രട്ട സംവിധായകരും സംഗീത സംവിധായകരും രചയിതാക്കളുമെല്ലാമുള്ള മലയാളസിനിമയിലേക്ക് പുതിയൊരു കൂട്ടുകെട്ട് എത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയാ ഗ്രൂപ്പിലൂടെയുള്ള സൗഹൃദമാണ് ജയ് വിഷ്ണുവിനേയും മഹേഷ് ഗോപാലിനേയും ഒരുമിച്ചൊരു തിരക്കഥ എന്ന ചിന്തയിലേക്കെത്തിച്ചത്. അതിന്റെ ഫലമാണ് മധുര മനോഹര മോഹം എന്ന ചിത്രം. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തേക്കുറിച്ചും തങ്ങളുടെ സൗഹൃദത്തേക്കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ജയ് വിഷ്ണുവും മഹേഷും.

To advertise here,

ഫെയ്‌സ്ബുക്ക് കൂട്ടായ്മ വഴിയുള്ള സൗഹൃദം സിനിമയിലേക്കെത്തിച്ചു

ജയ് വിഷ്ണു: ഞാനും മഹേഷേട്ടനും സിനിമാ പാരഡൈസോ ക്ലബ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ വഴിയുള്ള പരിചയമാണ്. സമാന ചിന്താഗതിയുള്ള ആളുകളാണ്. മഹേഷേട്ടനാണ് ഒരു ത്രെഡ് എന്നോടുപറയുന്നത്. ഒരുമിച്ചെഴുതാം എന്നു പറഞ്ഞു. പക്ഷേ ആ ത്രെഡിന് സിനിമയാവുമ്പോഴുള്ള ചില പ്രാക്ടിക്കല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അങ്ങനെ ആ കഥ മാറ്റി എഴുതുകയും അതിനൊരു പത്തനംതിട്ട പശ്ചാത്തലം കൊടുക്കുകയും ചെയ്തു. അച്ഛന്റേയും രണ്ട് മക്കളുടേയും കഥ എന്നുള്ളിടത്തുനിന്നാണ് സഹോദരന്റേയും രണ്ട് പെങ്ങന്മാരുടേയും അമ്മയുടേയും കഥയിലേക്ക് മാറ്റിയെടുത്തത്. ആറേഴുവര്‍ഷത്തിനിടെ എട്ട് ഡ്രാഫ്റ്റുകളെഴുതിയിട്ടുണ്ട്. കഥ ഒന്നാണെങ്കിലും തമാശ അപ്‌ഡേറ്റ് ചെയ്തു കൊണ്ടേയിരുന്നു. എപ്പോള്‍ ഇറക്കിയാലും വര്‍ക്ക് ആവുമെന്ന് തോന്നുന്ന ചില തമാശകളും ഉണ്ടായിരുന്നു. അത് വേറെ സിനിമകളില്‍ വരുമോ എന്ന ടെന്‍ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മഹേഷ് ഗോപാല്‍: സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയത്തിന് ശേഷം ഒരുമിച്ച് ഒരു തിരക്കഥയെഴുതാം എന്നുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ഒരുപാട് തിരുത്തലുകള്‍ നടത്തിയിരുന്നു. രണ്ടുപേരുടേയും കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ തിരക്കഥ. ഞാനൊരു ബാങ്കറാണ്. ഓഫീസ് ജോലി കഴിഞ്ഞ് തിരക്കഥയെഴുതുക എന്നുപറയുന്നത് അത്ര പ്രാവര്‍ത്തികമല്ല. അങ്ങനെയിരിക്കുമ്പോഴാണ് കോവിഡ് വന്നത്. ആ സമയത്ത് ഞങ്ങള്‍ക്ക് ഒരുപാട് ചര്‍ച്ച ചെയ്യാനും മുന്നോട്ടുപോവാനും പറ്റി.

സിനിമയ്ക്ക് പത്തനംതിട്ട പശ്ചാത്തലമായപ്പോള്‍

ജയ് വിഷ്ണു: വളരെ പുതുമയായ സ്ഥലത്ത് കഥ പറയണം എന്നുണ്ടായിരുന്നു. അതാണ് കഥാപശ്ചാത്തലം പത്തനംതിട്ടയാക്കിയത്. എവിടെയോ നടക്കുന്ന കഥ എന്നതിനപ്പുറം മലയാളത്തില്‍ അധികം ഉപയോഗിക്കാത്ത ഭാഷയും സ്ഥലവും ജനങ്ങളുടെ സ്വഭാവരീതിയും വേണമെന്ന് തോന്നി. മഹേഷേട്ടനും ഇത് ഓ.കെ ആയിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ എല്ലാവരും പോസിറ്റീവായി പറയുന്ന കാര്യവും. മധ്യതിരുവിതാംകൂറിനെ ശരിയായി പിടിച്ചു എന്നാണ് വരുന്ന പ്രതികരണങ്ങള്‍. വിശ്വാസ്യതയുണ്ടാക്കുക എന്നതാണ് നമ്മളൊരു ഭൂമിശാസ്ത്രം കൊണ്ടുദ്ദേശിക്കുന്നത്. പത്തനംതിട്ടയായിരുന്നു ഞങ്ങളുടെ കാര്യത്തില്‍ ആ വിശ്വാസ്യതകൊണ്ടുവരാന്‍ ഏറ്റവും പറ്റിയത്. ആലപ്പുഴയും പട്ടണക്കാട് എന്ന സ്ഥലവും വെച്ച് ഒരു ഡ്രാഫ്റ്റ് എഴുതിയിരുന്നു. പക്ഷേ അപ്പോഴും ഇത് പോരാ എന്ന രീതിയില്‍ത്തന്നെയായിരുന്നു ഞങ്ങള്‍.

മഹേഷ് ഗോപാല്‍: ഒരു കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട കാര്യം ചിത്രത്തില്‍ കയറിവരുന്നുണ്ട്. നായര്‍ സമുദായം കൂടുതലുള്ള പ്രദേശം വേണമായിരുന്നു. അധികം എക്‌സ്‌പ്ലോര്‍ ചെയ്യാത്ത പ്രദേശമായി പത്തനംതിട്ട തോന്നിയിരുന്നു. 

സിനിമയിലുള്ളത് കണ്ടുവളര്‍ന്ന കാര്യങ്ങള്‍

ജയ് വിഷ്ണു: നമുക്ക് ചുറ്റും കാണുന്നത് വെച്ചേ സിനിമയുണ്ടാക്കാന്‍ പറ്റൂ. അതൊക്കെ നമ്മുടെയുള്ളില്‍ സ്വാധീനം ചെലുത്തി കിടപ്പുണ്ട്. ഫാന്റസി സിനിമകളെന്നാല്‍ നമ്മുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമാണ്. മധുര മനോഹര മോഹത്തിലുള്ളത് കണ്ടുവളര്‍ന്ന കാര്യങ്ങളാണ്. കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ പതിപ്പുകളുണ്ടാവാം. റിയാലിറ്റിയും സിനിമയും തമ്മിലുള്ള വ്യത്യാസം കിടക്കുന്നത് ആര്‍ട്ടിസ്റ്റിന്റെ പ്രകടനത്തിലാണ്. പത്തനംതിട്ടയിലാണ് കഥ നടക്കുന്നതെന്ന് കാണിക്കാന്‍ വേണാട് ബസ് മാത്രം മതിയായിരുന്നു. വേണാട് ബസില്‍ പത്തനംതിട്ട ബോര്‍ഡ് വെച്ചാല്‍ കഴിഞ്ഞു എന്റെ പത്തനംതിട്ട രജിസ്‌ട്രേഷന്‍. ഏറ്റവും ലളിതമായി ആളുകളെ എങ്ങനെ രണ്ടുമണിക്കൂര്‍ ആ സ്ഥലത്തേക്ക് കൊണ്ടുപോവാം എന്നാണ് നോക്കിയത്. അത് എളുപ്പമുള്ള ജോലിയായിരുന്നു. ഞാന്‍ കോളേജില്‍ പോയ ബസുകൂടിയായിരുന്നു അത്.

മഹേഷ് ഗോപാല്‍: സിനിമയുടെ തുടക്കം എങ്ങനെയായിരിക്കണമെന്ന് പലരീതിയില്‍ ചിന്തിച്ചിരുന്നു. സ്ഥിരം കാണുന്നപോലെ പതിഞ്ഞ താളത്തില്‍ തുടങ്ങാമെന്നടക്കം ചിന്തിച്ചു. എഡിറ്റര്‍മാരാണ് ഇപ്പോള്‍ സിനിമയില്‍ കാണുന്നതുപോലെ ചെയ്യാമെന്ന് അഭിപ്രായപ്പെട്ടത്. അവരുടെ സംഭാവന വളരെ വലുതാണ്. രണ്ട് സീന്‍ കൊണ്ട് തന്നെ കഥാപാത്രങ്ങളെ നിലയുറപ്പിച്ചു നിര്‍ത്തിയാല്‍ത്തന്നെ പകുതി പണി കഴിഞ്ഞു.

placeholder
​മധുര മനോഹര മോഹം സിനിമയുടെ ലൊക്കേഷനിൽ നിന്ന് | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

സ്‌റ്റെഫി സംവിധായികയാവുന്നു

ജയ് വിഷ്ണു: തിരക്കഥയുമായി വേറെ ഒന്നുരണ്ട് സംവിധായകരെ സമീപിക്കുകയും അവരില്‍ ചിലര്‍ സന്നദ്ധരാവുകയും ചെയ്തിരുന്നു. പക്ഷേ അതൊന്നും നടക്കാതെ വന്നു. സ്റ്റെഫി സേവ്യറും ഞാനും മഹേഷേട്ടനും സുഹൃത്തുക്കളാണ്. ഞങ്ങളെഴുതിയതിന്റെ സ്ത്രീപക്ഷ കാഴ്ചപ്പാട് എങ്ങനെയിരിക്കും എന്നറിയാന്‍ സ്റ്റെഫിക്ക് തിരക്കഥ ഒരിക്കല്‍ വായിക്കാന്‍ കൊടുത്തിരുന്നു. വായിച്ചുകഴിഞ്ഞതോടെ ഈ പടം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് സ്റ്റെഫി പറഞ്ഞു. അവര്‍ മറ്റൊരു പടം ചെയ്യാനിരിക്കുന്ന സമയത്താണ് കൊറോണ വരുന്നത്. വേറൊരു സംവിധായകന് വേണ്ടി ഇതേ കഥ ഞങ്ങള്‍ രജിഷയോട് പറഞ്ഞിരുന്നു. അങ്ങനെ സ്റ്റെഫിയും രജിഷയും കഥ ചര്‍ച്ച ചെയ്തു. അങ്ങനെയാണ് ഇത് സ്റ്റെഫി തന്നെ ചെയ്യട്ടെ എന്നുള്ള ധാരണയില്‍ മുന്നോട്ടുപോവുകയായിരുന്നു.

മഹേഷ് ​ഗോപാൽ: ഒരു പുതുമുഖ സംവിധായികയായിട്ടാണ് സ്റ്റെഫി വരുന്നതെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള കാഴ്ചപ്പാടും കഴിവും ഉള്ളയാളാണ് സ്റ്റെഫി സേവ്യർ. ഇത് ആദ്യമേ തന്നെ ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു. നിർമാതാക്കളുമായുള്ള പ്രാരംഭ ചർച്ചകളിൽ അക്കാര്യം വ്യക്തമായതുകൊണ്ടാണ് അവർ ചിത്രം നിർമിക്കാമെന്ന് സമ്മതിച്ചത്. അത് കൃത്യമായ തീരുമാനമായിരുന്നെന്ന് പടം തിയേറ്ററിൽ എത്തിനിൽക്കുമ്പോൾ നമുക്ക് മനസിലാകുന്നുണ്ട്. ചിത്രത്തിന്റെ ഓരോ വിഭാ​ഗത്തേക്കുറിച്ചുമുള്ള വ്യക്തമായ ധാരണ സ്റ്റെഫിക്കുണ്ടായിരുന്നു.

placeholder
സ്റ്റെഫി സേവ്യർ | ഫോട്ടോ: www.facebook.com/stephy.xavior

നിര്‍മാതാവിനെ കിട്ടാന്‍ കുറച്ച് പ്രയാസപ്പെട്ടിരുന്നു

ജയ് വിഷ്ണു: പുതിയ എഴുത്തുകാരും സംവിധായികയുമായതിനാല്‍ നിര്‍മാതാവിനെ കിട്ടാന്‍ കുറച്ച് പ്രയാസപ്പെട്ടിരുന്നു. ഒരു ഹീറോ വേണമായിരുന്നു. ഞാനും സ്റ്റെഫിയും മഹേഷേട്ടനുമെല്ലാം പല നായകനടന്മാരേയും കണ്ട് കഥ പറഞ്ഞിട്ടുണ്ട്. കഥ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പിന്നെ ഇത് നടക്കാനുള്ള സാധ്യത ഒരു പ്രശ്‌നമായിരുന്നു. കാരണം കൊറോണ കഴിഞ്ഞ് സിനിമ മൊത്തത്തില്‍ പ്രശ്‌നമായിരിക്കുന്ന സമയത്താണ് ഞങ്ങള്‍ മൂന്നുപേരുംകൂടി ഇറങ്ങുന്നത്. ചെറിയ സിനിമകളുടെ ട്രെന്‍ഡ് എന്താണെന്ന് അറിയാന്‍പറ്റാത്ത അവസ്ഥയായി. അങ്ങനെയിരിക്കേയാണ് കുറേ കാലമായുള്ള സുഹൃത്തായ ഷറഫുദ്ദീന് എന്റെ കയ്യില്‍ ഇങ്ങനെ ഒരു സിനിമയുള്ള കാര്യം അറിയാമായിരുന്നു. ഞങ്ങളുടെ കഷ്ടപ്പാട് കണ്ട് അദ്ദേഹം കഥ കേള്‍ക്കാന്‍ തയ്യാറായി. ചെന്നൈയില്‍ വെച്ചാണ് കഥ പറഞ്ഞത്. കേട്ടയുടന്‍ തന്നെ ചെയ്യാമെന്ന് പറഞ്ഞു. ജീവന്‍ രാജായി സൈജു കുറുപ്പിനെ വളരെ മുമ്പേ തന്നെ മനസില്‍ കണ്ടിരുന്നു. ഒരു സിനിമയുടെ ഏറ്റവും കഠിനമായ ഭാഗം അതൊരു പ്രോജക്റ്റാക്കിയെടുക്കുക എന്നതിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്‌റ്റെഫിയുടെ സുഹൃത്ത് അല്‍ത്താഫ് വഴിയാണ് ഇപ്പോഴത്തെ നിര്‍മാതാക്കളായ ബി ത്രീ എം ക്രിയേഷന്‍സിലേക്കെത്തുന്നത്. ഞങ്ങളുദ്ദേശിച്ച ഹ്യൂമര്‍ അവര്‍ക്ക് മനസിലായി. പുതിയ എഴുത്തുകാരേയും സംവിധായികയേയും വിശ്വസിച്ച് അവര്‍ ഞങ്ങള്‍ ചോദിച്ചതെല്ലാം നല്‍കി. 

എല്ലാ കഥാപാത്രങ്ങള്‍ക്കും ഹ്യൂമര്‍ ടച്ച്

ജയ് വിഷ്ണു: എല്ലാ കഥാപാത്രങ്ങളേക്കൊണ്ടും തമാശ ചെയ്യിക്കുന്നത് ബുദ്ധിമുട്ടുള്ള പണിയാണ്. ഞങ്ങള്‍ രണ്ടുപേര്‍ക്കും കഥയില്‍ നല്ല വ്യക്തതയുണ്ടായിരുന്നു. ഹ്യൂമറില്‍ പോകണമെന്നും എല്ലാ കഥാപാത്രങ്ങളും ഹ്യൂമര്‍ ടച്ചില്‍ പോകണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. കാസ്റ്റിങ് ചെയ്യുമ്പോള്‍ ഇക്കാര്യം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ഓഡിഷന്‍ നടത്തിയപ്പോള്‍ തിരക്കഥയിലുള്ള രംഗങ്ങള്‍ തന്നെയാണ് അവതരിപ്പിക്കാനായി കൊടുത്തത്. നിരഞ്‌ജൊന്നും ഇതുവരെ കോമഡി ചെയ്തിട്ടില്ല. ഫോണിലൂടെ പറഞ്ഞപ്പോള്‍ത്തന്നെ പുള്ളി ചെയ്യാമെന്ന് ഉറപ്പുതന്നു. അഭിനേതാക്കള്‍ എല്ലാവരേയും ആകര്‍ഷിച്ച ഘടകം തമാശ തന്നെയാണ്. 

മഹേഷ് ഗോപാല്‍: എല്ലാ സീനിലും എന്തെങ്കിലുമൊരു തമാശ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നു. അത് കഥയില്‍ മുഴച്ചുനില്‍ക്കുന്ന രീതിയില്‍ ആവരുതെന്നും നിര്‍ബന്ധമുണ്ടായിരുന്നു. തമാശയ്ക്കുവേണ്ടി ഒന്നും അടിച്ചുകയറ്റിയിട്ടില്ല. സമൂഹത്തില്‍ത്തന്നെ എല്ലാവരും ചിരിക്കാനും ചിരിപ്പിക്കാനും ആഗ്രഹിക്കുന്നയാളുകളായിരിക്കും. കുറച്ചുപേര്‍ അതില്‍ വിജയിക്കുന്നുണ്ട്. നമ്മുടെ വീട്ടില്‍ത്തന്നെ ഏറ്റവും തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ നമ്മുടെ അമ്മയോ അനിയത്തിയോ ഒക്കെയായിരിക്കും. അതൊന്നും സിനിമയില്‍ വേണ്ടവിധം വന്നിട്ടില്ല. ആ സാധ്യത നമ്മള്‍ ഉപയോഗിച്ചെന്നേയുള്ളൂ. പിന്നെ നിരഞ്ജിന്റെ കഥാപാത്രത്തിന് ഡിസ്‌നി ജെയിംസ് എന്ന് പേരിടാന്‍ ഒരു കാരണമുണ്ട്. എനിക്ക് ഇതേ പേരില്‍ ഒരു സുഹൃത്തുണ്ട്. നടന്‍ കൂടിയാണ്. ഈ കഥ ആലോചിക്കുമ്പോള്‍ ഈ വേഷം ചെയ്യാന്‍ പുള്ളിയെ ആലോചിച്ചെങ്കിലും നടന്നില്ല. പ്രമുഖനായ ഒരാള്‍ വേണമെന്ന് നിശ്ചയിക്കുകയായിരുന്നു, പക്ഷേ പേര് അങ്ങനെത്തന്നെ നിലനിര്‍ത്തി. ഇക്കാര്യം പുള്ളിക്ക് അറിയുമെന്ന് തോന്നുന്നില്ല.

ബിന്ദു പണിക്കര്‍ എന്ന അസാധ്യ പെര്‍ഫോമര്‍

ജയ് വിഷ്ണു: ബിന്ദു ചേച്ചിയോടൊന്നും നമ്മള്‍ പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. കഥപറഞ്ഞാല്‍ മാത്രം മതി. അസാധ്യ പെര്‍ഫോമറാണ് ചേച്ചി. നമ്മുടെ സീനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വില മനസിലാവുന്നത് അവര്‍ക്ക് സീന്‍ പറഞ്ഞുകൊടുക്കുമ്പോഴാണ്. നമ്മളായിട്ട് ഒന്നും ചെയ്യേണ്ട. അവര്‍ ഭയങ്കരമായ രീതിയില്‍ ആ സീനിനെ മാറ്റിക്കോളും. ബിന്ദു ചേച്ചിയും ഷറഫുദ്ദീനും ഉള്ള സീനുകളിലും അവര്‍ കയ്യില്‍ നിന്നിട്ട കൗണ്ടറുകളുണ്ട്. ഷോട്ടിന് മുമ്പ് കമ്യൂണിക്കേഷന്‍ പോലും ഇല്ലാതെയാണതെല്ലാം ചെയ്തത്. എന്നിട്ടുപോലും അതെല്ലാം ഭംഗിയായി വന്നു. അതൊക്കെ ഒരു സന്തോഷമാണ്. എന്തൊക്കെ പറഞ്ഞാലും ഒരു ചെറിയ ഇരുണ്ട ഷെയ്ഡുള്ള കഥാപാത്രമാണ് ചേച്ചിയുടേത്. പക്ഷേ അത് ആളുകള്‍ ഇഷ്ടപ്പെടുകയം വേണം. നല്ല അമ്മയാണെങ്കിലും നല്ല വ്യക്തിയാണെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ അനുഭവസമ്പത്തുള്ള ഒരാള്‍ വേണമായിരുന്നു. റോഷാക്കിന്റെ വിജയാഘോഷം ഞങ്ങളുടെ സെറ്റില്‍വെച്ച് നടന്നിരുന്നു. ആ കഥാപാത്രത്തില്‍ നിന്നാണ് ഞങ്ങളുടെ കഥാപാത്രത്തിലേക്ക് അവരെ പിടിച്ചിട്ടത്. ഷറഫുദ്ദീനേയും അങ്ങനെത്തന്നെ. ഇതൊക്കെ സിനിമയ്ക്ക് ഗുണമായിട്ടാണ് വന്നത്.

മഹേഷ് ഗോപാല്‍: സിനിമയിലെ 'കാപ്പിയും മസാലദോശയും' സംഭാഷണം വളരെ അയത്‌നലളിതമായി കിട്ടിയ ഒരെണ്ണമായിരുന്നു. ആ വീട്ടില്‍ ഓടി നടക്കുന്ന മാളുവിനെ മറച്ചുകൊണ്ടുവേണം വിഷയം മനുവിന് അമ്മയോട് അവതരിപ്പിക്കാന്‍. വീടല്ലാതെ അതിനുപറ്റിയ മറ്റൊരിടം അടുത്തുള്ള കടയാണ്. ഒന്നിലേറെ ഭാഗങ്ങളില്‍ ഇതേ രംഗം ആവര്‍ത്തിക്കുമ്പോഴാണ് അതിലെ തമാശ പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു കഥാപാത്രത്തിന്റെ ആശങ്കയില്‍ നിന്നുണ്ടാവുന്ന തമാശ മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്. പട്ടിണി പോലും തമാശയാവുന്നത് പഴയ ചിത്രങ്ങളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പിന്നീട് മലയാളസിനിമയുടെ ടേസ്റ്റ് മാറി, വ്യത്യസ്തങ്ങളായ മേഖലകള്‍ തിരഞ്ഞുപോയി. പതിയെ മാഞ്ഞുപോയ ഈ സാധ്യതയാണ് മധുര മനോഹര മോഹത്തില്‍ ഞങ്ങള്‍ ഉപയോഗിച്ചത്. പിന്നെ ബിന്ദു ചേച്ചിയെ സംബന്ധിച്ചടത്തോളം അവരുടെ കഴിവനുസരിച്ച് നിസ്സാരമായി ചെയ്യുന്ന ഒന്നായിരുന്നു ഈ അമ്മവേഷം.

placeholder
മധുര മനോഹര മോഹം എന്ന ചിത്രത്തിൽ ബിന്ദു പണിക്കർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഒരു പൊടിക്ക് ഓവറായ 'ജീവന്‍ രാജ്'

ജയ് വിഷ്ണു: 32-34 വയസുള്ള ഒരാളാണ് സൈജു കുറുപ്പിന്റെ കഥാപാത്രം. ഇതുവരെ വിവാഹം കഴിക്കാത്ത ഒരാള്‍ നല്ല പിള്ളയായിട്ട് സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അയാള്‍ പൊടിക്ക് ഓവറായിരിക്കും. നമുക്ക് ചുറ്റും ഒരുപാട് ജീവന്‍രാജുമാരുണ്ട്. ഇതുപോലുള്ള നമ്മുടെ കൂട്ടുകാരില്‍പ്പലരും തന്നെ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ഓവര്‍ നന്മ നിറഞ്ഞവനാവാനും ഓവര്‍ ക്യൂട്ടാവാനും ശ്രമിക്കാറുണ്ട്. അവരുടെ സ്വഭാവത്തില്‍ അതുണ്ട്. പത്തനംതിട്ടയിലെ ഏറ്റവും നല്ല പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരിക്കുന്നയാളാണ് സൈജു ചേട്ടന്റെ കഥാപാത്രം. അയാള്‍ക്ക് ഒരു പൊടിക്ക് കാരിക്കേച്ചര്‍ സ്വഭാവമുണ്ട്. അങ്ങനെ വിളിക്കാനാണ് ഞങ്ങളിഷ്ടപ്പെടുന്നത്. ജീവന്‍ രാജിനെ ചെയ്യാന്‍ സൈജു ചേട്ടനെയല്ലാതെ മലയാളത്തില്‍ വേറൊരാളെ ചിന്തിക്കാന്‍ പറ്റില്ല.

placeholder
​മധുര മനോഹര മോഹം എന്ന ചിത്രത്തിൽ സൈജു കുറുപ്പ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഇതുവരെ ചെയ്യാത്ത വേഷത്തില്‍ രജിഷ

ജയ് വിഷ്ണു: കാരക്റ്റര്‍ ഡിസ്‌കഷന്‍ ആദ്യമേ തന്നെ മനസിലുണ്ടായിരുന്നു. പത്തനംതിട്ട ജില്ലയിലെ മുട്ടറ്റം മുടിയുള്ള ശാലീനയായ നായിക വേണമായിരുന്നു. ആളുകള്‍ കണ്ടിട്ടുള്ളതും ഇഷ്ടപ്പെടുന്നൊരാളായിരിക്കുകയും വേണം. കണ്ടിട്ടുള്ള ഒരാളെ കാണാത്ത രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ അതിന്റേതായ രസമുണ്ടെന്നാണ് വിശ്വസിക്കുന്നത്. അങ്ങനെയൊരു വേഷം ചെയ്യാന്‍ ഞങ്ങളുടെ മനസില്‍ രജിഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രജിഷയേയാണ് ആദ്യം കണ്ടത്. മറ്റൊരാളെ നോക്കിക്കൂടേ എന്ന് പലരും ചോദിച്ചെങ്കിലും മീരയായി രജിഷയെത്തന്നെ ഉറപ്പിക്കുകയായിരുന്നു.

മഹേഷ് ​ഗോപാൽ: ഈ സിനിമയുണ്ടാവാനുള്ള പ്രധാന കാരണം രജിഷയാണ്. കഥപറഞ്ഞ ആ നിമിഷംതന്നെ രജിഷ ഓ.കെ. പറഞ്ഞിരുന്നു. അത്രയും റിസ്കുള്ള ഒരു വിഷയം മുമ്പ് ഒന്ന് രണ്ട് ആർട്ടിസ്റ്റുകളുടെ അടുത്ത് പറഞ്ഞപ്പോൾ അവർ ധൈര്യപ്പെടാതിരുന്ന കഥാപാത്രം ഇഷ്ടത്തോടെ ഏറ്റെടുക്കുകയായിരുന്നു രജിഷ.

placeholder
മധുര മനോഹര മോഹം എന്ന ചിത്രത്തിൽ രജിഷ വിജയൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

നാട്ടിന്‍പുറക്കഥകള്‍ പുത്തന്‍ മലയാള സിനിമകളില്‍

ജയ് വിഷ്ണു: കഥയാണ് ഇതിലെ മുഖ്യ ഘടകം. ഇതേ കഥ കൊച്ചിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ ആരും ശ്രദ്ധിക്കില്ല. കാരണം ഒരുഫ്ളാറ്റിലുള്ളയാള്‍ക്ക് അപ്പുറത്തുള്ളയാളെ അറിയില്ല. നാട്ടില്‍ മറ്റൊരു വീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കുന്നയാളാണ് ഈ ചിത്രത്തിലെ മനു. സ്വന്തം വീട്ടിലെ പ്രശ്‌നം നാട്ടുകാര്‍ അറിയുമെന്നുള്ള അവന്റെ പേടിയാണ് സിനിമയുടെ കാമ്പ്. ഓരോ കഥകള്‍ക്കും അതിന്റേതായ ഭംഗിയുണ്ട്. ന്നാ താന്‍ കേസ് കൊട് കാസര്‍കോടന്‍ നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലമാണ്. ആ കഥ അവിടെയേ പറയാന്‍ പറ്റൂ. ജയ ജയ ജയഹേ ആണെങ്കിലും കൊല്ലത്തുവെച്ചേ അതിന്റെ കഥ പറയാന്‍ പറ്റൂ. എന്തൊക്കെ പുരോഗമനം ലോകത്ത് സംഭവിച്ചാലും പെണ്ണിന്റെ ചോയിസിന് വില നല്‍കാത്ത സ്ഥലങ്ങളുണ്ട്. അങ്ങനെയുള്ള കഥ പറയുമ്പോള്‍ ക്രിയേറ്റീവ് സൈഡിലുള്ള ആളുകള്‍ നാട്ടിന്‍പുറം തിരഞ്ഞെടുക്കുന്നത് കൂടുതല്‍ വിശ്വാസയോഗ്യമാവും എന്നതുകൊണ്ടാണ്.

placeholder
മധുര മനോഹര മോഹം സിനിമയുടെ ചിത്രീകരണവേളയിൽ നിന്ന് | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

ബിജുക്കുട്ടന്‍ എന്ന ബസ് കണ്ടക്ടർ

ജയ് വിഷ്ണു: കേരളത്തില്‍ ഒരുപാട് ബിജുക്കുട്ടന്മാരുണ്ട്. എല്ലാവരും ജീവിതത്തില്‍ ആ ഘട്ടം കഴിഞ്ഞവരാണ്. ബിജുക്കുട്ടന്‍ എന്ന കഥാപാത്രത്തെ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരുപാടുപേര്‍ ഇപ്പോഴുമുണ്ടാവും. 

മഹേഷ് ഗോപാല്‍: ജയ് വിഷ്ണുവിന് ബിജുക്കുട്ടന്‍ എന്ന കഥാപാത്രം പുല്ലുപോലെ ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പായിരുന്നു. നന്നായി വന്നു. എഴുത്തിനൊപ്പം അഭിനയമോഹവുമുള്ളയാളാണ് ജയ് വിഷ്ണു. അവന്‍ ഒരു നല്ല നടനായി വരണമെന്ന് നമുക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ട്.