മാനന്തവാടിയിലെ വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ കൊച്ചു സ്റ്റെഫിയുടെ മനസ് കവർന്നത് വർണത്തിളക്കമുള്ള വസ്ത്രങ്ങളാണ്. ആ വസ്ത്രങ്ങളിടാനുള്ള മോഹമാണ് അവളെ ഫാഷൻ ഡിസൈനിങ്ങിലേക്കും പിന്നാലെ സിനിമയിലേക്കും എത്തിച്ചത്. വയനാട്ടിൽ നിന്ന് സിനിമയിലേക്ക് എത്രയാണ് ദൂരമെന്ന് ചോദിച്ചാൽ ദൂരം തോന്നീട്ടില്ലെന്നാണ് സ്റ്റെഫിയുടെ മറുപടി. സിനിമ വസ്ത്രാലങ്കാര രംഗത്ത് എട്ട് വർഷങ്ങൾ പൂർത്തിയാക്കിയ സ്റ്റെഫി സേവ്യർ സംവിധായികയുടെ കുപ്പായം അണിയുകയാണ്. ആദ്യ ചിത്രമായ 'മധുര മനോഹര മോഹം' തിയേറ്ററുകളിൽ എത്തുന്ന വേളയിൽ സ്റ്റെഫി സേവ്യർ മാതൃഭൂമി ഡോട്ട്കോമിനോട് മനസ് തുറക്കുന്നു.

To advertise here,

വയനാട്ടിൽ നിന്ന് മലയാള സിനിമയിലേക്കുള്ള ദൂരം

സിനിമ കണ്ട് തുടങ്ങിയ കാലം മുതലേ എനിക്ക് വളരെ പരിചിതമായ അല്ലെങ്കിൽ നാളെ ഞാൻ ചെന്നു കയറാൻ പോവുന്ന ഇടമായേ സിനിമ എനിക്ക് തോന്നിയിട്ടുള്ളൂ. അതുകൊണ്ട് ഈ ദൂരം മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നില്ലെന്ന് പറയാം. എന്നെ സംബന്ധിച്ച് ഈ സിനിമയും സിനിമാക്കാരും എന്റെ ഇടത്തിലെ ആൾക്കാർ തന്നെയായിരുന്നു. ഞാൻ വയനാട്ടുകാരിയാണെന്നും സിനിമയിലേക്ക് വയനാട്ടിൽ നിന്ന് ഒരുപാട് ദൂരമുണ്ടെന്നൊന്നും ഞാൻ ചിന്തിച്ചിട്ടേയില്ല. 

ചെറുപ്പത്തിൽ സിനിമ കാണുമ്പോൾ അതിലെ കോസ്റ്റ്യൂം കാണുമ്പോൾ അതിടാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെയാണ് കോസ്റ്റ്യൂം ഡിസൈനർ എന്ന മോഹം മനസിൽ കയറുന്നത്. പിന്നീട് സിനിമയിലെത്തി അതിന്റെ മേക്കിങ് പ്രൊസസിലൊക്കെ ഭാഗമായപ്പോഴാണ് എനിക്കും ഒരു സിനിമ സംവിധാനം ചെയ്യണം എന്ന മോഹം വരുന്നത്. ആ മോഹമാണ് 'മധുര മനോഹര മോഹം'. കോളേജിന് പുറത്തുള്ള ഒരു സോഷ്യൽ ലൈഫ് തുടങ്ങുന്നത് സിനിമയിലാണ്. ചുറ്റുമുള്ളവരൊക്കെ സിനിമ ഇഷ്ടപ്പെടുന്നവരാണ്, സിനിമ സംസാരിക്കുന്നവരാണ്. അങ്ങനെയാണ് ഒരു കഥ പറയണമെന്ന ആഗ്രഹം എനിക്കും വരുന്നത്. 

placeholder
സ്റ്റെഫി സേവ്യർ | Photo: facebook/stephy zaviour

അമ്മയും ചേട്ടനുമാണ് എന്റെ ഓരോ തീരുമാനങ്ങൾക്കും പൂർണ പിന്തുണ നൽകി കൂടെ നിന്നത്. ഫാഷൻ ഡിസൈനിങ് പഠിക്കാൻ പുറത്ത് പോകണമെന്ന എന്റെ ഇഷ്ടത്തെ അവർ പിന്തുണച്ചു. അന്ന് ഫാഷൻ ഡിസൈനിങ് പഠിച്ചിറങ്ങിയാൽ പിന്നെന്ത് എന്ന് പോലും അവർക്കറിയില്ലായിരുന്നു. എന്നിട്ടും എന്നെ ഡിഗ്രിയെടുക്കാൻ ബെംഗളൂരു വിട്ടു. കുടുംബത്തിന്റെ പിന്തുണയാണല്ലോ ഏറ്റവും വലുത്. അതുള്ളത് കൊണ്ടാണ് ഇന്നും ഇവിടെ നിൽക്കാൻ സാധിക്കുന്നത്. 

ബെംഗളൂരു ടു കൊച്ചി ടു സിനിമ

ബെംഗളൂരുവിൽ നിന്ന് സിനിമ ആഗ്രഹിച്ചാണ് ഞാൻ കൊച്ചിയിലെത്തുന്നത്. ആദ്യത്തെ ആറു മാസം ഒരു ജോലിയും കിട്ടിയില്ല. പിന്നീട് പല കോണ്ടാക്ടും തപ്പിയെടുത്താണ് അർഷൽ എന്ന ഫോട്ടേഗ്രാഫറുടെ കൂടെ ഫ്രീലാൻസ് ആയി സ്റ്റൈലിങ്ങ് തുടങ്ങുന്നത്. അവിടുന്നാണ് പരസ്യ മേഖലയിലേക്ക് എത്തുന്നത്. അങ്ങനെ ഒരു വർഷത്തോളം പരസ്യ രംഗത്തുണ്ടായിരുന്നു. അവിടുന്നുള്ള കോണ്ടാക്ടിലൂടെയാണ് സിനിമയിലേക്ക് എത്തിച്ചേരുന്നത്. 

എട്ട് വർഷത്തെ സിനിമാ ജീവിതം

ഈ എട്ട് വർഷം എത്ര വേഗമാണ് പോയതെന്നാണ് ഞാൻ ചിന്തിക്കുന്നത്. ഏതാണ്ട് 90 ചിത്രങ്ങളുടെ ഭാഗമാകാൻ പറ്റിയിട്ടുണ്ട്. ഉറങ്ങാത്ത രാത്രികളുണ്ട്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഓട്ടമായിരുന്നു ഏറെയും. അതുകൊണ്ട് ഇത്ര വർഷമായി എന്ന തോന്നലില്ല സത്യത്തിൽ. ആദ്യ പടം ചെയ്തത് ഇന്നും ഓർമയിലുണ്ട്. ഈ വർഷങ്ങളിലെ എന്റെ ഓർമകളെല്ലാം സിനിമയിൽ നിന്നുള്ളതാണ്, അതിപ്പോൾ സന്തോഷമായാലും സങ്കടമായാലും. കുറേ ബന്ധങ്ങളുണ്ടായി. എത്ര ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെങ്കിലും ആഗ്രഹിച്ച ജോലി ചെയ്യുന്ന സംതൃപ്തി വലുതാണ്. 

ഗപ്പിയും സ്റ്റേറ്റ് അവാർഡും

സ്റ്റേറ്റ് അവാർഡോ മറ്റെന്തെങ്കിലും പുരസ്‌കാരങ്ങളോ മനസിലേ ഉണ്ടായിരുന്നില്ല. ഗപ്പി ഇറങ്ങുന്നതിന് മുമ്പേ അതിലെ കോസ്റ്റ്യൂം ചെയ്തത് വളരെ മികച്ചതായിരുന്നുവെന്ന് എനിക്ക് സ്വയം തോന്നിയിരുന്നു. സ്വയം പുകഴ്ത്തുന്നതല്ല കേട്ടോ. എന്തുകൊണ്ടോ ആ സിനിമയിലെ വർക്ക് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. നാളെ ആളുകൾ ശ്രദ്ധിക്കും എന്നും അറിയാമായിരുന്നു. പക്ഷേ അതിനൊരു സംസ്ഥാന പുരസ്‌കാരം പ്രതീക്ഷിച്ചതേ ഇല്ല. ഗപ്പിക്ക് പുറമേ എസ്ര, ലോർഡ് ലിവിങ്ങ്‌സ്റ്റൺ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളൊക്കെ എനിക്ക് ഏറെ സംതൃപ്തി നൽകിയ ചിത്രങ്ങളാണ്. ആടുജീവിതമാണ് ആ ലിസ്റ്റിൽ പുതിയത്. 

placeholder
'​ഗപ്പി'​യിൽ നിന്നും | photo: special arrangements

നമ്മൾ ചെയ്‌തൊരു വസ്ത്രം പ്രേക്ഷകർക്കിഷ്ടപ്പെട്ടു എന്നറിയുമ്പോൾ മനസ് നിറയും. 'ഇഷ്ഖ്' എന്ന ചിത്രത്തിൽ നായിക ആൻ ശീതളിനായി ഒരു പച്ച നിറത്തിലുള്ള ചുരിദാറായിരുന്നു ഒരുക്കിയത്. ഒപ്പം ഫ്‌ളോറൽ ഷാളും നൽകി. അതേറെ ശ്രദ്ധ നേടി.

ഒരിക്കൽ ഞാൻ എറണാകുളത്ത് ഒരു ഷോപ്പിൽ പോയപ്പോൾ ഇതേ കോസ്റ്റ്യൂം ഇട്ടിരിക്കുന്ന കണ്ടു, കൗതുകം തോന്നി ഇതെവിടുന്നാണെന്ന് അവരേട് ചോദിച്ചപ്പോൾ ഇഷ്ഖ് കണ്ട് അതേപോലെ ചെയ്‌തെടുപ്പിച്ചതാണെന്ന് അവർ പറഞ്ഞു. ആ ചേച്ചിക്ക് എന്നെ അറിയില്ല, പക്ഷേ ആ പ്രതികരണം മനസ് നിറച്ചു. അതേ പോലെ കോഴിക്കോട് ഒരു ഷോപ്പിൽ 'ഗ്രേറ്റ്ഫാദർ' സാരി കളക്ഷൻ കണ്ടു. ഇത്തരത്തിലുള്ള നിമിഷങ്ങളാണ് ഏറെ സന്തോഷം നൽകുന്നത്. 

placeholder
​ഗ്രേറ്റ് ഫാദർ, ഇഷ്ഖ് ചിത്രങ്ങളിൽ നിന്നും | photo: special arrangements

വസ്ത്രാലങ്കാര രംഗത്തെ വെല്ലുവിളികൾ

വളരെ വെല്ലുവിളി നിറഞ്ഞ ജോലിയാണ് വസ്ത്രാലങ്കാരം. ചെറിയ കാര്യങ്ങളാകും തലവേദന വരുത്തുന്നത്. കണ്ടിന്യൂറ്റി പ്രശ്‌നങ്ങൾ, അതുപോലെ ചിത്രം ഷെഡ്യൂളാകുന്നതൊക്കെ വലിയ വെല്ലുവിളികളാണ്. സിനിമയിലെ ഒരു രംഗം ഇന്ന് ചിത്രീകരിച്ചാൽ അതേ രംഗത്തിന്റെ അടുത്ത ഭാഗം അടുത്ത വർഷം ചിത്രീകരിക്കുമ്പോൾ കണ്ടിന്യൂറ്റി വലിയ വിഷയമാണ്. വസ്ത്രത്തിന്റെ അളവിൽ വരെ മാറ്റം വന്നേക്കാം. അങ്ങനെ ഒരുപാട് വെല്ലുവിളികൾ മുന്നിലുണ്ട്.

പല സിനിമകളിലും പ്രതിഫലം ലഭിക്കാതെ വന്നിട്ടുണ്ട്. പൈസയ്ക്ക് വേണ്ടി മാത്രം ജോലി ചെയ്യുന്നതാണെങ്കിൽ ഞാൻ മാത്രമല്ല ഒത്തിരി പേർ ഈ സിനിമ വിട്ട് വേറെ വല്ല ജോലിക്കും പോകേണ്ടതാണ്. സിനിമ ജോലിക്ക് അപ്പുറം പാഷനായത് കൊണ്ട് മാത്രമാണ് എത്ര കഷ്ടപ്പാടുണ്ടെങ്കിലും ഇവിടെത്തന്നെ നിൽക്കുന്നത്. 

ആടുജീവിതം നൽകുന്ന പ്രതീക്ഷ

പ്രതീക്ഷകൾ മാത്രമേ ആടുജീവിതത്തെക്കുറിച്ചുള്ളൂ. വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്ത അനുഭവമാണ് അത്. ഒരുപാട് പഠിച്ച് റിസർച്ച് ഒക്കെ ചെയ്തതാണ് ആടുജീവിതത്തിലെ കോസ്റ്റ്യൂമുകൾ. ആടുജീവിതം വായിക്കാത്ത മലയാളികൾ കുറവാണ്. നജീബും സൈനുവുമൊക്കെ അവരുടെ മനസിലുണ്ട്. അതുകൊണ്ട് അത്രയും നീറ്റ് ആയിരിക്കണം അവരെ അവതരിപ്പിക്കേണ്ടതെന്ന് എനിക്കുണ്ടായിരുന്നു. അത്ര എഫേർട്ട് എടുത്തിട്ടുണ്ട്. നന്നായി വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

മംമ്തയും ദീപികയും

മംമ്തയാണ് ഏത് വേഷവും ചേരുന്ന നായിക. ഏത് വസ്ത്രം ഇട്ടാലും ഭയങ്കര ഭംഗിയാണ് അവർക്ക്. നന്നായി ക്യാരി ചെയ്യാൻ അറിയാം ഏത് കോസ്റ്റ്യൂമും. അതുപോലെ തന്നെയാണ് ദീപിക പദുക്കോണും, ഏത് വേഷത്തിലും സുന്ദരിയാണവർ. ഫാഷൻ ഫോളോ ചെയ്യുന്ന ആളല്ല, ക്രിയേറ്റ് ചെയ്യുന്ന ആളാണ് ഞാൻ. ജോലിക്ക് അനുസരിച്ചുള്ള കംഫർട്ടബിളായ വേഷങ്ങളാണ് ഞാൻ കൂടുതലും തിരഞ്ഞെടുക്കുന്നത്. സിന്തറ്റിക്ക് മെറ്റീരിയൽ ഒഴിവാക്കി ഓർഗാനിക് തിരഞ്ഞെടുക്കാനാണ് ശ്രദ്ധിക്കാറുള്ളത്. 

മധുര മനോഹര മോഹം

'മധുര മനോഹര മോഹം' ഒരു ഫാമിലി കോമഡി എന്റർടെയിനർ എന്ന് പറയാം. ഒരുപാട് ലെയേഴ്‌സുള്ള സിനിമയാണ്. കുടുംബപശ്ചാത്തലത്തിൽ ഉള്ള അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത, കൗതുകം നിറഞ്ഞൊരു കഥയാണ്. കഥ വായിച്ച് തിരക്കഥ ഫൈനലൈസ് ആകുമ്പോഴേക്കും ഇന്ന ഇന്ന താരങ്ങളാണ് ചിത്രത്തിൽ വേണ്ടതെന്ന ഒരു ധാരണയുണ്ടായിരുന്നു. 

placeholder
'മധുര മനോഹര മോഹ'ത്തിൽ നിന്നും | photo: screen grab 

ചിത്രത്തിന്റെ നിർമാതാവ് ആകുന്നതിന് മുമ്പേ രജിഷയും ഷറഫും ചിത്രത്തിന്റെ ഭാഗമായിരുന്നു. പിന്നീടാണ് ബാക്കി താരങ്ങളെ തീരുമാനിക്കുന്നത്. സൈജു കുറുപ്പ്, വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിലുണ്ട്.  മനസിൽ ആരെയൊക്കെയാണോ വിചാരിച്ചത് അവരൊക്കെ ചിത്രത്തിലുണ്ട്. 

സിനിമയിലെ വസ്ത്രങ്ങളുടെ ഭാവി 

ഓരോ വസ്ത്രങ്ങളും പ്രൊഡക്ഷനിൽ തിരിച്ചേൽപ്പിക്കാറാണ് പതിവ്. അവരത് പലപ്പോഴും അടുത്ത ചിത്രത്തിൽ ജൂനിയർ ആർടിസ്റ്റുകൾക്കോ ക്രൗഡിനോ നൽകും. ചിലതൊക്കെ നശിച്ച് പോകും. ചിലപ്പോ ആ പ്രൊഡക്ഷനിൽ തന്നെയുള്ളവർ ഉപയോഗിക്കാറുമുണ്ട്. ഇ ഫോർ എന്റർടെയ്ൻമെന്റ് പോലുള്ള പ്രൊഡക്ഷൻ ഹൗസുകൾ ഇത്തരം വസ്ത്രങ്ങൾ ചാരിറ്റിക്ക് കൊടുക്കാറുമുണ്ട്. 

വളർത്തുഗുണം ആണ് ഈ ബോൾഡ്‌നെസ്സ്

ജോലി സംബന്ധമായി ഭയങ്കര ബോൾഡ് ആണ് ഞാൻ. എങ്കിലും വ്യക്തി ജീവിതത്തിൽ അത്ര ബോൾഡാണെന്ന് തോന്നുന്നില്ല. കരിയറിൽ പക്ഷേ ഭയങ്കര ബോൾഡ് ആണ്. കഠിനാധ്വാനവും അതിന്റെ ഒപ്പം ചേർന്നപ്പോഴാണ് ഈ എട്ട് വർഷവും 90 സിനിമകളും എന്റെ കരിയറിൽ സംഭവിച്ചത്. പിന്നെ എന്റെ അമ്മ ഭയങ്കര ബോൾഡാണ്. എന്റെ അച്ഛൻ മരിക്കുമ്പോൾ ഞങ്ങൾ രണ്ടും ചെറിയ കുട്ടികളാണ്. അമ്മ അംഗനവാടി ടീച്ചറാണ്. നമ്മളെ വളർത്തി, അന്നത്തെ കാലത്ത് ആ നാട്ടിൽ ആരും കേട്ടു കേൾവിയില്ലാത്ത ഒരു കോഴ്‌സ് പഠിക്കാൻ എന്നെ ബെം​ഗളൂരുവിലേയ്ക്ക് വിടുന്നതെല്ലാം അമ്മയുടെ ആ ധൈര്യത്തിലാണ്. വളർത്തിയതിൻറെ ഒരു ഗുണം എന്ന് പറയില്ലേ. ആ ഒരു സംഗതി എന്നിലുണ്ടെന്ന് തോന്നുന്നു

മലയാള സിനിമ സുരക്ഷിതമാണ്

മലയാള സിനിമ എന്നെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായത് കൊണ്ടാണ് ഇന്ന് ഞാനിവിടെ നിൽക്കുന്നത്,. എനിക്ക് സുരക്ഷിതമാണ് ഇവിടം. എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കൂടെ നിൽക്കാൻ ഒരുപാട് സംഘടനകളും ആൾക്കാരും ഇന്നിവിടെ ഉണ്ട്. ഇപ്പോൾ ഒരുപാട് സ്ത്രീകളുണ്ട് സിനിമയുടെ പിന്നണിയിലും മുന്നണിയിലും. വളരെ വെൽക്കമിങ്ങ് ആണ് ഇന്ന് സ്ത്രീകൾക്ക് സിനിമ. ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.. സിനിമ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ 100 ശതമാനവും നൽകുക. കഴിവാണ് പ്രധാനം. കഴിവുണ്ടോ, പ്രയത്‌നിക്കാൻ തയ്യാറാണോ നിങ്ങൾ ഇവിടെ നിലനിൽക്കും. അതിന് ഒരു സിനിമാ പശ്ചാത്തലമോ, ബന്ധങ്ങളോ വേണ്ട.