
കൊച്ചി: മുഴക്കോമിലെ അഡ്രിയാൻ ലൂണയുടെ തോളിൽ കൈയിട്ട് നിൽക്കുമ്പോൾ കീക്കാനത്തെ ലയണൽ മെസ്സിയുടെ മുഖത്ത് അതിരില്ലാത്ത ആനന്ദത്തിന്റെ ചിരി. കൂട്ടുകാരുടെ കൈപിടിച്ച് മെസ്സിയും ലൂണയും മൈതാനത്തേക്ക് നടക്കുമ്പോൾ തളർന്ന കാലിന്റെ പരാധീനതകൾക്കുമേൽ ആവേശത്തിന്റെ വേഗംനിറച്ച് ശ്യാം മോഹൻ പറഞ്ഞു... 'ഈ കുഞ്ഞുങ്ങളുടെ മേളയാണിത്. പൊതുസമൂഹത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരുന്ന ഇവരുടെ കളി കാണാൻ പോകുന്നതേയുള്ളൂ...' ശ്യാമിതു പറയുമ്പോൾ മെസ്സിയും ലൂണയും കൈകോർത്ത് ആവേശത്തോടെ മൈതാനത്തേക്ക് ഓടുന്നുണ്ടായിരുന്നു.
ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഒരുപോലെ ആവേശവും വൈകാരികതയും നിറഞ്ഞ കാഴ്ചകളാണ് ഭിന്നശേഷിക്കാരായ കുട്ടികൾ സമ്മാനിക്കുന്നത്. ചരിത്രത്തിലാദ്യമായി ഇൻക്ലൂസീവ് സ്പോർട്‌സ് കായികമേളയിൽ വന്നതിന്റെ ത്രില്ലിലാണിവർ. കാസർകോട് മുഴക്കോം ജി.യു.പി.എസിലെ ഏഴാംക്ലാസുകാരനായ വി.എസ്. നവനീത് ലയണൽ മെസ്സിയുടെ ജേഴ്‌സിയണിഞ്ഞാണ് മേളയ്ക്കെത്തിയത്. കീക്കാനം ജി.യു.പി.എസിലെ ആറാം ക്ലാസുകാരനായ ബി. അയാസിന്റെ ഇഷ്ടതാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഡ്രിയാൻ ലൂണയാണ്. കഴിഞ്ഞദിവസം അച്ഛൻ വാങ്ങിക്കൊടുത്ത ലൂണയുടെ ജേഴ്‌സിയിട്ടാണ് അയാസ് എത്തിയത്. അയാസ് ബാഡ്മിന്റണിലും നവനീത് ബോൾത്രോയിലും 400 മീറ്റർ റിലേയിലും മത്സരിക്കുന്നു.
സെറിബ്രൽ പാൾസി ബാധിച്ചവരും കാഴ്ചപരിമിതരും സംസാരശേഷിയില്ലാത്തവരുമൊക്കെയായ ഈ കുഞ്ഞുങ്ങളുടെ ആവേശമാണ് ഏറ്റവും വലിയ ത്രില്ലെന്ന് കൂടെയെത്തിയ ചെറുവത്തൂർ ബി.ആർ.സി.യിലെ സ്പെഷ്യൽ എജുക്കേറ്റർ ടി.വി. ഷിബിമോൾ പറഞ്ഞു. 'മൂന്ന് ബസിലായാണ് കാസർകോട്ടുനിന്ന് ഇവരെ കൊണ്ടുവന്നത്. കഴിക്കാനുള്ള മരുന്നടക്കം മാതാപിതാക്കൾ തന്നിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങളുള്ള ഏതാനും കുട്ടികളുടെ രക്ഷിതാക്കളെ ഒപ്പംകൂട്ടിയിട്ടുണ്ട്. യാത്രയും ഭക്ഷണവുമൊക്കെ ഒരുമിച്ചാകുമ്പോൾ ഇവരെല്ലാം അതീവ സന്തോഷത്തിലാണ്’ - ഷിബിമോൾ പറഞ്ഞു.
സെറിബ്രൽ പാൾസി ബാധിച്ചവരുടെ ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ കളിക്കുന്ന ശ്യാം മോഹനാണ് കൊച്ചിയിലെത്തിയ ഫുട്‌ബോൾ ടീമിന്റെ കോച്ച്. ഹോസ്ദുർഗ് ബി.ആർ.സി.യിൽ സ്പെഷ്യൽ എജുക്കേറ്ററാണ് ശ്യാം. കായികമേളയുടെ ആവേശത്തിലേക്ക് കൈപിടിച്ച് നടക്കുമ്പോൾ നവനീത് ഒരാഗ്രഹം പറഞ്ഞു: 'കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി ടി.വി.യിലേ കണ്ടിട്ടുള്ളൂ. മേള നടക്കുന്നതിനിടയിൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ കളിയുണ്ടെന്നറിഞ്ഞു. അതൊന്നു കാണാൻ പറ്റിയിരുന്നെങ്കിൽ...'
Content Highlights: Kerala school sports meet 2024- Specially abled students also in fray
Published: 05 Nov 2024, 09:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented