
സ്വപ്‌നം കാണുക കാണുക. വലിയ സ്വപ്‌നം കാണുക, ജീവിതത്തില്‍ എന്തെങ്കിലും നേടുക എന്നതിലെ ആദ്യ പടി സ്വപ്‌നം കാണുകയെന്നതാണ്.തന്റെ അമ്മ ചികിത്സ കിട്ടാതെ ആംബുലന്‍സ് കിട്ടാതെ മരിച്ച നാള്‍ മുതല്‍, ഇത് പോലെ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ആരും മരിക്കാത്ത ദിവസങ്ങളുണ്ടാവുന്നതിനെ കുറിച്ച് ബംഗാള്‍ സ്വദേശിയായ കരീമുള്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിരുന്നു. സ്വന്തം ബൈക്കില്‍ ആംബുലന്‍സ് സൗകര്യമാക്കി ആ സ്വപ്‌നം തന്റെ നാട്ടില്‍ നടപ്പിലാക്കി.അങ്ങനെ തേയിലഎസ്റ്റേറ്റിലെ ജോലിക്കാരന്‍ ബൈക്ക് ആംബുലന്‍സ് ദാദയായി. ഇന്നേക്ക് ഏകദേശം നാലായിരത്തോളം ആളുകളുടെ ജീവനാണ് കരീമുള്‍ തന്റെ ബൈക്ക് ആംബുലന്‍സിലൂടെ രക്ഷപ്പെടുത്തിയത്. കരീമുളിന്റെ നിസ്വാര്‍ഥ സേവനം കൊണ്ട് രാജ്യം 2017-ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ തന്റെ അനുഭവം വിവരിക്കാനെത്തിയ കരീമുള്‍ മാതൃഭൂമി ഡോട്‌കോമിനോട് ജീവിതം പറയുന്നു.
- തേയിലത്തൊഴിലാളിയില്‍ നിന്ന് ബൈക്ക് ആംബുലന്‍സ് ദാദയിലേക്ക് എത്തിയത് എങ്ങനെയാണ്
അമ്മ ജഫറുന്നീസയായിരുന്നു എനിക്ക് എല്ലാം. കൊടും പട്ടിണിയിലും മകന് ഒരു നേരത്തെ ഭക്ഷണമെത്തിക്കാന്‍ കഴിയാത്തില്‍ ഏറെ മനം നൊന്ത് ജീവിച്ച സ്ത്രീ. പിതാവ് നാലുവ മുഹമ്മദിന് ഞങ്ങളുടെ കഷ്ടപ്പാടിൽ അത്ര വലിയ സങ്കടമൊന്നുമുണ്ടായിരുന്നില്ലെങ്കിലും അമ്മ അങ്ങനെയായിരുന്നില്ല. വീട്ടുജോലികള്‍ ചെയ്തുകൊടുത്ത് കിട്ടുന്ന തുച്ഛമായ പണം കൊണ്ട് പട്ടിണി മാറ്റാന്‍ ശ്രമിക്കും. അമിതമായ അധ്വാനം കൊണ്ടോ അതല്ല മാനസിക വിഷമം കൊണ്ടോ ആവാം അമ്മയുടെ ആരോഗ്യം ക്ഷയിച്ച് വരുന്നുണ്ടായിരുന്നു. അമ്മ അത് പക്ഷെ മനഃപൂര്‍വം മറച്ചുവെക്കാന്‍ ശ്രമിച്ചു. ഏറെക്കാലം അങ്ങനെ കടന്ന് പോയി. അമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞാല്‍ എനിക്ക് സങ്കടം വരുമെന്ന് കരുതി എന്റെ മുന്നില്‍ സന്തോഷവതിയാണെന്ന് അഭിനയിച്ചു.

തലയ്ക്ക് പിന്‍ഭാഗത്തെ അനുഭവപ്പെട്ടിരുന്ന കടുത്ത വേദനയാണ് അമ്മയെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയത്. 1995-ലെ ഒരു ഡിസംബര്‍ മാസം. പകല്‍മുഴുവന്‍ വലിയ അസ്വസ്ഥത കാണിച്ച അമ്മ രാത്രിയോടെ ബോധരഹിതയായി വീണു. എത്രയും പെട്ടെന്ന് ജയ്പാൽഗുഡിയിലെ സദര്‍ ആശുപത്രിയിലെത്തിക്കണമായിരുന്നു. വണ്ടിക്കായി കിലോമീറ്റര്‍ അപ്പുറമുള്ള ഒരു അംബാസിഡര്‍ കാറുള്ള ഭൂവുടമയുടെ അടുത്തേക്ക് പോയി. പക്ഷെ രാത്രിയില്‍ ഡ്രെവറെ ലഭിക്കാത്തതിനാല്‍ വണ്ടിയെടുക്കാനായില്ല. വീണ്ടും വണ്ടിയുള്ള പലരേയും കാണാന്‍ ശ്രമിച്ചു. പക്ഷെ ഒന്നും നടന്നില്ല. എന്റെ ഗതികേട് ഓര്‍ത്ത് ഞാന്‍ റോഡില്‍ ഇരുന്ന് കരഞ്ഞു. എനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതേസമയം നെഞ്ചുവേദന വന്ന് വേദന കടിച്ചമര്‍ത്തി അമ്മ മരണത്തിലേക്ക് കാലെടുത്ത് വെക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഞാന്‍ കണ്ടത് നിസ്സഹായയായി മരിച്ച് കിടക്കുന്ന അമ്മയേയാണ്. അന്ന് ഞാന്‍ ഒരു തീരുമാനമെടുത്തു ഇനിയാരും ഏറ്റവും കുറഞ്ഞത് എന്റെ പ്രദേശത്തെങ്കിലും ചികിത്സ കിട്ടാതെ ആംബുലന്‍സ് കിട്ടാതെ ആരും മരിക്കരുതെന്ന്. അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന്.
- എങ്ങനെയായിരുന്നു തുടക്കം?
അമ്മ മരിച്ചതോടെ ഞാന്‍ ആകെ തകര്‍ന്നുപോയി. എന്റെ കയ്യിലുള്ള സൈക്കിളില്‍ ആളുകളെ കയറ്റി ആദ്യം ഞാന്‍ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ തുടങ്ങി. ബൈക്കാണെങ്കില്‍ കൂടുതല്‍ സൗകര്യമായിരുന്നുവെന്ന് ചിന്തിക്കാന്‍ തുടങ്ങി. പക്ഷെ വീട്ടിലെ കാര്യങ്ങള്‍ പോലും ദാരിദ്ര്യത്തിലായ അവസ്ഥയില്‍ ബൈക്ക് വാങ്ങുകയെന്നത് എന്നെ സംബന്ധിച്ച് നടക്കാത്ത കാര്യമായിരുന്നു. 1999-ല്‍ തേയിലത്തോട്ടത്തില്‍ എന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകന്‍ ഐജുല്‍ ഹഖ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണു. പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചാല്‍ ജീവന്‍ രക്ഷിക്കാമെന്ന് എല്ലാവരും പറഞ്ഞു. ഒടുവില്‍ മാനേജരുടെ ബൈക്ക് വാങ്ങി സുഹൃത്തിനെ മറ്റ് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ബൈക്കില്‍ കയറ്റിയിരുത്തി എന്റെ ദേഹത്തോട് ചേര്‍ത്ത് കെട്ടി അടുത്തുള്ള പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അത് ഐജുള്‍ ഹഖിന്റെ ജീവന്‍ രക്ഷിച്ചു. ഇതോടെ ബൈക്ക് വാങ്ങുകയെന്ന അടങ്ങാത്ത ആഗ്രഹം എന്നില്‍ എത്തിച്ചേര്‍ന്നു, അങ്ങനെ അമ്മയോട് പ്രായശ്ചിത്തം ചെയ്യാമെന്നും തോന്നി.

തുച്ഛമായ ശമ്പളത്തില്‍ നിന്ന് മിച്ചം വെച്ചു, പലരോടും കടം വാങ്ങി 14000 രൂപ സ്വരുക്കൂട്ടി. ബാക്കി 60000 രൂപ ലോണെടുത്തു. അങ്ങനെ എന്റെ സ്വപ്‌നം യാഥാര്‍ഥ്യമായി. ബൈക്ക് ലഭിച്ചതോടെ അമ്മയെ തിരികെ ലഭിച്ച പോലെയായിരുന്നു. ബൈക്ക് അങ്ങനെ ആംബുലന്‍സായി. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ തുടങ്ങി. ആദ്യം 14 കിലോമീറ്റര്‍ അപ്പുറമുള്ള മാള്‍ബസാര്‍ സബ് ഡിവിഷണ്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഗുരുതരാവസ്ഥയിലുള്ള രോഗികളാണെങ്കില്‍ 45 കിലോമീറ്റര്‍ അപ്പുറമുള്ള ജല്‍പാൽഗുഡി ആശുപത്രിയില്‍ എത്തിക്കും. ഏറെ പ്രതികൂല സാഹചര്യങ്ങള്‍ കടന്ന് വേണം ജല്‍പാൽഗുഡിയില്‍ എത്താന്‍. പോകുന്ന വഴി ആനയടക്കമുള്ള കാട്ടാനകളുണ്ടാവും.
ഇതിനെയെല്ലാം അതിജീവിച്ചാണ് ഞാന്‍ ആംബുലന്‍സ് സര്‍വീസ് നടത്തിയത്. പക്ഷെ ഒരിക്കലും ഇതെനിക്കൊരു ബാധ്യതയായി തോന്നിയില്ല. അമ്മയ്ക്ക് വേണ്ടി ചെയ്യുന്ന പുണ്യകര്‍മങ്ങളില്‍ ഒന്നു മാത്രമായി കണക്കാക്കി. ആവശ്യക്കാര്‍ വിളിക്കുമ്പോള്‍ രാവെന്നോ പകലെന്നോ നോക്കാതെ ബൈക്കുമെടുത്ത് പുറപ്പെടും. പലരും ആദ്യ ഘട്ടത്തില്‍ പരഹസിച്ചു. ഇതിനെ എങ്ങനെ ആംബുലന്‍സ് എന്ന് വിളിക്കുമെന്നും കുടുംബത്തിന്റെ കാര്യം നോക്കി ജീവിക്കാനും ഉപദേശിച്ചു. പക്ഷേ, എന്റെ ലക്ഷ്യം അമ്മയോടുള്ള പ്രായശ്ചിത്തമായിരുന്നു. പലപ്പോഴും ആംബുലന്‍സില്‍ നിന്ന് രോഗികള്‍ മരിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ബൈക്കില്‍ യാത്ര ചെയ്യവേ റോഡ് സൈഡില്‍ വെച്ച് ഒരു സത്രീ പ്രസവിച്ചു. കുഞ്ഞിനേയും സ്ത്രീയേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിത രക്തസ്രാവം വന്ന് സ്ത്രീ മരിച്ചു. ഇതിനെല്ലാം കാരണം നാട്ടില്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനവും ഗതാഗത സംവിധാനവും ഇല്ലാത്തത് കൊണ്ടു കൂടിയായിരുന്നു.

- എങ്ങനെയായിരുന്നു ചെറുപ്പം?
ദാരിദ്ര്യം മാത്രമായിരുന്നു കുടുംബത്തില്‍. പശ്ചിമബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയില്‍ ജനനം. പിതാവ് നാലുവ മുഹമ്മദ് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. അമ്മ ജഫുറുന്നീസ ഇടയ്ക്ക് വീട്ട് ജോലിക്ക് പോവും.വയറ് നിറയുന്ന ദിവസങ്ങള്‍ വിരളമായിരുന്നു. അങ്ങനെയൊരു ദിവസത്തെ കുറിച്ച് പലപ്പോഴും സ്വപ്‌നം കണ്ടിരുന്നു. എനിക്ക് പുറമെ രണ്ട് സഹോദരന്‍മാര്‍ കൂടിയുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ ആകെ വഴക്കുണ്ടായത് ഭക്ഷണത്തിന് വേണ്ടി മാത്രമായിരുന്നു. വിശന്ന് വലയുമ്പോള്‍ മറ്റാരേയും കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. ചില സമയങ്ങളിള്‍ ഒരാഴ്ചയോളമൊക്കെ എന്തെങ്കിലും കഴിച്ചെന്ന് വരുത്തിച്ച് മുണ്ടുമുറുക്കിയുടുത്ത് നടന്നിട്ടുണ്ട്. ഉടുക്കാന്‍ നല്ല വസ്ത്രമുണ്ടായിരുന്നില്ല. എന്റെ ട്രൗസറിന്റെ പിറകില്‍ കീറലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കരിമുലിന്റെ ട്രൗസറില്‍ രണ്ട് ലൈറ്റുകള്‍ ഫിറ്റാക്കിയിരിക്കുന്നുവെന്ന് പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കിയിരുന്നു. ബനിയന്റെ രണ്ട് കൈകള്‍ക്കിടയിലൂടെ കാല് കടത്തി നാണം മറച്ചിട്ടുണ്ട്.
ഈദ് ആയിരുന്നു കൂടുതല്‍ ദുരിതം നല്‍കിയിരുന്ന കാലം. എപ്പോള്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും ഈദിന് എല്ലാവരും ഭക്ഷണം കഴിക്കുമായിരുന്നു. എന്റെ കാര്യത്തില്‍ അതും ഉണ്ടായില്ല. എല്ലാവരും രുചികരമായ ഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങള്‍ പട്ടിണി കിടുന്നു. എല്ലാവരും നല്ല വസ്ത്രമണിഞ്ഞപ്പോള്‍ ഞാന്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരിച്ചു. പെരുന്നാള്‍ ദിനത്തില്‍ പോലും മക്കള്‍ക്ക് കീറാത്ത വസ്ത്രം പോലും കൊടുക്കാനാവാത്തതില്‍ സങ്കടപ്പെടുന്ന അമ്മയുടെ മുഖം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ വസ്ത്രം വാങ്ങിക്കാന്‍ കഴിയാത്ത എന്റെ പ്രദേശത്തെ പാവപ്പെട്ട സത്രീകള്‍ക്ക് ഞാന്‍ വസ്ത്രം വാങ്ങിക്കൊടുക്കാറുണ്ട്്. അതും അമ്മയോടുള്ള ഓര്‍മയ്ക്കായിട്ടാണ്.
- പത്മശ്രീ കിട്ടിയപ്പോള്‍ സന്തോഷമായിരുന്നോ?
2017 ജനുവരി 23 ന് ആയിരുന്നു ആ സംഭവമുണ്ടായത്. അന്ന് രണ്ട് സംഭവമുണ്ടായി. തന്റെ സുഹൃത്തും വഴികാട്ടിയും ഗുരുവുമെല്ലാമായിരുന്ന ഗ്രാമീണ ആരോഗ്യമേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഡോക്ടര്‍ ഖെയ്താല്‍ ബര്‍മന്‍ മരണത്തോട് മല്ലിടുന്ന സമയമായിരുന്നു അത്. അദ്ദേഹത്തെ കാണാന്‍ പോവുന്നതിനിടെ എനിക്കൊരു ഫോണ്‍വിളിയെത്തി. ഹലോ ജയ്പായ്ഗുഡിലെ ബൈക്ക് ആംബുലന്‍സ് ദാദയല്ലേ എന്നായിരുന്നു ചോദ്യം. അതെ എന്ന് പറഞ്ഞപ്പോള്‍ പത്മശ്രീകിട്ടിയിരിക്കുന്നുവെന്ന് മറുപടി വന്നു. പത്മശ്രീ എന്ന് കേട്ടപ്പോള്‍ ഞാന്‍ കരുതി ഏതോ സ്ത്രീയുടെ പേരാണെന്നും അവര്‍ക്ക് എന്തോ അപകടം പറ്റിയിട്ടാണ് വിളിക്കുന്നതെന്നുമായിരുന്നു. റെഡിയായി നില്‍ക്കാനും ഞാന്‍ പെട്ടെന്ന് വണ്ടി അറേഞ്ച് ചെയ്ത് തരാമെന്നും പറഞ്ഞ് ഫോണ്‍ വെച്ചു. അധികം കഴിയാതെ മാധ്യമങ്ങള്‍ എന്നെ തേടിയെത്തി. പക്ഷെ എന്താണ് പത്മശ്രീ അവാര്‍ഡ് എന്ന് ഞാന്‍ ആ സമയം വരെ കേട്ടിരുന്നില്ല. എന്തിനാണ് ഇത് നല്‍കുന്നതെന്നും ഇതിന് പണം കൊടുക്കേണ്ടി വരുമോ എന്നൊക്കെ ചിന്തിച്ചു.

ഏറെ നേരം കഴിഞ്ഞ് ടി.വിയില്‍ വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യത്തെ കുറിച്ച് എനിക്ക് അല്‍പ്പമെങ്കിലും ധാരണയുണ്ടായത്. ആദ്യമായി വിമാനത്തില്‍ കയറിയും രാഷ്ട്രപതി മന്ദിരം കണ്ടതൊക്കെ ഒരു സിനിമാക്കഥപോലെയാണ് എനിക്ക് തോന്നിയത്. ഇതേ ദിവസം തന്നെ ഡോ.ഖെയ്താല്‍ ബെര്‍മന്‍ മരിക്കുകയും ചെയ്തു. അത് വലിയ സങ്കടമായിരുന്നു ബാക്കി വെച്ചത്. കാരണം ബെര്‍മനായിരുന്നു ബൈക്ക് ആംബുലന്‍സിന്റെ കാര്യത്തിനെല്ലാം അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നത്. എനിക്ക് ലഭിച്ച അംഗീകാരത്തിന്റെ ഒരു പങ്ക് വഹിക്കേണ്ട ആള്‍ കൂടിയായിരുന്നു എന്നെ വിട്ടുപോയത്.
ബൈക്ക് ആംബുലന്‍സിന് പുറമെ ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്രം, അഗതി മന്ദിരം, പ്രാഥമിക ചികിത്സാ കേന്ദ്രം എന്നിവയെല്ലാം ഇപ്പോള്‍ ഞാന്‍ നടത്തുന്നുണ്ട്. ബൈക്ക് ആംബുലന്‍സുമായി സ്ഥിരമായി യാത്ര നടത്തേണ്ടതിനാല്‍ പലപ്പോഴും തേയിലത്തോട്ടത്തില്‍ ജോലിക്ക് പോവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും എന്റെ സേവനത്തെ മാനിച്ച് ഇപ്പോഴും ആ തേയിലത്തോട്ടമുടമ എന്റെ ശമ്പളം നല്‍കുന്നു. ഇത് വലിയ ആശ്വാസമാണ് എനിക്ക് നല്‍കുന്നത്. പണ്ട് തന്റെ പ്രദേശമായ ധാലാബാരിയിലാണ് ബൈക്ക് സര്‍വീസ് നടത്തിയതെങ്കില്‍ ഇന്ന് ജയ്പാല്‍ഗുഡി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കരീമുല്‍ ഹഖ് തന്റെ സൗജന്യ ബൈക്ക് ആംബുലന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.
- രോഗികള്‍ക്കായി ചികിത്സാ പഠനവും നടത്തിയോ?
ബൈക്ക് ആംബുലന്‍സില്‍ രോഗികള്‍ ആശുപത്രിയിലെത്തുമ്പോഴേക്കും ചിലപ്പോള്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ എനിക്ക് പ്രഥമശുശ്രൂഷയ്ക്കുള്ള പരിശീലനം തന്നു. സ്റ്റെതസ്‌കോപ്പ് ഉപയോഗം, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധന, രക്തസമ്മര്‍ദം, പെട്ടെന്നുണ്ടാവുന്ന അപകടത്തില്‍ മുറിവുണ്ടയാല്‍ എങ്ങനെ തുന്നണം, എങ്ങനെ മരുന്ന് ഉപയോഗിക്കണം ഇതൊക്കെ ഡോക്ടര്‍മാര്‍ പരിശീലനം നല്‍കി. ഹൃദയസ്തഭനം, ഹൃദയത്തകരാര്‍, മസ്തിഷ്‌ക്കാഘാതം എന്നിവയെ കുറിച്ചൊക്കെ പറഞ്ഞുതന്നു. ഇത്തരം സമയത്ത് എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ചെയ്യരുതെന്നും പഠിപ്പിച്ചു തന്നു. അങ്ങനെ ആത്മവിശ്വാസത്തോടെ ഞാന്‍ രോഗികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്യുന്നു. ഒടുവില്‍ എനിക്കൊരും പേരും വന്നു, ബൈക്ക് ആംബുലന്‍സ് ദാദ.
Content Highlights: kareemul haq cycle ambulance dada
Published: 04 Feb 2023, 07:28 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented