
കണ്ണേ കരളേ വി.എസേ എന്നാര്‍ത്തലച്ച മുദ്രാവാക്യത്തിന്റെ ഒറ്റക്കരുത്തില്‍ മാത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്‍ക്കശ്യ മതിലുകളെ പൊളിച്ചെഴുതിയ നേതാവായിരുന്നു വി.എസ് അച്യുതാനന്ദന്‍. ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവും വി.എസിനെ പാര്‍ട്ടിയിലേയും സര്‍ക്കാരിലേയും തിരുത്തല്‍ ശക്തിയാക്കി. അങ്ങനെ വി.എസ് എന്ന രണ്ടക്ഷരം മലയാളി ചേര്‍ത്തുവെച്ചിരിക്കുന്നത് അണഞ്ഞുപോവാത്ത വിപ്ലവത്തിന്റെ തീയോര്‍മകള്‍ക്കൊപ്പമാണ്. മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ആ കനലോര്‍മകള്‍ക്ക് ഇന്ന് നൂറാം പിറന്നാളാണ്. അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സില്‍ അമ്മയേയും പതിനൊന്നാം വയസ്സില്‍ അച്ഛനേയും നഷ്ടപ്പെട്ട വി.എസ് കടുത്തദാരിദ്ര്യത്തില്‍ കെട്ടിപ്പൊക്കിയതായിരുന്നു തന്റെ പോരാട്ട ജീവിതം. പിന്നീട് സമരം തന്നെ ജീവിതമായി. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മ പാര്‍ട്ടിക്കുള്ളില്‍ പോലും എതിരാളികളെ സൃഷ്ടിച്ചപ്പോള്‍ ഒതുക്കാന്‍ ശ്രമിച്ചവര്‍ക്ക് പലപ്പോഴും മാറി നില്‍ക്കേണ്ടി വന്നു.കാരണം ജനങ്ങളായിരുന്നു വി.എസ്സിന്റെ ഊര്‍ജ്ജവും കരുത്തും. പ്രായത്തിന് മുമ്പില്‍ മാത്രം പോരാട്ടങ്ങളെ മാറ്റി നിര്‍ത്തിയ വി.എസിന് നൂറാം വയസ്സിലും അഭിവാദ്യമര്‍പ്പിക്കുമ്പോള്‍ ഒരിക്കല്‍ കൂടെ ഓര്‍ക്കാതിരിക്കാനാവില്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പിളര്‍പ്പുമുതലുള്ള ആ തിരുത്തല്‍ ശക്തിയെ, വി.എസ് എന്ന സമര യൗവ്വനത്തെ.
- ദേശീയ കൗണ്‍സില്‍ മുതല്‍ ടി.പി വധം വരെ
പാര്‍ട്ടിക്ക് പിഴച്ചുപോയെന്ന തോന്നലുണ്ടായപ്പോഴെല്ലാം ഇതല്ല തന്റെ പാര്‍ട്ടിയെന്ന് പറയാതെ പറയുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍. അതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1964-ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം എന്ന പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ടി.പി ചന്ദ്രശേഖരന്‍ വധം വരേയുള്ള എണ്ണമില്ലാത്ത ഉദാഹരണം പറയാനുണ്ട്. 1947 ല്‍ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം പ്രബലമായ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ശ്രമിക്കുന്ന ഒരുവിഭാഗം സി.പി.ഐയില്‍ ഉയര്‍ന്ന് വന്നിരുന്നു. ഈ പ്രവണതയ്ക്ക് നേതൃത്വം നല്‍കിയത് എസ്.എ ഡാങ്കെയാണ്. 1962-ല്‍ ഇന്ത്യ ചൈന യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സി.പി.ഐക്കുള്ളിലെ ഡാങ്കെയുടെ എതിരാളികള്‍ ജയിലിലടയ്ക്കപ്പെട്ടു. എന്നാല്‍ അവര്‍ മോചിതരായപ്പോള്‍ അവര്‍ ഡാങ്കെയുടെ നേതൃത്വത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചു. 1964-ല്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. സി.പി.ഐ(എം) രൂപീകൃതമായി. പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ച് 1964-ലെ ദേശീയകൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളില്‍ ഒരാളായിരുന്നു വി.എസ്. അവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നതും വി.എസ് മാത്രമാണ്.
1965 മുതല്‍ 2016 വരെ നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് വി.എസ് വിജയിച്ചുകയറിയത്. പക്ഷെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദന്‍ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയം. പലപ്പോഴും പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമ്പോള്‍ വി.എസ് തോല്‍ക്കുകയോ വി.എസ് ജയിക്കുമ്പോള്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയോ ചെയ്തു. 1967-ലും 2006 ലും ഒഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെുപ്പുകളിലെല്ലാം പാര്‍ട്ടി അധികാര സ്ഥാനത്തിന് പുറത്തായിരുന്നു. 1996-ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മാരാരിക്കുളത്തെ തോല്‍വിയോടെ അതില്ലാതായി. പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് ശേഷം 2006 ല്‍ ആ നിയോഗത്തിലേക്ക് വി.എസ് എത്തിപ്പെടുകയും ചെയ്തു. വി.എസ്സിനെ അധികാര സ്ഥാനത്ത് നിന്ന് മറ്റി നിര്‍ത്താന്‍ സ്വന്തം ചേരിയില്‍ നിന്നുള്ളവര്‍ തന്നെ പലപ്പോഴും മുന്‍കൈയെടുത്തിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. കാരണം പാര്‍ട്ടിയുടെ നേതൃത്വ പദവയിലുള്ളപ്പോള്‍ പോലും സ്വന്തം പ്പുറമായിരുന്നു പലപ്പോഴും പാര്‍ട്ടിയുടെ ശരി. ഇത് ധാരാളം ശത്രുക്കളേയും സൃഷ്ടിച്ചു. വെട്ടിനിരത്തല്‍ നേതാവെന്ന ആരോപണം നേരിട്ടു.
1968-69 കാലത്തെ നക്‌സല്‍ ഭീഷണിക്ക് ശേഷം പര്‍ട്ടി നേരിട്ട ഏറ്റവും വലിയ അഭ്യന്തര പ്രശ്‌നമായിരുന്നു 1980-ലെ ബദല്‍രേഖാ വിവാദം. ജാതി-മത ശക്തികളുമായി സി.പി.എമ്മിന് ഒരുവിധ സഖ്യവും പാടില്ലെന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്ത് കൊണ്ട് കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്നും അതിനാല്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നും വാദിക്കുന്നതായിരുന്നു ബദല്‍ രേഖ. എം.വി രാഘവന്‍ ഉള്‍പ്പെടെയുളള ഒമ്പതോളം നേതാക്കള്‍ ബദല്‍രേഖയുമായി രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി ഒരുവേള വീണ്ടും പിളര്‍പ്പിലേക്ക് പോവുയെന്ന തോന്നല്‍ പോലുമുണ്ടായി. ഇക്കാലത്ത് പാര്‍ട്ടിയെ ചെങ്കൊടിക്ക് കീഴില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ വി.എസ് വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ഇ.കെ നായനാരടക്കം ബദല്‍രേഖയെ അനുകൂലിച്ചപ്പോള്‍ ഉള്‍പ്പാര്‍ട്ടി വേദികളില്‍ ഇതിനെ നഖശിഖാന്തം എതിര്‍ത്തവരില്‍ ഒരാളായിരുന്നു വിഎസ് അച്യുതാനന്ദന്‍. എന്നാല്‍ ബദല്‍ രേഖ തയ്യാറാക്കാന്‍ ചൂക്കാന്‍ പിടിച്ച ഇ.കെ നായനാര്‍ ഇതില്‍ ഒപ്പിട്ടിരുന്നില്ല എന്നത് വിരോധാഭാസമായി. ബദല്‍ രേഖയില്‍ ഒപ്പിട്ടവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെങ്കിലും ഒരു പിളര്‍പ്പില്‍ നിന്ന് പാര്‍ട്ടിയെ രക്ഷപ്പെടുത്തിയവന്‍ എന്ന വീര പരിവേഷമായിരുന്നു അന്ന് വി.എസിന് ലഭിച്ചിരുന്നത്. ഉന്നത പാര്‍ട്ടി വേദികളില്‍ നിന്നും പാര്‍ട്ടി വേദികളില്‍ നിന്നും വലിയ അനുമോദനവും വി.എസിന് ലഭിച്ചു.
- കെ.കരുണാകരനും ഡി.ഐ.സി.യും
സി.പി.എമ്മിന്റെ എക്കാലത്തേയും എതിരാളിയെന്ന് വിശേഷിപ്പിക്കപ്പെട്ട കെ.കരുണകാരന്‍ കോണ്‍ഗ്രസ് വിട്ട് രൂപീകരിച്ച ഡി.ഐ.സിയുമായി സഖ്യത്തിലേര്‍പ്പെടണമെന്ന പാര്‍ട്ടിക്കുള്ളിലെ ചിലരുടെ ആവശ്യത്തേയും അതി ശക്തമായിട്ടായിരുന്നു വി.എസ് എതിര്‍ത്തിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഒടുവില്‍ പോളിറ്റ്ബ്യൂറോ ഇടപെട്ട് സഖ്യം വേണ്ടെന്ന് വെച്ചു. എസ്.എന്‍.സി. ലാവ്ലിന്‍ കേസിലും 2009-ലെ പൊതുതിരഞ്ഞെടുപ്പില്‍ സി.പി.എം. പി.ഡി.പിയുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ കാര്യത്തിലും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ നിലപാടായിരുന്നു വി.എസ്. അച്യുതാനന്ദന്‍ കൈക്കൊണ്ടിരുന്നത്. ഇതിന്റെ പേരില്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് പോലും പുറത്തുപോവേണ്ടി വന്നെങ്കിലും പാര്‍ട്ടിയാണ് തന്റെ ശക്തി പാര്‍ട്ടിയാണെന്റെ ദൗര്‍ബല്യമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന വി.എസിനെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. നിലപാടുകളിലെ വിട്ടുവീഴ്ച്ചയില്ലായ്മ പിന്നീട് പാര്‍ട്ടിയില്‍ വി.എസ്-പിണറായിപക്ഷമായി മാറുന്ന കാഴ്ച്ചയും കേരളം കണ്ടു. പലപ്പോഴും ഇത് പരസ്യ ഏറ്റുമുട്ടലിലേക്കും അതില്‍ ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ക്ക് തന്നെ ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കേണ്ടിയും വന്നത് അക്കാലത്തെ പ്രധാന വാര്‍ത്തകളായി. 2002-ലെ കണ്ണൂര്‍ സമ്മേളനത്തോട് കൂടിയാണ് വി.എസ്-പിണറായി പക്ഷം പാര്‍ട്ടിക്കുള്ളില്‍ സജീവമായത്. പാര്‍ട്ടിയിലെ വിഭാഗീയത 2006-ല്‍ പാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും വി.എസിനെ മുഖ്യമന്ത്രിയാകുന്നതിന് പോലും ഒരുവേള തടസ്സമായി. പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് വി.എസിനെ മുഖ്യന്ത്രിയായി പ്രഖ്യാപിച്ച് പി.ബി തീരുമാനമുണ്ടായത്. 2011 തിരഞ്ഞെടുപ്പിലും ആദ്യം പാര്‍ട്ടി വി.എസിന് സീറ്റ് നിഷേധിച്ചിരുന്നുവെങ്കിലും വി.എസിന് വേണ്ടി തെരുവിലിറങ്ങിയ പ്രവര്‍ത്തകരെ പാര്‍ട്ടിക്ക് കാണേണ്ടി വന്നു. പരസ്യ പ്രകടനവും ചുമരെഴുത്തുമെല്ലാം അവഗണിച്ച് പാര്‍ട്ടിക്ക് മുന്നോട്ടുപോവാനായില്ല. ഒടുവില്‍ മലുമ്പുഴ മണ്ഡലത്തില്‍ നിന്ന് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തുവെന്നതും ചരിത്രം.

പാര്‍ട്ടിയില്‍ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തീരുമാനങ്ങളെ പരസ്യമായി എതിര്‍ക്കുയും നടപടി വരുമ്പോള്‍ ഒന്നും മിണ്ടാതെ സ്വീകരിക്കുന്നതും പാര്‍ട്ടി തന്റേതാണെന്ന വി.എസിന്റെ ഉറച്ചവിശ്വാസത്തിന്മേലായിരുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്വീകരിച്ച നിലപാട്. സി.പി.എമ്മിനെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയ 2012-ലെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി വി.എസ് സ്വീകരിച്ച പരസ്യ നിലപാടുകള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ വലിയ രീതിയിലാണ് ഒറ്റപ്പെടുത്തിയത്. വിലക്ക് ലംഘിച്ച് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെ സന്ദര്‍ശിക്കനായി വടകര ഒഞ്ചിയത്തെ ടി.പിയുടെ വീട്ടിലെത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. പക്ഷെ അത് ഒരിക്കല്‍ കൂടെ വി.എസിനെ ജനകീയനാക്കുകയും ചെയ്തു.
ടി.പി കേസില്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്ന വി.എസിന്റെ വാദം പാര്‍ട്ടിക്ക് മാത്രമേ സ്വീകാര്യമാവാതിരുന്നുള്ളൂ. അതുകൊണ്ടു തന്നെ വി.എസിന്റെ നിലപാട് സംഘടനാ തത്വങ്ങളുടെ ലംഘനമെന്ന സാങ്കേതികത്വം പറഞ്ഞ് അതിനെ ഒഴിവാക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. അല്ലാത്ത പക്ഷം ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ഒറ്റപ്പെടുമെന്ന തിരിച്ചറിവും അന്നത്തെ പാര്‍ട്ടി നേതൃത്വത്തിനുണ്ടായിരുന്നു. ഒരുപക്ഷെ എന്നുമൊരു തിരുത്തല്‍ ശക്തിയായി നിന്നത് കൊണ്ടാവാം സി.പി.എമ്മില്‍ നിന്ന് ഏറ്റവും കൂടുതല്‍ പാര്‍ട്ടി നടപടിയേറ്റ നേതാക്കന്‍മാരില്‍ ഒരാള്‍ കൂടിയായി വി.എസ് അച്യുതാനന്ദന്‍ മാറിയത്. വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ്ബ്യൂറോയില്‍ നിന്ന് പോലും നീക്കം ചെയ്യപ്പെട്ടത് വലിയ ചര്‍ച്ചയായെങ്കിലും പാര്‍ട്ടി തീരുമാനത്തിനെതിരേ ഒരക്ഷരം പോലും സംസാരിച്ചിരുന്നില്ല വി.എസ്. എല്ലാം ശിരസ്സാവഹിക്കുകയും തന്റെ നിലപാട് വീണ്ടും വീണ്ടും ഉറക്കെ വിളിച്ച് പറയുകയും ചെയ്തു.
- വിവാദങ്ങളുടെ സഖാവ്
വി.എസ് എന്ന ചുരുക്കെഴുത്തിന് വിവാദങ്ങളുടെ സഖാവ് എന്ന വിളിപ്പേര് കൂടിയുണ്ട്. അത്രമാത്രം റിബലായിരുന്നു പാര്‍ട്ടിയില്‍ വി.എസ്. അതുകൊണ്ടു തന്നെ മറ്റ് നേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ സമാനതകളില്ലാത്ത പാര്‍ട്ടി നടപടികള്‍ക്കും വി.എസ് വിധേയനായി. 1964-ല്‍ ആണ് വി.എസ് ആദ്യ അച്ചടക്ക നടപടിക്ക് വിധേയനാവുന്നത്. അന്ന് ഇന്ത്യാ ചൈനാ യുദ്ധകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി വി.എസിനേയും മറ്റ് നേതാക്കളേയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. ജയിലിനുള്ളില്‍ വി.എസ് രക്തദാനത്തിന് പ്രചാരണം നല്‍കി. അതിര്‍ത്തിയില്‍ പോരാടിയിരുന്ന ജവാന്‍മാര്‍ക്ക് രക്തം ദാനം ചെയ്യണമെന്നായിരുന്നു വി.എസിന്റ ആവശ്യം. ഇത് ജയിലിനുള്ളിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷത്തിനിടയാക്കി. ജയില്‍ മോചിതനായ ശേഷം വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തി.
1998 ല്‍ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലെ വെട്ടിനിരത്തലിന്റെ പേരിലായിരുന്നു രണ്ടാമത്തെ നടപടി. പാര്‍ട്ടി കേന്ദ്രകമ്മിറ്റി വി.എസിനെ താക്കീത് ചെയ്തു. പാര്‍ട്ടിയിലെ വിരുദ്ധ പക്ഷക്കാരോട് വി.എസ് കാണിക്കുന്ന ശത്രുതാ മനോഭാവം ഉപേക്ഷിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയും ചെയ്തു.
സി.പി.എമ്മിലെ വിഭാഗീയതയുടെ പേരില്‍ 2007 മെയ് 26 ന് വി.എസിനെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതാണ് പിന്നീടുണ്ടായ നടപടി. അന്ന് വി.എസിനൊപ്പം പിണറായി വിജയനും ഇതേ നടപടി നേരിട്ടു. ലാവ്‌ലിന്‍ കേസില്‍ ഇരുവരും പരസ്യമായി വാക്‌പോര് നടത്തിയതിനായിരുന്നു നടപടി. 2007 ഒക്ടോബറില്‍ തിരിച്ചെടുത്തെങ്കിലും 2009 ജൂലായ് 13 ന് വി.എസ് വീണ്ടും പി.ബിക്ക് പുറത്തായി. സംഘടനാ തത്വങ്ങളും അച്ചടക്കവും ലംഘിച്ചുവെന്നായിരുന്നു ആരോപണം. അന്ന് വി.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ എഡിബിയില്‍ നിന്ന് വായ്പയെടുക്കുന്നതിനെതിരേ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയതിനെതിരായും വി.എസിനെതിരേ നടപടിയുണ്ടായി. അവസാനമായി ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരേ പറഞ്ഞതിനും പാര്‍ട്ടി ശാസന നേരിട്ടു.

- വെട്ടിനിരത്തല്‍ സമരം
1996-97 കാലത്ത് മാങ്കൊമ്പില്‍ വി.എസ് അച്യുതാന്ദന്റെ നേതൃത്വത്തില്‍ നടന്ന വെട്ടിനിരത്തില്‍ സമരമാണ് വി.എസിന്റെ സമരചരിത്രത്തിലെ പ്രധാന ഏടുകളിലൊന്ന്. ഇതോടെ വി.എസിന് പാര്‍ട്ടിയിലും ജീവിതത്തിലും വെട്ടിനിരത്തല്‍ സ്വഭാവക്കാരന്‍ എന്ന വിളിപ്പേരും വന്നു. നെല്‍പ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകള്‍ തിരിയുന്നതിനെതിരെയായിരുന്നു ഈ സമരം. ഈ പ്രവണതമൂലം നിരവധി കര്‍ഷകത്തൊഴിലാളികള്‍ ജോലിയില്ലാതാവുന്നു എന്നതായിരുന്നു സമരക്കാര്‍ ഉയര്‍ത്തിയ വാദം. മാങ്കൊമ്പിലെ ഒരു കര്‍ഷകന്‍ തന്റെ നികത്തിയ പാടശേഖരത്തില്‍ തെങ്ങും മറ്റും നട്ടുവളര്‍ത്തിയതായിരുന്നു പ്രക്ഷോഭത്തിന്റെ ആദ്യ ഇര. ഒരു വിഭാഗം കെ.എസ്.കെ.ടി.യു പ്രവര്‍ത്തകര്‍ കൃഷി പൂര്‍ണമായും വെട്ടിനശിപ്പിച്ചു. ഈ സമരം പിന്നീട് ആലപ്പുഴയുടെ വിവിധ മേഖലകളിലേക്ക് പടര്‍ന്നു. ഇത് വലിയ വിവാദത്തിന് വഴിവെച്ചു. കെ.എസ്.കെ.ടി.യു നടപടി എന്നതിനപ്പുറം സി.പി.എം ഇതില്‍ നിന്ന് സൗകര്യപൂര്‍വം മാറി നിന്നു. ഇതിന് ശേഷമായിരുന്നു തനിക്ക് ഇഷ്ടമില്ലാത്തവരെ വി.എസ് വെട്ടിനിരത്തുന്നുവെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വന്നത്. സി.പി.എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം.വി.രാഘവന്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ വി.എസാണ് ചുക്കാന്‍ പിടിച്ചതെന്നും ആരോപിക്കപ്പെട്ടു. 1996-ല്‍ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും വി.എസ്. ഇതുപോലെ വെട്ടിനിരത്തി എന്ന ആരോപണവും വന്നു. ഇത് പാര്‍ട്ടി നടപടിക്കും കാരണമായി.

- മൂന്നാര്‍ ദൗത്യവും വി.എസിന്റെ പൂച്ചകളും
നമ്മള്‍ നിശ്ചയിച്ചിട്ടുള്ള പൂച്ചകള്‍ കറുത്തതോ വെളുത്തതോ എന്ന് ഞങ്ങള്‍ നോക്കിയിട്ടില്ല. എലിയെ പിടിക്കുമോയെന്നാണ് നോക്കുന്നത്. നോക്കുമ്പോ നല്ലപോലെ കുഞ്ഞെലികളെ വരെ പിടിക്കുകയാണ്. വി.എസ് അച്യുതാനന്ദന്‍ 2007 ല്‍ മൂന്നാര്‍ ദൗത്യത്തിനായി തന്റെ സംഘാംങ്ങളെ മൂന്നാറിലേക്കയച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചത് ഇങ്ങനെയായിരുന്നു. വലിയ ചിരിപടര്‍ത്തിയ വാര്‍ത്താസമ്മേളനമായിരുന്നുവെങ്കിലും ദൗത്യത്തിന് അകാലചരമഗാനമെഴുതി. സി.പി.ഐ പാര്‍ട്ടി ഓഫീസിലേക്ക് ഇടിച്ചുനിരത്തല്‍ നടപടിയുമായി ജെ.സി.ബിയെത്തിയതോടെ വി.എസിന്റെ പൂച്ചകള്‍ക്ക് ദൗത്യം പാതി വഴി ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും ഇത് വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ വിവാദങ്ങളിലൊന്നായി മാറുകയും ചെയ്തു.
മൂന്നാറിലെ ടാറ്റായുടെ കൈവശമുണ്ടെന്ന് നിയമസഭാസമിതി റിപ്പോര്‍ട്ടിലുളള അധികഭൂമി ഏറ്റെടുക്കല്‍ മുതല്‍ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളെല്ലാം മുഴുവന്‍ ഒഴിപ്പിക്കാനായിരുന്നു പദ്ധതി. കെ.സുരേഷ് കുമാറിന്റെയും ഋഷിരാജ് സിങ്ങിന്റെയും നേതൃത്വത്തിലുളള ടീമാണ് കൈയേറ്റമൊഴിപ്പിക്കല്‍ പദ്ധതിയുമായി മുന്നോട്ട് പോയത്. ആദ്യം മുതലേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രാദേശിക ഘടകങ്ങള്‍ ഇതിനെതിരായിരുന്നു. സിപിഐ സംസ്ഥാന തലത്തില്‍ തന്നെ ഇതിനെതിരായി ഒളിപ്പോരും പരസ്യപ്പോരും നടത്തി. അതില്‍ തുടക്കത്തില്‍ തന്നെ അവര്‍ക്ക് കിട്ടിയ ആയുധമായിരുന്നു സിപിഐയുടെ പാര്‍ട്ടി ഓഫീസ് പൊളിക്കല്‍ വിവാദം. ഇതോടെ ദൗത്യത്തിന് അകാലചരമമുണ്ടാവുകയും ചെയ്തു.മൂന്നാര്‍ ദൗത്യവുമായി പലരും വീണ്ടും മല കയറിയെങ്കിലും കയ്യേറ്റങ്ങള്‍ കയ്യേറ്റമായി തന്നെ ഇന്നും നിലനിന്നുപോന്നു.
16 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വി.എസിന്റെ നൂറാം ജന്മദിനം വന്നെത്തുമ്പോള്‍ കോടതിയുടെ നേതൃത്വത്തില്‍ തന്നെ മറ്റൊരു മൂന്നാര്‍ ദൗത്യത്തിന് അരങ്ങൊരുങ്ങുകയാണെന്നതും ശ്രദ്ധേയം. ഇതിനായി പ്രത്യേക സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇടുക്കി ജില്ലാ കലക്ടര്‍ക്ക് പുറമേ, സബ് കലക്ടര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്‍, കാര്‍ഡമം അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് റവന്യു വകുപ്പ് ഉത്തരവിറക്കിയത്. പട്ടയം ലഭിക്കാന്‍ അര്‍ഹതയുള്ളവരുടേത് ഒഴികെയുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം.
Content Highlights: vs achuthanandan turns 100
Published: 19 Oct 2023, 12:42 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented