കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരവും 2023-24 സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായ ദിമിത്രിയോസ് ഡയമന്റക്കോസ് ക്ലബ്ബ് വിട്ടു. സാമൂഹിക മാധ്യമം വഴിയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ക്ലബിലെ രണ്ടുവര്‍ഷത്തെ സേവനം അവസാനിപ്പിച്ച താരം ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയറിയിച്ചു.
'നിര്‍ഭാഗ്യവശാല്‍ മികച്ച സാഹസികതകളും അനുഭവങ്ങളും കൊണ്ട് വിസ്മയം നിറഞ്ഞ, കേരളത്തോടൊപ്പമുള്ള രണ്ട് വര്‍ഷങ്ങള്‍ അവസാനിക്കുന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ചുകഴിഞ്ഞ നിമിഷങ്ങൾ വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനാവില്ല. ആദ്യ ദിവസംമുതല്‍ തുടര്‍ച്ചയായി ആരാധകരില്‍നിന്ന് ലഭിച്ച സ്‌നേഹവും പിന്തുണയും അവിശ്വസനീയമാണ്. ആരാധകര്‍ക്ക് നന്ദി. ഞാന്‍ നിങ്ങളെ എപ്പോഴും ഓര്‍ക്കും. നിങ്ങള്‍ക്ക് ആശംസകള്‍', ഡയമന്റക്കോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2023-24 സീസണില്‍ ഡയമന്റക്കോസും ഒഡിഷ എഫ്.സി.യുടെ റോയ് കൃഷ്ണയും 13 വീതം ഗോളുകളാണ് നേടിയത്. ഏറ്റവും കൂടുതല്‍ ഗോളുകള്‍ ഇരുവരുടെയും പേരിലാണ്. എന്നാലും കുറഞ്ഞ മത്സരങ്ങളുടെ കണക്കില്‍ ഡയമന്റക്കോസിന് മുന്നിലായതിനാല്‍ ഗോള്‍ഡന്‍ ബൂട്ട് അദ്ദേഹം സ്വന്തമാക്കി. 17 മത്സരങ്ങളില്‍നിന്നാണ് 13 ഗോള്‍ സമ്പാദ്യം. മൂന്ന് അസിസ്റ്റുകളും ഗ്രീക്ക് മുന്നേറ്റതാരത്തിന്റെ പേരിലുണ്ട്.
2022-ല്‍ രണ്ട് കോടി രൂപയ്ക്കാണ് താരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചത്. ക്രൊയേഷ്യന്‍ ലീഗിലെ എച്ച്.എന്‍.കെ. ഹാജുക് സ്പ്ലിറ്റില്‍നിന്ന് ട്രാന്‍സ്ഫര്‍ തുകയില്‍ ടീമിലെത്തിക്കുകയായിരുന്നു. സീസണില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. അതേസമയം, ഡയമന്റക്കോസ് ലീഗില്‍തന്നെ തുടരുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്. മുംബൈ സിറ്റിയും ഈസ്റ്റ് ബംഗാളും ഡയമന്റക്കോസിനായി രംഗത്തുണ്ടെന്നാണ് സൂചന.
Content Highlights: dimitrios diamantakos announced kerala blasters departure
Published: 20 May 2024, 05:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented