
ഞാൻ പ്രകാശൻ എന്ന സിനിമയ്ക്ക് മലയാളി എന്നാണ് ആദ്യം പേരിട്ടത്. ചില സാങ്കേതിക കാരണങ്ങൾകൊണ്ട് ആ പേര് പിന്നീട് മാറ്റിയെന്നുമാത്രം. മലയാളിയെ മാറിനിന്ന് ഒന്നുകണ്ടുനോക്കാം എന്നുതന്നെയാണ് ഞാനും ശ്രീനിവാസനും ചിന്തിച്ചത്. ആ സിനിമയിൽ ഇപ്പോഴും അതിന്റെ പ്രതിഫലനങ്ങളുണ്ട്. ഒരു സാദാ മലയാളിയുടെ എല്ലാ സ്വഭാവവിശേഷങ്ങളും പ്രകാശനിൽ നമുക്കുകാണാം. മലയാളി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സ്വഭാവം-ജീവിതരീതി-പ്രണയം... ഒന്നും പഴയതുപോലെയല്ല. കുടുംബബന്ധങ്ങളിൽപ്പോലും മാറ്റംവന്നിരിക്കുന്നു.
പഴമക്കാർ പറയും-‘‘പണ്ടൊക്കെ എന്തു രസമായിരുന്നു. വീടുനിറച്ചും ആളുകൾ. മുറ്റത്ത് ഓടിനടന്നുകളിക്കാൻ ധാരാളം കുട്ടികൾ. അച്ഛനും ഇളയച്ഛനും അമ്മാവനും അമ്മായിയും മക്കളുമൊക്കെ ഒരു വീട്ടിൽ. എല്ലാ കാര്യങ്ങളും കൂട്ടായി തീരുമാനിക്കും. ഒരുമിച്ചാണ് ഭക്ഷണം. ഇന്ന് അതൊക്കെ മാറി. ഓരോരുത്തരും ഓരോ തുരുത്തുകളായി.’’ ആ മാറ്റം നന്നായി എന്നാണെന്റെ തോന്നൽ. എനിക്കറിയാവുന്ന കൂട്ടുകുടുംബങ്ങളിൽ എന്നും ഒരുപാടു പ്രശ്നങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ചും സ്ത്രീകൾ അസ്വസ്ഥരായിരുന്നു. എം.ടി.യുടെ പഴയകഥകൾ വായിച്ചാൽക്കാണാം നാലുകെട്ടിനുള്ളിലെ തീയും പുകയും.
‘മിഥുനം’ എന്ന സിനിമയിൽ അതിന്റെ സൂചനകളുണ്ട്. ‘അളിയൻ ദയവുചെയ്ത് ഇനി ഈ വീട്ടിലേക്ക് അലുവ വാങ്ങിക്കൊണ്ടുവരരുത്’ എന്ന് മോഹൻലാൽ ജഗതിയോട് അപേക്ഷിക്കുന്നത് അലുവകിട്ടാത്ത കുട്ടികൾ അടുത്ത മുറികളിൽ കലാപമുണ്ടാക്കുന്നതു കണ്ടിട്ടാണ്. മനസ്സിലെ സ്നേഹം മുറിയാതെ സൂക്ഷിക്കണമെങ്കിൽ ഒരു വിളിപ്പാടകലെ തനിച്ചുള്ള കുടുംബങ്ങളായി താമസിക്കുന്നതുതന്നെയാണ് നല്ലത്. ‘കുടുംബപുരാണം’ എന്ന സിനിമയുടെ സന്ദേശംപോലും അതാണ്.
മലയാളി ഇന്ന് കുറെക്കൂടി പ്രായോഗികമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. കാലം അത് ആവശ്യപ്പെടുന്നുണ്ട്. അടുത്തകാലത്ത് പഴയ അയൽക്കാരിയായിരുന്ന ഒരു ചേച്ചി വീട്ടിൽവന്നു. പേരക്കുട്ടിക്ക് സിനിമയിൽ അഭിനയിക്കണം. അതാണ് ആവശ്യം. ‘‘അവൻ പഠിക്കാൻ തീരെ മോശം. കൂട്ടുകെട്ടും നല്ലതല്ല. ഈയിടെയായി കഞ്ചാവും തുടങ്ങിയിട്ടുണ്ട്. നീയവനെ സിനിമയിലൊന്നു കയറ്റി രക്ഷപ്പെടുത്ത്’’. സിനിമയിൽ കയറാനുള്ള യോഗ്യതകൾകേട്ട് ഉള്ളിൽ ചിരിവന്നു. ഗൾഫിൽ എൻജിനിയറായി ജോലി നോക്കുന്ന അവരുടെ മകനെപ്പറ്റി ഞാൻ അന്വേഷിച്ചു.
‘‘അവനിപ്പോൾ നല്ലവരുമാനമുള്ള ഒരു കുടുംബക്ഷേത്രത്തിലെ കോമരമാണ്. ലീവിനു വന്നപ്പോൾ മറ്റൊരാളുടെ പകരക്കാരനായി പോയതാ. എൻജിനിയർജോലിയെക്കാൾ നല്ലവരുമാനം. പിന്നെ ഗൾഫിൽപ്പോയി കഷ്ടപ്പെടുന്നതെന്തിന് എന്ന് തീരുമാനിച്ചു’’.എൻജിനിയറെക്കാൾ മികച്ച പ്രൊഫഷനായി മാറി കോമരം (വെളിച്ചപ്പാട്) എന്നത് എനിക്ക് പുതിയൊരു അറിവായിരുന്നു. പ്രണയക്കാഴ്ചകളും മാറിപ്പോയി. പണ്ട് നിഗൂഢമായ ഒരാനന്ദമായിരുന്നു പ്രണയം. കോളേജിലേക്ക് പോകുന്ന വഴിയിലോ അമ്പലപ്പറമ്പിലോ കാത്തുനിന്ന് കത്തുകൾ കൈമാറും.
കണ്ണുകൾകൊണ്ടാണ് ആശയവിനിമയം. വിരൽത്തുമ്പിലൊന്നു തൊടുന്നതുപോലും നിർവൃതിയാണ്. വാട്‌സാപ്പും ഇന്റർനെറ്റുമൊക്കെ വന്നതോടെ കഥമാറി. പ്രണയവും പ്രാക്ടിക്കലായി. വർഷങ്ങളോളം പ്രണയിച്ച പെൺകുട്ടി മറ്റൊരാളുടേതായി മാറിയാൽ ‘‘അലിഞ്ഞുചേർന്നതിൻശേഷമെൻ ജീവനെ പിരിഞ്ഞുപോയ് നീയെങ്കിലും മംഗളം നേരുന്നു ഞാൻ’’ എന്നുപാടി രംഗമൊഴിയുന്ന വേണുനാഗവള്ളിമാരെ ഇന്നു കാണാനേയില്ല.
പകരം, പട്ടാപ്പകൽ കത്തിയുമായി വന്ന് കുത്തിവീഴ്‌ത്തി ജയിലിൽപ്പോകുന്നവരാണ് കൂടുതൽ. (ആ പാട്ടിൽ വേണുനാഗവള്ളിയല്ല എന്നറിയാഞ്ഞിട്ടല്ല കേട്ടോ. വേണുവാണ് നിരാശാ കാമുകന്റെ പ്രതീകം. എല്ലാ കാലത്തും).
പ്രണയഗാനങ്ങളും ഇല്ലാതായിത്തുടങ്ങി. ഈയിടെ റഫീക്ക് അഹമ്മദ് പറഞ്ഞു, കാവ്യഗുണമുള്ള പാട്ടുകൾ ആർക്കും വേണ്ടാ. ചില സംവിധായകർ പറയുമത്രേ. ‘കവിതയൊന്നും വേണ്ട, ഭംഗിയുള്ള പദങ്ങൾ ഉണ്ടായാൽമതി’ എന്ന്. അങ്ങനെ പല സിനിമകളും ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട് കവിക്ക്. മറ്റെല്ലാ മാറ്റങ്ങൾക്കും പുതിയ തലമുറയോടൊപ്പമുണ്ടെങ്കിലും ഇവിടെമാത്രം എനിക്കല്പം വിരുദ്ധ അഭിപ്രായമുണ്ട്. താത്‌കാലികമായ വിജയങ്ങൾമാത്രം പോരാ. എന്നുമെന്നും ഓർമിക്കാവുന്ന പാട്ടുകളും സിനിമകളും നമുക്കുണ്ടാകണം. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ സൗമ്യഭാവങ്ങൾ നഷ്ടപ്പെട്ടുകൂടാ. അടുത്ത കേരളപ്പിറവിദിനത്തിൽ ഓർമിക്കാൻ കുറെക്കൂടി നല്ല മാറ്റങ്ങൾ എല്ലാ മേഖലകളിലും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കാം.
Content Highlights: Everything has its time, says sathyan anthikad
Published: 01 Nov 2023, 07:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented