കുടുംബകഥകൾക്ക് എന്നും അകമഴിഞ്ഞ സ്നേഹവും പിന്തുണയും നൽകുന്നവരാണ് മലയാള സിനിമാ പ്രേക്ഷകർ. കുടുംബചിത്രങ്ങളിലൂടെ മലയാളസിനിമാ ലോകത്ത് സ്ഥാനമുറപ്പിച്ച നടീനടന്മാരും സംവിധായകരും തിരക്കഥാകൃത്തുക്കളും നിരവധിയാണ്. അവരുടെ കൂട്ടത്തിലേക്കാണ് മധുര മനോഹര മോഹം എന്ന ചിത്രവുമായി സ്റ്റെഫി സേവ്യറും സംഘവും എത്തിയിരിക്കുന്നത്. കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫിയുടെ ആദ്യ സംവിധാനസംരംഭം കൂടിയാണ് മധുര മനോഹര മോഹം.

To advertise here,

പത്തനംതിട്ട ജില്ലയാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രബലമായ ഒരു നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ അവതരണം. നാട്ടിലെ ഒരു തറവാട്ടിൽ നടക്കുന്ന വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂർത്തങ്ങളുമൊക്കെയാണ് നർമ്മത്തിൽ ചാലിച്ച് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നുറുങ്ങ് തമാശകളിലൂടെ ​ഗൗരവതരമായ വിഷയം തന്നെയാണ് മധുര മനോഹര മോഹം പറയുന്നത്.

ആദ്യ രണ്ട് രം​ഗങ്ങളിലൂടെ തന്നെ കഥാപാത്രങ്ങളേയും അവരുടെ സ്വഭാവവും ജീവിത പശ്ചാത്തലവും ചിത്രം പ്രേക്ഷകർക്കുമുന്നിൽ വരച്ചിടുന്നുണ്ട്. അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് മനു മോഹന്റെ കുടുംബം. ഇതിൽ മനു മോഹനും അമ്മയും തികഞ്ഞ യാഥാസ്ഥിതികരാണെങ്കിൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തരാണ് കുടുംബത്തിലെ മറ്റ് രണ്ടം​ഗങ്ങൾ. ഇവർ തമ്മിലുള്ള ആശയസംഘട്ടനമാണ് ചിത്രത്തെ സജീവമാക്കി നിർത്തുന്നത്.

തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനിൽ നിറഞ്ഞ ചിരിയുണ്ടാക്കുന്നു എന്നതാണ് ഈ സ്റ്റെഫി സേവ്യർ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. നായകനായെത്തിയ ഷറഫുദ്ദീൻ മുതൽ ചെറുവേഷങ്ങളിലെത്തിയവർ പോലും ചിരിപ്പിക്കുന്നതിൽ മത്സരിച്ചിട്ടുണ്ട്. കോമഡി ചെയ്യുന്നതിൽ നിലവിൽ തന്നെ കടത്തിവെട്ടാൻ ആരുണ്ടെന്ന് വെല്ലുവിളിക്കുന്നുണ്ട് ബിന്ദു പണിക്കർ. റോഷാക്കിലെ ഡാർക്ക് ഷേഡുള്ള അമ്മ വേഷത്തിലെത്തിയ ഒരാൾ തന്നെയാണോ ഇതെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ തെറ്റുപറയാനാവില്ല.

മറ്റു താരങ്ങളിലേക്കുവന്നാൽ ഷറഫുദ്ദീനിൽ നിന്ന് തുടങ്ങാം. മനു എന്ന അലസനായ ചെറുപ്പക്കാരനെ ഷറഫു മനോഹരമാക്കിയിട്ടുണ്ട്. മനു എന്ന കഥാപാത്രത്തിന്റെ തമാശയും ചമ്മലും പ്രണയവും ആശങ്കയുമെല്ലാം ഉൾക്കൊണ്ടുതന്നെ അദ്ദേഹം അവതരിപ്പിച്ചു. കരിയറിൽ ഇതുവരെ ചെയ്യാത്ത തരം വേഷമായിരുന്നു രജിഷയുടേത്. ആർഷയുടെ ശലഭ, ബിജു സോപാനത്തിന്റെ ജോസ്, സൈജു കുറുപ്പിന്റെ ജീവൻ രാജ്, വിജയരാഘവന്റെ കരയോ​ഗം പ്രസിഡന്റ്, അൽത്താഫ് സലിമിന്റെ കൂട്ടുകാരൻ വേഷം എന്നിവയെല്ലാം ചിരി സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. സുനിൽ സുഖധ, ജയ് വിഷ്ണു, നിരഞ്ജ് മണിയൻ പിള്ള രാജു എന്നിവരും നന്നായിത്തന്നെ ചെയ്തു.

മഹേഷ് ​ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നൊരുക്കിയ തിരക്കഥ പ്രേക്ഷകനിൽ ഒരു കല്യാണത്തിരക്ക് അനുഭവപ്പെടുത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. മലയാളത്തിൽ അടുത്തിടെ വന്ന പലതരം കല്യാണച്ചിത്രങ്ങളിൽ മുൻനിരയിൽത്തന്നെയുണ്ടാവും മധുര മനോഹര മോഹം. പുതുമുഖ സംവിധായികയുടെ പതർച്ചയില്ലാതെ മനോഹരമായൊരു ചിത്രം ഒരുക്കിയതിൽ സ്റ്റെഫി സേവ്യറിനും അഭിമാനിക്കാം.