ഡിജിറ്റല്‍ പ്രിന്റിങ് ടെക്‌നോളജി ഉപയോഗിക്കുന്ന ടൈലുകള്‍ വിപണിയില്‍ വന്നിട്ട് ഏറെ നാളായില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വിപണി കീഴടക്കാനും ഡിജിറ്റല്‍ ടൈലുകള്‍ക്ക് സാധിച്ചു. ഡിജിറ്റല്‍ ടൈലുകള്‍ വീടിന് അത്യാധുനിക ചാരുത പകരുന്നു. വിവിധനിറങ്ങള്‍, പാറ്റേണുകള്‍, ടെക്‌സ്ച്ചറുകള്‍, ഫിനിഷുകള്‍ എന്നിവ ലഭ്യമാണെന്നതും ഓരോരുത്തര്‍ക്കും അവരവരുടെ അഭിരുചി അനുസരിച്ചുള്ള ചിത്രങ്ങള്‍ ടൈലുകളില്‍ സൃഷ്ടിക്കാം എന്നതും താരതമ്യേന ചിലവ് കുറവാണെന്നതും ഡിജിറ്റല്‍ ടൈലുകളെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
- പത്തിലധികം വര്‍ണങ്ങളില്‍, വ്യത്യസ്തമായ പാറ്റേണുകളില്‍ ഡിജിറ്റല്‍ ടൈലുകള്‍ ലഭ്യമാണ്. സെറാമിക് ടൈലുകളും ഗ്ലോസ് വിട്രിഫൈഡ് ടൈലുകളുമാണ് ഡിജിറ്റല്‍ പ്രിന്റിങിന് ഇണങ്ങുന്നത്. വീടിന്റെ ആകൃതിയ്ക്കും വലിപ്പത്തിനും വെളിച്ചത്തിനും അനുസരിച്ച് വ്യത്യസ്തമായ ടൈലുകള്‍ പരീക്ഷിക്കാം.
- ഇറ്റാലിയന്‍ മാര്‍ബിള്‍ സ്‌കാന്‍ ചെയ്ത് പ്രിന്റ് ചെയ്യുന്ന ഡിജിറ്റല്‍ ടൈലുകള്‍ കുറഞ്ഞ ചിലവില്‍ ഇറ്റാലിയന്‍ മാര്‍ബിളിന്റെ പകിട്ട് പുനഃസൃഷ്ടിക്കുന്നു.
- തമിഴ്നാട്ടിലെ ചെട്ടിനാടില്‍ കളിമണ്ണ് കൊണ്ടുണ്ടാക്കിയെടുക്കുന്ന ആത്തംകുടി ടൈലുകളുടെ മാതൃകയും ഡിജിറ്റല്‍ ടൈലുകളില്‍ ലഭ്യമാണ്. പാരമ്പര്യത്തിന്റെ തനിമയും ആധുനികതയുടെ വൈവിധ്യവും ഒരേസമയം വീടകങ്ങളില്‍ കൊണ്ടുവരാം.
- സ്വീകരണമുറിക്ക് ഒറ്റ നിറമുള്ള ഡിജിറ്റല്‍ ടൈലുകള്‍ തിരഞ്ഞെടുക്കുന്നവര്‍ ഏറെയാണ്. ബെയ്ജ്, ഗ്രേ, റോയല്‍ ബ്ലൂ, റെഡ്, മെറൂണ്‍ മോണോകളര്‍ ഡിജിറ്റല്‍ ടൈലുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്.
- വലിയ ടൈലുകളോട് വിപണിയില്‍ താത്പര്യം കൂടിവരികയാണ്. വിശാലത തോന്നിക്കുന്നു എന്നത് തന്നെ കാരണം. ഡിജിറ്റല്‍ ടൈലുകള്‍ പല വലിപ്പത്തിലും ലഭ്യമാണ്. വലിയ ടൈലുകള്‍ മുറിയ്ക്ക് വിശാലത തോന്നിപ്പിക്കുമെങ്കില്‍ ചെറിയ ടൈലുകള്‍ക്കും തനതായ സൗന്ദര്യമുണ്ട്. ഡിജിറ്റല്‍ ടൈലുകളിലെ ചിത്രത്തിനും പാറ്റേണിനും അനുസരിച്ച് ടൈലിന്റെ വലിപ്പം വ്യത്യസ്തമായി തോന്നിക്കും.
- മാറ്റ്, ഗ്ലോസി, റസ്റ്റിക്, സില്‍ക്കി, ഷുഗര്‍, ലപ്പറ്റൊ, മെറ്റാലിക് തുടങ്ങി പല ഫിനിഷുകളിലുള്ള ഡിജിറ്റല്‍ ടൈലുകളുണ്ട്. ഗ്ലോസ് ഫിനിഷിലുള്ള ടൈലുകള്‍ക്ക് തിളക്കവും മിനുസവും കൂടുതലായിരിക്കും. ഇത് റൂമിന് വലിപ്പവും വെളിച്ചവും തോന്നിക്കും.
