കൊച്ചി: കായികമേളയുടെ ആവേശത്തിൽ ഒന്നിച്ച കൗമാരത്തിന്റെ ചുവടുകളിൽ കൊച്ചി ലൈവ് ആയി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉപദേശവും കേരളത്തിന്റെ അഭിമാന താരം പി.ആർ. ശ്രീജേഷിന്റെ ആശംസയും നിറപ്പകിട്ടേറിയ കലാപ്രകടനങ്ങളും മാറ്റുകൂട്ടിയ ചടങ്ങിൽ 66-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു.

To advertise here,

ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ആലപ്പുഴ ജില്ലയാണ് മാർച്ച് പാസ്റ്റിൽ ആദ്യം അണിനിരന്നത്. പ്രളയ ദുരന്തത്തെ അതിജീവിച്ചെത്തിയ വയനാടും ചരിത്രം കുറിച്ച സംഘമായി യു.എ.ഇ. ടീമും മാർച്ച് പാസ്റ്റിൽ കാണികളുടെ കൈയടികൾ ഏറ്റുവാങ്ങി.

സ്‌കേറ്റിങ്ങിലെ ദേശീയ ചാമ്പ്യനായ പാലക്കാട്ടുകാരൻ എസ്. സാവന്തിലൂടെയാണ് ദീപശിഖ മഹാരാജാസ് കോളേജ് മൈതാനത്തേക്ക് പ്രവേശിച്ചത്. ഹൈജംപ് താരം ജുവൽ തോമസ്, ഫുട്‌ബോളർമാരായ അഖില രാജൻ, ഷിൽജി ഷാജി എന്നിവരുടെ കൈകളിലൂടെ മുന്നേറിയ ദീപശിഖ വീൽച്ചെയറിലെത്തിയ ഭിന്നശേഷിക്കാരായ എസ്. യശ്വിതയും അനു ബിനുവും ഏറ്റുവാങ്ങുമ്പോൾ ആവേശം പാരമ്യത്തിലായി. അവരിൽനിന്ന് ദീപശിഖ ഏറ്റുവാങ്ങിയ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ട്രാക്കിലൂടെ ഓടുമ്പോൾ വേദിയിൽ മമ്മൂട്ടി അടക്കമുള്ളവർ കൈയടിച്ചു. ഭിന്നശേഷി വിദ്യാർഥി ശ്രീലക്ഷ്മിയും മന്ത്രി വി. ശിവൻകുട്ടിയും ശ്രീജേഷിനൊപ്പം ചേർന്ന് തക്കുടുവിന്റെ കൈയിലെ വിളക്കിലേക്ക് ദീപം പകർന്നു.

മാർച്ച് പാസ്റ്റിൽ 3500 കുട്ടികളും സാംസ്കാരിക പരിപാടികളിൽ ജില്ലയിലെ നാലായിരത്തോളം വിദ്യാർഥികളും അണിചേർന്നു. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള നടക്കുന്നത്.

കടൽ കടന്ന്‌ ചരിത്രം

ചരിത്രത്തിലാദ്യമായി സംസ്ഥാന കായികമേളയ്‌ക്ക്‌ ഗൾഫ്‌ ടീമെത്തി. കായിക കേരളത്തിന് അഭിമാനം

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ കായികമേളയിലെ പങ്കാളിത്തം കൊതിച്ചവർക്ക് സ്വപ്ന സാക്ഷാത്കാരം. സംസ്ഥാനകായിക ഭൂപടത്തിൽ പുത്തനധ്യായം എഴുതിച്ചേർത്ത് തിങ്കളാഴ്ച പുലർച്ചെ 5.15-ന് അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിൽ നിലംതൊട്ടു. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായി ഗൾഫിൽനിന്നുള്ള ടീം പങ്കാളികളാകുന്നു. പ്രവാസി ലോകത്തിന്റെ വർഷങ്ങളായുള്ള കാത്തിരിപ്പിന്‌ വിരാമം.

26 കായികതാരങ്ങളും രണ്ടധ്യാപകരുമടങ്ങുന്ന സംഘത്തെ കായിക കേരളം പൂമാലയും മധുരവും നൽകി വരവേറ്റു. അധ്യാപകരായ മുഹമ്മദ് അബ്ദുൾ ഖാദർ, സുമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ സംഘമെത്തിയത്. അബുദാബിയിൽനിന്നുള്ള രണ്ടാം സംഘത്തിൽ 19 കുട്ടികളും രണ്ടധ്യാപകരുമുണ്ട്. അഞ്ചു കുട്ടികളും ഒരധ്യാപകനുമടങ്ങിയ മൂന്നാം സംഘം ബുധനാഴ്ച രാവിലെ 6.30-ന് ഷാർജയിൽനിന്ന് യാത്ര തിരിക്കും. മന്ത്രി വി. ശിവൻകുട്ടി വിദ്യാർഥികളെയും അധ്യാപകരെയും സ്വീകരിച്ചു. മണലാരണ്യത്തിൽ നടത്തിയ മാസങ്ങളുടെ കഠിനാധ്വാനം ആത്മവിശ്വാസം ഉയർത്തുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ എന്നിവയിലാണ് ഇവർ മത്സരിക്കുക.

സ്വപ്നം പൂവണിഞ്ഞു
വിദ്യാർഥികൾക്ക് കിട്ടുന്ന വലിയ അംഗീകാരമാണിത്. ഏഷ്യയിലെ തന്നെ വലിയ കായികമേളയിൽ പങ്കെടുക്കുകയെന്ന സ്വപ്നമാണ് പൂവണിഞ്ഞത്. പരിശീലനത്തിന് കാര്യമായി സമയം കിട്ടിയില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം.
-സുമേഷ് കുമാര്‍, അധ്യാപകന്‍, ഗള്‍ഫ് മോഡല്‍ സ്‌കൂള്‍, അബുദാബി

എന്റെ തക്കുടുകളേ...

ഉദ്ഘാടന ചടങ്ങില്‍ മമ്മൂട്ടി നടത്തിയ പ്രസംഗത്തില്‍നിന്ന്‌

എന്റെ മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ ഈ കൗമാരശക്തി അദ്‌ഭുതപ്പെടുത്തുന്നു. നിങ്ങളിൽ എനിക്കൊരുപാട് പ്രതീക്ഷയുണ്ട്. ഈ നാടിന്റെ, രാജ്യത്തിന്റെ, നമ്മുടെ എല്ലാവരുടെയും അഭിമാനമായിത്തീരേണ്ടവരാണ് നിങ്ങളെല്ലാം. നമ്മുടെ കായികശേഷിയും കലാശേഷിയുമെല്ലാം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ അപൂർവമായാണ് നമുക്ക് ലഭിക്കുക. ആ അവസരങ്ങൾ ഉപയോഗപ്പെടുത്തുക. എന്റെ ജീവിതത്തിലും അങ്ങനെ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. കിട്ടിയ അവസരം നമ്മൾ പരിപൂർണ ആത്മാർഥതയോടെ പൂർണമായ സമർപ്പണത്തോടെ ഉപയോഗപ്പെടുത്തിയാൽ വിജയം നമ്മുടെ അരികിൽത്തന്നെയുണ്ട്.

ഈ കായികമേളയിൽ ഒരുപാട് ഇനങ്ങളിലുള്ള മത്സരങ്ങളുണ്ട്. പലതിലും വൈദഗ്‌ധ്യം നേടിയവരാണ് നമ്മൾ. നമ്മുടെ കൂടെ ഓടുന്നവരും ഒട്ടും മോശമല്ല, അവരും ജയിക്കാനാണ് മത്സരിക്കുന്നതെന്ന ഓർമ്മ വേണം. ഒറ്റയ്ക്ക് ഒരാൾ ഒരു മത്സരത്തിലും ജയിക്കുന്നില്ല. മത്സരങ്ങൾ ഒരു കൂട്ടായ്മയാണ്, പരസ്പരമുള്ള വിശ്വാസമാണ്. ഒരു മത്സരാർഥിയെ അങ്ങനെയല്ലാതെ ശത്രുവായി ഒരിക്കലും കാണരുത്. നമ്മൾ വിദ്യാഭ്യാസംകൊണ്ട് നേടുന്നത് വിദ്യയോ അറിവോ മാത്രമല്ല. ഒരു സംസ്‌കാരം കൂടെയുണ്ടാവണം. പ്രിയപ്പെട്ട തക്കുടുകളേ, നിങ്ങൾ കേരളത്തിന്റെ അഭിമാനമായിത്തീരുക. ഒന്നല്ല നൂറ് ഒളിമ്പിക് മെഡലുകളുമായി നിങ്ങൾക്ക് ഈ നാടിന്റെ അഭിമാനങ്ങളായി ഉയരാൻ സാധിക്കട്ടെ. എല്ലാവർക്കും വിജയം നേരുന്നു....