ന്ത്യൻ എഴുത്തുകാരെ വായിച്ചതിൽ ടാഗോർ, അരുന്ധതി റോയി, അനിത ദേശായി, കിരൺ ദേസായി എന്നിവരുടെ കൃതികൾ തനിക്കിഷ്ടമാണെന്ന്‌ ബുക്കർ സമ്മാന ജേതാവും ഒമാനി എഴുത്തുകാരിയുമായ ജോക്ക അൽഹാർത്തി. ഭൂതകാലത്തെ തമസ്‌ക്കരിക്കാതെ, ധൈര്യം ലവലേശം ചോരാതെ ധീരതയോടെ തന്നെ എഴുത്തുകാർ എഴുത്ത് തുടരണമെന്ന അഭിപ്രായക്കാരിയാണ് താന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  ശക്തരായ സ്ത്രീകഥാപാത്രങ്ങളാണ് തന്റെ നോവലുകളിലെങ്കിലും ഫെമിനിസ്റ്റ് എന്ന ലേബലിലല്ല, പകരം എഴുത്തുകാരി എന്നറിയാനാണ് താൻ കൂടുതൽ താത്പര്യപ്പെടുന്നതെന്നും ജോക്ക പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയതാണ് ജോക്ക.

To advertise here,

മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് ലഭിക്കുന്ന ആദ്യ അറബ് സാഹിത്യ കൃതിയാണ് സെലസ്റ്റിയൽ ബോഡി. ഒരു സാഹിത്യകാരി എന്ന നിലയ്ക്കും ഒരു വ്യക്തി എന്ന നിലയിലും എന്തെല്ലാം മാറ്റങ്ങളാണ് ബുക്കർ കൊണ്ടു വന്നത്.... ?

ബുക്കർ പ്രൈസ് ലഭിച്ചതിനു ശേഷം ഒരുപാട് പേർ എന്റെ കൃതികൾ വായിച്ചുവെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. മാത്രമല്ല അറബ് സാഹിത്യത്തിലും ഈ ബുക്കർ സമ്മാനത്തിനു ശേഷം ഒരുപാടു പേർക്ക് താത്പര്യം വർധിച്ചു. അതിനു ശേഷം ചില ഒമാനി നോവലുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ചിലത് വിവർത്തനം ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. വായനക്കാരെയും പബ്ലിഷർമാരെയും ഒമാനി സാഹിത്യത്തിലേക്കും അറബ് സാഹിത്യത്തിലേക്കും താത്പര്യം ക്ഷണിക്കാൻ പുരസ്‌കാരം സഹായിച്ചിട്ടുണ്ട്. അറബ് ലോകത്ത് നിന്ന് ഒരു സാഹത്യകാരിയുടെ ശബ്ദം കേൾക്കാൻ ലോകം ആഗ്രഹിക്കുന്നുവെന്നതും തീർത്തും സന്തോഷകരമാണ്. പക്ഷെ അതേസമയം തന്നെ നമ്മുടെ പുതിയ സൃഷ്ടികളിൽ നിന്ന് ആളുകൾ കൂടുതൽ പ്രതീക്ഷിക്കുന്നുവെന്നത് സമ്മർദ്ദം നൽകുന്നുമുണ്ട്. എന്റെ നാലാമത്തെ നോവൽ പ്രസിദ്ധീകരിച്ചപ്പോൾ അത് പലരുടെ സൃഷ്ടികളുമായും താരതമ്യം ചെയ്യപ്പെട്ടു. 20ലധികം ഭാഷകളിലേക്ക് എന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടതും വിവിധ ഭാഷ,മത,ദേശങ്ങളിലുള്ളവർ അത് വായിക്കുന്നുവെന്നതും സന്തോഷകരമാണ് പക്ഷെ ചിലപ്പോഴെങ്കിലും അത് നമ്മുടെ പുതിയ സൃഷ്ടികൾക്ക് ബാധ്യതയും സമ്മർദ്ദവും സൃഷ്ടിക്കുന്നുണ്ട്.

വ്യക്തി ജീവിതത്തിലെന്ത് മാറ്റമാണ് കൊണ്ടുവന്നത്. സെലസ്റ്റ്യൽ ബോഡീസ് രചിക്കുമ്പോൾ മോൾക്ക് എട്ട് മാസം മാത്രമായിരുന്നില്ലേ പ്രായം...?

യൂണിവേഴ്‌സിറ്റിയിലെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ച ശേഷം വീട്ടിലെത്തിയാലും മോളുറങ്ങിയ രാത്രി സമയങ്ങളിലാണ് ഞാൻ എന്റെ രചന നടത്തിയത്. എന്റെ മോൾക്ക് ഒരു വയസ്സുള്ളപ്പോൾ എനിക്കൊരുപാട് യാത്രചെയ്യേണ്ടി വന്നു. ഭർത്താവും സഹോദരിമാരും സഹായിച്ചാണ് ഞാൻ യാത്രചെയ്തത്. അന്ന് അവളെ വിട്ടു പിരിയുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പല രാജ്യങ്ങളിൽ നിന്ന് ഒട്ടനവധി ക്ഷണങ്ങൾ ലഭിക്കുമ്പോൾ എല്ലാമൊന്നും സ്വീകരിക്കുക എന്നത് ഞാനെന്ന സ്ത്രീയുടെ ജീവിതസാഹചര്യങ്ങൾക്ക് അത്ര പ്രായോഗികമായ കാര്യമായിരുന്നില്ല.

മറ്റേത് തൊഴിലും പോലെ തന്നെ സാഹിത്യ മേഖലയിലും സ്ത്രീകൾക്ക് പിടിച്ചു നിൽക്കാൻ പുരുഷ എഴുത്തുകാരേക്കാൾ കൂടുതൽ പരിശ്രമിക്കേണ്ടതുണ്ടല്ലോ. എങ്കിലേ സുസ്ഥിരമായ ഒരു ഇടം സാഹിത്യമേഖലയിൽ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. ആ ആർഥത്തിൽ താങ്കളുടെ സാഹിത്യ യാത്ര എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു.....?

ഇതൊരൽപം സങ്കീർണ്ണമായ കാര്യമാണ്. പലപ്പോഴും നിങ്ങൾ വളർന്നു വന്ന ചുറ്റുപാടിനെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെ പിന്തുണയെയും ആശ്രയിച്ചിരിക്കും ഒരു സ്ത്രീയെ സംബന്ധിച്ച് അവരുടെ സാഹിത്യ ജീവിതം. എനിക്കറിയാവുന്ന ഡോക്ടറായ ഒരെഴുത്തുകാരനുണ്ട്. ഒരേസമയം ഡോക്ടറായിരിക്കുന്നതും എഴുത്തുകാരനായിരിക്കുന്നതും ഒരിക്കലും ബുദ്ധിമുട്ടുള്ള കാര്യമല്ല അദ്ദേഹത്തിന്. പകൽ സമയങ്ങളിൽ ഡോക്ടറായി പണിയെടുത്ത് പിന്നീട് ഒരു കഫയിൽ പോയിരുന്ന് ആറുമണിക്കൂറോളം നേരം ദിവസവും ചിലവഴിച്ച് കഥയെഴുത്തിനുള്ള ആശയം കണ്ടെത്താനും കഥയെഴുതാനും സമയം ചിലവഴിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അവർക്കത് ചെയ്യാം കാരണം അവരുടെ കുട്ടികളെ നോക്കാൻ വീട്ടിൽ മറ്റൊരാളുണ്ട്. അവരുടെ ആവശ്യങ്ങൾ ചെയ്തു കൊടുക്കാനും സ്‌കൂളിൽ പോകുന്ന കുട്ടികളാണെങ്കിലും അവരുടെ പഠനവും ഹോംവർക്കുകളും ഒക്കെ നോക്കാനും വീട്ടിലാളുണ്ട്. നിങ്ങൾക്ക് ആറോ ഏഴോ മണിക്കൂർ ചിലവഴിച്ച് ആർട് കഫെയിൽ പോയി നോവലെഴുതാം. എനിക്കതു പറ്റില്ല. 18ഉം 14ഉം നാലും വയസ്സുള്ള മൂന്ന് കുട്ടികളുണ്ട് എനിക്ക്.

