ജീവിതവേഷം വേദിയിലാടാൻ കൈപ്പട്ടൂർ സെന്റ് ജോർജ്‌ മൗണ്ട് സ്കൂളിലെ എട്ടാംക്ലാസുകാരി വൈഗയ്ക്ക് അധികം പരിശീലനം വേണ്ടിവന്നില്ല. 'കൊച്ചു കൊക്കരച്ചി' എന്ന നാടകത്തിലെ കൊച്ചു എന്ന കഥാപാത്രത്തിനുവേണ്ട ജീവിതാനുഭവമെല്ലാം അവൾക്കുണ്ടായിരുന്നു. കോഴിയെ കൊന്നുതിന്നെന്ന കള്ളക്കേസ്‌ നൽകി അയൽവാസികൾ ജയിലിലാക്കുന്നതും സാമ്പത്തിക ബാധ്യതയാൽ ജപ്തിയിലെത്തിനിൽക്കുന്ന കുടുംബത്തിന് മകളുടെ മത്സരവിജയം തുണയാകുന്നതുമാണ് കഥയുടെ ഇതിവൃത്തം.

To advertise here,

നാടകത്തിലെ കൊച്ചിന്റെ വീടുപോലെതന്നെ ജപ്തിയുടെ വക്കിലാണ് വൈഗയുടെ വീടും. കടബാധ്യതയേറിയ കുടുംബത്തെ കരകയറ്റാൻ വൈഗയുടെ അമ്മ ഗൾഫിൽ ജോലിതേടി പോയത് ഒരുമാസം മുൻപാണ്. അരങ്ങിലെ കൊച്ചിനെപ്പോലെ ഓട്ടത്തിലും വൈഗ മുന്നിലാണ്. സ്കൂളിലെ സഹപാഠികൾക്കും അധ്യാപകർക്കുമെല്ലാം വൈഗയുടെ ജീവിതമറിയാം.നാടകത്തിൽ കൊച്ചിന്റെ മത്സരവാർത്തയറിഞ്ഞ മന്ത്രി വീടിന്റെ ജപ്തി ഉൾപ്പെടെയുള്ള ബാധ്യതകൾ ഒഴിവാക്കാൻ ഉത്തരവിടുന്നു. അതുപോലെ ജീവിതത്തിലും കടബാധ്യത ഒഴിയണേ എന്ന പ്രാർഥനമാത്രമാണ് വൈഗയ്ക്കുമുള്ളത്.