കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌ എഫ്.സി. പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹല്‍ അബ്ദുല്‍ സമദാണ് വിജയഗോള്‍ നേടിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ സെമി ഫൈനലില്‍ ഒഡിഷയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഫൈനല്‍ പ്രവേശം സാധ്യമായത്. 

To advertise here,

കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ സെമിയില്‍ ഒഡിഷ 2-1ന് ജയിച്ചിരുന്നു. ഹോം ഗ്രൗണ്ടില്‍ ലഭിച്ച ഒരു ഗോള്‍ ആനുകൂല്യം പക്ഷേ, സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഒഡിഷയെ തുണച്ചില്ല. രണ്ട് ഗോള്‍ വഴങ്ങിയതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 3-2 എന്ന നിലയില്‍ ഒഡിഷ പുറത്തു പോയി. ആദ്യ പകുതിയിലെ 22-ാം മിനിറ്റിലും രണ്ടാം പകുതിയിലെ അധിക സമയത്തെ മൂന്നാം മിനിറ്റിലുമാണ് മോഹന്‍ ബഗാന്റെ ഗോളെത്തിയത്. 

കളിയുടെ ആദ്യ മിനിറ്റില്‍ത്തന്നെ ബഗാന്റെ മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. 22-ാം മിനിറ്റില്‍ ബോക്‌സിന്റെ വെളിയില്‍നിന്ന് പെട്രാറ്റോസെടുത്ത ഷോട്ട് ഒഡിഷ ഗോള്‍ക്കീപ്പര്‍ അമരീന്ദര്‍ സിങ് തടുത്തിട്ടെങ്കിലും പന്ത് ജേസണ്‍ കമിങ്‌സ് കൈവശപ്പെടുത്തി. പോസ്റ്റിലേക്ക് ഫിനിഷ് ചെയ്യേണ്ട പണിയേ കമിങ്‌സിനുണ്ടായിരുന്നുള്ളൂ. ഇതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 2-2 സമനിലയിലായി. ആദ്യ പകുതി ആ നിലയില്‍ അവസാനിച്ചു.

രണ്ടാംപകുതിയിലെ 71-ാം മിനിറ്റില്‍ താപ്പയെ കയറ്റി മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെ ഇറക്കി. അതിന്റെ ഫലം അധിക സമയത്ത് കാണുകയും ചെയ്തു. വലതുവിങ്ങിലൂടെ ഓടിയെത്തിയ മന്‍വീര്‍ സിങ് പന്ത് മധ്യത്തിലേക്ക് കൈമാറി. പന്ത് കൈവശപ്പെടുത്താനായി അമരീന്ദര്‍ ഓടിയെത്തിയെങ്കിലും അത് അദ്ദേഹത്തില്‍നിന്ന് സഹലിന്റെ ദേഹത്ത് തട്ടി ഗോള്‍പോസ്റ്റിലേക്ക് പോയി. സഹലിനെതിരേ ഗോളി ഹാന്‍ഡ് ബോള്‍ വാദിച്ചെങ്കിലും റഫറി അത് അനുവദിക്കാതെ ഗോള്‍ നല്‍കി. ഇതോടെ 3-2ന്റെ അഗ്രിഗേറ്റ് സ്‌കോറോടെ മോഹന്‍ ബഗാന്‍ ഫൈനലില്‍. മലയാളി ടച്ചുള്ള ഫൈനല്‍.