placeholder
വി.എസ്. അച്യുതാനന്ദനും
മകന്‍ വി.എ. അരുണ്‍കുമാറും

അച്ഛന്റെയൊപ്പം താമസിച്ചു വളർന്നതല്ല എന്റെ കുട്ടിക്കാലം. പക്ഷേ, എപ്പോഴും ആ സാന്നിധ്യം കൂടെയുണ്ടായിരുന്നു. അച്ഛന്റെ അഭാവത്തിൽ എല്ലാ കാര്യങ്ങളും ചെയ്തിരുന്ന അമ്മയായിരുന്നു ഹോം മാനേജർ. പാർട്ടി പരിപാടികൾക്കായി എറണാകുളവും തൃശ്ശൂരുമൊക്കെ പോവുമ്പോൾ ആലപ്പുഴ വഴിയാണല്ലോ യാത്ര. പറ്റാവുന്നസമയങ്ങളിലൊക്കെ അച്ഛൻ വീട്ടിൽക്കയറും. കൊല്ലത്തൊക്കെ പരിപാടിയുണ്ടെങ്കിൽ താമസം വീട്ടിലായിരിക്കും. അസുഖമൊക്കെവന്ന്‌ സ്‌കൂളിൽ പോവാതിരുന്നപ്പോൾ ലീവ് ലെറ്ററൊക്കെ എഴുതിത്തന്ന അച്ഛനുമുണ്ട്, എന്റെ ബാല്യകാല ഓർമയിൽ.

ആലപ്പുഴയിലെ നാളുകൾ

പുന്നപ്രയിലായിരുന്നു സ്‌കൂൾ. പാർട്ടിക്കാരുടെയും അനുഭാവികളുടെയും മക്കളായിരുന്നു സഹപാഠികൾ. കർഷകത്തൊഴിലാളികൾക്കും പാർട്ടിക്കാർക്കുമൊപ്പം തന്നെയായിരുന്നു ഞങ്ങളുടെ ജീവിതം. പാർട്ടിയോടുതന്നെ ഇഴുകിച്ചേർന്ന ജീവിതമായതിനാൽ, സ്‌കൂളിലൊക്കെ പഠിക്കുമ്പോൾ നേതാവിന്റെ മകനെന്ന മേൽവിലാസത്തിൽ പ്രത്യേക പരിഗണനയൊന്നുമായിരുന്നില്ല. അച്ഛനോടുള്ള ആദരവിൽ മറ്റു സഖാക്കൾ പ്രത്യേകം താത്‌പര്യം കാണിച്ചിരുന്നു. ഇങ്ങനെ, പാർട്ടിക്കാരുടെ സ്നേഹത്തിലും സംരക്ഷണത്തിലുമായി ജീവിതമങ്ങനെ മുന്നോട്ടുനീങ്ങി.
പുന്നപ്രവയലാർ സമരത്തിനുശേഷം മിക്കപ്പോഴും പോലീസ് ഭീകരതയിലായിരുന്നു ആ മേഖല. ഇടയ്ക്കിടെ രാഷ്ട്രീയസംഘർഷങ്ങളും പ്രശ്നങ്ങളും. ആലപ്പുഴയിലെ ഏറ്റവും പ്രധാന നേതാവായിരുന്നു അച്ഛൻ. പലപ്പോഴും വീടാക്രമിക്കപ്പെടും എന്ന സ്ഥിതി. അതും അച്ഛൻ വരുന്ന ദിവസം ആക്രമണം ഉണ്ടാവുമെന്നതായിരുന്നു ഭീഷണി. ഞങ്ങളൊക്കെ സ്‌കൂൾ വിട്ടുവന്നശേഷമായിരിക്കും ഇതൊക്കെ അറിയുക. വീട് കത്തിക്കുമെന്നൊക്കെ ഭീഷണിമുഴക്കി ജാഥയും ബഹളവുമൊക്കെയുണ്ടാവും. ആലപ്പുഴ മുനിസിപ്പൽ ചെയർമാനായിരുന്ന വി.കെ. സോമൻ അച്ഛന്റെ ഏറ്റവും അടുത്ത സഖാവായിരുന്നു. അച്ഛനെതിരേ വലിയ അക്രമഭീഷണിയുള്ളതിനാൽ അദ്ദേഹവും സഖാക്കളും ഒരുദിവസം വൈകീട്ട് വീട്ടിൽവന്നുനിൽക്കുന്ന സ്ഥിതിപോലുമുണ്ടായി. ഇതൊക്കെയാണ് കുട്ടിക്കാലത്തെ അച്ഛനെക്കുറിച്ചുള്ള ഓർമകൾ.

