മിടുക്കേറുമെങ്കിലും മലയാളി മൂക്കുകുത്തിവീഴാത്ത തട്ടിപ്പുകളില്ല. പെട്ടെന്ന്‌ പണമുണ്ടാക്കാനുള്ള  ആർത്തിമൂലം കുടുക്കിൽപ്പെടുന്നവരാണ്‌ ഏറെ. സഹായിക്കാനിറങ്ങി പുലിവാലുപിടിക്കുന്നവരും കുറവല്ല. സാധാരണക്കാരൻമുതൽ വൈസ് ചാൻസലർവരെ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവർ തട്ടിപ്പിന് തലവെച്ചുകൊണ്ടേയിരിക്കുന്നു.  കോഴിക്കോട്ട് പലരിൽനിന്നായി കോടികൾ തട്ടി എന്ന് ആരോപണമുയർന്ന ഒരു സ്ഥാപനത്തിന്റെ പേര് ‘എനി ‍ടൈം മണി’ (എ.ടി.എം.) എന്നായിരുന്നു. പണം പോയപ്പോഴാണ് എ.ടി.എം. എന്നതിന് ‘എനി ടൈം മുങ്ങും’ എന്ന അർഥമുണ്ടെന്നുകൂടി പിടികിട്ടിയത്. ഇങ്ങനെ മുളച്ചുപൊങ്ങുന്ന മിക്കസ്ഥാപനവും ഏതുസമയത്തും മുങ്ങുന്നവയാണ്. 

To advertise here,

പല തട്ടിപ്പും തമാശയായി ചിരിച്ചുതള്ളുമ്പോൾ ഐശ്വര്യത്തിനായി നരബലി നടത്തിയാൽമതി എന്ന് തട്ടിപ്പിൽ വിശ്വസിച്ച മലയാളിവരെയുണ്ട്. അതായത്, ഒറ്റയ്ക്ക് പുറത്തിറങ്ങിയാൽ ചിലപ്പോൾ നമ്മൾ ബലിമൃഗമായേക്കാം.  പണമെന്നുകേട്ട് പണിവാങ്ങുന്നവർ മാത്രമല്ല,  മഞ്ഞൾവെള്ളവും തേങ്ങാവെള്ളം ചൂടാക്കികുടിച്ചുമൊക്കെ മാരകഅസുഖംവരെ മാറ്റാം, സൗന്ദര്യംകൂട്ടാം എന്നൊക്കെ വിശ്വസിക്കുന്നവരാണ് നമ്മൾ. സ്വയംചികിത്സ മലയാളിയുടെ ഒരു വീക്‌നെസാണ് മന്ത്രവാദത്തിന്റെയും വെള്ളിമൂങ്ങയുടെയും കാലത്തുനിന്ന് സാങ്കേതികവിദ്യ വികസിച്ചപ്പോൾ ഫോണിൽ എസ്.എം.എസായി  തട്ടിപ്പുകൾ തുടങ്ങി. 

ഒ.ടി.പി. ചോദിച്ചുള്ള ഫ്രോഡ് ഫോൺ കോളുകൾമുതൽ എ.ഐ. പ്രയോഗിച്ചുള്ള ശബ്ദംമാറ്റി പരിചിതശബ്ദത്തിലുള്ള വിളികൾവരെ നമ്മളെ ദിനവും തേടിയെത്തുന്നു. പലരും വീണുപോവുന്നു.  സ്മാർട്ട്‌ഫോൺ കാലത്ത് ഇപ്പോൾ പ്രത്യേക ആപ്പുവരെയായി. കുറ്റംപറയരുതല്ലോ, ഇപ്പോഴും ‘സിദ്ധൻ’ മുതലുള്ള ആദ്യകാലതട്ടിപ്പുകളുടെ സിദ്ധിയൊന്നും കുറഞ്ഞിട്ടില്ല. അത്തരം കേസുകളും ധാരാളം രജിസ്റ്റർചെയ്യുന്നുണ്ട്. നിയമംമൂലവും നിയന്ത്രണങ്ങളിലൂടെയും സർക്കാരിന് ഇടപെടാവുന്ന കാര്യങ്ങളിലും പലപ്പോഴും ആദ്യം അതുണ്ടാവുന്നില്ല. ജീവനുതന്നെ ആപ്പുവെക്കുന്ന ലോൺ ആപ്പിൽ കുടുങ്ങി ഭീഷണിയിലും മാനഹാനിയിലും ഭയന്ന് ആത്മഹത്യകൾ കൂടിയപ്പോഴാണ് ആ കാര്യത്തിൽ അധികൃതർ ഇടപെട്ടുതുടങ്ങിയത്.  

ഫോൺകളികളിലും ഫോൺ ചൂതാട്ടത്തിലും ഫോൺ കെണികളിലും കുടുങ്ങി മലയാളികൾ കുഴങ്ങുന്ന വാർത്ത ദിനേന നാം വായിക്കുന്നു. കുട്ടികൾവരെ ആത്മഹത്യയിൽ അഭയംതേടുന്നു . സൈന്യത്തിൽ ചേർക്കാമെന്നും സൈനികകരാറുകൾ നേടിത്തരാമെന്നും പറഞ്ഞ്‌ നടന്ന തട്ടിപ്പുകൾ ഏറെ. ദൂരെനിന്ന് കാണാൻപോലുംപറ്റാത്ത യുദ്ധക്കപ്പലിൽ കരാർജോലി വാങ്ങിത്തരാമെന്നുവരെ പറ്റിച്ചിട്ടുണ്ട്. വിദേശപഠനത്തിന്റെയും വിദേശജോലിയുടെയും പേരിലും തട്ടിപ്പുകൾ പലവിധം. തട്ടിപ്പാണോയെന്ന് പരിശോധിക്കാൻ സംവിധാനമുണ്ടെങ്കിലും അതൊക്കെ പ്രയോജനപ്പെടുത്തുന്നവർ കുറവാണെന്നതാണ് പ്രധാന പ്രശ്നം. സ്വകാര്യചിത്രങ്ങൾ തട്ടിപ്പിലൂടെ കൈക്കലാക്കിയും കൃത്രിമമായി നിർമിച്ചും ഭീഷണിപ്പെടുത്തി പണംതട്ടലും യഥേഷ്ടം.

10,000 കോടി

2022-ൽ 815 കേസാണ് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടുമാത്രം രജിസ്റ്റർചെയ്തത്. അഞ്ചുവർഷത്തിനിടെ കേസുകൾ 300 ശതമാനമായി എന്നാണ് കണക്ക്. ചെറിയ തുക നഷ്ടപ്പെടുമ്പോഴും നാണക്കേടോർത്തും പലരും പരാതിപ്പെടാറില്ല എന്നതാണ് മറ്റൊരു കാര്യം. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് പ്രതിവർഷം 10,000 കോടിയുടെ സാമ്പത്തികത്തട്ടിപ്പാണ് നടക്കുന്നത്. അതായത്, അത്രയും പണം മലയാളിയുടെ കൈയിൽനിന്ന് പറ്റിച്ചു എന്നർഥം. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടുമാത്രം 17 പേർ അഞ്ചുവർഷത്തിനിടെ ആത്മഹത്യചെയ്തു. കോഴിക്കോട് ജില്ലയിൽ ജൂലായിൽമാത്രം സൈബർത്തട്ടിപ്പിലൂടെ ഒരു കോടിയിലേറെ നഷ്ടപ്പെട്ടെന്നാണ് കേസുകളിലെ കണക്ക്. ഒക്ടോബറിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ കോഴിക്കോട്ട് ഒരാൾക്കുമാത്രം നഷ്ടപ്പെട്ടത് 2.85 കോടിയാണ്.