കൊച്ചി: തിരുവോണനാളിൽ സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറെയുടെ ‘കളിയില’യിൽ പാസിങ് ഗെയിമിന്റെ കറികളാകും കൂടുതൽ. പിന്നെ പായസംപോലെ ഒന്നോ രണ്ടോ ഗോൾ. അതിനൊടുവിൽ വിജയമധുരവും. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യകളിയിൽ സ്വന്തം ഗ്രൗണ്ടിൽ ജയത്തോടെ തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. പഞ്ചാബ് എഫ്.സി.യാണ് എതിരാളി. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 7.30-നാണ് കിക്കോഫ്.

To advertise here,

ഇവാനല്ല സ്റ്റാറെ

തുടർച്ചയായ മൂന്നു സീസണുകളിൽ ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലെത്തിച്ച ഇവാൻ വുകോമാനോവിച്ചിന് പകരക്കാരനായി മിക്കേൽ സ്റ്റാറെ വരുമ്പോൾ കളിയുടെ തിരക്കഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാകും. മുൻപരിശീലകൻ വുകോമാനോവിച്ചിൽനിന്ന് തീർത്തും വ്യത്യസ്തനാണ് സ്റ്റാറെ. ആക്രമണത്തിന് പോകുമ്പോഴും പ്രതിരോധം അങ്ങേയറ്റം ഭദ്രമായിരിക്കണമെന്ന നിർബന്ധമുള്ളതിനാൽ സ്റ്റാറെയുടെ ടീമുകളെല്ലാം ഗോൾ വഴങ്ങാൻ പിശുക്കുകാണിച്ചിരുന്നവരാണ്. പന്തടക്കവും പാസിങ്ങുമാണ് സ്റ്റാറെയുടെ ആവനാഴിയിലെ ആയുധങ്ങളിൽ പ്രധാനം.

അറ്റാക്കിങ് അപാരത

ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് ഇക്കുറി അപാരമായ മൂർച്ചയുണ്ട്. ലെഫ്റ്റ് വിങ്ങിൽ മൊറോക്കോ താരം നോഹ സദൗയിയും സെന്റർ അറ്റാക്കിങ്ങിൽ സ്പാനിഷ് താരം ജെസ്യൂസ് ജിമെനസും വരുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് വൈവിധ്യമുണ്ട്. ക്യാപ്റ്റനായ യുറഗ്വായ് താരം അഡ്രിയാൻ ലൂണയുടെ സാന്നിധ്യം മിഡ്ഫീൽഡിൽ പതിവുപോലെ ബ്ലാസ്റ്റേഴ്സിന് പ്ലസ് പോയിന്റാണ്. മലയാളി താരങ്ങളായ കെ.പി. രാഹുലും മുഹമ്മദ് അയ്മനും സൂപ്പർ സബ് വിശേഷണമുള്ള ഇഷാൻ പണ്ഡിതയും കൂടിയാകുമ്പോൾ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന് പ്രഹരശേഷി കൂടും.

ഫോറിനാണ് ഡിഫൻസ്

വൈസ് ക്യാപ്റ്റനായ മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിൻസിച്ചും പുതുതായി ടീമിലെത്തിയ ഫ്രഞ്ച് താരം അലക്സാണ്ടർ കോയെഫും അടങ്ങിയ പ്രതിരോധനിര സ്റ്റാറെയുടെ ഗെയിം പ്ലാനിലെ കാതൽ തന്നെയാകും. പരിചയസമ്പന്നരായ പ്രീതം കോട്ടാലും ഹോർമിപാമും സന്ദീപ് സിങ്ങും അടങ്ങുന്ന പ്രതിരോധനിരയിൽ മലയാളി താരങ്ങളായ ബിജോയി വർഗീസിനും മുഹമ്മദ് സഹീഫിനും പകരക്കാരായി അവസരം കിട്ടാനാണ് സാധ്യതകളേറെ. ഗോൾവലയത്തിനുമുന്നിൽ മലയാളി താരം സച്ചിൻ സുരേഷാകും.

പഞ്ച് കാട്ടാൻ പഞ്ചാബ്

കഴിഞ്ഞസീസണിൽ ഐ.എസ്.എലിലെത്തിയ പഞ്ചാബ് എഫ്.സി.ക്ക് ഇത്തവണ കൂടുതൽ തെളിയിക്കാനുണ്ട്. പരിചയസമ്പന്നനായ സ്ലൊവേനിയൻ താരം ലൂക്ക മാസനും ബോസ്നിയൻ താരം ആസ്മിർ സുൽജിക്കും അടങ്ങുന്ന പഞ്ചാബി ആക്രമണനിര മോശമൊന്നുമല്ല. മിഡ്ഫീൽഡിൽ അർജന്റീനാ താരം എസിക്യൂൽ വിദാലിനൊപ്പം ഇന്ത്യൻ താരങ്ങളായ വിനീത് റായിയും റിക്കി ഷാബോങ്ങും സാമുവൽ കിൻഷിയുമൊക്കെ അറ്റാക്കിങ് ഫുട്ബോൾ കളിക്കുന്നവരാണെന്നതും പഞ്ചാബിന് ആത്മവിശ്വാസമേറ്റുന്ന ഘടകമാണ്.