അടുക്കളയോ ബാത്ത്‌റൂമോ എന്തുമാകട്ടെ, പുതുക്കിപ്പണിയാനോ അല്ലെങ്കില്‍ ഒരു മേക്കോവര്‍ നല്‍കാനോ ആഗ്രഹിക്കുന്നവരുണ്ടാകും. ഓഫീസിന്റെയോ വീടിന്റെയോ റൂമിന്റെയോ എല്ലാം ലുക്ക് മാറ്റുന്നതിന് അനുയോജ്യമായ ടൈലുകള്‍ തിരഞ്ഞെടുക്കണം. ടൈലുകള്‍ക്ക് മുറിയുടെ സൗന്ദര്യശാസ്ത്രവുമായി സുപ്രധാന ബന്ധമാണുള്ളത്. പ്രത്യേകിച്ച് ആകര്‍ഷണീയതയൊന്നുമില്ലാതെ, തികച്ചും സാധാരണമായി പണിത ഒരു മുറിയെ അസാധാരണമാംവിധം മനോഹരമാക്കി മാറ്റാന്‍ ടൈലുകള്‍ക്ക് സാധിക്കും. ഇന്ന് വിപണിയില്‍ വ്യത്യസ്ത തരത്തിലുള്ള ടൈലുകള്‍ ലഭ്യമാണ്. വിവിധ ടെക്‌സ്ചറിലെ ടൈലുകളാണിവ.
വീടിന്റെ സൗന്ദര്യാത്മകത കൂട്ടുന്ന വിവിധയിനം ടൈലുകള്‍ ഇവയൊക്കെയാണ്:
പോര്‍സിലെയ്ന്‍ ടൈല്‍സ്

വൈവിധ്യങ്ങള്‍ നിറഞ്ഞതും ഈടുറ്റതുമായ ടൈലുകളാണ് പോര്‍സിലെയ്ന്‍ ടൈലുകള്‍. വീടിന്റെ ഇന്‍ഡോറിലും ഔട്ട്‌ഡോറിലുമെല്ലാം ഇവ ഉപയോഗിക്കാവുന്നതാണ്. പല ഡിസൈനുകളിലും പാറ്റേണുകളിലും ഇവ നിര്‍മിക്കപ്പെടുന്നുണ്ട്. കൊത്തുപണി ചെയ്ത ഡിസൈനുകളോ മറ്റു പാറ്റേണുകളോ ഉള്ള രീതിയിലെല്ലാം ഈ ടൈലുകള്‍ ലഭ്യമാണ്.
സെറാമിക് ടൈല്‍സ്

വ്യത്യസ്തങ്ങളായ ജ്യോമെട്രിക് ഷെയിപ്പുകളിലും തുന്നല്‍പ്പാറ്റേണുകളിലുമെല്ലാം സെറാമിക് ടൈല്‍സ് ലഭ്യമാണ്. തറയും ഭിത്തിയുമെല്ലാം അലങ്കരിക്കാന്‍ സെറാമിക് ടൈലുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് മുറിയുടെ സൗന്ദര്യാത്മകത വര്‍ദ്ധിപ്പിക്കുകയും കാഴ്ചയ്ക്ക് അഴകുകൂട്ടുകയും ചെയ്യും. അടുക്കളയിലും ബാത്റൂമിലും ഈര്‍പ്പം കൂടുതലുള്ള മറ്റ് ഭാഗങ്ങളിലുമാണ് സാധാരണയായി സെറാമിക് ടൈലുകള്‍ ഉപയോഗിക്കുന്നത്. തെന്നിവീഴുന്നത് ഒഴിവാക്കാന്‍ ഇത്തരം ടൈലുകള്‍ സഹായിക്കും.
ട്രാവെര്‍ട്ടൈന്‍ ടൈല്‍സ്

പ്രകൃതിദത്തമായ കല്ലുകൊണ്ടുള്ള ടൈലുകളാണിവ. അതിനാല്‍ത്തന്നെ, സുഷിരവും കുഴികളുമുള്ള ഘടനയാവും ഇവയ്ക്ക്. ഫ്‌ളോറിനും കൗണ്ടര്‍ടോപ്പുകള്‍ക്കും ബാക്ക്‌സ്പ്ലാഷസുകള്‍ക്കുമാണ് ഇവ പൊതുവേ ഉപയോഗിക്കുന്നത്.
സ്ലേറ്റ് ടൈല്‍സ്

സ്ലേറ്റ് ടൈലുകളാണ് അടുത്തത്. വളരെ പരുക്കനും റസ്റ്റിക്കുമായ പ്രതലമാണ് ഇവയുടേത്. ഔട്ട്‌ഡോര്‍ ക്രമീകരണങ്ങള്‍ക്കാണ് സ്ലേറ്റ് ടൈലുകള്‍ കൂടുതലായി ഉപയോഗിക്കേണ്ടിവരിക. ഇന്‍ഡോര്‍ സ്പെയ്സുകൾക്ക് നാച്ചുറലായ സൗന്ദര്യം കൂട്ടാനും ഇവ ഉപയോഗിക്കാം.
മൊസൈക്ക് ടൈല്‍സ്

ഗ്ലാസ്, സെറാമിക്, കല്ല് മുതലായ വസ്തുക്കളാല്‍ നിര്‍മിക്കുന്നതാണ് മൊസൈക്ക് ടൈലുകള്‍. ചെറുതും ചതുരാകൃതിയിലുള്ളതുമായ ഈ ടൈലുകള്‍ സങ്കീര്‍ണമായ പാറ്റേണുകളും ഡിസൈനുകളും സൃഷ്ടിക്കാനായാണ് പൊതുവേ ഉപയോഗിക്കപ്പെടുന്നത്. അടുക്കളയിലും ബാത്റൂമിലുമെല്ലാം ദൃശ്യചാരുതയേറിയ പാറ്റേണുകള്‍ ഉണ്ടാക്കിയെടുക്കുന്നതിൽ മൊസൈക്ക് ടൈലുകള്‍ മികച്ചതാണ്.
ടെക്‌സ്‌ച്വേര്‍ഡ് ഗ്ലാസ് ടൈല്‍സ്

തികച്ചും വ്യത്യസ്തമായ വിഷ്വല്‍ ഇഫക്ടുകള്‍ സൃഷ്ടിക്കാന്‍ അനുയോജ്യമായ ടൈലുകളാണ് ടെക്‌സ്‌ച്വേര്‍ഡ് ഗ്ലാസ് ടൈലുകള്‍. ഫീച്ചര്‍ വാളുകളും ബാക്ക്‌സ്പ്ലാഷുകളുമൊക്കെ അലങ്കരിക്കുന്നതിനാണ് സാധാരണയായി ഗ്ലാസ് ടൈലുകള്‍ ഉപയോഗിക്കുന്നത്.
ലൈംസ്റ്റോണ്‍ ടൈല്‍സ്

വലരെ മൃദുവായ മാറ്റ് ടെക്‌സ്ചറുള്ള ടൈലുകളാണ് ലൈംസ്‌റ്റോണ്‍ ടൈല്‍സ്. സൂക്ഷ്മവും സ്വാഭാവികവുമായ ലുക്ക് ആവശ്യമുള്ളിടത്താണ് ഇത്തരം ടൈലുകള്‍ ഉപയോഗിക്കുന്നത്.
വുഡ്-ലുക്ക് ടൈല്‍സ്

തടിയുടെ ലുക്കും സെറാമികിന്റെയോ പോര്‍സലൈന്റെയോ ഈടും വാഗ്ദാനം ചെയ്യുന്ന ടൈലുകളാണ് വുഡ്-ലുക്ക് ടൈലുകള്‍. പ്രകൃതിദത്തമായ തടിയുടെ പ്രതീതി നല്‍കാനായി ഇത്തരം ടൈലുകള്‍ പ്രത്യേകം ടെക്‌സ്ചര്‍ ചെയ്‌തെടുക്കുകയാണ്.
മെറ്റല്‍ ടൈല്‍സ്

സ്റ്റെയിന്‍ലെസ് സ്റ്റീലുകള്‍ അഥവാ ചെമ്പ് ഉപയോഗിച്ചുള്ള മെറ്റല്‍ ടൈലുകള്‍ ഉപയോഗിക്കുന്നത്, മുറിയ്ക്ക് തികച്ചും സമകാലികവും വ്യാവസായികവുമായ ലുക്ക് നല്‍കാന്‍ സഹായിക്കും. ഇവയുടെ ഫിനിഷുകള്‍ അതുല്യമായ സ്പര്‍ശാനുഭവമാണ് നല്‍കുന്നത്.
ത്രീ ഡയമെന്‍ഷണല്‍ ടൈല്‍സ്

ഉപരിതലത്തിന് ത്രിമാന ഇഫക്ടുകള്‍ ഉണ്ടാക്കാനായി ഡിസൈന്‍ ചെയ്യുന്ന ടൈലുകളാണ് ത്രീ ഡയമെന്‍ഷണല്‍ ടൈലുകള്‍. ഇവ ഭിത്തിയുടെയും ബാക്ക്‌സ്പ്ലാഷിന്റേയും അഴക് കൂട്ടുകയും കാണുന്നവരില്‍ ആശ്ചര്യം സൃഷ്ടിക്കുകയും ചെയ്യും.
മാര്‍ബിള്‍ ടൈല്‍സ്

ഏത് ഉപരിതലത്തിനും ആഡംബരവും ചാരുതയും നല്‍കുന്ന ടൈലുകളാണ് മാര്‍ബിള്‍ ടൈലുകള്‍. പൊതുവേ മിനുസമാര്‍ന്ന പ്രതലമാണ് ഇവയുടേത്.
ടെറാക്കോട്ടാ ടൈല്‍സ്

റസ്റ്റിക്, മെഡിറ്ററേറിയന്‍ സ്‌റ്റൈലിലുള്ള ഇന്റീരിയറുകള്‍ക്ക് പറ്റിയതാണ് ടെറാക്കോട്ടാ ടൈലുകള്‍. വളരെ ഊഷ്മളമായ എര്‍ത്തേണ്‍ ഘടനയാണ് ഇവയ്ക്ക്. ഒരുപാട് നാള്‍ ഈട് നില്‍ക്കുന്നതും ജലാംശം പ്രതിരോധിക്കുന്നതുമായ ടൈലുകളായതിനാല്‍, ബാത്റൂമിനും അടുക്കളയ്ക്കും ഔട്ട്‌ഡോര്‍ ഏരിയകള്‍ക്കുമെല്ലാമാണ് ടെറാക്കോട്ടാ ടൈലുകള്‍ ഉത്തമം.
Content Highlights: different kinds of tiles and their textures
Published: 03 Sept 2024, 03:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented