ന്യൂഡല്‍ഹി: ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ ഗോളിനെ തുടര്‍ന്നുണ്ടായ വിവാദ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) അച്ചടക്ക സമിതി തിങ്കളാഴ്ച അടിയന്തര യോഗം ചേരും.
കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ബെംഗളൂരു എഫ്‌സിയുടേയും വാദങ്ങള്‍ കേട്ട ശേഷമായിരിക്കും അച്ചടക്ക സമിതി തീരുമാനമെടുക്കുക. സംഭവത്തില്‍ ഇരു ടീമുകളോടും സമിതി വിശദീകരണം തേടിയിരുന്നു. അതേസമയം മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട ബ്ലാസ്റ്റേഴ്‌സിനെതിരേ എന്ത് നടപടിയാണ് എഐഎഫ്എഫ് സ്വീകരിക്കുക എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
നേരത്തെ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്നും താരങ്ങള്‍ തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി നേടിയ ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്, എഐഎഫ്എഫിന് പരാതി നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ഇന്ത്യന്‍ ഫുട്ബോളില്‍ ഏറ്റവുമധികം ആരാധകരുള്ള ബ്ലാസ്റ്റേഴ്‌സിനെതിരേ എഐഎഫ്എഫ് സ്വീകരിക്കുന്ന അച്ചടക്കനടപടികള്‍ ഏത് രീതിയിലാകും ലീഗിനെ ബാധിക്കുകയെന്നതാണ് സംഘാടകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കളി നിര്‍ത്തിപ്പോകാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ നടപടിയെ പലരും വിമര്‍ശിക്കുന്നുണ്ടെങ്കിലും ലീഗില്‍ നിരന്തരം റഫറിയിങ് മോശമാകുമ്പോഴുള്ള സ്വാഭാവിക പ്രതികരണമായി ഇതിനെ കാണാമെന്ന വാദവും ഉയരുന്നുണ്ട്.
കളി പൂര്‍ത്തിയാക്കാത്തതിന് ബ്ലാസ്റ്റേഴ്സിന് ഒരു സീസണ്‍വരെ വിലക്ക് ലഭിക്കാം. അല്ലെങ്കില്‍ കളിക്കളം വിടാന്‍ പ്രേരിപ്പിച്ച പരിശീലകന് വിലക്കേര്‍പ്പെടുത്താം, അടുത്ത സീസണിലെ പോയന്റുകള്‍ വെട്ടിക്കുറയ്ക്കാം, വന്‍തുക പിഴയായി ഈടാക്കാം തുടങ്ങിയ ശിക്ഷാനടപടികളും മുന്നിലുണ്ട്. എന്നാല്‍ ആരാധകക്കരുത്തില്‍ ഏഷ്യയില്‍തന്നെ മുന്നിലുള്ള ബ്ലാസ്റ്റേഴ്സിനെതിരേ കടുത്ത നടപടി സ്വീകരിച്ചാല്‍ സൂപ്പര്‍ ലീഗിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്ന ഭീതിയും സൂപ്പര്‍ ലീഗ് അധികൃതര്‍ക്കുണ്ട്.
വെള്ളിയാഴ്ച ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേ ഓഫ് മത്സരമാണ് ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത വിവാദ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഗോള്‍രഹിതമായ 90 മിനിറ്റുകള്‍ക്ക് ശേഷം മത്സരം എക്സ്ട്രാ ടൈമിലേക്ക്. ഇതിനിടെ ബ്ലാസ്റ്റേഴ്സ് ബോക്സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിക്കുന്നു. 96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോള്‍കീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറാകും മുന്‍പാണു കിക്കെടുത്തതെന്ന് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റല്‍ ജോണ്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിടുന്നത്.
Content Highlights: AIFF calls urgent meeting to discuss Bengaluru FC vs Kerala Blasters controversial match
Published: 06 Mar 2023, 06:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented