തിരുവനന്തപുരം: വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള എഴുത്തുകാരുടെ കൃതികളിലൂടെ അവരുടെ ദേശത്തെ നമുക്ക് ദര്‍ശിക്കാനാവും. തങ്ങളുടെ സംസ്ഥാനത്തെ ബാധിച്ച ബുദ്ധിമുട്ടുകള്‍ തുറന്നു കാണിക്കാന്‍ സാഹിത്യകാരന്മാര്‍ പ്രതിബദ്ധരാണ്.
അത്തരം നിരവധി എഴുത്തുകാരില്‍ ഒരാളാണ് അസമില്‍ നിന്നുള്ള ജാഹ്നവി ബറുവ. അവരുടെ ആദ്യ പുസ്തകമായ നെക്സ്റ്റ് ഡോര്‍, ഫ്രാങ്ക് ഒ' കോണര്‍ അന്താരാഷ്ട്ര ചെറുകഥാ അവാര്‍ഡിനുള്ള ലോങ്ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. മറ്റൊരു കൃതിയായ റീബര്‍ത്ത്, മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസിനും കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പുരസ്‌കാരത്തിനും, മൂന്നാമത്തെ പുസ്തകം അണ്ടര്‍ടൗ, ജെസിബി സാഹിത്യ പുരസ്‌കാരത്തിനും പരിഗണിക്കപ്പെട്ടു.
അസമിന്റെ ശബ്ദമാകാനല്ല ജാഹ്നവിയുടെ ആഗ്രഹം. 'ഒരു സാഹിത്യകാരന്‍ എഴുതുമ്പോള്‍, അവരുടെ ചുറ്റുപാടുകളിലും ബാല്യകാലത്തും അവര്‍ കണ്ട കാര്യങ്ങള്‍ എഴുത്തില്‍ വരുന്നു. 15 വര്‍ഷം മുമ്പ് ഞാന്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ അസമില്‍ നിന്ന് അധികം ആളുകള്‍ ദേശീയതലത്തില്‍ എഴുതിയിരുന്നില്ല,' അവര്‍ പറഞ്ഞു.
'പ്രക്ഷുബ്ധമായ ചുറ്റുപാട് കാരണം അസമില്‍ സംഭവിച്ച നല്ല കാര്യങ്ങളൊന്നും വെളിപ്പെടുന്നില്ല. ഇന്ന് ഈ പ്രദേശത്തു നിന്ന് ധാരാളം എഴുത്തുകാര്‍ ഉണ്ട്, പലരുടേയും പുസ്തകങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു.
വടക്കുകിഴക്കന്‍ മേഖല അവഗണന നേരിടുന്നുന്നുണ്ടെന്നും അതാണ് എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമെന്നും ജാഹ്നവി തുറന്നു സമ്മതിക്കുന്നു. 'അസമിലെ ഏതൊരാളും സാഹിത്യലോകത്തുള്ള മറ്റുള്ളവരില്‍ നിന്ന് ഒരു പടി പിറകിലാണ്. അവര്‍ പല തലങ്ങളിലും അവഗണിക്കപ്പെടുന്നു. എഴുത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ വളരെ പിന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. എഴുത്തുകാര്‍ അംഗീകരിക്കപ്പെടുന്നുണ്ട്. സാഹിത്യ പ്രതിഭകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണം.'
ഓരോ സംസ്ഥാനത്ത് നിന്നുള്ള എഴുത്തുകാരെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനു പകരം വടക്കുകിഴക്കന്‍ എഴുത്തുകാര്‍ എന്ന പദം പൊതുവായി ഉപയോഗിക്കുന്ന രീതി നിരന്തരം ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.
'ഈ പ്രദേശങ്ങളെ കുറിച്ച് കാര്യമായി അറിയാത്ത സമയത്താണ് അത്തരം പരാമര്‍ശങ്ങള്‍ തുടങ്ങിയത്. അക്കാലത്ത്, വടക്കുകിഴക്കന്‍ പ്രദേശത്തെക്കുറിച്ച് വളരെ കുറച്ച് മാത്രമേ മറ്റുള്ളവര്‍ക്ക് അറിയുമായിരുന്നുള്ളൂ, അവിടെ ഒരു അവ്യക്തത നിലനിന്നിരുന്നു. ഇപ്പോള്‍ എല്ലാ പ്രദേശങ്ങളും അറിയപ്പെട്ടു തുടങ്ങി. വ്യത്യസ്ത സ്വത്വങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാം പതിയെ മാറും,' അവര്‍ അഭിപ്രായപ്പെട്ടു.
ജാഹ്നവിയുടെ ഏറ്റവും പുതിയ പുസ്തകമായ അണ്ടര്‍ടൗ 2020 ഇല്‍ ലോക്ക്ഡൗണ്‍ സമയത്താണ് പുറത്തിറങ്ങിയത്. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട അതേ ആഴ്ച തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ പുസ്തകം 80-കളിലെ കാലഘട്ടത്തെക്കുറിച്ചാണ് സംവദിക്കുന്നത്.
വടക്കുകിഴക്കന്‍ മേഖലയിലെ ആളുകള്‍ തീരെ ശ്രദ്ധിക്കപ്പെടുന്നില്ല. ഈ അവസ്ഥ മാറ്റാന്‍ എഴുത്തുകാരുടെ പരിശ്രമത്തിനു സാധിക്കും-ജാഹ്നവി അഭിപ്രായപ്പെട്ടു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷാ എഴുത്തുകാരും ഇംഗ്ലീഷ് ഭാഷാ എഴുത്തുകാരും ഒരുപോലെയുണ്ട്. ഇംഗ്ലീഷ് പരക്കെ വ്യാപിച്ചിരിക്കുന്നതിനാല്‍ ആളുകള്‍ ഇംഗ്ലീഷില്‍ നന്നായി സംസാരിക്കുന്നു, ധാരാളം പേര്‍ എഴുതുകയും ചെയ്യുന്നു.
വായനയെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്നതിനാല്‍ ജാഹ്നവി വളരെ ചെറുപ്പത്തില്‍ തന്നെ വായിക്കാന്‍ തുടങ്ങിയിരുന്നു. 'നന്നായി പഠിച്ചാല്‍, നിങ്ങള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും' എന്ന് പറഞ്ഞാണ് ജാഹ്നവിയുടെ മാതാപിതാക്കള്‍ വായനയെ പ്രോത്സാഹിപ്പിച്ചത്. ഇപ്പോള്‍ അനിത ദേശായിയുടെ ഫയര്‍ ഓണ്‍ ദി മൗണ്ടന്‍ എന്ന പുസ്തകത്തിന്റെ പുനര്‍വായനയിലാണെന്നു ജാഹ്നവി പറയുന്നു.
ഒരു ഡോക്ടറാണെങ്കിലും, ജാഹ്നവി എഴുത്തിനോടുള്ള ആഭിമുഖ്യം കാരണമാണ് സാഹിത്യകാരിയായത്. 'ഞാന്‍ ചിന്തിക്കുന്നത് പതുക്കെയാണെങ്കിലും എന്റെ എഴുത്ത് വളരെ വേഗം നടക്കും,' തന്റെ അടുത്ത പുസ്തകത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജാഹ്നവി പറഞ്ഞു.
Content Highlights: Jahnavi Barua north east literature at mbifl2023
Published: 03 Feb 2023, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented