തിരുവനന്തപുരം: നിമിത്തമാണോ, അറിയില്ല ആദ്യ ലോട്ട് തന്നെ ലഭിച്ചു. ആദ്യം തന്നെ വേദിയിലെത്തണമല്ലോ എന്നാണ് ചിന്തിച്ചതെങ്കിലും അതൊരു നിമിത്തമാകാം... അട്ടപ്പാടിയിലെ ഇരുള സമൂഹത്തിന്റെ സ്വന്തം ഇരുളനൃത്തം അവർ തന്നെയല്ലേ ആദ്യം വേദിയിൽ ആടേണ്ടത്. വേദി 15 ൽ ഹയർ സെക്കന്‍ഡറി വിഭാഗം ഇരുളനൃത്തം അങ്ങനെ അട്ടപ്പാടി ഷോളയൂർ ഗവ ട്രൈബൽ സ്കൂളിലെ വിദ്യാര്‍ഥികളുടെ പ്രകടനത്തിലൂടെയാണ് ആരംഭിച്ചത്. 

To advertise here,

'അദജക്കോ, അധകജക്കോ... അദജക്കോ, അധകജക്കോ...'
അടിയാവെട്ടെ മേലാവെട്ടെ
വീണ വീണ ആടുകക്ക്
പാട് കക്ക് ആ ഓ...'

ഊരിലെ താഴെയും മുകളിലുമുള്ള സകല നിവാസികളെയും ആടാനും പാടാനും വിളിച്ചുകൊണ്ടാണ് ഓരോ ഇരുള നൃത്തവും ആരംഭിക്കുന്നത്. കൊണ്ട കെട്ടി കാശുമാല അണിഞ്ഞ് കൈതണ്ടയും കാൽതണ്ടയും മൂക്കുപൊട്ടുമായി അവർ ജന്മനാ കണ്ടും കെട്ടും പഠിച്ച തങ്ങളുടെ പരമ്പരഗത കലാരൂപം വേദിയിലാടി. പെറേ, ദവിൽ, കോഗ്യാലോ, ജാൽറ തുടങ്ങിയ വാദ്യോപകരണങ്ങൾ പാട്ടിനും ചുവടുകൾക്കും അകമ്പടി നൽകി.

'അത്തിഗേത് മൂക്കളാഗോ
വടുക മേലെ വൈക്കപുല്ലോ
വടുക മേലെ വൈക്കപുല്ലോ
ഉന്തി മേലെ ഗോരെപുല്ലോ'

സ്ത്രീയെ ഉപമിച്ചുകൊണ്ട് അവർ പാടി. കലോത്സവത്തിന് വേണ്ടി പഠിക്കേണ്ടി വന്നിട്ടില്ല, രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ഈ നൃത്തരൂപമെന്ന് പറഞ്ഞുകൊണ്ട് വരികളുടെ അർത്ഥം ഓരോന്നായി കുട്ടികൾതന്നെ പറഞ്ഞുകൊടുത്തു.

നഞ്ചിയമ്മയുടെ പാട്ടിലൂടെ വരികൾ സുപരിചിതമായിരുന്നെങ്കിലും കലോത്സവവേദിയിൽ ആദ്യമായി ആ വരികൾ മുഴങ്ങിയപ്പോൾ നിറഞ്ഞ സദസ്സ് അത് ഏറ്റെടുത്തു. സംസ്ഥാന കലോത്സവവേദിയിൽ ആദ്യമായി ഗോത്രകലാരൂപങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ അത് വലിയ അംഗീകാരവും മാറ്റങ്ങളുടെ തുടക്കവുമായാണ് എല്ലാവരുമിത് കാണുന്നത്.

അട്ടപ്പാടി ചുരമിറങ്ങി തലസ്ഥാന നഗരിയിലെത്തിയതിന്റെ സന്തോഷവും ചെറിയ ഉത്കണ്ഠകളും അവർക്കുണ്ടായിരുന്നു. തിരുവനന്തപുരത്ത് രണ്ടാം തവണയാണ് എത്തുന്നതെന്നും ആദ്യമായാണ് ട്രെയിനിൽ കയറുന്നതെന്നും പ്ലസ് വൺ വിദ്യാര്‍ഥി സൂര്യ പറഞ്ഞു. ഡൽഹിയിൽ പോയി ഉപരിപഠനം നടത്തണമെന്നും അതിന് ഇങ്ങനെ പേടിച്ചിരിക്കാൻ പറ്റില്ലാലോ ഇത് ഒരു തുടക്കമാവുമായിരിക്കുമല്ലേയെന്നും അവൾ പ്രതീക്ഷയോടെ ചോദിച്ചു.

മഞ്ജു എം, പഴനിസ്വാമി പി, ഭാനുപ്രിയ, ശിവ കെ, രംഗസ്വാമി ആർ, മോഹനപ്രശാന്ത് എൻ, സൂര്യ കെ എം, ദിനേശ് വി, വേലുസ്വാമി കെ, രാധ എം, ജ്യോതി പി, പുഷ്പ വി എന്നീ വിദ്യാര്‍ഥികളാണ് സംസ്ഥാന കലോത്സവവേദിയിലെത്തിയത്. കൂടുതലും ഇരുള സമൂഹത്തിൽ നിന്നുമുള്ള കുട്ടികൾ പഠിക്കുന്ന സ്കൂൾ ആയതിനാലും ചെറിയ പ്രായം മുതൽ തന്നെ ചുവടുകൾ വയ്ക്കുന്നതിനാലും ഒട്ടുമിക്ക വിദ്യാർഥികൾക്കും ഇരുളനൃത്തം ജീവശ്വാസമെന്നോളം അലിഞ്ഞുചേർന്നതാണ്. അതിനാൽ തന്നെ കൂട്ടത്തിൽ പന്ത്രണ്ട് പേരെ മാത്രം തിരഞ്ഞെടുക്കുക എന്നതായിരുന്നു പ്രായാസമെന്ന് അധ്യാപകർ പറയുന്നു. പുതിയതായി ഒന്നും പറഞ്ഞുകൊടുക്കേണ്ടതായി വന്നിട്ടില്ലെന്നും സ്റ്റേജിൽ നൃത്തം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ മാത്രമാണ് കൂടുതലായും ശ്രദ്ധ നൽകിയതെന്നും അധ്യാപകരും പരിശീലകരും പറഞ്ഞു.

ഇരുള സമൂഹത്തിന്റെ പരമ്പരാഗത കലാരൂപം

അട്ടപ്പാടിയിലെ ഇരുള സമുദായത്തിൻ്റെ പരമ്പരാഗത നൃത്തരൂപമാണ് ഇരുള നൃത്തം. ക്ഷേത്രോത്സവങ്ങൾ, കൊയ്ത്തുകാലം, മരണം, അടിയന്തിരം മുതലായ ചടങ്ങുകൾക്ക് ഇരുളനൃത്ത അവതരിപ്പിക്കാറുണ്ട്. പ്രാദേശിക ഭാഷയിൽ ഗാനം ആലപിച്ച് ചുവടുകൾ വെച്ച് മണിക്കൂറുകളോളം ഇരുള ജനത ഒന്നിച്ചുകൂടും. ഓരോ പാട്ടിനും ഓരോ താളമാണ്. ചുവടുകളിലും വ്യത്യാസമുണ്ട്. ഊരിലെ ആരെങ്കിലും മരിച്ചാൽ ഒരു ദിവസം മുഴുവൻ ഇരുളനൃത്തം ചെയ്യും.

അനു പ്രശോഭിനിയും കുടുംബവും സംസ്ഥാന വേദിയിൽ എത്തിച്ചത് ഒൻപത് ടീമുകളെ

ഇരുളനൃത്തം സംസ്ഥാന കലോത്സവ വേദിയിലെത്തുന്നുവെന്ന വാർത്തകളെ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ പങ്കാളിത്തം എത്രമാത്രം ഉണ്ടാകുമെന്ന സംശയം പലരിലും ഉടലെടുത്തിരുന്നു. ഗോത്ര സംസ്കാരവും കലകളും അംഗീകരിക്കപ്പെടണമെന്ന ഒരു ഇരുളഗോത്ര കുടുംബത്തിന്റെ ആഗ്രഹം ജില്ലകൾ കടക്കുകയും ഒൻപത് ടീമുകൾ സംസ്ഥാന കലോത്സവവേദിയിലെത്തുകയും ചെയ്തതിന്റെ കഥയാണ് പഴനിസ്വാമിക്ക് പറയാനുണ്ടായിരുന്നത്.

placeholder
പഴനിസ്വാമിയും കുടുംബവും 

2014 മുതൽ ഗോത്രകലകൾ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാക്കാനുളള ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഇത്തവണ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. ഇരുളഗോത്രത്തിൽ ജനിച്ചുവീണ ഓരോ വ്യക്തിയുടെയും അസ്തിത്വത്തിൽ അലിഞ്ഞുചേർന്നതാണ് ഇരുളനൃത്തം. കലയ്ക്ക് യാതൊരുവിധ വിവേചനത്തിന്റെയും ആവശ്യമില്ല. വൈകിയാണെങ്കിലും കലോത്സവവേദിയിൽ ഗോത്രകലാരൂപങ്ങൾക്ക് ലഭിച്ച അംഗീകാരം പ്രശംസനീയമാണെന്ന് പഴനിസ്വാമിയും മകൾ അനു പ്രശോഭിനിയും പറഞ്ഞു.

പത്തു ജില്ലകളിലായി 15 ടീമുകൾക്കാണ് പഴനിസ്വാമിയും കുടുംബവും ഇരുളനൃത്തത്തിൽ പരിശീലനം നൽകിയത്. ജില്ലകളെ മൂന്നായി തിരിച്ച് പഴനിസ്വാമിയും മക്കളായ അനു പ്രശോഭിനിയും ആദിത്യനും ഇരുളനൃത്തത്തിന്റെ ബാലപാഠങ്ങൾ പകർന്നുനൽകി. കുട്ടികളിലെ താത്പര്യവും വഴക്കവും ഇരുളഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും പരിശോധിച്ചാണ് പരിശീലനം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ ചിട്ടയായ പരിശീലനത്തിലൂടെ മത്സരാർഥികളെ കലോത്സവവേദിയിലെത്തിച്ചു, അനു പറഞ്ഞു.

അയ്യപ്പനും കോശിയും ചിത്രത്തിൽ നഞ്ചിയമ്മയെ പരിചയപ്പെടുത്തിയത് പഴനിസ്വാമിയായിരുന്നു. 2022ൽ അറോറ ഫിലിം കമ്പനി ഒരുക്കിയ മിസ്സ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ ഷോയിൽ 'വനദേവത' പട്ടം അനു പ്രശോഭിനി സ്വന്തമാക്കിയിരുന്നു. വരും വർഷങ്ങളിൽ ഗോത്രകലകളിലെ മത്സരം കൂടുതൽ മനോഹരമാകുമെന്നും മികച്ച പ്രകടനങ്ങൾ കാണാൻ സാധിക്കുമെന്നും ഇരുവരും പറഞ്ഞു.

മത്സരമല്ല ഇത് ഉത്സവം

ഓരോ ടീമും വലിയ ആവേശത്തോടെയായിരുന്നു വേദിയിലെത്തിയത്. അവസാന നിമിഷം വരെയും ആവേശം തോരാതെ വേദിയിലും പരിസരത്തും നിലയുറപ്പിച്ചവർക്ക് പതിന്മടങ്‌ സന്തോഷം നൽകി എല്ലാവരും എ ഗ്രേഡ് സ്വന്തമാക്കി. പിന്നീട് ആവേശം വേദിക്ക് പുറത്തായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി പാട്ടുപാടി ഇരുളനൃത്തം ചെയ്ത് നിശാഗന്ധിയെ ഒത്തൊരുമയുടെയും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും വേദിയാക്കി.