കൊച്ചി: ക്ലാസ് മുറിയിലെന്നപോലെ വലിയൊരു ബോര്‍ഡുവെച്ച മൈതാനത്തേക്ക് വരുമ്പോള്‍ അഡ്രിയാന്‍ ലൂണ 'മെഡിക്കല്‍ ലീവി'ന്റെ മൂഡിലായിരുന്നു. പനി മാറിയെങ്കിലും ഒരു ദിവസംകൂടി വിശ്രമിക്കാന്‍ കൊതിക്കുന്ന വിദ്യാര്‍ഥിയെപ്പോലെ.

To advertise here,

എന്നാല്‍, സ്റ്റാറേ എന്ന സാറിന്റെ നയം അതൊന്നുമല്ല. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന്റെ പിറ്റേദിവസം പനമ്പിള്ളി നഗര്‍ സ്‌കൂള്‍ മൈതാനത്തുകണ്ട കാഴ്ച അതിന് അടിവരയിടുന്നു. ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളോട് കോച്ച് പറയുന്നത് ഒന്നു മാത്രം, ''കുട്ടികളേ ക്ലാസ് മുടക്കരുത്.''

ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ചായ ഇവാന്‍ വുകോമാനോവിച്ച് മത്സരത്തിന്റെ പിറ്റേന്ന് മൈതാനത്തെ പരിശീലനത്തിന് അവധി കൊടുക്കാറുണ്ടായിരുന്നു. അതില്‍നിന്ന് വ്യത്യസ്തനാണ് സ്റ്റാറേ. മത്സരപ്പിറ്റേന്ന് എല്ലാവരും പരിശീലനത്തിന് എത്തണമെന്ന് നിര്‍ബന്ധം. അതുകൊണ്ട് തിങ്കളാഴ്ച വൈകീട്ട് ബ്ലാസ്റ്റേഴ്സ് താരങ്ങളെല്ലാം പനമ്പിള്ളി നഗര്‍ സ്‌കൂള്‍ മൈതാനത്തെത്തി.

പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ തന്റെ ഇഷ്ടശൈലിയായ വെര്‍ട്ടിക്കല്‍ ഫുട്ബോളിന്റെ പേരില്‍ ഏറെ പഴി കേട്ടെങ്കിലും അതേ ശൈലി മുറുകെപ്പിടിച്ച് ഞായറാഴ്ച ഈസ്റ്റ് ബംഗാളിനെതിരേ കളി ജയിച്ചതിന്റെ സന്തോഷത്തിലാണ് സ്റ്റാറേ. മത്സരം കഴിഞ്ഞശേഷം സ്റ്റാറേ ആ സന്തോഷം പങ്കുവെച്ചു.

''ശക്തമായ സ്റ്റാര്‍ട്ടിങ് ലൈനപ്പ് മാത്രമാകില്ല ഒരു ടീമിന്റെ കളിയും ഫലവും നിര്‍ണയിക്കുന്നത്. മികച്ച ഫിനിഷിങ് ലൈനപ്പ് ഉണ്ടെങ്കില്‍ അതാകും നിര്‍ണായകമാകുന്നത്.'' താത്ത്വികമായി പറഞ്ഞ കാര്യങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയരഹസ്യം തെളിഞ്ഞിരുന്നു.

പഞ്ചാബ് എഫ്.സി.ക്കെതിരായ ആദ്യ കളിയിലെ പരാജയത്തിനുശേഷം ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ ആരാധകരും സന്തോഷത്തിലാണ്. പഞ്ചാബിനെതിരായ കളിയില്‍ നിറംമങ്ങിയ മധ്യനിരയെ അഴിച്ചുപണിത് 4-3-3 ശൈലിയിലാണ് ഈസ്റ്റ് ബംഗാളിനെതിരേ ടീമിനെ അണിനിരത്തിയത്.

മലയാളിതാരം വിബിന്‍ മോഹനനും ഡാനിഷ് ഫാറൂഖിയും മധ്യനിരയിലേക്ക് വന്നതിനൊപ്പം ഫ്രഞ്ചുതാരം അലക്‌സാണ്ടര്‍ കോയെഫ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ എന്ന റോളും ഭംഗിയായി നിര്‍വഹിച്ചതോടെ കളിയൊഴുക്ക് കൂടി. മികച്ച ഫിനിഷിങ് കാഴ്ചവെച്ച നോഹ സദൗയി, ക്വാമി പെപ്രെ എന്നിവരും ചേര്‍ന്നതോടെ സ്റ്റാറേയുടെ നയം യാഥാര്‍ഥ്യമായി.