കഥയും നോവലും മാത്രമല്ല കാലാവസ്ഥയെക്കുറിച്ചും ആലോചിക്കുകയും എഴുതുകയും ചെയ്യുന്ന എഴുത്തുകാരനാണ് ജ്ഞാനപീഠജേതാവുകൂടിയായ അമിതാവ് ഘോഷ്. 'ഹംഗ്രി ടൈഡ്' എഴുതി വായനക്കാരെ വിസ്മയിപ്പിച്ചയാള്‍തന്നെയാണ് 'The Great Derangement: Climate Change and the unthinkable', ജാവയ്ക്കടുത്തുള്ള ബാന്‍ഡ് ദ്വീപുകളെ അധികരിച്ചുള്ള 'The nutmeg's Curse' എന്നിവ എഴുതിയത്. 

To advertise here,

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തുമ്പോള്‍ അമിതാവ് ഘോഷിന് അത് തന്റെ യൗവനത്തിലേക്കും ഓര്‍മകളിലേക്കുമുള്ള തിരിച്ചുപോക്കാവും. കാരണം, തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ഗവേഷകനായി കുറേനാള്‍ ചെലവഴിച്ചിട്ടുണ്ട് അമിതാവ്. തന്നെക്കുറിച്ചും തന്റെ സാഹിത്യത്തെക്കുറിച്ചും കാലാവസ്ഥ കീഴ്മേല്‍മറിഞ്ഞ ഈ കാലത്തെ നോവലെഴുത്തിനെക്കുറിച്ചുമെല്ലാം അദ്ദേഹം അക്ഷരോത്സവത്തില്‍ സംസാരിക്കും.

ഇന്ത്യാവിഭജനത്തെക്കുറിച്ച് എത്ര പറഞ്ഞാലാണ് മതിയാവുക! ഇനിയുമെന്തൊക്കെയാണ് ഉണങ്ങാത്ത ആ മുറിപ്പാടുകളില്‍നിന്ന് കണ്ടെത്തപ്പെടാനുള്ളത്! ആഞ്ചല്‍ മല്‍ഹോത്ര എന്ന ഡല്‍ഹി സ്വദേശിനിയായ ചരിത്രകാരി വിഭജനത്തിനുപിറകേയുള്ള തന്റെ അന്വേഷണം മതിയാക്കിയിട്ടില്ല. വസ്തുക്കളെ അടിസ്ഥാനപ്പെടുത്തി അവരെഴുതിയ വിഭജനത്തിന്റെ ഓര്‍മപ്പുസ്തകം ആ ശ്രേണിയിലെ ഉദാത്തരചനയാണ്. ഹൃദയഭേദകമായ ഇന്ത്യാവിഭജനത്തെക്കുറിച്ച് സംസാരിക്കാന്‍ ആഞ്ചല്‍ മല്‍ഹോത്ര അക്ഷരോത്സവത്തിന് എത്തുന്നുണ്ട്.

placeholder
.

പുണെയിലെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് പഠനത്തില്‍നിന്ന് സന്ന്യാസത്തിന്റെ കാവിവസ്ത്രത്തിലേക്ക് മാറിയയാളാണ് ഗൗര്‍ ഗോപാല്‍ ദാസ്. ജീവിതത്തെയും മനസ്സിനെയുംകുറിച്ചുള്ള ഗോപാല്‍ ദാസിന്റെ പ്രഭാഷണങ്ങളും പുസ്തകങ്ങളും ലോകമെങ്ങും അത്രമേല്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നതാണ്. മനസ്സിന്റെ യുദ്ധങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഗൗര്‍ ഗോപാല്‍ദാസ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍ നേരിട്ടെത്തും.

placeholder
സക്കറിയ |ഫോട്ടോ: ബി.മുരളീകൃഷ്ണന്‍
സക്കറിയ

അമര്‍ജിത് സിങ് ദുലത് എന്ന എ.എസ്. ദുലതിനെക്കുറിച്ച് അറിയുന്നതിലേറെയാണ് അറിയാത്തവ. റോയുടെ സെക്രട്ടറികൂടിയായ ഇന്ത്യയുടെ പ്രസിദ്ധനായ ഈ സ്‌പൈ മാസ്റ്ററും പാകിസ്താന്റെ രഹസ്യാന്വേഷണവിഭാഗം മേധാവിയായ അസദ് ദുറാനിയും ചേര്‍ന്നെഴുതിയ പുസ്തകം വിവാദത്തോടെ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടതാണ്. 'എ ലൈഫ് ഇന്‍ ദ ഷാഡോസ്' എന്ന തന്റെ ഓര്‍മപ്പുസ്തകത്തെക്കുറിച്ച് സംസാരിക്കാനാണ് ദുലത് അക്ഷരോത്സവവേദിയിലെത്തുന്നത്.

മലയാളകഥയുടെ അതുവരെയുള്ള ഒഴുക്കിനെ മറ്റൊരു തലത്തിലേക്ക് മാറ്റിയൊഴുക്കിയ എഴുത്തുകാരാണ് സക്കറിയയും എന്‍.എസ്. മാധവനും. സക്കറിയ കഥയും നോവലും കടന്ന് യാത്രാവിവരണങ്ങളിലേക്കും മാധവന്‍ കഥയും നോവലും കടന്ന് ഫുട്‌ബോളിനെക്കുറിച്ചും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലേക്കും തങ്ങളുടെ എഴുത്തുപ്രതിഭയെ തുഴഞ്ഞു. രണ്ടുപേരും അക്ഷരോത്സവത്തില്‍ സ്വന്തം എഴുത്തുലോകത്തെക്കുറിച്ച് സംസാരിക്കാനെത്തും.

placeholder
എന്‍.എസ്. മാധവന്‍ | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍/മാതൃഭൂമി
എന്‍.എസ്. മാധവന്‍

ശ്രീകുമാരന്‍ തമ്പി തുറന്നുസംസാരിക്കുമ്പോള്‍ സംഗീതവും സിനിമയും സാഹിത്യവും മാത്രമല്ല, ഒരു കാലംകൂടിയാണ് കേള്‍വിക്കാരനുമുന്നില്‍ തെളിയുക. 'പോയകാലമേ വന്നിട്ട് പോവുമോ?' എന്ന സെഷനില്‍ തമ്പി തന്റെയും മുന്‍ഗാമികളുടെയും രചനാലോകങ്ങളെക്കുറിച്ച് സംസാരിക്കും. 

placeholder
സച്ചിദാനന്ദന്‍ | ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍, മാതൃഭൂമി
സച്ചിദാനന്ദന്‍

മലയാളിക്ക് ബംഗാളിലേക്ക് നീണ്ട രാജപാതയൊരുക്കിയ വിവര്‍ത്തകയാണ് ലീലാ സര്‍ക്കാര്‍. നൂറിലധികം അതിപ്രശസ്ത ബംഗാളികൃതികള്‍ അവര്‍ മലയാളത്തിലേക്ക് മൊഴിമാറ്റി. പ്രായം എണ്‍പത് കഴിഞ്ഞിട്ടും തന്റെ സപര്യ തുടരുന്ന ലീലാ സര്‍ക്കാര്‍ അക്ഷരോത്സവത്തിനെത്തും, 'അമി ബംഗ്ലാ' എന്ന സംഭാഷണത്തില്‍ പങ്കെടുക്കാന്‍.

placeholder
ജോയ് മാത്യു
ജോയ് മാത്യു

മലയാളകവിതയിലെ ഉയരമുള്ള രണ്ട് ശിരസ്സുകളായ സച്ചിദാനന്ദനും കെ.ജി.എസും കവിതയും ചിന്തകളുമായി അക്ഷരോത്സവത്തിന് എത്തുന്നുണ്ട്. തന്റെ പ്രസിദ്ധമായ 'ബംഗാള്‍' എന്ന കവിതയുടെ അമ്പതാമത് വര്‍ഷത്തില്‍ കെ.ജി.എസ്. സംസാരിക്കുന്നത് 'ബംഗാള്‍ ടു വെട്ടുവഴി' എന്ന വിഷയത്തെക്കുറിച്ചാണ്. ടി.എസ്.എലിയറ്റിന്റെ 'തരിശുഭൂമി'യുടെ നൂറാംവര്‍ഷത്തില്‍ തരിശുഭൂമിയിലെ പച്ചയെക്കുറിച്ച് സച്ചിദാനന്ദന്‍ സംസാരിക്കും. 

placeholder
പ്രകാശ് രാജ്
പ്രകാശ് രാജ്

സിനിമയ്ക്കപ്പുറം സമൂഹത്തെയും രാഷ്ട്രീയത്തെയും ബൗദ്ധികലോകത്തെയും മറ്റൊരു തലത്തില്‍ കാണുകയും അതില്‍ ഇടപെടുകയുംചെയ്യുന്നവരാണ് നടന്മാരായ പ്രകാശ് രാജും ജോയ് മാത്യുവും. തന്റെ മറുജീവിതത്തെക്കുറിച്ച് പ്രകാശ് രാജ് അക്ഷരോത്സവത്തില്‍ സംസാരിക്കുമ്പോള്‍ ഡിജിറ്റല്‍ കാലത്തെ മനുഷ്യനെക്കുറിച്ചാണ് ജോയ് മാത്യു സംസാരിക്കുക.

മാഞ്ഞുപോകുമെന്ന് തോന്നിയ സ്ഥലത്തുനിന്ന് മലയാളഭാഷ വീണ്ടും നമ്മുടെ പാഠപുസ്തകത്തിലേക്ക് കയറിവന്നിരിക്കയാണ്. അങ്ങനെയെങ്കിലും, എത്രത്തോളം ഭാഷാഭിമാനികളാണ് നാം? മലയാളഭാഷയുടെ ഭാവികാലജീവിതം എങ്ങനെയായിരിക്കും? കവികളായ കെ. ജയകുമാറും കല്പറ്റ നാരായണനും കുരീപ്പുഴ ശ്രീകുമാറും അതാണ് അക്ഷരോത്സവത്തില്‍ ചര്‍ച്ചചെയ്യുക.

മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം