തൃശ്ശൂർ: ഒൻപതാംക്ലാസുകാരായ ആര്യനും അഞ്ജലിക്കും നൃത്തം മത്സരയിനം മാത്രമല്ല, വരുമാനമാർഗം കൂടിയാണ്. സ്‌കൂൾ വിട്ടുവന്നാൽ ഇടുക്കി വണ്ടൻമേട്ടിലെ റിസോർട്ടുകളിലെ നൃത്തപരിപാടിയാണ് ഈ ഇരട്ടകളുടെ ആദ്യ ഹോംവർക്ക്. വിദേശികളുൾപ്പെടെയുള്ള അതിഥികൾക്കു മുന്നിലെ നൃത്തപരിപാടികളിൽനിന്ന് കിട്ടുന്ന വരുമാനം കൂട്ടിവെച്ചാണ് അവർ സംസ്ഥാന കലോത്സവം പോലെ തിളക്കമുള്ള വേദികളിൽ ഒന്നാമതെത്തുന്നത്.

To advertise here,

കുഞ്ഞനുജത്തി രണ്ടാംക്ലാസുകാരി അലംകൃതയും ഇവർക്കൊപ്പം റിസോർട്ടുകളിലെ വേദികളിൽ ചുവടുവെക്കാറുണ്ട്. തൃശ്ശൂർ തേക്കിൻകാട്ടിലെ ‘പാരിജാതം’ കലോത്സവ വേദിയിൽ ആര്യൻ ഭരതനാട്യത്തിൽ ചുവടുവെക്കുമ്പോൾ പ്രാർഥനയും പിന്തുണയുമായി അഞ്ജലിയുമുണ്ടായിരുന്നു.

ഇടുക്കി ആമയാറിലെ ഏലത്തോട്ടത്തിലെ തൊഴിലാളികളായ ഈശ്വരന്റെയും വസന്തിയുടെയും മക്കളാണിവർ. കട്ടപ്പന ചിദംബരം നൃത്തവിദ്യാലയത്തിലെ കുമാറാണ് ഗുരു. അഞ്ജലി മൂന്നുവയസ്സുമുതലും ആര്യൻ 12 വയസ്സുമുതലും നൃത്തം പഠിക്കുന്നു. ഫീസൊന്നും വാങ്ങാതെയാണ് ബന്ധുകൂടിയായ കുമാർ ഇവരുടെ ഗുരുനാഥനായത്.

നൃത്തമത്സരങ്ങൾക്കെത്താനുള്ള ഭാരിച്ച ചെലവു കാരണം കലോത്സവവേദികൾ ഈ കുട്ടികൾക്ക് സ്വപ്‌നം മാത്രമായിരുന്നു. രക്ഷകർത്താക്കൾക്കും ഇവരുടെ ആഗ്രഹങ്ങൾക്കു ചിലങ്ക കെട്ടാനുള്ള പ്രാപ്തിയുണ്ടായിരുന്നില്ല. അപ്പോൾ, കുമാറാണ് വിനോദസഞ്ചാര സീസണിൽ റിസോർട്ടിൽ നൃത്തം അവതരിപ്പിക്കാൻ അവസരമൊരുക്കിയത്.

ആടയാഭരണങ്ങൾക്കുൾപ്പെടെ വലിയ ചെലവു വരുന്നതിനാൽ സ്‌കൂൾ അധികൃതരും നൃത്താധ്യാപകനും നൽകുന്ന സഹായങ്ങൾകൂടിയാണ് ഇവരെ മത്സരത്തിനെത്തിക്കുന്നത്. ആഗ്രഹമുണ്ടെങ്കിലും കൂടെ വരാനും താമസിക്കാനുമുള്ള ചെലവോർത്ത് അച്ഛനും അമ്മയും ഇവരുടെ മത്സരം കാണാനെത്തിയിട്ടില്ല.

വണ്ടൻമേട് എംഇഎസ്എച്ച്എസിലെ വിദ്യാർഥിയായ ആര്യൻ ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലുമാണ് മത്സരിക്കുന്നത്. ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി. വണ്ടൻമേട് സെയ്ന്റ് ആന്റണീസ് സ്‌കൂൾ വിദ്യാർഥിയായ അഞ്ജലിയും ഇതേ ഇനങ്ങളിൽ അടുത്ത ദിവസങ്ങളിൽ മത്സരിക്കും. ചെന്നൈ കലാക്ഷേത്രയിൽ നൃത്തത്തിൽ ഉപരിപഠനം നടത്തണമെന്നാണ് ഇവരുടെയും ആഗ്രഹം. കഠിനപാതകൾ മികവുകൊണ്ട്‌ താണ്ടിയെത്തിയ ഈ കുഞ്ഞുപ്രതിഭകളുടെ സമ്മാനങ്ങൾകൊണ്ട്‌ നിറയുകയാണ് ആമയാറിലെ ഏലത്തോട്ടത്തിലെ ഇവരുടെ കുഞ്ഞുവീട്.