- ഈര്‍പ്പം പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായതിനാല്‍ ഡിജിറ്റല്‍ ടൈലുകള്‍ അടുക്കളയിലും ബാത്‌റൂമുകളിലും വിരിക്കാം.
- അഴക് മാത്രമല്ല, ഇത്തരം ടൈലുകള്‍ക്ക് ആയുസ്സും കൂടുതലാണ്. ഇവ നിറം മങ്ങില്ല. കറയും ഉരച്ചിലും ഡിജിറ്റല്‍ ടൈലുകളെ ബാധിക്കില്ല.
- തീവ്ര കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള കഴിവ്, കാഠിന്യം എന്നിവ ഡിജിറ്റല്‍ ടൈലുകളെ വീടിനു പുറത്തും ഉപയോഗിക്കാന്‍ അനുയോജ്യമാക്കുന്നു. പോളിഷ് ചെയ്യാത്ത ഡിജിറ്റല്‍ വിട്രിഫൈഡ് ടൈലുകളാണ് ഔട്ട്‌ഡോര്‍ ആവശ്യങ്ങള്‍ക്ക് നല്ലത്.
- ചലനാത്മകത തോന്നിപ്പിക്കുന്ന ത്രീഡി ഡിജിറ്റല്‍ ടൈലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. പല പാറ്റേണുകളില്‍ ത്രീഡി ടൈലുകള്‍ ലഭിക്കും. തറയെക്കാള്‍ നന്നായി ചുമരുകള്‍ ത്രീഡി ടൈലിന്റെ സൗന്ദര്യം എടുത്തുകാണിക്കും. ബാത്‌റൂമിലേക്കും സ്വീകരണ മുറികളിലേക്കുമാണ് ത്രീഡി ടൈലുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്.
- ടൈലുകള്‍ക്കിടയില്‍ വിടവില്ലാത്ത രീതിയിലാണ് ഡിജിറ്റല്‍ ടൈലുകള്‍ വിരിക്കുക. ഇത് അഴുക്ക് അടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കുന്നു.
- ഡിജിറ്റല്‍ ടൈലുകള്‍ വൃത്തിയാക്കാന്‍ എളുപ്പമാണ്. ഉറപ്പുള്ളതിനാലും പോളിഷിങ് ആവശ്യങ്ങള്‍ കുറവായതിനാലും അറ്റകുറ്റപ്പണികളുടെ പണവും ലാഭം.
ടൈലുകള്‍ വൃത്തിയാക്കുമ്പോള്‍
ശക്തമായി ഉരയ്ക്കുന്നത് ടൈലുകളുടെ ഉപരിതലത്തില്‍ പോറല്‍ വീഴ്ത്തും. മോപ്പ് ഉപയോഗിച്ച് സൂക്ഷ്മതയോടെ തുടയ്ക്കുക. നിരന്തരം എണ്ണമെഴുക്കും വെള്ളവും വീഴുന്ന അടുക്കളയിലെ ടൈലുകള്‍ നിത്യേന വൃത്തിയാക്കണം. ബാത്‌റൂമിലെ ടൈലുകളുടെ കാര്യത്തിലും ഇതേ ശ്രദ്ധ വേണം. കടുപ്പമുള്ള രാസവസ്തുക്കള്‍ ടൈല്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കരുത.് ഇത് ടൈലിന്റെ നിറം മങ്ങുന്നതിനും തിളക്കം നഷ്ടപ്പെടുന്ന തിനും കാരണമായേക്കാം.
തുടച്ച ടൈലുകളില്‍ നിന്ന് തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കണം. വായുവില്‍ ഉണങ്ങാന്‍ വിട്ടാല്‍ ടൈലുകളില്‍ അടയാളം വീഴും. ടൈലുകള്‍ക്കിടയിലെ ഗ്രൗട്ട് നിറം മങ്ങി അഴുക്ക് പിടിച്ചത് പോലെ കാണപ്പെട്ടാല്‍ വിനാഗിരി-ബേക്കിങ് സോഡാ മിശ്രിതം ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഗ്രൗട്ടില്‍ തേച്ചുപിടിപ്പിക്കുക. ഇരുപത് മിനിട്ടുകള്‍ക്ക് ശേഷം ചെറുചൂടുവെള്ളം കൊണ്ട് തുടച്ചെടുക്കുകയോ കഴുകുകയോ ചെയ്യുക.
Content Highlights: Digital Tiles For Flooring
Published: 03 Sept 2024, 07:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented