തിരുവനന്തപുരം: തുഴത്താളവും ആരവുമായി അവർ വേദിയിലെത്തിയത് വെറുതേയല്ല, കഠിനമായ പരിശ്രമത്തിലൂടെയാണ്. കൂടെ പാടാനും ആർപ്പുവിളിക്കാനും അവർക്കു മുന്നിൽ മറ്റാരുമുണ്ടായില്ല. യുട്യൂബ് നോക്കി പഠിച്ചാണ് വണ്ടൻമേട് സെയ്ൻ്റ് ആൻ്റണീസ് സ്കൂളിലെ വിദ്യാര്‍ഥികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയത്. കുട്ടനാട് ശൈലിയിലുള്ള കിരാതം വഞ്ചിപ്പാട്ടാണ് ഇടുക്കിയിലെ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചത്. 

To advertise here,

വേഷവിധാനങ്ങളും ശബ്ദക്രമീകരണവുംകൊണ്ട് ആസ്വാദകരെ കൈയിലെടുക്കാനും ഈ കുട്ടികൾക്ക് കഴിഞ്ഞു. തുഴക്കാരുടെ താളത്തിനൊത്ത് വള്ളത്തിലിരുന്ന് പാടുന്ന വഞ്ചിപ്പാട്ടിന്റെ താളവും ആർപ്പോ വിളികളും കാഴ്ചക്കാരെയും ആകർഷിച്ചു. വലിയ ഫീസ് നൽകി പരിശീലനം നേടിയെത്തിയ മറ്റു സ്കൂളുകളോട് മത്സരിക്കാൻ പേടിയുണ്ടായില്ലെന്നും കുട്ടികൾ ഒന്നടങ്കം പറയുന്നു. സ്കൂളിലെ മലയാളം അധ്യാപികയുടെ സഹായത്തോടെയാണ് പാട്ടിനെക്കുറിച്ച് മനസിലാക്കിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ശേഷം പാട്ടിൻ്റെ വരികൾ എഴുതിയെടുത്ത്  ഹൃദിസ്തമാക്കിയെന്നും അവർ പറഞ്ഞു. തുടർന്ന്  യൂട്യൂബ് നോക്കി താളവും ഈണവും പഠിച്ചെടുക്കുകയായിരുന്നു ഇവർ. അഞ്ജന മോൾ, ബിൽജ ബിന്ദു, നന്ദന പി.എസ്, ആൻ മരിയ ആൻ്റണി, ആതിര രമേഷ്, സൗപർണിക പ്രസാദ്, ആലീന ഷൈജു, സേതുലക്ഷ്മി, കൃഷ്ണപ്രിയ എസ്.പി., ജോഷ്ന ജോമോൻ എന്നിവരായിരുന്നു ഇവരുടെ ഗ്രൂപ്പിലുളളത്. കഴിഞ്ഞ വർഷം വഞ്ചിപ്പാട്ടിൽ മത്സരിച്ച കുട്ടികളായിരുന്നു ഇത്തവണ അവരുടെ പരിശീലനത്തിന് നേതൃത്വം നൽകിയത്.