കണ്ണീരിൽ കുതിർന്ന ആ അഞ്ചു പോയിന്റ് കണ്ണൂരിന് മറക്കാനാകില്ലായിരുന്നു. കഴിഞ്ഞവർഷം തിരുവനന്തപുരം കലോത്സവത്തിൽ അഞ്ചു പോയിന്റിന് കൈവിട്ടുപോയ സ്വർണക്കപ്പ് ശക്തന്റെ മണ്ണിൽ തിരിച്ചുപിടിക്കുമ്പോൾ അതൊരു മധുരപ്രതികാരം കൂടിയായി കണ്ണൂരിന്. തൃശ്ശൂർ കലോത്സവത്തിൽ ആദ്യദിവസം മുതൽ കണ്ണൂർ തന്നെയായിരുന്നു മുന്നിൽ. ആ സ്ഥാനം അവസാനദിവസം വരെ ആർക്കും വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല.

To advertise here,

ആദ്യദിനം 225 പോയിന്റ്, രണ്ടാംദിനം 487, മൂന്നാംദിനം 739... ഇങ്ങനെ ഒരിക്കൽപ്പോലും മുന്നിലേക്കുകയറാൻ കണ്ണൂർ മറ്റൊരു ജില്ലയെയും അനുവദിച്ചില്ല. അവസാന ദിവസം തൃശ്ശൂർ മുന്നിൽക്കയറുമെന്ന അഭ്യൂഹമുണ്ടായെങ്കിലും കണ്ണൂരിന്റെ വാശിക്കുമുന്നിൽ അതൊരു തോന്നൽ മാത്രമായി. ഒടുവിൽ, 1,028 പോയിന്റുമായി അവർ ശക്തന്റെ മണ്ണിൽ കലാകിരീടം ഉറപ്പിച്ചു. 1960, 1997, 1998, 2000, 2024, 2026 ഇങ്ങനെ ആറാം കിരീടമാണ് കണ്ണൂരിന്റേത്.

തൃശ്ശൂരിൽ കിരീടമുറപ്പിക്കാൻ 90 സ്‌കൂളുകളിൽനിന്ന് 949 കുട്ടികളുമായാണ് കണ്ണൂർ ടീം എത്തിയത്. കലോത്സവത്തിലെ 249 ഇനങ്ങളിലും അവർ മത്സരിച്ചു. ആറ് ഇനങ്ങളിലൊഴികെ എല്ലാത്തിനും എ ഗ്രേഡ് സ്വന്തമാക്കി. ആകെ 240 എ ഗ്രേഡും ആറ് ബി ഗ്രേഡും ലഭിച്ചു. എട്ട് ഹയർ അപ്പീൽ നൽകിയതിൽ രണ്ടെണ്ണം അനുവദിച്ചു.

ഹയർസെക്കൻഡറി വിഭാഗത്തിൽ 494 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 534 പോയിന്റും അവർ സ്വന്തമാക്കി. അറബിക് കലോത്സവത്തിലും സംസ്‌കൃത കലോത്സവത്തിലും 95 പോയിന്റ് വീതവും നേടി. എച്ച്എസ് ജനറൽ വിഭാഗത്തിലെ 101 ഇനങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് എ ഗ്രേഡ് ലഭിക്കാതിരുന്നത്. സമാനമായി എച്ച്എസ്എസിൽ 110 ഇനങ്ങളിൽ മൂന്നിലും എ ഗ്രേഡ് കിട്ടിയില്ല. ഗ്രൂപ്പ് ഇനങ്ങളിലെല്ലാം അവർ എ ഗ്രേഡ് നേടി.

കണ്ണൂർ ജില്ലയിൽ 169 അപ്പീൽ വന്നതിൽ 31 എണ്ണമാണ് സംസ്ഥാനതലത്തിലേക്ക് അനുവദിച്ചത്. സംസ്ഥാന കലോത്സവത്തിൽ കണ്ണൂരിനായി ഏറ്റവും അധികം പോയിന്റ് സ്വന്തമാക്കിയത് കണ്ണൂർ സെയ്ന്റ് തെരേസാസ് എഐഎച്ച്എസ്എസ് (101) ആണ്. മമ്പറം എച്ച്എസ്എസ് 70 പോയിന്റും പെരളശ്ശേരി എകെജിഎസ് ഗവ. എച്ച്എസ്എസ് 50 പോയിന്റും നേടി.

കണ്ണൂരിന് ആദ്യ കലാകിരീടം ലഭിച്ചത് 1960-ൽ കോഴിക്കോട്ടു നടന്ന കലോത്സവത്തിലാണ്. അന്ന് വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ നടന്ന കലോത്സവത്തിൽ തലശ്ശേരി കപ്പടിച്ചു. റവന്യൂ ജില്ലാ അടിസ്ഥാനത്തിലേക്ക് കലോത്സവം മാറിയശേഷം 1997-ൽ എറണാകുളത്തു നടന്ന കലോത്സവത്തിൽ 273 പോയിന്റുമായി കണ്ണൂർ കലാകിരീടം നേടി. തൊട്ടടുത്തവർഷം തിരുവനന്തപുരത്ത് 303 പോയിന്റുമായി കിരീടം നിലനിർത്തി.

പാലക്കാട്ട്‌ 2000-ൽ നടന്ന കലോത്സവത്തിൽ കണ്ണൂരും എറണാകുളവും 301 പോയിന്റോടെ ഒന്നാംസ്ഥാനം പങ്കിട്ടു. പിന്നീട്, 24 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് 2024-ൽ കൊല്ലത്തുനടന്ന കലോത്സവത്തിൽ 952 പോയിന്റോടെ കണ്ണൂർ കലാകിരീടം നേടിയത്.