വളരെ ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് നോവലിലുള്ളത്. നോവലിലെ മൂന്ന് സഹോദരി കഥാപാത്രങ്ങളിൽ ആരോടാണ് എഴുത്തുരിക്ക് കൂടുതൽ അടുപ്പം തോന്നിയത്.....?

എല്ലാ കഥാപാത്രങ്ങളോടും തന്നെ താദാത്മ്യപ്പെടാൻ എനിക്കായിട്ടുണ്ട്. പക്ഷെ ആ മൂന്ന് സഹോദരിമാരോടല്ല പകരം അബ്ദള്ളയെന്ന പുരുഷകഥാപാത്രത്തെയാണ് വ്യക്തിപരമായി എനിക്കൽപം കൂടി അടുപ്പം തോന്നിയത്. ഒരുപാട് മനസ്സിലാലോചിച്ച് രൂപപ്പെടുത്തിയെടുത്ത കഥാപാത്രമാണ് അബ്ദള്ള. അദ്ദേഹം എല്ലാ മേഖലയിലും വിജയിച്ച ഒരു വ്യക്തിയാണെന്ന് പുറത്ത് നിന്ന് തോന്നുമെങ്കിലും വളരെ വൾണറബിൾ ആയ കഥാപാത്രമാണ് അബ്ദള്ള. പാട്രിയാർക്കിയുടെ ഇര സ്ത്രീകൾ മാത്രമല്ല. കുടുംബത്തിൽ സർവ്വാധിപത്യമുള്ള പിതാവിന്റെ പരുഷമായ പെരുമാറ്റത്തിന്റെയും സമീപനത്തിന്റെയും ഇരയാണ് അബ്ദള്ള. അച്ഛൻ എന്ന സർവ്വാധിപതിയുടെ തീരുമാനങ്ങളിൽപെട്ട് സംഘർഷഭരിതമായ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വിധിക്കപ്പെട്ടയാൾ.

നോവലിൽ പ്രസവത്തിനായി മയ്യ ആശുപത്രിയിൽ പോകാൻ തയ്യാറെടുക്കുമ്പോൾ ആശുപത്രിയിലെ ഇന്ത്യൻ ഡോക്ടർമാർ നിങ്ങളുടെ ശരീരം മുഴുവൻ കാണുമെന്ന് പറയുന്ന ഒരു രംഗമുണ്ടല്ലോ. ആശുപത്രിയിൽ പോയാൽ ഡോക്ടർമാർ നിങ്ങടെ ശരീരം കാണുമെന്ന ആശങ്ക ഇപ്പോഴും ഒമാനിലെ സ്ത്രീകൾ വെച്ചു പുലർത്തുന്നുണ്ടോ......?

ഇക്കാലത്ത് എന്തായാലും അത്തരമൊരു ചിന്താഗതി സ്ത്രീകൾക്കിടയിൽ ഇല്ല. വീട്ടിൽ പ്രസവിച്ച് ശീലിച്ച സ്ത്രീകളെ സംബന്ധിച്ച് ആദ്യമായി ആശുപത്രി തുറന്നപ്പോൾ അവരുടെ സ്വകാര്യഭാഗങ്ങളൊക്കെ ആശുപത്രിയിലുള്ളവർ കാണുക എന്നത് അവരെ സംബന്ധിച്ച് അത്രവേഗം ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമായിരുന്നില്ല. എന്നാൽ ഇന്നങ്ങനെയല്ല ലോകം ഒരുപാട് മുന്നോട്ടു പോയി. അതിനൊപ്പം ഒമാനിലെ മനുഷ്യരും സ്ത്രീകളും.

സെൻസിറ്റീവ് വിഷയങ്ങളായ അടിമജീവിതങ്ങളെ നോവലിൽ വരച്ചു കാണിച്ചത് അനുചിതമാണെന്നും ഇന്ന അടിമജീവിതം ഒമാനിലില്ല എന്ന തരത്തിൽ ചില അഭിപ്രായങ്ങൾ വന്നിരുന്നുവല്ലോ. അതിനുള്ള മറുപടി എന്താണ്....?

സെൻസിറ്റീവ് ആയ വിഷയങ്ങൾ ചർച്ചയാക്കേണ്ടത് സാഹിത്യത്തിന്റെ ധർമ്മമെമെന്ന് കരുതുന്നയാളാണ് ഞാൻ. ഭൂതകാലത്തെ അംഗീകരിക്കാതെ ഭൂതകാലത്തെ വായിക്കാതെയും മനസ്സിലാക്കാതെയും എങ്ങനെയാണ് വർത്തമാനകാലത്തിൽ നമുക്ക് ജീവിക്കാനാവുക. ഭൂതകാലത്തെ തമസ്‌കരിച്ചൊരു ഒരു ഭാവിയുണ്ടോ. ധൈര്യം ചോർന്നു പോവാതെ ധീരതയോടെ തന്നെ എഴുത്തുകാർ എഴുത്ത് തുടരണമെന്ന അഭിപ്രായക്കാരിയാണ് ഞാൻ.

വളരെ ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് നോവലിലുള്ളത്. പക്ഷെ ഞാനൊരു ഫെമിനിസ്റ്റല്ല എന്ന് താങ്കൾ എവിടെയോ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഫെമിനിസത്തെ കുറിച്ചുള്ള താങ്കളുടെ സങ്കൽപം വിശദീകരിക്കാമോ.?

ലിംഗവ്യത്യാസമില്ലാത്ത തുല്യനീതിയാണ് ഫെമിനിസം കൊണ്ടർഥമാക്കുന്നത്. ഞാനൊരു ഫെമിനിസ്റ്റല്ലെന്നല്ല പകരം ഫെമിനിസ്റ്റ് എന്ന ലേബലിനപ്പുറത്ത് എഴുത്തുകാരി എന്ന ലേബലിൽ അറിയപ്പെടാനാണ് ഞാനാഗ്രഹിക്കുന്നതെന്നേ അതിനർഥമുള്ളൂ. സ്വതന്ത്രയായ എഴുത്തുകാരിയായിരിക്കാനാണ് എനിക്കിഷ്ടം

22ഓളം ഭാഷകളിൽ തർജ്ജമ ചെയ്ത് വിവിധ മത ദേശക്കാർ താങ്കളുടെ പുസ്തകം വായിച്ചുവെന്ന് നേരത്തെ പറഞ്ഞല്ലോ. വിവിധ സംസ്‌കാരങ്ങളിലും രാജ്യങ്ങളിലുമുള്ളവർ എത്ര വ്യത്യസ്തമായാണ് നോവലിനെ ദർശിച്ചതെന്ന് നിരീക്ഷിച്ചിട്ടുണ്ടോ....?

അമേരിക്കൻ ജീവിതങ്ങളിൽ അധികം കണ്ടുമുട്ടുന്ന സ്ത്രീകളല്ല സെലസ്റ്റിയൽ ബോഡിയിയിലുള്ളത്. അവർക്ക് ഇത്തരം സ്ത്രീകളെ പരിചയമില്ല.പക്ഷെ അറബ് ജീവിതങ്ങളെങ്ങനെയെന്ന് അറിയാനാണ് അവർ ഞങ്ങളുടെ പുസതകം വായിക്കുന്നത്.  എന്നാൽ ഇന്ത്യൻ വായനക്കാർ പറഞ്ഞത് ഇന്ത്യൻ സ്ത്രീകളുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളാണ് നോവലിലേതെന്നാണ്. ഇതിലുള്ള പലരും ഇന്ത്യൻ സ്ത്രീകഥാപാത്രങ്ങളാണെന്ന പ്രതികരണമാണ് എനിക്ക് ഇന്ത്യൻ വായനക്കാരിൽ നിന്ന് ലഭിച്ചത്. സ്റ്റിരിയോടൈപ്പുകളെ പൊളിക്കുന്ന കഥാപാത്രങ്ങളാണ് നോവലിലുള്ളതെന്ന് പറഞ്ഞവരുണ്ട്. അതേസമയം ബുക്കർ നേടിയെന്നതിൽ ഒമാനിജനത സന്തുഷ്ടരാണ്. അവിടത്തെ യുവജനങ്ങളത്രയേറെ വായിച്ചു. പക്ഷെ അടിമ ജീവിതം പോലുള്ളവയെ നോവലിലൂടെ പരാമർശിച്ചതിന് അസന്തുഷ്ടരായവരും ഒമാനി സമൂഹത്തിലുണ്ട്.

ഇന്ത്യയിലുള്ളതുപോലെ തന്നെ ആണുങ്ങൾ ഭരിക്കുന്ന വീടുകൾ തന്നെയാണോ ഒമാനിലിപ്പോഴും ഉള്ളത്. അത്തരം പാട്രിയാർക്കൽ കുടുംബ സങ്കൽപങ്ങളിൽ അവിടെ മാറ്റങ്ങളെന്തെങ്കിലുമുണ്ടായിട്ടുണ്ടോ?

വിദ്യാഭ്യാസം വലിയ മാറ്റങ്ങൾ സമൂഹത്തിന് കൊണ്ടുവരുന്നുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിച്ചു തുടങ്ങി. അവർ വിദ്യാഭ്യാസം നേടാനായി വിദേശത്തേക്ക് വരെ പോയി തുടങ്ങി.

ഇന്ത്യൻ സാഹിത്യം പരിചയമുണ്ടോ. ഇഷ്ടപ്പെട്ട ഇന്ത്യൻ എഴുത്തുകാരാരാണ്. മലയാളീ എഴുത്തുകാരുടെ ഏതെങ്കിലും കൃതികൾ വായിച്ചിട്ടുണ്ടോ....?

അരുന്ധിതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്ങ്‌സും മിനിസ്ട്രി ഓഫ് അറ്റ്‌മോസ്‌ ഹാപ്പിനസ്സും വായിച്ചിട്ടുണ്ട്. കിരൺ ദേശായി അനിത ദേശായിയുടെ എഴുത്തുകൾ ഇഷ്ടമാണ്. ടാഗോറിനെയും വായിച്ചിട്ടുണ്ട്. അറബിക്കിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കെ.പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥയാണ് ഞാൻ വായിച്ച മലയാളം കൃതി.

ആദ്യമായാണോ കേരളത്തിലേക്ക്. ഇന്ത്യയിൽ മറ്റിടങ്ങളിൽ യാത്ര ചെയ്തയാളെന്ന നിലയ്ക്ക് കേരളത്തിലിഷ്ടമെന്താണ്...?

ആലപ്പുഴയിലും മൂന്നാറിലും കോഴിക്കോടും ഞാൻ വന്നിട്ടുണ്ട്. ഇന്ത്യയിൽ ജയ്പുരിൽ ഞാൻ വന്നിട്ടുണ്ട്. ജയ്പുരും കേരളവും തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്നാൽ അവിടെ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വ്യത്യാസം കാഴ്ചയിൽ പ്രകടമാണ്. വീടില്ലാത്ത ദരിദ്രരായ അനേകം പേരെ അവിടെ കാണാം. പക്ഷെ കേരളത്തിൽ ജയ്പുരിലേത് പോലെ ഏതാണ്ട് എല്ലാവരുടെയും ജീവിതനിലവാരം തമ്മിൽ വലിയ അന്തരമില്ലെന്ന് തോന്നിയിട്ടുണ്ട്.