
കൊച്ചി: ‘’പ്രിയപ്പെട്ട തക്കുടുകളേ... ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ അശോക് രാജിനെപ്പോലെ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തുപോകുന്നു. കുട്ടിക്കാലത്ത് ഞാൻ ഓടാനോ ചാടാനോ പോയിട്ടില്ല. അന്നെല്ലാം നാടകവും മോണോ ആക്ടും കളിച്ച് നടക്കുകയായിരുന്നു. പക്ഷേ, ഇൗ ആവേശം കാണുമ്പോൾ അന്ന് എനിക്കും ഇങ്ങനെയൊക്കെ ആകാമായിരുന്നുവെന്ന് തോന്നിപ്പോകുന്നു. കേരളത്തിന്റെ ഈ കൗമാരശക്തി എന്നെ അദ്‌ഭുതപ്പെടുത്തുന്നു. നിങ്ങളിൽ എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്...’’ -മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വാക്കുകളുടെ ആവേശത്തിരയിൽ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കൊച്ചിയിൽ തിരിതെളിഞ്ഞു.
രണ്ട് ഒളിമ്പിക് മെഡൽ നേടിയ മലയാളത്തിന്റെ അഭിമാന താരം പി.ആർ. ശ്രീജേഷിന്റെ കൈകളിലൂടെ പകർന്ന ദീപശിഖയുടെ വെളിച്ചത്തിൽ ഇനി ഒരാഴ്ചക്കാലം കേരളത്തിലെ കൗമാരത്തിന് മത്സരങ്ങളുടെ ഉത്സവം. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഭിന്നശേഷി വിദ്യാർഥി ശ്രീലക്ഷ്മിയും മന്ത്രി ശിവൻകുട്ടിയും ശ്രീജേഷിനൊപ്പം ചേർന്ന് തക്കുടുവിന്റെ കൈയിലെ വിളക്കിലേക്ക് ദീപം പകർന്നു.
കാര്‍ണിവല്‍
ഉദ്ഘാടനച്ചടങ്ങിൽ കൊച്ചിയുടെ കലാ സാംസ്കാരിക പൈതൃകം വിളിച്ചോതിയ മെഗാ കാർണിവലിനാണ് മഹാരാജാസ് മൈതാനം സാക്ഷിയായത്. ഒരേസമയം ആയിരക്കണക്കിന് കുട്ടികൾ അണിനിരന്ന വർണാഭമായ കലാവിരുന്നായിരുന്നു സംഘടിപ്പിച്ചത്. വർണവസ്ത്രങ്ങളും മനോഹരമായ തൊപ്പികളുമണിഞ്ഞ് കുഞ്ഞുങ്ങൾ ബാൻഡ് മേളവും സൂംബാ ഡാൻസും അവതരിപ്പിച്ചു.
നഗരത്തിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള ആയിരം കുട്ടികളടങ്ങിയ ഇരു സംഘങ്ങളാണ് കാണികളെ കൈയിലെടുത്തത്.
തുടർന്നാണ് അത്തച്ചമയത്തിന്റെ പ്രതീകമായി കലാരൂപങ്ങൾ എത്തിയത്. മോഹിനിയാട്ടവും കഥകളിയും ട്രാക്കിലേക്ക് എത്തി. സംഗീതത്തിന്റെ പശ്ചാത്തലത്തിൽ വിവിധ കലാരൂപങ്ങളും ഇവർക്കൊപ്പം ചേർന്നു. മുത്തുക്കുടകളും വർണക്കുടകളുമായി വിദ്യാർഥികൾ ഈ സമയം ട്രാക്കിനു ചുറ്റും വലംവയ്ക്കുന്നുണ്ടായിരുന്നു. ചെണ്ടമേളം, തിരുവാതിര, പുലികളി, കോൽക്കളി, ദഫ്മുട്ട്, ഒപ്പന എന്നീ കലാരൂപങ്ങളും അരങ്ങേറി. ക്രിസ്മസ് പപ്പാഞ്ഞിയും എത്തി. സ്റ്റേഡിയത്തിൽ വെടിക്കെട്ടും ഉണ്ടായിരുന്നു. ഭാഗ്യചിഹ്നം ‘തക്കുടു’ അണ്ണാറക്കണ്ണൻ ട്രാക്കിൽ എത്തിയതോടെ കലാപരിപാടികൾ അവസാനിച്ചു.
വാഴത്തട നിലവിളക്ക്
ഉദ്ഘാടനച്ചടങ്ങിൽ നിലവിളക്കിനുപകരം വാഴപ്പിണ്ടി കൊണ്ടുള്ള സ്തംഭത്തിലാണ് മമ്മൂട്ടി ദീപം തെളിച്ചത്. എറണാകുളം ജില്ലയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരാണ് വാഴത്തട അലങ്കരിച്ച് മനോഹരമായ സ്തംഭത്തിന്റെ രീതിയിൽ തയ്യാറാക്കിയത്. വൈപ്പിൻ ബി.ആർ.സി.യിലെ എം.വി. സിബിയെന്ന അധ്യാപികയുടെ നേതൃത്വത്തിലാണ് ഇത് നിർമിച്ചത്.
ചിൽ...ചിൽ തക്കുടു...
കൊച്ചിയുടെ ഹൃദയം തിങ്കളാഴ്ച കീഴടക്കിയത് ഒരു അണ്ണാറക്കണ്ണനായിരുന്നു. സകലർക്കുമിടയിൽ ചിൽ....ചിൽ... ചിലച്ചുകൊണ്ടിരുന്ന അണ്ണാറക്കൻ 'തക്കുടു' തന്നെയായിരുന്നു ആ താരം. ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന കായികമേളയുടെ ഭാഗ്യചിഹ്നമാണ് 'തക്കുടു' എന്ന അണ്ണാറക്കണ്ണൻ. കാണുന്നവരെല്ലാം തക്കുടുവിനൊപ്പം സെൽഫിയെടുത്തും കൈകൊടുത്തും ദീപശിഖാ റാലി ആഘോഷമാക്കി. ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക്കൊപ്പം സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സ്വീകരണമേറ്റുവാങ്ങിയാണ് 'തക്കുടു' കൊച്ചിയിലെത്തിയത്. തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും രണ്ടു സംഘങ്ങളായാണ് ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി പര്യടനം നടന്നത്. അത്‌ലറ്റിക്സ് അസോസിയേഷന്റെ ഒഫീഷ്യലുകളായ എ.ആർ. ജിഷ്ണു, അജയഘോഷ്, വി.ആർ. സനുഷ, അശ്വനി എന്നിവരും മുകേഷുമാണ് തക്കുടുവിന്റെ വേഷംകെട്ടി ഒളിമ്പിക്സിന്റെ മഹത്ത്വം കുട്ടികളിലെത്തിച്ചത്. ഇതിൽ ജിഷ്ണുവും അജയഘോഷുമായിരുന്നു ഉദ്ഘാടന ദിനം തക്കുടുവിന്റെ വേഷമണിഞ്ഞത്. മറ്റുള്ളവർ ചൊവ്വാഴ്ചയെത്തും.
ഇത്രയും വലിയ സ്വീകരണം ആദ്യം
സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മുന്നെയും ഇതുപോലുള്ള വേഷംചെയ്ത് ദീപശിഖാ റാലിയിലും മറ്റും പങ്കെടുത്തിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് ഇത്രയും വലിയൊരു സ്വീകരണം ലഭിക്കുന്നത്. ഗെയിംസും അത്‌ലറ്റിക്സും ഒരുമിച്ചുനടത്താനെടുത്ത തീരുമാനം അഭിനന്ദനമർഹിക്കുന്നതാണ്. അതുപോലെ, ഇൻക്ലൂസീവ് സ്പോർട്‌സും. ആ കുട്ടികൾ ഒക്കെ നൽകുന്ന സ്നേഹം ഒരിക്കലും മറക്കാനാകില്ല.
എ.ആർ. ജിഷ്ണു (തക്കുടുവായി വേഷമണിഞ്ഞയാൾ) കായികാധ്യാപകൻ, ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ, തോന്നയ്ക്കൽ, തിരുവനന്തപുരം
മാർച്ച് പാസ്റ്റിൽ കോട്ടയത്തിന് ഒന്നാംസ്ഥാനം
സ്കൂൾ കായികമേളയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മാർച്ച് പാസ്റ്റിൽ കോട്ടയം ജില്ലയ്ക്ക് ഒന്നാം സ്ഥാനം. കൊല്ലം രണ്ടാം സ്ഥാനവും ആതിഥേയരായ എറണാകുളം മൂന്നാം സ്ഥാനവും നേടി.
Content Highlights: Kerala School Sports Meet 2024- Inauguration
Published: 05 Nov 2024, 08:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented