാദത്തിലേക്ക് നയിച്ചത്. 'fool' എന്ന പദത്തിന് 'മുട്ടാളന്‍' എന്നാണ് തമിഴില്‍ അര്‍ഥം. വളരെ ലളിതമായതും പരിക്കില്ലാത്തതുമായ ഒന്നായിട്ടാണ് ഞാന്‍ ആ വാക്ക് ഉപയോഗിക്കുന്നത്. മലയാളത്തിലേക്ക് അത് വിവര്‍ത്തനം ചെയ്തുവന്നപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ബുദ്ധിശൂന്യന്‍ എന്നാണ് അച്ചടിച്ചുവന്നത്. അതോടെ ഗാന്ധിയെ അത്തരത്തില്‍ സംബോധനചെയ്തുവെന്ന ആരോപണം വന്നു. ഇന്നും നേരിട്ടുകൊണ്ടിരിക്കുന്നു.

സാമൂഹികമായി എറ്റവും താഴ്ന്ന ശ്രേണിയില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ മനോവികാരങ്ങള്‍ കവിതയായി പരിണമിക്കുമ്പോള്‍ അവര്‍ ഉപയോഗിക്കുന്ന ഭാഷയ്ക്ക് അത്ര പരിശുദ്ധിയൊന്നും ഉണ്ടായെന്നു വരില്ല. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും ചീത്തവാക്കുകള്‍ ഉപയോഗിക്കുന്നതും അവര്‍ ജീവിക്കുന്ന സാഹചര്യം അങ്ങനെയുള്ളതായതുകൊണ്ടാണ്. ആ കവിതയിലെ സ്ത്രീ അത്തരത്തില്‍ ഒരാളായിരുന്നു.

'The Orders Were to Rape You' എന്ന പുസ്തകം എല്‍ടിടിഇ-യിലെ വനിതാ സൈനികരുടെ ജീവിതത്തെക്കുറിച്ചും സഹനങ്ങളെക്കുറിച്ചും തോക്കേന്തിയ വനിതകള്‍ക്കുള്ളിലെ സാഹിത്യബോധവും തുറന്നുകാട്ടുന്നുണ്ട്. സ്വാതന്ത്ര്യത്തോട് ഇത്രമേല്‍ ആഗ്രഹമുള്ളവരുടെ ജീവിതവും ചിന്തയും പകര്‍ത്തിയപ്പോള്‍ എന്തുതോന്നി?

എന്റെ ഏറ്റവും പുതിയ പുസ്തകമാണിത്. 2009-നു ശേഷം എല്‍ടിടിഇ പൂര്‍ണമായും തുടച്ചുനീക്കം ചെയ്യപ്പെട്ടപ്പോള്‍ സൈന്യത്തിലെ വനിതാ കേഡറുകള്‍ക്ക് പൂര്‍ണമായും കീഴടങ്ങേണ്ടി വന്നു. അവരില്‍ പലരും സൈനികരായിത്തന്നെ കീഴടങ്ങിയപ്പോള്‍ ചിലര്‍ സേന വിട്ടുവന്നവരായിട്ടാണ് കീഴടങ്ങിയത്. തങ്ങള്‍ക്ക് പരസ്പരം തിരിച്ചറിയാനായി അവര്‍ മുടി മുറിച്ചിരുന്നു. അതുകൊണ്ടുതന്നെ ഏത് ആള്‍ക്കൂട്ടത്തിലും അവര്‍ കണ്ടുമുട്ടി. ഒരിക്കല്‍ നിങ്ങള്‍ എല്‍ടിടിയില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ സേനയുടെ രഹസ്യങ്ങള്‍ എല്ലാം നിങ്ങള്‍ക്കറിയാന്‍ കഴിയും. നിങ്ങള്‍ക്കറിയാം എന്നത് ഭരണകൂടത്തിനുമറിയാം. അപ്പോള്‍ രഹസ്യങ്ങള്‍പുറത്തുകൊണ്ടുവരാനായി നിരന്തരം പീഡിപ്പിക്കപ്പെടും. ആയുധങ്ങള്‍ ഒളിപ്പിച്ച ഇടങ്ങളറിയാനായി, യുദ്ധതന്ത്രങ്ങളറിയാനായി, സൈന്യം ഇവരെ നിരന്തരം വേട്ടയാടിക്കൊണ്ടേയിരിക്കും.

