ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്.സി.യെ എതിരില്ലാത്ത മൂന്നുഗോളിന് തകര്‍ത്ത് ബെംഗളൂരു എഫ്.സി. 2024-25 സീസണിലെ ബെംഗളൂരുവിന്റെ രണ്ടാം ജയമാണിത്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളാണ് ബെംഗളൂരുവിന് മിന്നും ജയമൊരുക്കിയത്. രാഹുല്‍ ഭേക്കെ ഒരു ഗോളും നേടി. 

To advertise here,

മത്സരത്തിന്റെ അഞ്ചാംമിനിറ്റില്‍ത്തന്നെ ബെംഗളൂരു എഫ്.സി. മുന്നിലെത്തി. ക്യാപ്റ്റന്‍ രാഹുല്‍ ഭേക്കെ മികച്ച ഒരു വോളിയിലൂടെ ആദ്യ ഗോള്‍ കണ്ടെത്തിയത് സന്ദര്‍ശകരെ പരുങ്ങലിലാക്കി. മൂന്നു മിനിറ്റിനകംതന്നെ ഹൈദരാബാദിന് മികച്ച അവസരം ലഭിച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പന്ത് പുറത്തുപോയി. ആദ്യ പകുതിയില്‍ കൂടുതല്‍ സമയവും പന്ത് കൈവശംവെച്ചത് ബെംഗളൂരുവാണ്. മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ഹൈദരാബാദിന് തുല്യത പാലിക്കാനാവാതെ ആദ്യ പകുതി അവസാനിച്ചു (1-0).

രണ്ടാംപകുതിയിലെ 59-ാം മനിറ്റില്‍ ബെംഗളൂരു ചിംഗ്ലെന്‍സനയ്ക്ക് പകരം സുനില്‍ ഛേത്രിയെ ഇറക്കിയതോടെ കളിയുടെ സ്വഭാവം കടുത്തു. 85-ാം മിനിറ്റില്‍ സുനില്‍ ഛേത്രി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടി. ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. രണ്ട് ഗോള്‍ വീണതോടെ ഹൈദരാബാദിന്റെ മത്സരത്തിലേക്ക് തിരിച്ചുവരവിനുള്ള സാധ്യത മങ്ങി. 

ഇന്‍ജുറി ടൈമിലെ നാലാം മിനിറ്റില്‍ ഛേത്രി വീണ്ടും സ്‌കോര്‍ ചെയ്തു. ഇതോടെ എതിരില്ലാത്ത മൂന്ന് ഗോളിന് ബെംഗളൂരു ജയിച്ചു.  ഐ.എസ്.എലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബര്‍ത്തലോമിയോ ഒഗ്ബച്ചെയുടെ റെക്കോഡിനൊപ്പമെത്താന്‍ സുനില്‍ ഛേത്രിക്കായി. ഒഗ്ബച്ചെയും ഛേത്രിയും ലീഗില്‍ 63 ഗോളുകള്‍ സ്വന്തം പേരില്‍ ചേര്‍ത്തു. 157 മത്സരങ്ങളിലാണ് ഛേത്രി ഇത്രയും ഗോളുകള്‍ നേടിയത്. 

ആദ്യ മത്സരത്തില്‍ ബെംഗളൂരു ഈസ്റ്റ് ബംഗാളിനെയാണ് തകര്‍ത്തിരുന്നത്. ബുധനാഴ്ച പഞ്ചാബ് എഫ്.സി.ക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.