ടിമുടി ആവേശം നിറഞ്ഞതായിരുന്നു സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങ്. കൊച്ചിയുടെ തിരക്കിലേക്ക് മേളയുടെ ആവേശംകൂടി പെയ്തിറങ്ങിയതോടെ, അവിടെ പിന്നെ മഴക്ക് സ്ഥാനമുണ്ടായില്ല. മന്ത്രി ശിവൻകുട്ടി രാവിലെ മുതലേ പേടിച്ചിരുന്നത് മഴയെയായിരുന്നു. പക്ഷേ, മേളയുടെ ഭാ​ഗമായുള്ള ഘോഷയാത്രയും ഉദ്ഘാടനച്ചടങ്ങും അതുകഴിഞ്ഞ് തിരഞ്ഞെടുത്ത സ്കൂളിലെ വിദ്യാർഥികൾ മഹാരാജാസ് ​ഗ്രൗണ്ടിൽ നടത്തിയ മാസ്മരിക പ്രകടനങ്ങളും കഴിഞ്ഞ്, ഉദ്ഘാടനച്ചടങ്ങിന് തിരശ്ശീലയായപ്പോൾ സ്വിച്ചിട്ടെന്ന പോലെ, കൃത്യം മഴയെത്തി.

To advertise here,

കൊച്ചി ദർബാർ ഹാളിൽനിന്ന് തുടങ്ങിയ ഘോഷയാത്രയോടെയാണ് ഉ​ദ്ഘാടന പരിപാടികൾക്ക് തുടക്കമായത്. കൊച്ചിയിലെ വിവിധ സ്കൂളുകളിൽനിന്നെത്തിയ ആയിരക്കണക്കിന് കുട്ടികൾ ഘോഷയാത്രയുടെ ഭാ​ഗമായി. രണ്ട് മണിക്ക് ഘോഷയാത്ര ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. അതിനു മുന്നേ ദർബാർ ഹാളിലെത്തിയ കുട്ടികൾ മേളയുടെ ഭാ​ഗ്യചിഹ്നമായ തക്കുടുവിനൊപ്പം സെൽഫിയെടുത്തും മാധ്യമങ്ങൾക്ക് ബൈറ്റ് നൽകിയും ആവേശം വിതറി. 

ന​ഗരത്തിന്റെ തിരക്കിലൂടെ ഘോഷയാത്രയും നീങ്ങി. മേലെ മെട്രോ, താഴെ വാഹനങ്ങളുടെ പെരുക്കം, അതിന്റെ ഒരുവശം ചേർന്ന് പാരാവാരംപോലെ പരന്നു കിടന്ന ഘോഷയാത്രയിൽ അണിചേർന്ന കുട്ടികൾ.... സൗന്ദര്യത്തിന്റെ ഉടുപ്പണിഞ്ഞ കൊച്ചി എന്ന് വിശേഷിപ്പിക്കാമോ, അറിയില്ല. തിരക്ക് ആരെയെല്ലാം പ്രയാസത്തിലാക്കിയിട്ടുണ്ടെന്നത് അറിയില്ലല്ലോ... 

placeholder
സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വർണ്ണ ട്രോഫിയുമായി വരുന്ന വിദ്യാർത്ഥികൾ| ഫോട്ടോ: മാതൃഭൂമി

റാലി ഒടുക്കം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലെത്തി. നിറഞ്ഞ ​ഗാലറി അവരെ വരവേറ്റു. പച്ചപ്പുൽ മൈതാനത്തുനിന്ന് ക്യാമറക്കണ്ണുകൾ ആ കാഴ്ചകളൊക്കെയും ഒപ്പിയെടുത്തുകൊണ്ടിരുന്നു. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, കായികമേളയുടെ ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് എന്നിങ്ങനെ ബഹുമാന്യ വ്യക്തിത്വങ്ങൾ കൊണ്ട് നിറഞ്ഞ വേദി. 

അങ്ങനെയിരിക്കവേയാണ് മെ​ഗാ സ്റ്റാർ മമ്മൂട്ടി വേദിയിലേക്ക് എന്ന അനൗൺസ്മെന്റ് വരുന്നത്. ​ഗ്രൗണ്ടിൽ മാർച്ച് പാസ്റ്റ് നടന്നുകൊണ്ടിരിക്കേയായിരുന്നു അത്. മാർച്ച് പാസ്റ്റിൽ കോട്ടയം ജില്ല വേദിക്ക് അഭിമുഖമായി നടന്നുനീങ്ങുമ്പോഴായിരുന്നു മമ്മൂട്ടിയുടെ വേദിയിലേക്കുള്ള എൻട്രി. യാദൃച്ഛികമായി സംഭവിച്ചതാണെങ്കിലും, സ്വന്തം ജില്ല മമ്മൂട്ടിക്ക് നൽകിയ വരവേൽപ്പുകൂടിയായി മാറി അത്. ഷൈജു ദാമോദരന്റെ ആവേശോജ്വലമായ ഇൻട്രോ സദസ്സിനെ ഇളക്കി. എല്ലാവർക്കും കൈവീശിക്കാണിച്ച് മമ്മൂട്ടി നേരെ ശ്രീജേഷിനും ശിവൻകുട്ടിക്കും മധ്യേയുള്ള ഇരിപ്പിടത്തിലേക്ക്.  

ഇതിനിടെ കായികമേളയ്ക്ക് തുടക്കമിട്ടുകൊണ്ടുള്ള ദീപം തെളിയിക്കലും നടന്നു. വിദ്യാഭ്യാസമന്ത്രിയും പി.ആർ. ശ്രീജേഷും സ്കൂൾ വിദ്യാർഥിനി ശ്രീലക്ഷ്മിയും ചേർന്നാണ് ദീപം തെളിയിച്ചത്. ചാമ്പ്യൻമാർക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള ഓവറോൾ ട്രോഫിയുടെ വേദിയിലേക്കുള്ള എഴുന്നള്ളത്തും മനോഹരമായ കാഴ്ചയായി.

പിന്നെ അര മിനിറ്റ് പോലും സമയമെടുക്കാതെയുള്ള ശിവൻകുട്ടിയുടെ ഉദ്ഘാടനം. തുടർന്ന് മമ്മൂട്ടിയെ ക്ഷണിച്ചതോടെ സദസ്സിന് ഊർജം കൈവന്നു. ശ്രീജേഷിനെയല്ല, മമ്മൂട്ടിയെയായിരുന്നു മേളയുടെ ബ്രാൻഡ് അംബാസഡറാക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ മമ്മൂട്ടി ഇടപെട്ട് അത് ശ്രീജേഷിനെ ബ്രാൻഡ് അംബാസഡറാക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഷൈജു ദാമോദരൻ മമ്മൂട്ടിയെ വേദിയിലിരുത്തി പ്രഖ്യാപിച്ചപ്പോൾ സദസ്സ് കൈയടികളോടെ ആ വലിയ മനസ്സിനെ സ്വാ​ഗതം ചെയ്തു. അഞ്ചു മിനിറ്റ് തികയാതെയുള്ള മമ്മൂട്ടിയുടെ ഉദ്​ഘാടന വാക്കുകൾ. കഥ പറയുമ്പോൾ സിനിമയിലെ അശോക് രാജിനെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള പ്രസം​ഗം സദസ്സ് സാകൂതം കേട്ടുനിന്നു.

'ഞാൻ വികാരാധീനനായിപ്പോകുന്ന കാഴ്ചയാണ് എനിക്കിവിടെ കാണാൻ  സാധിക്കുന്നത്. കഥ പറയുമ്പോൾ സിനിമയിലെ അശോക് രാജിനെപ്പോലെ ഞാനെന്റെ കുട്ടിക്കാലമോർത്തുപോവുകയാണ്. കുട്ടിക്കാലത്ത് സ്പോർട്സിനോട് എനിക്ക് താത്പര്യമുണ്ടായിരുന്നില്ല, കാരണം മടിയനായിരുന്നു. ഓടാനും ചാടാനും പന്തുകളിക്കാനുമൊന്നും താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, ‌ഇത് കാണുമ്പോൾ എനിക്കും ഇങ്ങനെയൊക്കെ ആവാമായിരുന്നു എന്ന് ഞാൻ ആ​ഗ്രഹിച്ചുപോകുന്നു' എന്നുപറഞ്ഞായിരുന്നു തുടക്കം. തക്കുടുകളേ എന്നു വിളിച്ചായിരുന്നു മമ്മൂട്ടിയുടെ അഭിസംബോധന. 

ഒളിമ്പിക്സെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ പടിയാണ് ഈ കായികമേളയെന്ന പ്രചോദന വാക്കുകളോടെ ശ്രീജേഷും സംസാരിച്ചു. ഒളിമ്പിക്സിലെത്തുക എന്നതല്ല ലക്ഷ്യം കാണേണ്ടത്, മറിച്ച് അവിടെപ്പോയി മെഡൽ നേടുക എന്നതായിരിക്കണം സ്വപ്നമെന്നും അദ്ദേഹം പങ്കുവെച്ചു. ഇതിനിടെ സദസ്സിന് മുന്നിലേക്ക് കടന്നുവന്ന മാർച്ച് പാസ്റ്റിൽ പങ്കെടുത്ത കോട്ടയത്തുകാർ മമ്മൂക്കാ എന്ന് വിളിച്ച് കൈവീശുന്നുണ്ടായിരുന്നു. സ്വന്തം നാട്ടുകാരുടെ വിളി കേട്ടതുകൊണ്ടാണോ എന്നറിയില്ല, ആ ഒച്ചപ്പാടുൾക്കിടയിൽ മമ്മൂട്ടി അത് കേട്ടോ എന്നും അറിയില്ല, പക്ഷേ, അദ്ദേഹം തിരിച്ച് കൈവീശിക്കാണിച്ചു. അത് ആ നാട്ടുകാരിൽ ജനിപ്പിച്ച ആവേശം അടുത്തുനിന്നു കണ്ടപ്പോൾ നമുക്കുതന്നെയും ഉള്ളിൽ രോമാഞ്ചം!