കണ്ണൂർ: ജനാധിപത്യസംവിധാനത്തിൽ എല്ലാ സംവാദങ്ങളും നവീന ആശയങ്ങളിലേക്ക് വഴിതുറക്കുമെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി. രാഹുൽ ആർ.നായർ പറഞ്ഞു. ഫെഡറൽ ബാങ്ക് 'മാതൃഭൂമി'യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പിന്റെ ജില്ലാതല മത്സരത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

മാറിച്ചിന്തിക്കുന്നവർക്കേ പുതിയ കാഴ്ചപ്പാട് ഉണ്ടാകുകയുള്ളു. പുതിയ ചിന്തകൾ തന്നെയാണ് യുവതലമുറയെ നയിക്കുന്നത്. അവർക്ക് തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട് - അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയത്തിൽ വിരമിക്കൽ ആവശ്യമാണോ’ എന്ന വിഷയത്തിൽ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിലാണ് സംവാദപരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളേജുകളിൽനിന്ന്‌ ഒന്നാംഘട്ട മത്സരത്തിനുശേഷം തിരഞ്ഞെടുത്ത 70 വിദ്യാർഥികൾ പങ്കെടുത്തു.

ഫെഡറൽ ബാങ്ക് ഏരിയ വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് അലക്സ് ടി. അബ്രഹാം, ‘മാതൃഭൂമി’ യൂണിറ്റ് മാനേജർ ജഗദീഷ് ജി., കേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ എച്ച്.ഒ.ഡി. എൻ.ആർ.അനിൽകുമാർ, ‘മാതൃഭൂമി’ ബ്യൂറോ ചീഫ് ദിനകരൻ കൊമ്പിലാത്ത്, വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. സി.പി.സന്തോഷ് എന്നിവർ സംസാരിച്ചു. ‘മാതൃഭൂമി’ ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് കെ.ആർ.പ്രമോദ് പങ്കെടുത്തു. ജോസഫ് തോമസ് മോഡറേറ്ററായിരുന്നു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള 'സ്പീക്ക്‌ ഫോർ ഇന്ത്യ’ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.

placeholder
കണ്ണൂരിൽ സ്പീക് ഫോർ ഇന്ത്യ സംവാദ വേദിയിൽ
ഡി.ഐ.ജി. രാഹുൽ ആർ നായർ എത്തിയപ്പോൾ

മേഖലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

:ആരോമൽ ജെ. ചന്ദ്ര (കോളേജ് ഓഫ് നഴ്‌സിങ്, തലശ്ശേരി), എം.ടി.അളക (കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ്, കണ്ണൂർ), ആൻമരിയാ ജോബ് (കൊയിലി കോളേജ് ഓഫ് നഴ്‌സിങ്, കണ്ണൂർ), ഇസയ്യന്യുമി (ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ്‌), സയിം സിറാജ് (കോളേജ് ഓഫ് എൻജിനിയറിങ്, തലശ്ശേരി), സിയാദ് (ദാറുൽ ഹുദ ഇസ്‌ലാമിക് സർവകലാശാല), എൻ.പി.നാജില (ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി), കെ.പി.ഫിദാ പർവീൺ (എസ്.എൻ. കോളേജ്, കണ്ണൂർ), ഇഷാ അമീന (കോളേജ് ഓഫ് എൻജിനീയറിങ്, തലശ്ശേരി), ടി.മാളവിക (പയ്യന്നൂർ കോളേജ്), അലൻ സി.ബാബു (ഇംഗ്ലീഷ് വകുപ്പ്, കാലിക്കറ്റ് സർവകലാശാല), സി.പി.നന്ദനാരാജ് (പയ്യന്നൂർ കോളേജ്), കെ.അശ്വിനി (ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി)