ഈ കലോത്സവത്തിന് എന്റെ കുട്ടിയും വരേണ്ടതായിരുന്നു.. ദൈവം അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് തന്നില്ല. കുസാറ്റ് ദുരന്തത്തിൽ മരിച്ച മകളെ കുറിച്ച് പറഞ്ഞപ്പോൾ ആ അച്ഛന്റെ വാക്കുകൾ മുറിഞ്ഞു, പറഞ്ഞുതീർക്കാനാതെ വിങ്ങിപ്പൊട്ടി. ചവിട്ടുനാടകസംഘങ്ങൾ വേദിയിൽ പലവേഷങ്ങളിൽ തകർത്താടുമ്പോഴെല്ലാം അരങ്ങിൽ രാജകുമാരിയായി നൃത്തമാടിയ തന്റെ മകളെക്കുറിച്ചോർത്ത് ആ അച്ഛൻ ഇടയ്ക്കിടെ കണ്ണുകൾ തുടച്ചുകൊണ്ടേയിരിക്കുകയായിരുന്നു.

To advertise here,
placeholder
ആൻ റിഫ്റ്റയുടെ സഹോദരൻ റിദുൽ

ആൻ റിഫ്റ്റ മരിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് അവളുടെ അച്ഛൻ റോയ് ജോർജും സഹോദരനും സംഘവും ചേർന്ന് പരിശീലിപ്പിച്ച ഏഴോളം ചവിട്ടുനാടക സംഘങ്ങൾ സംസ്ഥാനകലോത്സവ വേദിയിലെത്തിയത്. എച്ച്.എസ് വിഭാഗത്തിൽ അഞ്ച് ടീമിനേയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് രണ്ട് ടീമിനേയുമാണ് റോയ് ജോർജിന്റെ നേതൃത്വത്തിൽ പരിശീലിപ്പിച്ചത്. ചവിട്ടുനാടക മത്സരത്തിന്റെ ആദ്യദിനത്തിൽ ഇതിൽനിന്നുള്ള അഞ്ച് സംഘങ്ങളാണ് മാറ്റുരയ്ക്കുന്നത്.

placeholder
ആൻ റിഫ്റ്റ 

പെങ്ങളുടെ ഓർമകളിൽ വിങ്ങിപ്പൊട്ടുകയാണ് സഹോദരൻ റിദുലും. ഐ.സി.എസ്.ഇ ആയതിനാൽ ആൻ റിഫ്റ്റയ്ക്ക് സ്‌കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല.  ഇത്തവണ എന്തായാലും കലോത്സവത്തിന് വരണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു അവൾ. പക്ഷെ ആഗ്രഹങ്ങളൊന്നും പൂർത്തിയാക്കാതെ അവൾ പോയി. അവൾ ഇട്ടുകൊടുക്കേണ്ട മേക്കപ്പാണ് ഇന്ന് താൻ ഈ കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതെന്ന് റിദുൽ പറഞ്ഞു. രാജകുമാരിയായും തോഴിയായും ഭടനായുമെല്ലാം കുട്ടികളെ ഒരുക്കുമ്പോൾ മുന്നിൽ നിൽക്കുന്നത് ആൻ റിഫ്റ്റയാണോ എന്നുപോലും തോന്നിപ്പോകുന്നുണ്ട്. ചവിട്ടുനാടകത്തിൽ പങ്കെടുക്കുന്ന കുട്ടികളെ ഒരുക്കുന്ന ഗ്രീൻ റൂമിൽ ആൻ റിഫ്റ്റയുടെ ചിത്രവും ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. കലോത്സവത്തിൽ പങ്കെടുക്കാനായില്ലെങ്കിലും സ്വർഗത്തിൽ ഇരുന്ന് ആൻ റിഫ്റ്റ എല്ലാം കാണുന്നുണ്ടെന്നാണ് വിശ്വാസം- റിദുൽ പറഞ്ഞു. 

placeholder

ചവിട്ടുനാടക വേദിയിലെ താരമായിരുന്നു ആൻ റിഫ്റ്റ. ചവിട്ടുനാടകക്കളരിയിലെ ആശാനായ പിതാവ് റോയ് ജോർജ്കുട്ടിയുടെ കൈപിടിച്ചാണ് ആൻ റിഫ്റ്റ വേദിയിലെത്താറുള്ളത്. റോയ് സംവിധാനം ചെയ്ത ഒട്ടേറെ നാടകങ്ങളുടെ ഭാഗമായിട്ടുണ്ട്. ജൊവാൻ ഓഫ് ആർക്ക്, കാറൽസ്മാൻ, വിശുദ്ധ ഗീവർഗീസ്, സെന്റ് സെബാസ്റ്റ്യൻ തുടങ്ങി അനേകം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുട്ടിക്കാലത്തു തന്നെ വേദിയിലെത്തിയ ആൻ റിഫ്റ്റ നായിക കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

രാജകുമാരിയുടെ വേഷമാണ് ആൻ റിഫ്റ്റ പ്രധാനമായി ചെയ്തിരുന്നത്. സഹോദരൻ റിഥുലും ചവിട്ടുനാടങ്ങളിൽ സജീവമാണ്. കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടക കലാസമിതിയുടെ ആശാനായിരുന്നു റോയ് ജോർജുകുട്ടി. റോയിയുടെ വീട്ടുമുറ്റത്താണു ചവിട്ടുനാടകങ്ങളുടെ പരിശീലനം നടന്നിരുന്നത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു ആൻ റിഫ്റ്റയടക്കം നാല് പേരുടെ ജീവൻപൊലിഞ്ഞ കുസാറ്റ് ദുരന്തം സംഭവിച്ചത്. ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം.

placeholder
ആൻ റിഫ്റ്റ ചവിട്ടുനാടക വേഷത്തിൽ