
'എനിക്ക് മുത്തശ്ശനെ ഇഷ്ടമാണ്. ആദരവും. പക്ഷേ കരിയറില്‍ അദ്ദേഹത്തിന്റെ പിന്തുണ ആവശ്യമില്ല. അദ്ദേഹത്തിന്റെ പ്രശസ്തിയുടെ നിഴലിലാകാനുമില്ല.'-ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസിന്റെ കൊച്ചുമകന്‍ എഴുത്തുകാരനും സംവിധായകനുമായ മാറ്റിയോ ഗാര്‍സിയാ എലിസൊണ്ടോ നയം വ്യക്തമാക്കി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോല്‍സവത്തില്‍ മാര്‍ക്കേസ് മൈ ഗ്രാന്റ് ഫാദര്‍ എന്ന സംവാദത്തില്‍ എഴുത്തുകാരന്‍ ഇ.സന്തോഷ്‌കുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
********************
സന്തോഷ് കുമാര്‍: ഇത് ഇന്ത്യയിലെ കേരളമെന്ന സംസ്ഥാനമാണ്. മാര്‍ക്കേസ് ഇവിടെ സ്വന്തം എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഇവിടെ ശോകാചരണമുണ്ടായി. അനുശോചനയോഗങ്ങള്‍ നടന്നു. ഞങ്ങള്‍ മാര്‍ക്കേസിനെ അറിയുന്നത് അക്ഷരങ്ങളിലൂടെയാണ്. വീട്ടിലെ മാര്‍ക്കേസ് എന്തായിരുന്നു.
മാറ്റിയോ ഗാര്‍സിയാ: കുടുംബാംഗങ്ങളുമായി അദ്ദേഹം നന്നായി സംസാരിച്ചു. എല്ലാവരെയും ഇഷ്ടപ്പെട്ടു. എപ്പോഴും കഥ പറഞ്ഞുകൊണ്ടിരിക്കും.
? എഴുത്തിനെക്കുറിച്ച് നിങ്ങളോട് എന്തു പറഞ്ഞിട്ടുണ്ട്?
* കഥ പറയുക എന്നതാണ് പ്രധാനം. എഴുത്തിന്റെ തന്ത്രത്തെക്കുറിച്ച് ചോദിക്കാറുണ്ട്. വായനക്കാരനെ മയക്കുന്ന എന്തെങ്കിലും ഉണ്ടാകണം എന്ന് പറയാറുണ്ട്. എഴുത്തുകളില്‍ അദ്ദേഹം ബിംബങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. അതില്ലാതെ ഒരെഴുത്തുമില്ല. പറച്ചിലിലും പലരംഗങ്ങളുടെ വിവരണമുണ്ടാകും. നിരന്തരം വായിച്ചുകൊണ്ടിരിക്കും. പുസ്തകങ്ങളുടെ വന്‍ശേഖരം എന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്. എനിക്ക് ഏഴാം വയസില്‍ കവാബാത്തയുടെ പുസ്തകം വായിക്കാന്‍ തന്നു. അത് എന്നെ സ്വാധീനിച്ചിട്ടുണ്ട്. മുത്തശിയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. കഥകള്‍ അവരും ഏറെ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരിക്കലും എഴുതിയില്ല.
? അവസാനകാലത്ത് ഗാബോ വളരെ ഏകാകിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.?
* ശരിയാണ്. ഏകാന്തത അദ്ദേഹം തിരഞ്ഞെടുത്തതാണോ എന്ന് തോന്നും. ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. തന്റെ പല കഥാപാത്രങ്ങളെപ്പോലെ അദ്ദേഹത്തിനും അല്‍ഷൈമേഴ്സ ബാധിച്ചു. സ്വന്തം കൃതികള്‍ ഏതെന്ന് ചോദിച്ചാല്‍ അറിയാതെ വന്നു.
? താങ്കളെ ഗാബോ എങ്ങനെയാണ് സ്വാധീനിച്ചത്. ആ വലിയ പേര് ഭാരമാണോ?
* എന്റെ പുസ്തകം പുറത്തിറങ്ങിയപ്പോള്‍ ഗാബോയുടെ ചെറുമകന്റെ പുസ്തകം എന്ന നിലയിലാണ് ആളുകള്‍ കണ്ടത്. സ്വാഭാവികമായും ആ പേരിന് വലിയ ആരാധകരുണ്ട്. എന്നെയല്ല മുത്തശ്ശനെയാണ് ആളുകള്‍ എഴുത്തില്‍ കാണുക. ഞാന്‍ അത്രയും വരില്ലല്ലോ. സ്വാഭാവികമായും പുസ്തകത്തിന്റെ പ്രചാരത്തെ പിന്നീട് ബാധിച്ചു. എന്റെ എഴുത്ത് എന്ന നിലയില്‍ തന്നെ എന്റെ രചനകളെ കാണണമെന്നാണ് അഭ്യര്‍ഥന.
? താങ്കളുടെ സിനിമാ പ്രവര്‍ത്തനം?
* എന്റെ ആദ്യസിനിമ. ആക്ഷന്‍ ചിത്രമാണ്. മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ ചില പ്രശ്നങ്ങളാണ്. മരുഭൂമിയൊക്കെ അതില്‍ പ്രധാന കഥാപാത്രമാണ്. വാണിജ്യസിനിമ എന്ന നിലയില്‍ അതിനെ കണ്ടാല്‍ മതി. ടി.വി.സീരിയലുകൾ, എഴുത്ത് എന്നിവയിലും ഞാന്‍ തുടക്കക്കാരനാണ്.
? താങ്കളുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് ഏകാന്തതയുടെ 100 വര്‍ഷം സിനിമയാക്കുന്നല്ലോ?
* അത് നെറ്റ്ഫ്ളിക്സ് സീരീസാണ്. എത്രത്തോളം മൂലകൃതിയോട് നീതി പുലര്‍ത്തിയെന്ന് പറയാന്‍ കഴിയില്ല. എഴുത്ത് ഒരുക്കിയ ഭാവനാലോകം സ്‌കീനില്‍ പരിമിതപ്പെടാം. അത് കുറ്റമല്ല. പക്ഷേ പരിമിതിയാണ്.
? താങ്കളുടെ രാഷ്ട്രീയം എന്താണ്. ഗാബോ ക്യൂബന്‍ ഏകാധിപത്യഭരണകൂടത്തെ പിന്തുണച്ചിരുന്നു.?
* ( ചിരിക്കുന്നു) നോക്കൂ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയം. ദേശത്തെ അതത് ജനതയാണ് സൃഷ്ടിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഗാബോ അധികാരത്തെ ഇഷ്ടപ്പെട്ടിരുന്നു. അധികാരം അദ്ദേഹത്തെയും.
? ഗാബോയുടെ ഏത് കൃതിയാണ ഇഷ്ടം?
* ചെറുകഥകളും. ഏകാന്തതയുടെ 100 വര്‍ഷവും. അതില്‍ എന്റെ കുടുംബം ഉണ്ടല്ലോ.
? പ്രശസ്തി ഗാബോയെ ബാധിച്ചുവെന്നത് ശരിയാണോ?
* കൃതികള്‍ക്ക് ലഭിച്ച വലിയ പ്രചാരവും അദ്ദേഹത്തിന് ലഭിച്ച പ്രശസ്തിയും മുത്തശ്ശന്റെ സ്വകാര്യതയെ ബാധിച്ചു. സ്വകാര്യ ജീവിതം എപ്പോഴും പൊതുജീവിതത്തില്‍ നിന്ന് കൃത്യമായ അകലത്തില്‍ നിര്‍ത്തിയ ആളാണ് അദ്ദേഹം. തന്റേതായ ഇടത്തിലേക്കുള്ള കടന്നുവരവ് അദ്ദേഹം ഇഷ്ടപ്പെട്ടില്ല.
Content Highlights: Gabriel García Márquez Mateo García Elizondo e santhosh kumar literature mbifl
Published: 04 Feb 2023, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented