ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിനായി ആലപ്പി റിപ്പിൾസ് ടീമൊരുങ്ങി. ആലപ്പി റിപ്പിൾസിന്റെ കളിക്കാരെ നടൻ കുഞ്ചാക്കോ ബോബൻ ആരാധകർക്കു മുന്നിൽ അവതരിപ്പിച്ചു. റിപ്പിൾസ് ടീമിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ കുഞ്ചാക്കോ ബോബൻ എസ്ഡി കോളേജിൽ നടന്ന ചടങ്ങിലാണ് ടീമിനെ അവതരിപ്പിച്ചത്.

To advertise here,

ടീം ഉടമകളായ ടി.എസ്. കലാധരൻ, റാഫേൽ പൊഴോലിപ്പറമ്പിൽ തോമസ് എന്നിവർ ചേർന്ന് കളിക്കാർക്ക് ടീം ക്യാപ്പ് കൈമാറി. 21-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ലീഗ് തുടങ്ങും. 22-ന് തൃശ്ശൂർ ടൈറ്റൻസിനെതിരേയാണ് ആലപ്പി റിപ്പിൾസിന്റെ ആദ്യ മത്സരം. ലീഗ് റൗണ്ടിൽ 10 മത്സരമാണ് ഒരു ടീമിനുള്ളത്. സെപ്‌റ്റംബർ ആറിനാണ് ഫൈനൽ. എസ്ഡി കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ. പ്രഭാകരൻ നായർ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് യു. മനോജ്, രക്ഷാധികാരി എം. നൗഫൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് റാപ്പർ ഫെജോ, ഡിജെ റിക്കി ബ്രൗൺ എന്നിവരുടെ ലൈവ് പെർഫോമൻസും നടന്നു.

ആലപ്പി റിപ്പിൾസ് ടീം: സോണി ചെറുവത്തൂർ (കോച്ച്), മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), അക്ഷയ് ചന്ദ്രൻ (വൈസ് ക്യാപ്റ്റൻ), ജലജ് സക്സേന, വിഗ്നേഷ് പുത്തൂർ, ടി.കെ. അക്ഷയ്, എൻ.പി. ബേസിൽ, ശ്രീഹരി എസ്. നായർ, ആദിത്യ ബൈജു, മുഹമ്മദ് കൈഫ്‌, രാഹുൽ ചന്ദ്രൻ, അനുജ് ജോതിൻ, എം.പി. ശ്രീരൂപ്, ബാലു ബാബു, കെ.എ. അരുൺ, അഭിഷേക് പി. നായർ, ആകാശ് പിള്ള, മുഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ.

മത്സരക്രമം: ഓഗസ്റ്റ് 22-ന് 2.30-ന് തൃശ്ശൂർ ടൈറ്റൻസിനെതിരേ, 23-ന് 2.30-ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, 25-നു വൈകീട്ട് 6.45-ന് ട്രിവാൻഡ്രം റോയൽസ്, 26-ന് 6.45-ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, 28-ന് 6.45-ന് ഏരീസ് കൊല്ലം സൈലേഴ്‌സ്, 29-ന് 6.45-ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, 31-ന് 6.45-ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, സെപ്‌റ്റംബർ ഒന്നിന് 2.30-ന് തൃശ്ശൂർ ടൈറ്റൻസ്, മൂന്നിന് 2.30-ന് ട്രിവാൻഡ്രം റോയൽസ്, നാലിന് 2.30-ന് ഏരീസ് കൊല്ലം സൈലേഴ്‌സ്.