
'ഇജ്ജ് ഓട്‌ണേന്റെ മുന്നില്‍ ആരിം ബിടര്ത്' എന്നു പറഞ്ഞാണ് മുഹമ്മദ് അമീനെ ഉമ്മ മുനീറ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് യാത്രയാക്കിയത്. പറഞ്ഞ പോലെത്തന്നെ അമീന്‍ ആരെയും മുന്‍പില്‍ വിട്ടില്ല. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനം. സന്തോഷം അവിടെയും തീര്‍ന്നില്ല. രണ്ടാമതായി ഫിനിഷ് ചെയ്തതാവട്ടെ, കൂട്ടുകാരനും സഹപാഠിയുമായ മുഹമ്മദ് ജസീല്‍! ഫലത്തില്‍ ഒരേയിനത്തിലെ സ്വര്‍ണവും വെള്ളിയും മലപ്പുറം ജില്ലയിലെ ചീക്കോട് കെ.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്വന്തം.
ഫുട്‌ബോള്‍ കളിച്ചു നടന്നു; ഓടാന്‍ കഴിയുമെന്നത് തിരിച്ചറിഞ്ഞതു പോലുമില്ല
കിഴിശ്ശേരി കടുങ്ങല്ലൂര്‍ സ്വദേശിയാണ് അമീന്‍. ജസീല്‍ ചീക്കോട് ചെറിയാപറമ്പ് സ്വദേശിയും. അഞ്ചു കിലോമീറ്റര്‍ ദൂരപരിധിയിലാണ് അമീന്റെയും ജസീലിന്റെയും വീടെങ്കിലും നേരത്തേ ഇരുവരും പരിചയക്കാരായിരുന്നില്ല. സ്‌കൂള്‍, അതുകഴിഞ്ഞാല്‍ ഫുട്‌ബോള്‍... ഇതായിരുന്നു രണ്ടുപേരുടെയും ലോകം. തരം കിട്ടുമ്പോഴെല്ലാം കൂട്ടുകാരെക്കൂട്ടി ഫുട്‌ബോള്‍ കളിക്കാന്‍ പോകും.
രണ്ടുവര്‍ഷം മുന്‍പുവരെ തങ്ങള്‍ സംസ്ഥാന സ്‌കൂള്‍ കായികോത്സവങ്ങളില്‍ മത്സരിക്കാന്‍ തക്കവണ്ണം കഴിവുറ്റ അത്‌ലറ്റാണെന്ന് ഇരുവര്‍ക്കും അറിയുമായിരുന്നില്ല. ആ വിധത്തില്‍ മെച്ചപ്പെടാന്‍ മാത്രമുള്ള മൈതാനങ്ങളോ പരിശീലങ്ങളോ ഇല്ലാതിരുന്നതും ഇരുവരെയും ആ രംഗത്തേക്ക് അടുപ്പിച്ചില്ല. അതോടെ പഠിപ്പിലും ഫുട്‌ബോളിലും മാത്രമായി കൂടുതല്‍ സമയവും ചെലവഴിക്കല്‍.
വഴിത്തിരിവായത് ഇന്റേണ്‍ഷിപ്പിനെത്തിയ പരിശീലകന്‍, കായികാധ്യാപകനും തുണയായി
ഒരേ സ്‌കൂളില്‍ എത്തിയപ്പോഴും ഇരുവരും പരസ്പരം അറിയുമായിരുന്നില്ല. പിന്നീട് കെ.കെ.എം.എച്ച്.എസ്.എസ്. സ്‌കൂളില്‍ ഇന്റേണ്‍ഷിപ്പിലെത്തിയ പള്ളിമുക്ക് സ്വദേശി ആമിര്‍ സുഹൈലാണ് ഇരുവരിലെയും ഓടാനുള്ള പ്രാപ്തി തിരിച്ചറിഞ്ഞത്. സ്‌കൂളിലെ പരിശീലനത്തിലൂടെ ആമിര്‍, അമീനിലെയും ജസീലിലെയും ഓട്ടത്തെ തിരിച്ചറിഞ്ഞു. അതില്‍ പിന്നീട് രണ്ടുപേരും പരിചയക്കാരായി. സ്‌കൂള്‍ കായികാധ്യാപകന്‍ മുനീര്‍ ബാബു സാറും കട്ടക്ക് കൂടെ നിന്നതോടെ ഇരുവരിലെയും പ്രതിഭയ്ക്ക് ദിശാബോധമായി.
കോച്ചും കായികാധ്യാപകനും കൂടിച്ചേര്‍ന്നാണ് ഇരുവര്‍ക്കും പ്രചോദനവും പ്രോത്സാഹനവും നല്‍കിയത്. കെ.കെ.എം.എച്ച്. സ്‌കൂളില്‍ ദീര്‍ഘദൂര ഓട്ടത്തിന് സാധ്യമായ ഒരു ഗ്രൗണ്ടില്ലായിരുന്നു. സുഗമമായ പരിശീലനത്തിന് ഒരിടമില്ലെന്നത് വലിയ വെല്ലുവിളിയായി. തുടര്‍ന്ന് വിളയില്‍ ഗവ. ആര്‍ട് ആന്‍ഡ് സയന്‍സ് കോളേജിന്റെ സമീപത്തുള്ള വിശാലമായ ഗ്രൗണ്ടിലേക്ക് ഇരുവരുടെയും പരിശീലനം മാറ്റി. കോച്ചിന്റെ നേതൃത്വത്തില്‍ എന്നും ഗ്രൗണ്ടിലെത്തി ചിട്ടയായ പരിശീലനം നടത്തും. കൂടാതെ ആഴ്ചയില്‍ രണ്ടുതവണ മുപ്പത് കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും പരിശീലനത്തിനു പോയി.
ചിട്ടയായ പരിശീലനം, മാര്‍ച്ച് തൊട്ട് ഒരുക്കം
ചിട്ടയായ പരിശീലനവും കഠിനാദ്ധ്വാനവുമാണ് ഇവരുടെ വിജയത്തിനു പിന്നിലെന്ന് കോച്ച് ആമിര്‍ സുഹൈല്‍ പറയുന്നു. വെളുപ്പിന് എന്നും നേരത്തെയെത്തി വിളയിലെ മൈതാനത്തെത്തും. തുടര്‍ന്ന് രണ്ടു മണിക്കൂറോളം പരിശീലനം. പിന്നീട് വീട്ടില്‍ പോയി പെട്ടെന്ന് ഒരുങ്ങി സ്‌കൂളിലെത്തും. പരിശീലനം കഴിഞ്ഞ് പലപ്പോഴും സ്‌കൂളിലെത്തിയിരുന്നത് നേരം വൈകിയായിരുന്നു.
എന്നാല്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് ശകാരമോ ശിക്ഷാനടപടിയോ ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. പിന്നീട് സ്‌കൂള്‍ വിടുന്ന വൈകുന്നേരങ്ങളിലും പരിശീലനംതന്നെ. വൈകീട്ട് 4.30 മുതല്‍ 6.30 വരെ വീണ്ടും മൈതാനത്തെത്തി പരിശീലനം.
സ്‌കൂള്‍ കായികോത്സവം മുന്നില്‍ക്കണ്ട് കഴിഞ്ഞ മാര്‍ച്ച് മുതലാണ് കഠിനമായ പരിശീലനം ആരംഭിച്ചത്. അതിന് സന്തോഷകരമായ ഒരു ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് അമീനും ജസീലും.
1500-ലും ഒരുമിച്ച്, അമീന്‍ കഴിഞ്ഞ വര്‍ഷത്തെയും പ്രതിഭ
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ മാസങ്ങള്‍ക്കു മാത്രം മുന്‍പാണ് കോച്ച് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് കായികോത്സവത്തില്‍ മത്സരിപ്പിച്ചു. കന്നിയങ്കത്തില്‍ത്തന്നെ അമീന് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പങ്കെടുക്കാനായി. മാത്രവുമല്ല, 1,500, മീറ്ററിലും 3,000 മീറ്ററിലും വെങ്കലവും നേടി. ഇത്തവണ 9.13 മിനിറ്റില്‍ ഓടിയാണ് 3000 മീറ്ററിലെ സ്വര്‍ണനേട്ടം.
ഈ വര്‍ഷം അത് സ്വര്‍ണമായതിന്റെ സന്തോഷത്തിലാണ് അമീന്‍. ആദ്യമായി കായികോത്സവത്തിന്റെ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുകയും വെള്ളി നേടുകയും ചെയ്ത സന്തോഷത്തില്‍ ജസീലും. ഇരുവര്‍ക്കും ഇനിയും മത്സരമുണ്ട്. 1,500 മീറ്റര്‍ ഓട്ടത്തില്‍ രണ്ടുപേരും മത്സരിക്കുന്നുണ്ട്. നേട്ടം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
അബ്ദുറഹ്മാന്‍ - മുനീര്‍ ദമ്പതികളുടെ മകനാണ് അമീന്‍. ജമാലുദ്ദീന്‍ - സഫ്രീന എന്നിവരാണ് ജസീലിന്റെ മാതാപിതാക്കള്‍.
Content Highlights: state school sports meet 2023, 3000 metres running winners
Published: 17 Oct 2023, 01:11 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented