ഓരോ കലോത്സവവും പുതുമയാണ്. പങ്കെടുക്കുന്നവരും പ്രദേശവും സംഘാടകരും മാറിമാറി വരും. ഓർമച്ചെപ്പ് നിറയ്ക്കാൻ എന്തെങ്കിലും അവശേഷിപ്പിച്ചായിരിക്കും കൊടിയിറക്കം. എ ഗ്രേഡ് കിട്ടുന്ന കുട്ടികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റുകൾ ഇക്കുറി പ്രൗഢിയോടെയാണെത്തുക. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകാനും തീരുമാനമുണ്ട്. എ ഗ്രേഡ് കിട്ടിയില്ലെങ്കിലും ഒരു പങ്കാളിത്ത സർട്ടിഫിക്കറ്റ് എന്നത് കുട്ടികൾക്ക് വലിയ കാര്യമാണ്. അത് അവർ എക്കാലവും സൂക്ഷിച്ചുവയ്ക്കും.
ഇക്കുറി എ ഗ്രേഡ് കിട്ടുന്നവർക്ക് 1500 രൂപയാണ് പാരിതോഷികം. കഴിഞ്ഞ വർഷം വരെ അത് ആയിരമായിരുന്നു. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിലാക്കി നൽകാൻ കൈറ്റ് നടത്തുന്ന ഉദ്യമം ശ്രദ്ധേയമാകുന്നതും ഈ കലോത്സവത്തിലാണ്. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കിട്ടാതെ പോയാൽ ഹയർ അപ്പീൽ നൽകാൻ ഓൺലൈനിൽ ടോക്കൺ എടുക്കാനുള്ള സൗകര്യവും ഇക്കുറിയുണ്ട്.
ആദിവാസി കലാരൂപങ്ങളുൾപ്പെടുത്താൻ മാതൃഭൂമി നടത്തിയ ശ്രമത്തിന് ഫലം കണ്ടത് കഴിഞ്ഞ വർഷമായിരുന്നു. ഇക്കുറി എല്ലാ ജില്ലകളിലും പൂർണതയോടെത്തന്നെ ഇവ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ആവേശം ശക്തന്റെ മണ്ണിൽ ഉണ്ടാകും.
അപ്പീലിൽ മുന്നിൽ കോഴിക്കോട്
ഡിഡിമാർ അനുവദിച്ച 336 അപ്പീലുകളാണ് തൃശ്ശൂരിലെത്തുക. 10 വർഷം മുൻപ് ആറായിരം മുതൽ മേലോട്ടായിരുന്നു മൊത്തം അപ്പീൽ കണക്ക്. കലോത്സവത്തിന്റെ താളം തെറ്റിക്കുന്നതിൽ വലിയ പങ്കാണ് അപ്പീലുകൾ ഉണ്ടാക്കിയിരുന്നത്. ബാലാവകാശ കമ്മിഷൻ ഇക്കുറി 13 എണ്ണം അനുവദിച്ചിട്ടുണ്ട്. ലോകായുക്ത ഇക്കുറി ഒന്നും അനുവദിച്ചിട്ടില്ല. രണ്ടിടത്തും ഇരുനൂറോളം അപേക്ഷകളാണ് വന്നത്. കോടതികളിൽനിന്ന് വരുന്ന അപ്പീലുകളാണ് സംഘാടകരുടെ കണക്കു തെറ്റിക്കുന്നത്. അത് എത്രത്തോളമുണ്ടാകുമെന്നത് കലോത്സവം തുടങ്ങുമ്പോഴേ അറിയൂ.
വിധിനിർണയവുമായി ബന്ധപ്പെട്ട് സൈബർ സഹായത്തോടെയുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
Published: 14 Jan 2026, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented