കൊച്ചി: ‘‘ഇറ്റ്സ് എ ഹോട്ട് ഹോം ഗെയിം...’’ തുലാമഴയുടെ കുളിരുള്ള മൈതാനത്തും കളി അല്പം ‘ഹോട്ട്’ ആയിരിക്കണമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിക്കേൽ സ്റ്റാറെയുടെ വാക്കുകൾ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ വെള്ളിയാഴ്ച ബെംഗളൂരു എഫ്.സി.ക്കെതിരേ ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ പൊതിഞ്ഞ് ഹോട്ടായ ഒരുപാട് ഓർമ്മകളുണ്ട്.

To advertise here,

കണക്കുകൾ തീർക്കാനുള്ളതാണെന്ന ഡയലോഗുമായെത്തുന്ന മഞ്ഞപ്പടയുടെ ആരാധകരും ഈ മത്സരത്തെ അത്രമേൽ വൈകാരികമായാണ് സമീപിക്കുന്നത്. അതുകൊണ്ട് ടിക്കറ്റുകളെല്ലാം അതിവേഗം വിറ്റുപോയിട്ടുണ്ട്. കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.

അഞ്ചുകളിയിൽനിന്ന് എട്ടുപോയിന്റുമായി പട്ടികയിൽ ആറാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സെങ്കിൽ ഇത്രയും കളിയിൽനിന്ന് 13 പോയിന്റുമായി ഒന്നാമതാണ് ബെംഗളൂരു.

പുതിയ മുഖം

‘‘എന്തായിരിക്കും ബെംഗളൂരുവിനെതിരേ ബ്ലാസ്റ്റേഴ്സിന്റെ ഗെയിം പ്ലാൻ?’’ പത്രസമ്മേളനത്തിലെ ചോദ്യത്തിന് അല്പം കളിയാക്കലോടെയായിരുന്നു കോച്ച് മിക്കേൽ സ്റ്റാറെയുടെ മറുപടി: ‘‘ഗെയിം പ്ലാൻ മുഴുവൻ ഞാൻ ഇപ്പോൾത്തന്നെ നിങ്ങളോട് പറയണോ’’ എന്ന സ്റ്റാറെയുടെ കളിയാക്കൽ മറുപടികേട്ട് അരികിലിരുന്ന അഡ്രിയാൻ ലൂണയും ചിരിച്ചു. മുഹമ്മദൻസിനെതിരായ കഴിഞ്ഞകളിയിൽ മൊറോക്കൻ താരം നോഹ സദൗയിക്കും സ്പാനിഷ് താരം ജെസ്യൂസ് ജിമെനസിനുമൊപ്പം രണ്ടാം പകുതിയിൽ ഘാന താരം ക്വാമി പെപ്രെയെയുംകൂടി കൊണ്ടുവന്ന സ്റ്റാറെയുടെ ആക്രമണഫുട്ബോളാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോളുകളിലെത്തിയത്.

‘‘ഒരിടവേളയ്ക്കുശേഷം ടീമിനായി 90 മിനിറ്റും കളിക്കാനായതിൽ സന്തോഷമുണ്ട്...’’ -വ്യാഴാഴ്ച പത്രസമ്മേളനത്തിൽ കണ്ടുമുട്ടുമ്പോൾ യുറഗ്വായ് താരം അഡ്രിയാൻ ലൂണ പറഞ്ഞ വാക്കുകളിൽ ബ്ലാസ്റ്റേഴ്സ് ടീമിന്റെ മുഴുവൻ പ്രതീക്ഷയുമുണ്ടായിരുന്നു. ബെംഗളൂരുവിനെതിരായ കളിയിലും പ്ലേമേക്കർസ്ഥാനത്ത് ലൂണ വരും. മധ്യനിരയിൽ മലയാളി താരങ്ങളായ മുഹമ്മദ് അസറും വിബിൻ മോഹനനും ആദ്യ ഇലവനിൽ സ്റ്റാറെയുടെ പ്രിയപ്പെട്ട ലൈനപ്പാണ്.

കൂളാണ് ബെംഗളൂരു

ഹോട്ട് ഓർമ്മകളിൽ ബ്ലാസ്റ്റേഴ്സ് വരുമ്പോൾ കൂളായി കളിക്കുകയെന്നതാണ് ബെംഗളൂരുവിന്റെ വിജയമന്ത്രം. ഏത് പ്രതിസന്ധിയിലും പ്രൊഫഷണൽ ഫുട്ബോൾ മുറുകെപ്പിടിക്കുന്ന ഈ കളിസംഘം കൊച്ചിയിലും അതേപാതയിൽത്തന്നെയായിരിക്കും. ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസതാരങ്ങളിലൊരാളായ സുനിൽ ഛേത്രി നയിക്കുന്ന ആക്രമണനിരയിൽ അർജന്റീനാ താരം യോർഗെ പെരേര ഡയസും സ്പാനിഷ് താരം എഡ്ഗാർ ഒർട്ടേഗയും ചേരുന്നതോടെ ബെംഗളൂരുവിന്റെ മുന്നേറ്റനിര മാരകമാകും.