കീഴടങ്ങുന്നവരെ പാര്‍പ്പിക്കുന്ന റീഹാബിലിറ്റേഷന്‍ ക്യാമ്പുകളുണ്ട്. എല്‍ടിടിഇ പൂര്‍ണമായും വിട്ടുവരുന്നവരെ പാര്‍പ്പിക്കുന്നത് മറ്റൊരു ക്യാമ്പിലാണ്. കീഴടങ്ങിയ വനിതകളില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇ പ്രവര്‍ത്തകരുണ്ട് എന്ന് ശ്രീലങ്കന്‍ സേന കണ്ടെത്തി. അവരെ തിരഞ്ഞുപിടിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക എന്നതായിരുന്നു സേനയുടെ തന്ത്രം. ഒന്നര രണ്ടുവര്‍ഷത്തോളം അവര്‍ നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടു. അവരില്‍ ചിലര്‍ മലേഷ്യയിലും സിംഗപ്പൂരിലും യൂറോപ്പിലും മറ്റും അഭയം തേടി. കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീകളുടെ ട്രോമകള്‍ എനിക്കെഴുതി. സൈനികരുടെ വിശദാംശങ്ങളും അവര്‍ നല്‍കി. പരാതിപ്പെട്ടപ്പോള്‍ അവര്‍ക്കുകിട്ടിയ മറുപടിയായിരുന്നു എന്നെ ഞെട്ടിച്ചത്. ഉന്നതതലങ്ങളില്‍ നിന്നാണ് ബലാത്സംഗം ചെയ്യാനുള്ള ഉത്തരവ് ലഭിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഇതെല്ലാം.

എഴുപതുകളിലാണ് എല്‍ടിടിഇയില്‍ വനിതാ സൈന്യം വരുന്നത്. പ്രഭാകരന്റെ ഭാര്യ മതിവതനിയായിരുന്നു ആദ്യത്തെ വനിതാസൈനിക. അവരുടെ പ്രോത്സാഹനത്തില്‍ ധാരാളം സ്ത്രീകള്‍ സേനയില്‍ ചേര്‍ന്നു. തികച്ചും സ്വാതന്ത്ര്യബോധമുള്ള, നിലപാടുകള്‍ക്കും സ്വാതന്ത്ര്യത്തിനുമായി വീടുവിട്ടിറങ്ങി വന്ന വിദ്യാസമ്പന്നരായ സ്ത്രീകളായിരുന്നു സേനയില്‍ അധികവും. കുടുംബത്തില്‍ നിന്നുള്ള അടിച്ചമര്‍ത്തലിനെയായിരുന്നു അവര്‍ക്കാദ്യം പ്രതിരോധിക്കേണ്ടിയിരുന്നത്. അവര്‍ എഴുതിയ കവിതകളും ലേഖനങ്ങളും കഥകളും ഞാന്‍ ശേഖരിച്ചു. പാട്രിയാര്‍ക്കിയെ പ്രതിരോധിക്കുന്ന വിധം അവരുടെ എഴുത്തില്‍ പ്രകടമായിരുന്നു.

മീനയുടെ കവിതാസമാഹാരം മലയാളത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പ്രകാശനം ചെയ്യാനാവാതെ ഇവിടെ കേരളത്തില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട് മീന.

എന്നിരുന്നാലും കേരളവുമായി ഞാന്‍ വളരെയടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. കമലാദാസിനെയും അരുന്ധതിറോയിയെയുമാണ് ഏറ്റവും! ഇഷ്ടം. സ്ത്രീശരീരത്തെക്കുറിച്ചും സ്വത്വത്തെക്കുറിച്ചും തൃഷ്ണയെക്കുറിച്ചുമെല്ലാം ഞാന്‍ വായിച്ചറിഞ്ഞത് കമലാദാസിലൂടെയാണ്. അവരുടെ കൃതികളിലൂടെയാണ് സ്ത്രീയുടെ സ്വത്വത്തെക്കുറിച്ച് അറിഞ്ഞത്. അരുന്ധതിറോയിയുടെ കാവ്യാത്മകമായ എഴുത്തും ഭാഷയും എന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്. എന്റെ ടീനേജ് കാലത്താണ് അരുന്ധതി റോയിയെ ആദ്യമായി വായിക്കുന്നത്. ഭാഷ കൊണ്ട് മാന്ത്രികത സൃഷ്ടിക്കാന്‍ കഴിയുമെന്ന് എന്നെ പഠിപ്പിച്ചത് ഇവരുടെ എഴുത്തുകളാണ്. അവരുടെ പ്രശസ്തിയും അധികാരവും ഒരിക്കല്‍പോലും സ്വന്തം കാര്യത്തിനായി ഉപയോഗിച്ചിട്ടില്ല. അവര്‍ നിരന്തരം നമ്മുടെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നു. അവകാശലംഘനങ്ങള്‍ നടക്കുമ്പോള്‍ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. ന്യൂക്ലിയര്‍ പ്രോജക്ടിനെതിരെയും കശ്മീര്‍ വിഷയത്തിലും അവര്‍ വാക്കുകളാല്‍ ഇടപെടുന്നു. ഭയരഹിതമായി നിലകൊള്ളുന്ന വ്യക്തിത്വം എന്ന നിലയില്‍ അരുന്ധതിറോയിയെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. അവരെപ്പോലുള്ള റോള്‍മോഡല്‍ മുമ്പിലുള്ളതാണ് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്.