കൊച്ചി: ജംഷേദ്പുർ എഫ്.സി.ക്കെതിരേ കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിൻസിച്ച് അടിച്ച സെൽഫ് ഗോൾ. ഐ.എസ്.എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ നിരാശാജനകമായ പ്രകടനത്തിന്റെ പ്രതീകാത്മക അവസ്ഥയായിരുന്നു ആ ഗോൾ. പല മത്സരങ്ങളിലും എതിരാളിയുടെ മികവിനെക്കാൾ സ്വന്തം പ്രതിരോധനിരയും ഗോളിയും കാണിച്ച നിസ്സാര പിഴവുകളിൽ തോൽവി ഏറ്റുവാങ്ങേണ്ടിവന്ന ഒരു കളി സംഘത്തിന്റെ പ്രതീകം. ഐ.എസ്.എൽ സീസണിൽ പ്ലേ ഓഫിലെത്താതെ ബ്ലാസ്റ്റേഴ്‌സ് പുറത്താകുമ്പോൾ അത് ഒരർഥത്തിൽ ‘സെൽഫ് ഗോള’ടിച്ചുള്ള മടക്കം തന്നെയാണ്. ശനിയാഴ്ച ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജംഷേദ്പുരിനെതിരേ സമനില വഴങ്ങിയതോടെയാണ് പ്ലേഓഫിലെത്താനുള്ള നേരിയ സാധ്യതയും അടഞ്ഞത്.

To advertise here,

ആരാധകർ കലിപ്പിൽ

ഇന്ത്യയിൽ കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നായ ബ്ലാസ്റ്റേഴ്സ് 13 ടീമുകളുടെ ലീഗിൽ 25 പോയിന്റുമായി ഒമ്പതാംസ്ഥാനത്ത് നിൽക്കുമ്പോൾ ആരാധകരും കലിപ്പിലാണ്. സീസണിലെ മോശം പ്രകടനത്തിന് പ്രതിപ്പട്ടികയിൽ ഒന്നാമതുള്ളത് പ്രതിരോധനിരയും ഗോളിയുമാണ്. 22 കളിയിൽ 31 ഗോളടിച്ച ബ്ലാസ്റ്റേഴ്‌സ് 36 ഗോൾ വഴങ്ങി. 39 ഗോൾ വഴങ്ങിയ മുഹമ്മദൻസും 43 ഗോൾ വഴങ്ങിയ ഹൈദരാബാദുമാണ് ബ്ലാസ്റ്റേഴ്‌സിനു പിന്നിലുള്ളത്.

പാളിയ പ്രതിരോധം

11 ഗോളുമായി ടോപ് സ്‌കോറർ പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ള സ്പാനിഷ് താരം ജെസ്യൂസ് ജിമെനസിനൊപ്പം ഏഴ് ഗോളടിച്ച മൊറോക്കൻ താരം നോഹ സദോയിയും അഞ്ച് ഗോളടിച്ച ഘാന താരം ക്വാമി പെപ്രെയും അടങ്ങിയ വിദേശ മുന്നേറ്റനിര മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ, ശരാശരിയായിപ്പോയ മധ്യനിരയും കളിമറന്ന പ്രതിരോധനിരയും ടീമിനെ പിന്നോട്ടടിച്ചു. പ്രതിരോധനിരയുടെ നിസ്സാര പിഴവുകൾക്ക് ടീം വലിയ വിലകൊടുക്കേണ്ടിവന്നു. ഗോളിയുടെ പിഴവും ചേർന്നപ്പോൾ പതനം പൂർണമായി. 16 കളിയിൽ ഗോൾവല കാത്ത സച്ചിൻ സുരേഷിന് നാലെണ്ണത്തിൽ മാത്രമാണ് ക്ലീൻ ഷീറ്റുള്ളത്. ജയിക്കാമായിരുന്ന അഞ്ച് കളിയെങ്കിലും പ്രതിരോധനിരയുടെയും ഗോളിയുടെയും പിഴവിൽ തോറ്റിട്ടുണ്ട്.

പ്രതീക്ഷയായി കോറോസിങ്

സ്വീഡിഷുകാരനായ കോച്ച് മിക്കേൽ സ്റ്റാറേയ്ക്ക് കീഴിൽ ഈ സീസൺ കളിച്ചുതുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പ്രകടനം മോശമായപ്പോൾ ആരാധകരെ ശാന്തരാക്കാൻ കോച്ചിനെ പുറത്താക്കി. ഇടക്കാല കോച്ച് പുരുഷോത്തമന്റെ കീഴിൽ നല്ല തുടക്കം ലഭിച്ചതോടെ ടീം തിരിച്ചെത്തുകയാണെന്ന് തോന്നിപ്പിച്ചു. അവിടെനിന്ന് വീണ്ടും താഴേക്കുപോയി.