ചങ്ങനാശ്ശേരി: സ്വകാര്യവത്കരണം ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുമെന്ന് വാദം. നിശിതമായി അതിനെ ഖണ്ഡിച്ച് പ്രതിവാദം. ഇരുപക്ഷവും കത്തിക്കയറിയപ്പോൾ അസംപ്ഷൻ കോളേജിലെ ഫാ. വില്യം ഹാളിൽ നിറഞ്ഞ സദസ്സിൽനിന്ന്‌ കരഘോഷത്തിന്റെ ആരവം. സ്വകാര്യമേഖലയിലെ സൗകര്യങ്ങളും പ്രയോജനങ്ങളും ഒരുകൂട്ടർ ഉദാഹരണസഹിതം നിരത്തി. അവിടത്തെ ചൂഷണവും സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന ഫീസ് ഘടനയും മറുഭാഗം ചൂണ്ടിക്കാട്ടി. പുതുപുത്തൻ വിവരങ്ങൾകൊണ്ട് മറുപക്ഷത്തിന്റെ വാദങ്ങളുടെ മുനയൊടിച്ച് മത്സരാർഥികൾ ആത്മവിശ്വാസത്തിന്റെ കൊടുമുടികൾ നടന്നുകയറി, ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറില്ലാതെ.

To advertise here,

‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ മേഖലാതല മത്സരത്തിലാണ്, ആശയങ്ങളുടെ യുദ്ധക്കളത്തിൽ വിദ്യാർഥികൾ വാക്കുകളാകുന്ന ഉറുമി ചുഴറ്റി പോരാട്ടം മുറുക്കിയത്. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയാണ് ‘സ്പീക്ക് ഫോർ ഇന്ത്യ’ മത്സരം.

റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടറും എഴുത്തുകാരനുമായ ഡോ. കെ.എൻ.രാഘവൻ ഉദ്ഘാടനംചെയ്തു.

ആശയങ്ങൾ വ്യക്തതയോടെ കേൾക്കുന്നവരിലേെക്കത്തിക്കുന്നതാണ് സംവാദത്തിൽ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറൽ ബാങ്കും മാതൃഭൂമിയും സ്പീക്ക് ഫോർ ഇന്ത്യ സംവാദത്തിലൂടെ യുവാക്കൾക്ക് സ്വയം അറിയാനും രാജ്യത്തെപ്പറ്റി ചിന്തിക്കാനുമുള്ള വലിയൊരവസരമാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറൽ ബാങ്ക് കുരിശുംമൂട് ബ്രാഞ്ച് ഹെഡും മാനേജരുമായ എബി ജോസ് ഇമ്മാനുവേൽ, തൃശ്ശൂർ ശ്രീകേരളവർമ കോളേജ് റിട്ട. പ്രൊഫസറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന എൻ.ആർ.അനിൽകുമാർ, മാതൃഭൂമി കോട്ടയം ബ്യൂറോ ചീഫ് എസ്.ഡി.സതീശൻ നായർ എന്നിവർ വിധികർത്താക്കളായി. മാതൃഭൂമി റീജണൽ മാനേജർ ടി.സുരേഷ്, അസംപ്ഷൻ കോളേജ് വൈസ് പ്രിൻസിപ്പൽ ആൻ മേരി ജോസഫ് എന്നിവർ പങ്കെടുത്തു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ചുഘട്ടമായാണ് നടക്കുന്നത്.

സെമിയിലേക്ക് പ്രവേശിച്ചവർ:

അലീന വിനോദ് (സെയ്ന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനിയറിങ്‌, കോട്ടയം), അഖിൽ വർഗീസ് (എസ്.ബി.കോളേജ്, ചങ്ങനാശ്ശേരി), ബി.അമൃത (ഗവ. ലോ കോളേജ്, എറണാകുളം), അലൻ കരിസ്മ ജോസഫ് (എസ്.ബി.കോളേജ്), ആശിഷ് കെ.ഷിന്റു (മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം), എൽ.അരവിന്ദ് (സി.എം.എസ്. കോളേജ്, കോട്ടയം), ലെവിൻ ടി.തോമസ് (ഗവ. ലോ കോളേജ്, എറണാകുളം).