തിരുവനന്തപുരം: ക്രിക്കറ്റിൽ അമ്പയർമാരുടെ തീരുമാനം ചോദ്യംചെയ്യാൻ അനുവദിക്കുന്ന ഡിസിഷൻ റിവ്യു സിസ്റ്റം (ഡിആർഎസ്) ഇക്കുറി കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) നടപ്പാക്കും. രണ്ടാം സീസണിണിനു മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിച്ച അമ്പയർമാരുടെയും മാച്ച് റഫറിമാരുടെയും ത്രിദിന സെമിനാറിൽ ഇതേക്കുറിച്ച് വിശദമായ ചർച്ചനടന്നു.

To advertise here,

രാജ്യാന്തര മത്സര മാതൃകയിൽ ഓരോ ഇന്നിങ്സിലും ഇരുടീമുകൾക്കും രണ്ടുവീതം ഡിആർഎസ് അവസരങ്ങൾ ലഭിക്കും. അന്താരാഷ്ട്ര പാനൽ അമ്പയർമാരായ എൻ. അനന്തപദ്മനാഭനും മദന ഗോപാലും ക്ലാസ് നയിച്ചു. മാച്ച് റഫറി നാരായണൻ കുട്ടിയും സംസാരിച്ചു. ബിസിസിഐ അമ്പയർ പാനലിലുള്ള പത്തുപേരും കെസിഎ അമ്പയർമാരായ അഞ്ചുപേരും സെമിനാറിൽ പങ്കെടുത്തു.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 21-ന് ടൂർണമെന്റ് തുടങ്ങും. സെപ്റ്റംബർ ആറിനാണ് ഫൈനൽ. ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, അദാനി ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശ്ശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ് എന്നീ ആറുടീമുകൾ മത്സരിക്കും.