ജയിലിൽനിന്നു കിട്ടിയ ഉമ്മ

അടിയന്തരാവസ്ഥക്കാലമാണ് ഏറ്റവും വിഷമമുള്ള ഓർമ. ഒരു ദിവസം ഞാൻ ഉണർന്നെണീറ്റപ്പോൾ രാവിലെ വീട്ടിൽ അച്ഛനെ കാണാനില്ല. തലേന്നുരാത്രി പോലീസ് വീടുവളഞ്ഞ്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അച്ഛനെ അറസ്റ്റുചെയ്തുകൊണ്ടുപോയെന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടമായി. എനിക്കന്ന് അഞ്ചുവയസ്സേ ഉണ്ടായിരുന്നുള്ളൂ. അച്ഛനെ തടവിലിട്ടത് പൂജപ്പുര ജയിലിലായിരുന്നു. അച്ഛനെ കാണാനായിരുന്നു എന്റെ ആദ്യ തിരുവനന്തപുരം യാത്ര. ഞാനും സഹോദരിയും അമ്മയ്ക്കും ബന്ധുവിനുമൊപ്പം പൂജപ്പുരയിൽ പോയി. ഇടിവണ്ടിയിൽ പോലീസ് കൊണ്ടിറക്കി കാണിച്ചുതന്നതും ഞങ്ങൾ രണ്ടുപേർക്കും അച്ഛൻ ഉമ്മതന്നതുമൊക്കെ ഇന്നും മനസ്സിൽ മായാതെകിടക്കുന്നു.

പഠിച്ചും പഠിപ്പിച്ചും

അതിതീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ അച്ഛൻ മക്കളെയും കൊച്ചുമക്കളെയുമൊക്കെ നിർബന്ധിച്ചത് വിദ്യാഭ്യാസത്തിലായിരുന്നു. പുതിയ കാര്യങ്ങളൊക്കെ പഠിക്കാൻ അച്ഛന് എന്നും താത്‌പര്യമുണ്ടായിരുന്നു. സ്വന്തമായി ഹിന്ദി പഠിക്കാൻ ആളെവെച്ചതും കംപ്യൂട്ടർ പരിശീലിക്കാൻ ശ്രമിച്ചതുമൊക്കെ അതുകൊണ്ടായിരുന്നല്ലോ. ചെറുപ്പത്തിൽ അച്ഛനു കഴിയാതിരുന്നതിന്റെ വിഷമംകൊണ്ടുകൂടിയാവാം, ഞങ്ങളുടെ വിദ്യാഭ്യാസത്തിൽ വലിയ ശ്രദ്ധയായിരുന്നു. അദ്ദേഹത്തെ സന്തോഷിപ്പിച്ചിരുന്നതും ഞങ്ങളുടെ പഠനമായിരുന്നു. കൊച്ചുമക്കളോടും ചോദിച്ചറിഞ്ഞിരുന്നത് പഠനത്തെക്കുറിച്ചും പരീക്ഷയിലെ മാർക്കിനെക്കുറിച്ചുമൊക്കെതന്നെ.

തലസ്ഥാനത്തെ അമ്മാവന്മാർ

അച്ഛൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ഞങ്ങൾ അവധിക്കാലത്ത് തിരുവനന്തപുരത്തു വന്നുനിൽക്കും. പാർട്ടി ഓഫീസിൽ സൗകര്യമില്ലാത്തതിനാൽ ഞങ്ങൾ എം.എൽ.എ. ക്വാർട്ടേഴ്‌സിൽ താമസിക്കും. പിന്നീട്, എ.കെ.ജി. സെന്ററിലായി താമസം. അമ്മയ്ക്ക്‌ സഹോദരന്മാരില്ല. അന്ന്, പാർട്ടി സെന്ററിലുണ്ടായിരുന്ന പി.വി. കുഞ്ഞിക്കണ്ണൻ, പുത്തലത്ത് നാരായണൻ, എം.എം. ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ് എന്നിവരൊക്കെ എനിക്ക് അമ്മാവന്മാരായിരുന്നു. അവരുടെയൊക്കെ ഒപ്പം ഒരു കുടുംബംപോലെ ഞങ്ങൾ ജീവിച്ചു. പ്രതിപക്ഷനേതാവായപ്പോൾ കന്റോൺമെന്റ് ഹൗസിലായി താമസം. 
അച്ഛനൊപ്പം ­ഞങ്ങളെല്ലാം ഒന്നിച്ചുള്ള താമസം തുടങ്ങിയത് അന്നുമുതലായിരുന്നു.  

ജനങ്ങൾക്കായി നിറയുന്ന ഹൃദയം

ഒരു കാലത്തും ഒരു കാര്യത്തിലും വ്യക്തിതാത്‌പര്യത്തോടെ അച്ഛൻ പെരുമാറിയിട്ടില്ല. മക്കളുടെ കാര്യത്തിൽപ്പോലും അദ്ദേഹം അത്തരത്തിൽ ഇടപെട്ടിട്ടില്ല. എന്റെപേരിൽ വിവാദമുണ്ടായപ്പോഴും അതായിരുന്നു സമീപനം.
വീട്ടിലങ്ങനെ രാഷ്ട്രീയം ചർച്ചചെയ്യാറില്ല. പക്ഷേ, കർഷകത്തൊഴിലാളികളുടെ വീടിന്റെ മച്ചിൽ മണിക്കൂറുകളോളം ദുസ്സഹസാഹചര്യത്തിൽ ഒളിച്ചിരിക്കേണ്ടിവന്ന അനുഭവം അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലംമുതൽക്കുള്ള സഹനജീവിതം അദ്ദേഹത്തെ പാകപ്പെടുത്തിയിട്ടുണ്ടാവാം. എന്തുപ്രതിസന്ധിയുണ്ടായാലും അതിനെ അഭിമുഖീകരിക്കും. ജനങ്ങൾ അടിച്ചമർത്തപ്പെടുമെന്നുതോന്നുമ്പോൾ വെറുതേയിരിക്കില്ല. 
പൊമ്പിളൈ ഒരുമൈ സമരക്കാരെ കാണാൻപോവുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം ശരിയായിരുന്നില്ല. എങ്കിലും അച്ഛൻ പോയി. ഓഖി ദുരന്തമുണ്ടായപ്പോഴും അതുതന്നെ. ദുരിതഭൂമിയിൽ ആളുകൾ ബുദ്ധിമുട്ടുമ്പോൾ ഇടപെടണമെന്ന ബോധ്യത്തിൽ ദുർഘടഘട്ടങ്ങളിൽ പോവാൻ മടിക്കില്ല.
 മനുഷ്യനെ അറിഞ്ഞുചെയ്യേണ്ട അടിസ്ഥാനകാര്യങ്ങളാണ് അതൊക്കെയെന്ന് ഓർമിപ്പിക്കാൻ അച്ഛനു കഴിഞ്ഞു. വ്യക്തമായി ബോധ്യമുള്ള കാര്യങ്ങളിൽ ജനങ്ങൾക്കൊപ്പംനിൽക്കുന്ന സമീപനത്തിലാണ് അദ്ദേഹം ഏറ്റെടുത്ത പോരാട്ടങ്ങൾ. മാധ്യമങ്ങൾ അതിനൊക്കെ പിന്തുണനൽകിയെങ്കിലും പലതും വേണ്ടത്ര ജനങ്ങളിൽ എത്തിയിട്ടില്ലെന്നാണ് എന്റെയൊരു തോന്നൽ.
എന്നും ജനങ്ങൾക്കൊപ്പമായിരുന്നു അച്ഛന്റെ ജീവിതം. അവർക്കുവേണ്ടി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. രാഷ്ട്രീയത്തിനൊക്കെ അതീതമായി അതു തിരിച്ചറിഞ്ഞ് ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചു. ആ ആത്മാർഥത അംഗീകരിക്കപ്പെട്ടു. 
അസുഖബാധിതനായപ്പോൾ ജനങ്ങളെ കാണാനോ സംസാരിക്കാനോ കഴിയാത്തതാണ് അച്ഛന്റെ വിഷമം. ഒരുകാര്യത്തിൽ തർക്കമില്ല. ഈ നാട്ടിലെ ജനങ്ങളാണ് ഒരു നൂറ്റാണ്ടു തികച്ച വി.എസ്. എന്ന കമ്യൂണിസ്റ്റ് ഇതിഹാസത്തിന്റെ ജീവൻ.